Advertisment

തിരുവോണത്തിന് ബാറുടമകൾക്ക് സർക്കാർ വക ഓണസമ്മാനം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഴിഞ്ഞ വർഷമാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്. തിരുവോണ ദിവസം സംസ്ഥാനത്തെ ബീവറേജ് ഔട്ട്ലെറ്റുകളെല്ലാം അടച്ചിട്ട് ബാറുകൾ തുറക്കാൻ സർക്കാർ അനുവാദം നൽകി. മദ്യവർജ്ജനത്തിന്റെ ആധുനിക വെർഷൻ. അന്ന് ഒരു മദ്യനിരോധന സംഘടനയും മതസംഘടനയും വഴിപാടിനുപോലും പ്രതിഷേധിച്ചു കണ്ടില്ല. ദോഷം പറയരുതല്ലോ കൊല്ലത്തെ മദ്യനിരോധനക്കാർ ഞാനീ വിഷയം പോസ്റ്റ് ചെയ്തശേഷം ഒരു പ്രതിഷേധക്കുറിപ്പിറക്കി അവരുടെ കടമ പൂർത്തിയാക്കി മടങ്ങി.

Advertisment

publive-image

ബീവറേജ് ഔട്ട്ലെറ്റുകൾ പൂട്ടിയിടുന്നതിനുള്ള ന്യായം പറയുന്നത് തൊഴിലാളികൾക്ക് ഓണത്തിന് അവധിവേണമെന്നാണ്. അപ്പോൾ സ്വാഭാവികമായും ഉയർന്നുവരുന്ന ചോദ്യം കഴിഞ്ഞ വർഷത്തിനുമുമ്പ് വരെ അവർക്കോണമില്ലായിരുന്നോ എന്നാണ്?

മാത്രവുമല്ല ബാറുകളിൽ ജോലിചെയ്യുന്നവർക്കും ഓണമാഘോഷിക്കേണ്ടയോ? തൊഴിലാളിവർഗ്ഗ പ്രസ്ഥാനം അവരെ മറന്നോ ? ബാറുകളിൽ ജോലിചെയ്യുന്നവർക്ക് കിട്ടുന്നത് തുശ്ചമായ ശമ്പളമാണ്. അധികസമയം ജോലിചെയ്യണം. ആനുകൂല്യങ്ങൾ ഒന്നുമില്ല. എന്നാൽ ബീവറേജ് ഔട്ട്ലെറ്റുകളിൽ മുന്തിയ ശമ്പളവും ബോണസും ആനുകൂല്യങ്ങളും സുഖകരമായ ജോലിയുമാണ്.

ബീവറേജ് ഔട്ട്ലെറ്റുകളിൽ വ്യാപകമായ അഴിമതിയാണ് നടക്കുന്നതെന്ന ആക്ഷേപം പരക്കെയുണ്ട്. ഇടയ്ക്കിടെ വിജിലൻസ് കണ്ടെത്തുന്ന അഴിമതികൾ ഞെട്ടിപ്പിക്കുന്നതാണ്. ബീവറേജിലെ നിയമലംഘനം പരാതിപ്പെട്ടാൽ മദ്യപാനിയുടെ പരാതിയായി അത് ചവറ്റുകൊട്ടയിൽ എറിയപ്പെടും.

രാഷ്ട്രീയക്കാരുടെ മറ്റൊരു പുനരധിവാസകേന്ദ്രമാണ് ബീവറേജ് ഔട്ട്ലെറ്റുകൾ.

രാഷ്ട്രീയക്കാരുടെ സിൽബന്ധികളെ അവിടെ ധാരാളമായി താൽക്കാലിക ദിവസശമ്പളത്തിൽ നിയമിക്കുകയും പിന്നീടവരെ സ്ഥിരപ്പെടുത്തുന്നതുമാണ് എല്ലായിടത്തുമെന്നതുപോലെ ഇവിടെയും നടക്കുന്നത്. അവരാണ് ബീവറേജ് ഔട്ട്ലെറ്റുകൾ ഭരിക്കുന്നത്. മദ്യം വാങ്ങാൻ വരുന്നവരെ കൈകാര്യം ചെയ്യാൻ വരെ അവരാണ് മുന്നിൽ. പരാതിപ്പെട്ടാൽ വാദി പ്രതിയായി അകത്താകും. മദ്യപാനിക്ക് പിന്തുണ എവിടെയുമില്ല.

ബീവറേജ് ഔട്ട്ലെറ്റുകളിൽ ഡെപ്യൂട്ടേഷനിൽ വരാൻ സർക്കാരുദ്യോഗസ്ഥർക്കു വലിയ താൽപ്പര്യമാണ്. വരുമാനം ഇവിടെ പല രീതിയിലാണ് പറഞ്ഞുകേൾക്കുന്നത്. തങ്ങളുടെ ബ്രാൻഡുകൾ പ്രൊമോട്ട് ചെയ്യാൻ ഡിസ്റ്റിലറികൾ വലിയ ഓഫറുകൾ നൽകാറുണ്ടത്രേ ..അങ്ങനെ പലതും..

പുതിയ മോട്ടോർ വാഹന നിയമം വന്നതോടുകൂടി ബാറുകളുടെ വിൽപ്പന 20 % വരെ കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. ബാർ മുതലാളിമാർ എല്ലാ രാഷ്ട്രീയക്കാർക്കും ഇഷ്ടംപോലെ സംഭാവന നൽകുന്നവരാണ്. രാഷ്ട്രീയക്കാരിൽത്തന്നെ ബാറുകാരും ബാറുകാർ ബന്ധുക്കളുമായവരുണ്ട്. അതിന്റെ വിധേയത്വം അങ്ങോട്ടുമിങ്ങോട്ടുമുണ്ടാകുകയും സ്വാഭാവികം.

ബാറുകൾ തുറക്കുമ്പോൾ നിശ്ശബ്ദരാകുന്നവർ ബീവറേജ് ഔട്ട്ലെറ്റുകൾ തുറക്കുമ്പോൾ സ്ത്രീകളെയും കൂട്ടിവന്നു സമരം നടത്തുന്നതിന്റെ കാരണം തിരക്കി പാഴൂർ പാടിവരെയൊന്നും പോകേണ്ടതില്ല. ബാറുകളിൽ മദ്യം വിളമ്പുമ്പോൾ ബീവറേജുകൾ പാഴ്സലായാണ്‌ അവ നൽകുന്നത്. ഇതും നാം കാണേണ്ടതുണ്ട്.

രഹസ്യമായി മദ്യപിക്കുകയും പരസ്യമായി മദ്യനിരോധനത്തിനുവേണ്ടി വാദിക്കുകയും ഡിസ്റ്റിലറികളിൽ നിക്ഷേപവും ബന്ധവുമൊക്കെയുള്ള പലരും ഇവിടെ നടത്തുന്ന കപടനാടകം ജനങ്ങളെ വിഡ്ഢികളാക്കാൻ വേണ്ടി മാത്രമാണെന്നറിയുക.

തിരുവോണദിവസം ബാറുകൾ മാത്രം തുറക്കുന്നത് മദ്യനോരോധനത്തെപ്പറ്റി ഗീർവാണവും മൈതാന പ്രസംഗങ്ങളും നടത്തുന്നവർക്ക് താല്പര്യമുള്ള വിഷയമാകാം എന്നാൽ കാശുള്ളവൻ മാത്രം ഓണദിവസം മദ്യപിച്ചാൽ മതിയെന്ന ആശയം ഏത് പ്രത്യയശാസ്ത്രത്തിൽനിന്നെടുത്തതാണെന്നു മനസ്സിലാകുന്നില്ല. മദ്യപാനികളെയും സാമ്പത്തികമായി വേർതിരിക്കാനും സർക്കാരിന്റെ പുതിയ മദ്യനയത്തിനു കഴിഞ്ഞിരിക്കുന്നു.

Advertisment