അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന തമിഴ് നാടിനു വെള്ളം വേണം , പക്ഷേ …!

പ്രകാശ് നായര്‍ മേലില
Tuesday, June 25, 2019

തിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന തമിഴ് നാട്ടിൽ പ്രത്യേകിച്ചും 74 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന ചെന്നൈ നഗരത്തിൽ പല സ്ഥലങ്ങളിലും ജനങ്ങൾ മലിനജലവും ഉപ്പുവെള്ളവും കുടിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ടാങ്കറിൽ എത്തുന്ന വെള്ളത്തിന്റെ വില പത്തിരട്ടിയാണ്. ബോർവെല്ലുകളിൽ ഉപ്പുവെള്ളമാണ് വരുന്നത്..

കൃഷിസ്ഥലങ്ങളിൽ ഉള്ള കിണറുകളിൽ നിന്നാണ് ഇപ്പോൾ ജലം ശേഖരിക്കുന്നത്. പൂണ്ടി ,ചോലാവരം മുതലായ ജലാശയങ്ങളിൽ ഒരുതുള്ളിവെള്ളം പോലുമില്ല. മത്സ്യത്തൊഴിലാളികളുടെ ഗ്രാമങ്ങളിൽ വെള്ളത്തിനായുള്ള വഴക്കുകൾ പലപ്പോഴും സംഘട്ടനത്തിലേക്കാണ് നീങ്ങുന്നത്.

സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ടാങ്കറുകൾ തുടർച്ചയായി വെള്ളമെത്തിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. അവ വരുമ്പോഴാകട്ടെ അതിൽ പലപ്പോഴും മലിനജലമാണുതാനും. മഴ മാത്രമാണ് ഈ പ്രശ്നത്തിന് ഒരേയൊരു പോംവഴി. അതെന്നുണ്ടാകുമെന്നു പറയാനുമാകില്ല. നഗരത്തിലെ 40 ലക്ഷം ജനങ്ങൾക്കും ഇപ്പോൾ ഏക ആശ്രയം സർക്കാർ, ടാങ്കറുകൾ വഴി സപ്ലൈ ചെയ്യുന്ന കുടിവെള്ളമാണ്.

ഹോട്ടലുകൾ പലതും പൂട്ടിക്കെട്ടി. ജലക്ഷാമം മൂലം IT കമ്പനികൾ ജോലിക്കാരെ വീട്ടിലിരുത്തിയാണ് പണി ചെയ്യിക്കുന്നത്. നഗരത്തിലെ പാർക്കുകളിൽ ചെടികൾ കരിഞ്ഞുതുടങ്ങി. ഷോപ്പിംഗ് മാളുകളും അടച്ചിടപ്പെടുകയാണ്. ജനങ്ങളുടെ വെള്ളത്തിനായുള്ള കാത്തുനിൽപ്പ് 2 മുതൽ 4 മണിക്കൂർ വരെയാണ്.

തമിഴ് നാടിന് 20 ലക്ഷം ലിറ്റർ വെള്ളം നൽകാമെന്ന കേരളത്തിന്റെ നിർദ്ദേശം ആദ്യമവർ നിരാകരിച്ചു. അതാണവരുടെ മാനസികാവസ്ഥ. മലയാളികൾക്കുമുന്നിൽ എപ്പോഴും ഒരു ആധിപത്യം അതാണവരുടെ ലക്‌ഷ്യം തന്നെ. ഒരുതരം സുപ്പീരിയാരിറ്റി കോംപ്ലെക്സ് അവിടുത്തെ ഭരണവർഗ്ഗത്തിനും ഒരു വിഭാഗം ജനങ്ങൾക്കും എപ്പോഴുമുണ്ട്. കേരളം അവരുടെ ബി ടീമാണെന്ന മട്ടിലാണ് നമ്മോടുള്ള സമീപനം. റെയിൽവേ, നദീജലം, അണക്കെട്ടുകൾ ഇവയിലൊക്കെ പ്രത്യേകിച്ചും.

ഇപ്പോൾ ഇതാ അവസരം നോക്കി അവരാവശ്യമുന്നയിച്ചിരിക്കുന്നു.. മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണശേഷി 152 അടിയാകണമത്രേ. ഇതിനായി തമിഴ്നാട്ടിലെ വരൾച്ച ചൂണ്ടിക്കാട്ടി അവർ സുപ്രീംകോടതിയിൽ പോകുകയും ഒരു പക്ഷേ അനുകൂലവിധി നേടിയെടുക്കുകയും ചെയ്തേക്കാം.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയേക്കാൾ ഡാമിലെ ജലനിരപ്പും ഡാമിലുള്ള അവരുടെ അവകാശവും ഉറപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് വ്യക്തം. ഇപ്പോൾത്തന്നെ മുല്ലപ്പെരിയാർ ഡാമിൽ നമുക്ക് ഒരു റോളുമില്ലെന്ന് കഴിഞ്ഞ പ്രളയകാലത്ത് അവർ കാണിച്ചുതന്നതാണ്. ഇത്രവലിയ വിപത്തുണ്ടായിട്ടും ജലനിരപ്പ് 142 അടിയിൽനിന്ന് ഒരടി താഴ്ത്താനന്നവർ തയ്യാറായില്ല.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിച്ചാൽ അവരാവശ്യപ്പെടുന്ന 152 അടി ജലം നൽകാനും അതുവഴി തമിഴ്നാടിന്റെ നല്ലൊരുഭാഗം പ്രദേശത്തിന്റെയും ദാഹമകറ്റുകയും ചെയ്യാവുന്നതാണ്. എന്നാൽ ഡാം നിർമ്മിച്ചാൽ അതിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും കേരളത്തിനാകുമെന്ന ഒറ്റക്കാരണമാണ് തമിഴ് നാടിന്റെ എതിർപ്പിനുള്ള അടിസ്ഥാനം തന്നെ. അവർക്കു വെള്ളമല്ല മറിച്ചു കേരളത്തിലെ അണക്കെട്ടുകളിലും നദികളിലുമുള്ള നിയന്ത്രണമാണ് അവരുടെ ഏക ലക്‌ഷ്യം.

കേരളത്തിലെ നദികളിൽനിന്നു കടലിലേക്കൊഴുകിപ്പോകുന്ന വെള്ളം തമിഴ് നാടിനു നൽകിയാൽ അവിടെ പൊന്നുവിളയും. കുടിനീർ പ്രശ്നമുണ്ടാകില്ല. വ്യവസായങ്ങളും വൈദ്യുതി ഉൽപ്പാദനവും ഗണ്യമായി വർദ്ധിക്കും. ഇതാണവരുടെ പുതിയ അവകാശവാദം. നമ്മുടെ നദികളിൽ അധികജലമില്ലെന്ന വസ്തുത ഫലപ്രദമായി അവതരിപ്പിക്കാൻ നമ്മുടെ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് നമ്മുടെ ദുര്യോഗം.

ഇതിലെ ഏറ്റവും വലിയ അപകടമെന്തെന്നുവച്ചാൽ നദികൾ പിന്നീട് അവരുടെ അവകാശമായി മാറുകയും കേരളം ഇപ്പോൾ പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്ന് നമുക്കുള്ള വെള്ളത്തിന്റെ വിഹിതത്തിനായി 60 കൊല്ലമായി അവരോടു യാചിക്കുന്നതുപോലെയുള്ള അവസ്ഥ സംജാതമാകും.

ശിരുവാണിയിലും നമ്മൾ ജലനിഷേധത്തിന്റെ ഇരകളാണ്. നെയ്യാർ ഡാമിൽനിന്ന് അവർക്ക് ആവശ്യാ നുസരണം ഇപ്പോൾ നമ്മൾ വെള്ളം നൽകുന്നുണ്ട് . നെയ്യാർ ഡാമിൽനിന്നു കൂടുതൽ വെള്ളം ലഭിക്കാൻ വേണ്ടി അവർ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.

പറമ്പിക്കുളത്തെ മൂന്നണക്കെട്ടുകൾ ഇപ്പോഴും തമിഴ്നാടിന്റെ കൈവശമാണ്. പമ്പയിലെയും ,അച്ചൻകോ വിലാറിലെയും വെള്ളം അന്തർ നദീസംയോജനത്തിലൂടെ ലഭിക്കുമെന്ന കണക്കുകൂട്ടലുകളിലാണ് അവർ മേക്കരയിൽ വെള്ളമില്ലാത്ത ഹനുമാൻതോടിനുകുറുകേ ഒരു ഡാം കെട്ടി കാത്തിരിക്കുന്നത്.

സമ്മർദ്ദതന്ത്രങ്ങളിൽ തമിഴ് നാടിനുള്ള മിടുക്കും കേന്ദ്രസർക്കാരിലുള്ള അമിതസ്വാധീനവും വഴി അവർ നേട്ടങ്ങൾ കൊയ്യുമ്പോൾ നമ്മുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ കഴിവില്ലാത്ത ഭരണാധിപന്മാരും അധികാരികളും സർവ്വോപരി ഇവിടുത്തെ ജനങ്ങളുടെ നിസ്സംഗതയുമാണ് നമ്മുടെ പരാജയത്തിന്റെ കാരണങ്ങൾ.

×