ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് 143 – മത് പിറന്നാൾ. ലോകത്തുനടന്ന ആദ്യ ടെസ്റ്റ് മാച്ചിനെക്കുറിച്ചറിയാം ..

പ്രകാശ് നായര്‍ മേലില
Friday, March 15, 2019

ക്രിക്കറ്റ് പ്രേമികളായ ഇന്നത്തെ യുവതലമുറയ്ക്ക് വളരെ പുതുമയുള്ള ഒരറിവാകും ലോകത്തുനടന്ന ആദ്യ ടെസ്റ്റ് മാച്ചും അതിന്റെ വിവരങ്ങളും.

1877-ൽ ഇന്നത്തെ ദിനത്തിലാണ് ( മാർച് -15 ) ലോകത്താദ്യമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്. ആസ്‌ത്രേലിയയിലെ മെൽബൺ ക്രിക്കറ്റ് മൈതാനത്ത് ഇംഗ്ലണ്ടും ആസ്‌ത്രേലിയയും തമ്മിലായിരുന്നു മത്സരം.

ആദ്യ ടെസ്റ്റിൽ ആതിഥേയരായ ആസ്‌ത്രേലിയയായിരുന്നു ടോസ് നേടിയതും ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തതും.

ലോകത്തെ ആദ്യ ടെസ്റ്റ് മാച്ചിൽ അന്ന് കാംഗാരു ബാറ്റ്‌സ്മാന്മാരായ ചാൾസ് ബെനർമാനും എം. തോംസണു മായിരുന്നു ഓപ്പണിങ് ബാറ്റ്‌സ്മാൻമാർ. ആദ്യം സ്ട്രൈക്ക് എടുത്തത് ബെനർമാനായിരുന്നു. ആദ്യ ഓവറും ആദ്യ പന്തെറിഞ്ഞതും ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബോളർ ആൽഫ്രെഡ് ഷാ ആയിരുന്നു.

ആദ്യപന്തെറിഞ്ഞ റിക്കാർഡ് ആൽഫ്രഡിനും ആദ്യ ബോൾ നേരിട്ട റിക്കാർഡ് ബെനർമാനുമാണ്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ സെഞ്ച്വറി നേടിയ റിക്കാർഡും ബെനർമാനു സ്വന്തം. അന്ന് അദ്ദേഹം 165 റൺസ് എടുത്തു റിട്ടയേർഡ് ഹർട്ട് ആയി മൈതാനം വിടുകയായിരുന്നു.

ആസ്‌ത്രേലിയ ആദ്യ ഇന്നിംഗ്‌സിൽ 245 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ എടുത്തത് കേവലം 196 റൺസ്. രണ്ടാം ഇന്നിംഗ്‌സിൽ ആസ്‌ത്രേലിയ എടുത്തത് വെറും 104 റൺസ്. അങ്ങനെ ജയിക്കാൻ കേവലം 154 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് വെറും 108 റൺസിന്‌ ആസ്‌ത്രേലിയയോട് അടിയറവു പറഞ്ഞു. അങ്ങനെ ലോകത്തെ ആദ്യ ടെസ്റ്റ് മാച് 45 റൺസിന്‌ ആസ്‌ത്രേലിയ വിജയിക്കുകയായിരുന്നു.

×