തറവാടിത്ത ഘോഷണത്തിലും, കുടുംബ മാഹാത്മ്യത്തിന്റെ വീമ്പിളക്കലിലും വസ്തുതകളുണ്ടോ?

New Update

publive-image

Advertisment

സംവിധായകൻ മേനോനും നടൻ ബാസ്റ്റിനും തമ്മിലുള്ള 'ഈഗോ ക്ലാഷിന്' പലരും മേനോനെ തെറി വിളിച്ചു; നായൻമാരെ മുഴുവനും പലരും ആ പുലഭ്യം വിളിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ അടുത്ത കാലത്തൊന്നും സോഷ്യൽ മീഡിയയിൽ ഇത്തരത്തിലൊരു തെറി വിളി ഇതെഴുതുന്നയാൾ കണ്ടിട്ടില്ല.

ബാസ്റ്റിൻ തീർച്ചയായും ഇംഗ്ലീഷിൽ പറയുന്ന 'എംമ്പതി' - ക്ക്‌ അർഹനായ ആളാണ്. 'സിംമ്പതി' - ക്ക്‌ അപ്പുറമുള്ള ഒന്നാണ്‌ 'എംമ്പതി'. ബാസ്റ്റിനെ അങ്ങനെ ആശ്വസിപ്പിക്കേണ്ടതിനപ്പുറം നായൻമാരെ ഒന്നൊഴിയാതെ സോഷ്യൽ മീഡിയയിൽ കൂടി തെറി വിളിക്കേണ്ട ആവശ്യമുണ്ടായിരുന്നുവോ? ഇല്ലെന്ന് വേണം പറയാൻ.

പക്ഷെ അപ്പുറത്ത് നമ്മൾ മറ്റൊരു കാര്യം കൂടി കാണണം. സംഘ പരിവാർ അനുയായികൾ ആയിട്ടുള്ള നായൻമാരിൽ പലരും കുറേ നാളുകളായി സോഷ്യൽ മീഡിയയിൽ കൂടി ന്യൂനപക്ഷങ്ങളേയും, രാഷ്ട്രീയ വിരോധികളേയും പുളിച്ച തെറി വിളിക്കുക ആയിരുന്നു; നായരുടെ പേര് പറഞ്ഞു മിഥ്യാഭിമാനവും വിളമ്പുന്നതിൽ ഇക്കൂട്ടർ മോശക്കാരല്ലായിരുന്നു. അതുകൊണ്ട് അവസരം കിട്ടിയപ്പോൾ നേരത്തേ തെറി കേട്ടവർ തിരിച്ചു കൊടുത്തു എന്ന് വേണം കരുതാൻ.

publive-image

കുടുംബ മാഹാത്മ്യവും, മിഥ്യാഭിമാനവും പ്രചരിപ്പിക്കുന്നതിൽ നായർ വിഭാഗത്തിൽ പെട്ട പലരും ഇക്കണ്ട കാലയളവിൽ മത്സരിക്കുകയും ആയിരുന്നു. പക്ഷെ ഇവർ പ്രചരിപ്പിച്ചത് പോലെ കുടുംബ മാഹാത്മ്യത്തിൻറ്റെ കഥകൾ യഥാർത്ഥത്തിൽ ഇവർക്കുണ്ടോ? ഇല്ലെന്ന് വേണം പറയാൻ.

പ്രൊഫസർ എം.ജി.എസ്. നാരായണൻ നായൻമാർക്കിടയിലുള്ള ഈ തറവാടിത്തഘോഷണത്തെ തൻറ്റെ 'ജാലകങ്ങൾ' എന്ന ആത്മകഥയിൽ കണക്കിന് കളിയാക്കുന്നുണ്ട്. "ബന്ധുക്കളെല്ലാം പരസ്പരം സഹായിക്കാൻ ഒന്നും ചെയ്യില്ല. തരംകിട്ടിയാൽ കുറ്റം പറയും. കല്യാണത്തിനും മരണത്തിനുമൊക്കെ ഒത്തുകൂടി സദ്യയുണ്ട് അന്യോന്യം പരിഹസിക്കുകയും ചെയ്യും" - ഇതാണ് സ്വന്തം സമുദായക്കാരെ കുറിച്ച് പ്രൊഫസർ എം.ജി.എസ്. നാരായണൻ ആത്മകഥയിൽ പറയുന്നത്.

തറവാടിത്തഘോഷണം നടത്തുന്ന മലബാറുകാരെ കുറിച്ച് എം.ജി.എസ്. വീണ്ടും പറയുന്നതിങ്ങനെ: "അധികവും പഴയ പ്രതാപവും സാമൂതിരിയുടെ കാര്യസ്ഥതയും പറഞ്ഞു തെണ്ടിനടന്ന് മുറുക്കിയുടുത്ത് കഴിയുന്നവരാണ്" ('ജാലകം' - പേജ് നമ്പർ 58). ഇടശ്ശേരിയുടെ കവിത എം.ജി.എസ്. ഉദ്ധരിക്കുന്നു:
"ഇത്തറവാടിത്ത ഘോഷണത്തെപോലെ
വൃത്തികെട്ടില്ല മറ്റൊന്നുമൂഴിയിൽ".

പ്രൊഫസർ എം.ജി.എസ്. നാരായണനെ ആരും കേരള ചരിത്രം പഠിപ്പിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. എം.ജി.എസ്. മാത്രമൊന്നുമല്ലാ; മറ്റ് പല എഴുത്തുകാരും സ്വന്തം സമുദായത്തിന് വലിയ മഹിമയൊന്നും ചാർത്തികൊടുക്കുന്നില്ലാ.

എം.ടി. വാസുദേവൻ നായർ, പി. കേശവദേവ്, തകഴി ശിവശങ്കര പിള്ള, എസ്.കെ. പൊറ്റക്കാട് - ഇവരുടെയൊക്കെ കൃതികളിൽ മരുമക്കത്തായ വ്യവസ്ഥിതിയിലും, കൂട്ടുകുടുംബങ്ങളിലും നിലനിന്നിരുന്ന പലതും നിശിതമായ വിമർശിക്കപ്പെടുന്നു.

കാരണവൻമാരുടെ അമിതമായ അധികാരം, തമ്മിൽ തല്ല്, ആർഭാടത്തോടെയുള്ള താലികെട്ട് കല്യാണങ്ങൾ, ഒരിക്കലും അവസാനിക്കാത്ത വസ്തു തർക്കവും കേസുകളും - ഇതൊക്കെ കഴിഞ്ഞ നൂറ്റാണ്ടിലെ നായർ തറവാടുകൾ അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങളായിരുന്നു. ഈ എഴുത്തുകാരൊക്കെ സ്വന്തം സമുദായത്തെ ഇകഴ്ത്തി കാണിക്കുമെന്ന് സുബോധമുള്ള ആർക്കും കരുതാനും ആവില്ലല്ലോ.

പൊക്കം പറയുമെങ്കിലും വസ്തുതകൾ പരിശോധിച്ചാൽ നമ്പൂതിരികളുമായി അപേക്ഷിച്ച് നോക്കുമ്പോൾ, കഴിഞ്ഞ നൂറ്റാണ്ടിൻറ്റെ ആദ്യ പകുതിയിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥിതിയിൽ നായർ സമുദായത്തിൻറ്റെ നില വളരെ പിന്നോക്കമായിരുന്നു എന്ന് കാണാൻ സാധിക്കും.

ദേവകി നിലയങ്ങോട് ഒരു കൃതിയിൽ ഊട്ടുപുരയിൽ നമ്പൂതിരി സ്ത്രീകൾ ഉപേക്ഷിച്ച ഇലയിൽ നായർ സ്ത്രീകൾക്ക്‌ വിളമ്പുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ദേവകി നിലയങ്ങോടിന് അത്തരത്തിലുള്ള ആചാരത്തിൽ മനക്ലേശമുണ്ടായിരുന്നു. പക്ഷെ ആ സംഭവം ഓർത്തെടുത്ത് ദേവകി നിലയങ്ങോട് പറയുന്നത് "എനിക്കതിൽ വിഷമമുണ്ടായിരുന്നു; പക്ഷെ എൻറ്റെ ഇലയും അന്ന് അകത്തു കിടക്കുകയായിരുന്നല്ലോ" എന്നാണ്.

ഇങ്ങനെ കേരളത്തിലെ ജാതി സമ്പ്രദായത്തിൽ നോക്കുമ്പോൾ ഒരു നൂറ്റാണ്ടു മുമ്പ് വരെ നില നിന്നിരുന്ന വളരെ മോശമാണ് എന്ന് ധ്വനിപ്പിക്കുന്ന പല കാര്യങ്ങളും ഉണ്ട്.

ലളിതാംബിക അന്തര്‍ജ്ജനത്തിൻറ്റെ 'അഗ്നിസാക്ഷി' എന്ന നോവലില്‍, നായര്‍ സ്ത്രീയിലുണ്ടായ മകള്‍ തങ്കം, അച്ഛന്‍ നമ്പൂതിരിയുടെ മൃതദേഹത്തെ തൊട്ടപ്പോള്‍, ജഡം വീണ്ടും കുളിപ്പിച്ചു ശുദ്ധിയാക്കുന്ന രംഗമുണ്ട്. നായര്‍ സ്ത്രീയും, മകളും ഇല്ലത്തു നിന്നിറങ്ങാതെ മൃതദേഹം ചിതയിലേക്കും എടുക്കുന്നില്ല. മകള്‍ തങ്കം ഇറങ്ങാൻ വിസമ്മതിച്ചപ്പോൾ ഉണ്ണി നമ്പൂതിരി അനുനയിപ്പിച്ചു വിടുകയാണ് നോവലിൽ.

കേരളത്തിലെ നമ്പൂതിരിമാർക്ക് ഇപ്പോൾ വേണമെങ്കിൽ പറയാം - ഞങ്ങൾക്ക് ജാതി വ്യത്യാസം ഉണ്ടായിരുന്നില്ല; ഞങ്ങൾ ക്ഷത്രീയ സ്ത്രീകളേയും, അമ്പലവാസി സ്ത്രീകളേയും, നായർ സ്ത്രീകളേയും ഭാര്യമാരാക്കിയിരുന്നെന്ന്. കാരണം സെക്‌സിന് മാത്രം ജാതിയില്ലായിരുന്നു. നമ്പൂതിരിയുടെ ശരീരത്തിൽ സെക്‌സിന് വേണ്ടി സ്പർശിക്കുന്നതിലും കുഴപ്പമില്ലായിരുന്നു.

അതല്ലെങ്കിൽ ജാതിയിൽ കുറഞ്ഞ ആൾ തൊട്ടാൽ കുളിക്കണം - അതായിരുന്നു രീതി. കുളിയായിരുന്നു നമ്പൂതിരി ഇല്ലങ്ങളിൽ ഏറ്റവും കൂടുതൽ നടന്നിരുന്നതെന്നാണ് ദേവകി നിലയങ്ങോടും എഴുതിയിട്ടുള്ളത്. ഇല്ലത്തു നിന്ന് പോകുമ്പോഴും, വരുമ്പോഴും കുളിക്കണം. ലളിതാംബിക അന്തര്‍ജ്ജനം തൻറ്റെ സ്‌കൂളിൽ പോക്ക് ആ രീതിയിൽ വളരെ രസകരമായി എഴുതിയിട്ടുണ്ട്.

കേരളത്തിലെ പല രാജാക്കന്മാരുടേയും പിതാക്കന്മാർ നമ്പൂതിരിമാരായിരുന്നു. എന്നാൽ അവരുടെ ഭാര്യമാർ (കെട്ടിലമ്മമാർ) ക്ഷത്രിയരോ, അമ്പലവാസിയോ, നായരോ മാത്രമായിരുന്നു. ക്ഷത്രിയർക്കോ, നായർക്കോ, നമ്പൂതിരി സ്ത്രീയെ കല്യാണം കഴിക്കാൻ പറ്റുമായിരുന്നില്ല .

അവിവാഹിതയായ നമ്പൂതിരി കന്യകയെ ഒരു വൃദ്ധ നമ്പൂതിരിക്ക് കൊടുത്താലും ഒരു ക്ഷത്രിയനോ, നായർക്കോ പോയിട്ട് ഒരു പരദേശ ബ്രാഹ്മണനു പോലും കൊടുത്തിരുന്നില്ല.

എം.ടി. വാസുദേവൻ നായരുടെ പരിണയം എന്ന ചിത്രത്തിൽ കാണിച്ചത് പോലെ വൃദ്ധ നമ്പൂതിരിമാർക്കു പോലും മൂന്നാം വേളിയും, നാലാം വേളിയും ഒക്കെ തരപ്പെടുമായിരുന്നു - ഒരു നൂറ്റാണ്ടു മുമ്പ് വരെ. നായർ തറവാടിൻറ്റെ മുറ്റത്തു വെളുപ്പിന് കാണുന്ന ചൂട്ടുകറ്റകൾ നോക്കിയാണ് തറവാട്ടു മാഹാത്മ്യം നിശ്ചയിച്ചിരുന്നതെന്ന്‌ മലയാള സാഹിത്യത്തിലെ കാരണവരായിരുന്ന തകഴി ശിവ ശങ്കരപ്പിള്ള ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

നമ്പൂതിരി സംബന്ധം ആഗ്രഹിച്ചാൽ പറ്റില്ലാ എന്നു പറഞ്ഞാൽ ബ്രാഹ്മണ ശാപം വരും എന്നൊക്കെയായിരുന്നു വിശ്വാസം!!! ഒരു നൂറ്റാണ്ടു മുമ്പ് വരെ നിലനിന്നിരുന്ന ഈ രീതി പി.വി. തമ്പിയുടെ നോവലുകളിൽ ഉണ്ട്. പി.വി. തമ്പിയുടെ 'കൃഷ്ണപരുന്ത്‌' എന്ന നോവലിൽ അത് വ്യക്തമായി പറയുന്നും ഉണ്ട്.

നായർക്ക് അങ്ങോട്ടുണ്ടായിരുന്ന സ്നേഹം നമ്പൂതിരിക്ക് ഇങ്ങോട്ടില്ലായിരുന്നു എന്നുവേണം കരുതാൻ. ചില നായന്മാർ ഇപ്പൊഴും നമ്പൂതിരി സ്നേഹം പറയുമ്പോൾ ഈ കൗതുകകരമായ കാര്യങ്ങളൊക്കെ ഓർക്കുന്നത് നല്ലതാണ്.

ഇതിനെല്ലാത്തിനും ഇടയിൽ കാണേണ്ട ഏറ്റവും രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ സെക്‌സിന് മാത്രം ജാതിയും മതവും ഒന്നും ജാതിവ്യവസ്‌ഥ രൂക്ഷമായി നിലനിന്നിരുന്ന കാലത്തും ഇല്ലായിരുന്നു എന്നതാണ്. തടസങ്ങളും നിയന്ത്രണങ്ങളും പ്രത്യക്ഷത്തിൽ നിലനിന്നിരുന്നപ്പോഴും പരോക്ഷമായി 'കാര്യം സാധിച്ച' പലരും ഉണ്ടായിരുന്നു.

അല്ലെങ്കിലും അന്നും ഇന്നും സെക്‌സിന് മാത്രം ജാതിയും മതവും ഒന്നും പ്രശ്നമല്ലല്ലോ. സെക്സിന് പണ്ടേ ജാതി ഉണ്ടായിരുന്നില്ല. നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകളെ പ്രാപിച്ചത് പോലെ നമ്പൂതിരി/നായർ സ്ത്രീകളെ പ്രാപിച്ചിരുന്ന ഹരിജനങ്ങളായ വീട്ടു/പറമ്പ് പണിക്കാരും, ജോലിക്കാരും ഉണ്ടായിരുന്നു. ഈശ്വരസൃഷ്ടിയിൽ മായക്ക് അടിമപ്പെട്ടവരായിരുന്നു മിക്കവരും എന്ന് ചുരുക്കം.


(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment