Advertisment

221 അടി ഉയരം, 25 അടി നീളമുള്ള കപ്പടാ മീശ, 60 അടി ഉയരമുള്ള കിരീടം .. അതിവിശാലമായി നിർമ്മിക്കുന്ന ഏറ്റവും വലിയ രാവണ പ്രതിമ ദസേറ ദിനത്തില്‍ അഗ്നിക്കിരയാകും

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

221 അടി ഉയരം, 25 അടി നീളമുള്ള കപ്പടാ മീശ, 40 അടി വീതിയുള്ള പാദുകം,60 അടി ഉയരമുള്ള കിരീടം,55 അടി നീളമുള്ള വാൾ.. അതിവിശാലമായി നിർമ്മിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ രാവണൻ ദസേറ ദിനമായ ഈ വരുന്ന ഒക്ടോബർ 8 നു ചണ്ഡീഗഡിലെ വിശാലമായ മൈതാനത്ത് അഗ്നിക്കിരയാക്കപ്പെടും.

Advertisment

40 ജോലിക്കാർ കഴിഞ്ഞ 6 മാസമായി ഇതിന്റെ നിർമ്മാണത്തിലായിരുന്നു. 2 ക്രെയിനും 150 ആളുകളും ചേർന്നാണ് ഇത് മൈതാനത്ത് സ്ഥാപിച്ചത്. ഇതിന്റെ നിർമ്മാണത്തിന് 3000 മീറ്റർ തുണിയും 2500 കിലോ കോട്ടൺ വേസ്റ്റും, കച്ചിയും മറ്റു സാമഗ്രികളും വേണ്ടിവന്നു. 30 ലക്ഷം രൂപയാണ് നിർമാണച്ചെലവ്.

publive-image

ഒക്ടോബർ 8 നു രാത്രി 8 മണിക്ക് റിമോട്ട് ഉപയോഗിച്ചാണ് ഈ രാവണപ്രതിമ കത്തിക്കുന്നത്. ഇതിനായി പ്രതിമയിൽ 20 സ്ഥാനങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവിടെയെല്ലാം ചൈനീസ് നിർമ്മിത ശബ്ദം കുറഞ്ഞ പടക്കങ്ങളാണ് നിറച്ചിരിക്കുന്നത്. ആദ്യം നെഞ്ചുഭാഗമാണ് പൊട്ടിത്തെറിക്കുക. പിന്നീട് കിരീടം, വാൾ, വയർ, കാലുകൾ, കൈകൾ, തലകൾ ഇങ്ങനെയാകും സ്ഫോടനം നടത്തുക.

അഞ്ചുലക്ഷം ആളുകൾ ഈ രാവണപ്രതിമ കാണാനെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ചണ്ഡീഗഡിലെ ശിവപാർവ്വതി സേവാദൾ ആണ് ഈ ദസേറ ആഘോഷങ്ങൾ വർഷാവർഷം സംഘടിപ്പിക്കുന്നത്.

publive-image

ഉത്തരേന്ത്യയിൽ ദസേറ വലിയ ആഘോഷമാണ്. ലങ്കാധിപനായിരുന്ന ദശാനൻ രാവണനെ യുദ്ധത്തിൽ ശ്രീരാമൻ വധിച്ചതിന്റെ ആഹ്ലാദാഘോഷമായാണ് ഉത്തരേന്ത്യൻ ഹൈന്ദവ സമൂഹം ഇതിനെ കാണുന്നത്. ശ്രീരാമൻ അഗ്നിബാണം തൊടുത്താണ് രാവണനെ വധിച്ചതെന്ന സങ്കൽപ്പമാണ് ഇത്തരത്തിൽ പ്രതിമകൾ നിർമ്മിക്കാനും അവ അഗ്നിക്കിരയാക്കാനുമുള്ള കാരണമായി പറയപ്പെടുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോ മുക്കിലും മൂലയിലും വർഷാവർഷം ദസേറ ദിനത്തിൽ കത്തിക്കാനായി ഇത്തരത്തിൽ വിശാലവും അല്ലാത്തതുമായ രാവണപ്രതിമകൾ നിർമ്മിക്കുക പതിവാണ്. പല സ്ഥലത്തും ലക്ഷങ്ങൾ മുടക്കിയാണ് ഇവ നിർമ്മിക്കുന്നത്. രാവണദഹനം നടക്കുന്ന ദസേറ ദിനം ആബാല വൃദ്ധങ്ങൾക്കും ആഘോഷത്തിന്റെ ദിനമാണ്.

Advertisment