ഈ ഹോട്ടലിൽ ആരും സംസാരിക്കാൻ പാടില്ല. ആഹാരം ഓർഡർ ചെയ്യേണ്ടത് ആംഗ്യഭാഷയിൽ. ലോകത്തെ മൂന്നാമത്തെ സൈലന്റ്‌ കഫേ ചൈനയിൽ

പ്രകാശ് നായര്‍ മേലില
Thursday, June 6, 2019

ലോകത്തെ വലിയ ഫുഡ് ചെയിൻ ശ്രുംഖലയായ Star Bucks, ഒരു സൈലന്റ് കഫേ ചൈനയിലെ ‘ഗ്വാന്ഞ്ചു’ നഗരത്തിൽ ആരംഭിച്ചിരിക്കുന്നു. ചൈനയിൽ Star Bucks ന് ആകെമൊത്തം 3800 സ്റ്റോറുകളുണ്ട്. എന്നാൽ സൈലന്റ് കഫേ ആദ്യത്തേതാണ്. മലേഷ്യയിലും (2016 ) വാഷിംഗ്‌ടൺ ഡി.സി യിലും (2018 ) ഇത്തരത്തിലുള്ള നിശബ്ദ കഫേകൾ സ്റ്റാർ ബക്സ് തുടങ്ങിയത് വളരെയേറെ പ്രകീർത്തിക്കപ്പെട്ടിരുന്നു.

ഈ ഹോട്ടലിൽ ജോലിചെയ്യുന്ന 30 പേരിൽ 14 പേർക്കും കേൾവിശക്തിയില്ല 6 പേർക്ക് സംസാരശേഷിയില്ല. കേൾക്കാനും സംസാരിക്കാനും കഴിവില്ലാത്തവരുടെ ഭാഷ ലോകം മനസ്സിലാക്കണം എന്ന ലക്ഷ്യത്തോ ടെയാണ് കമ്പനി ഈ സൈലന്റ് കഫേകൾ ആരംഭിച്ചിരിക്കുന്നത്..

ഹോട്ടലിന്റെ ഭിത്തികളിൽ വേറിട്ട ഇന്റീരിയർ വഴി സൈലന്റ്‌ ലാങ്‌വേജുകളും ചിഹ്നങ്ങളും രേഖപ്പെടുത്തിയി ട്ടുണ്ട്. രസകരമായ രീതിയിലാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നത്. കസ്റ്റമർ ജോലിക്കാരോട് സംസാരിക്കാതെതന്നെ ആഹാരം ഓർഡർ ചെയ്യേണ്ടതാണ്..

ഡ്രിങ്ക്‌സ് ,ജ്യൂസ് ,ഐസ് ക്രീം എന്നിവയ്ക്ക് നമ്പറുകളാണ് നൽകിയിരിക്കുന്നത്. എന്തെങ്കിലും സംശയം തോന്നിയാൽ മേശപ്പുറത്തുള്ള നോട്ട്പാഡിൽ അവ എഴുതിനൽകിയാലും മതിയാകും. വെയ്റ്റർമാരും കസ്‌റ്റമേഴ്‌സും തമ്മിൽ ഡിജിറ്റൽ കമ്യൂണിക്കേഷനും സൗകര്യമുണ്ട്.

Star Bucks കമ്പനി മറ്റൊന്നുകൂടി ഇവിടെ ചെയ്തിട്ടുണ്ട് . കേൾക്കാനും സംസാരിക്കാനും കഴിവില്ലാത്ത വരുമായി സംവദിക്കാനുള്ള Sign Language പഠിപ്പിക്കുന്ന ഒരു സ്ഥാപനം കൂടി ഗ്വാന്ഞ്ചു നഗരവാസികളെ ലക്ഷ്യമിട്ടു കഫേയ്ക്കരുകിലായി ഇവർ തുടങ്ങിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

ലോകമെമ്പാടുനിന്നും ഈ നല്ല തുടക്കത്തിന് വലിയ പ്രോത്സാഹനവും പ്രശംസകളുമാണ് കമ്പനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.

×