കേജ്‌രിവാൾ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി ആകുമോ?

വെള്ളാശേരി ജോസഫ്
Thursday, February 13, 2020

മ്മുടെ നഗരങ്ങൾ ആധുനികവൽക്കരിക്കപ്പെടണമെങ്കിൽ ഡൽഹി മെട്രോ പോലുള്ള ബ്രിഹത് പദ്ധതികൾ അത്യന്താപേക്ഷിതമാണ്. പൊട്ടിയൊഴുകുന്ന ഓടകളും, തൂങ്ങിയാടുന്ന കേബിളുകളും, ബ്ലോക്കായി കിടക്കുന്ന ഡ്രൈനേജ് സംവിധാനങ്ങളുമെല്ലാം ഏത് ഇന്ത്യൻ നഗരത്തിലും കാണാം.

ഒരു നല്ല മഴ പെയ്താൽ ഡൽഹി അടക്കം മിക്ക ഇന്ത്യൻ നഗരങ്ങളിലേയും ട്രാഫിക്ക് സ്തംഭിക്കും. ആധുനികവൽക്കരണവും നഗരവൽക്കരണവും കൂടാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുന്നോട്ട് നീങ്ങില്ല.

ആ ആധുനികവൽക്കരണത്തിൻറ്റെ മുഖമുദ്രയായി രാജ്യ തലസ്ഥാനത്ത് വന്ന ഒന്നാണ് ഡൽഹി മെട്രോ. 20-30 വർഷമായി ഡെൽഹിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ലതെന്ന് പറയാവുന്ന ഒരു കാര്യം ഡൽഹി മെട്രോ ആണ്. ഡൽഹിയിലെ ആരോട് ചോദിച്ചാലും ഇത് പറയും.

ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമവും നവീനവുമായ ഒന്നാണ് ഡൽഹി മെട്രോ.

ഒരു രാജ്യ തലസ്ഥാനം എങ്ങനെയാവണമെന്ന് അറിയാൻ ഡൽഹിയിലെ ഓൾ ഇൻഡ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻറ്റെ മുന്നിലുള്ള റോഡ് കണ്ടാൽ മാത്രം മതി. പല നിലകളിലായി ആണ് വാഹനങ്ങൾ അവിടെ ഇടമുറിയാതെ സഞ്ചരിക്കുന്നത്.

പഞ്ചാബ്, ഹരിയാന – ഈ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളെല്ലാം സന്ധിക്കുന്ന നാൽക്കവലയാണ് ഡൽഹിയിലുള്ള ‘മുഖാർബാ ചൗക്ക്’. 8-10 വർഷങ്ങൾക്ക് മുമ്പ് ഇതെഴുതുന്ന ആൾ 2 മണിക്കൂറോളം ആ ‘മുഖാർബാ ചൗക്കിൽ’ കുടുങ്ങിപോയിട്ടുണ്ട്.

പഞ്ചാബ്, ഹരിയാന – ഈ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ട്രക്കുകളാണ് അന്നവിടെ ട്രാഫിക്ക് ബ്ലോക്ക് സൃഷ്ടിച്ചത്.

ഇന്നിപ്പോൾ വൃത്താകൃതിയിൽ ഫ്‌ളൈ ഓവറുകൾ, അണ്ടർ പാസുകൾ, റോഡുകൾ, നടപ്പാതകൾ – ഇതെല്ലാം ഉള്ളതുകൊണ്ട് ഓൾ ഇൻഡ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻറ്റെ മുന്നിലും, മുഖാർബാ ചൗക്കിലും വാഹനങ്ങൾ പല നിലകളിലായി ഇടമുറിയാതെ ഒഴുകുന്നു.

ഇതൊക്കെ പറഞ്ഞാൽ ഇടതുപക്ഷ മധുര മനോജ്ഞ സ്വപ്‌നങ്ങൾ കാണുന്നവർ ഇതൊക്കെ കൊണ്ട് പാവപ്പെട്ടവർക്ക് എന്താണ് നേട്ടം എന്ന ചോദ്യം ഉന്നയിക്കും. ‘സ്പീഡ്’, കണക്റ്റിവിറ്റി’ – ഇതൊക്കെ ഏറ്റവും സഹായിക്കുന്നത് പാവപ്പെട്ടവരെ ആണ്.

കൃത്യ സമയത്ത് ജോലിക്ക് ഹാജരായില്ലെങ്കിൽ ജോലി നഷ്ടപ്പെടുന്നവർക്ക് ഏറ്റവും സഹായകരമായ ഒന്നാണ് കാര്യക്ഷമമായ പബ്ലിക്ക് ട്രാൻസ്‌പോർട്ട് സിസ്റ്റം. ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിയാൽ അത് പാവപ്പെട്ടവരേയും പണക്കാരേയും ഒരുപോലെ ബാധിക്കും.

ഡൽഹിയിലെ 46, 48 ഡിഗ്രി ചൂടുള്ള സമ്മറിൽ പാവപ്പെട്ടവരെയാണ് ട്രാഫിക്ക് ബ്ലോക്കുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഉരുകിയൊലിക്കുന്ന ചൂടിൽ നിന്ന് രക്ഷ നേടുവാൻ പണക്കാർക്ക് കുറഞ്ഞപക്ഷം എയർ കണ്ടീഷനറുകൾ എങ്കിലും ഉണ്ട്; പാവപ്പെട്ടവർക്ക് അതില്ല.

1980-കളിൽ ‘ഏഷ്യൻ ടൈഗേഴ്സ്’ എന്നറിയപ്പെട്ടിരുന്ന സിംഗപ്പൂർ, തായ്‌വാൻ, ഹോങ്കോങ്, ദക്ഷിണ കൊറിയ – ഈ രാജ്യങ്ങളിൽ ഉണ്ടായ സാമ്പത്തിക വളർച്ച നോക്കിയാൽ മാത്രം മതി തൊഴിലവസരങ്ങൾ എങ്ങനെ ദാരിദ്ര്യം മാറ്റുന്നു എന്ന് കാണാൻ.

തൊഴിലവസരങ്ങളും, സാമ്പത്തിക വളർച്ചയും മൂലം ദക്ഷിണ കൊറിയയിൽ ‘പെർ ക്യാപ്പിറ്റാ ഇൻകം’ അതല്ലെങ്കിൽ ആളോഹരി വരുമാനം 10 – 20 വർഷങ്ങൾക്കുള്ളിൽ തന്നെ നാലും അഞ്ചും ഇരട്ടിയായി വർധിച്ചു.

L .G ., സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ് – എന്നിങ്ങനെയുള്ള അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകളാണ് ദക്ഷിണ കൊറിയയിൽ സൃഷ്ടിക്കപ്പെട്ടത്. ഇന്നിപ്പോൾ ‘കിയ മോട്ടോഴ്‌സ്’ കൂടി ഉണ്ട്. ‘കിയ’ ഇന്ത്യൻ ഓട്ടോമൊബൈൽ സെക്റ്ററിലേക്കും കടന്നു കഴിഞ്ഞു.

1980-കളിൽ അയൽ രാജ്യങ്ങളായ സിംഗപ്പൂർ, തായ്‌വാൻ, ഹോങ്കോങ്, ദക്ഷിണ കൊറിയ – ഈ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയാണ് ചൈനയുടെ കണ്ണ് തുറപ്പിച്ചത്.

1980-കൾക്ക് ശേഷം ഉൽപ്പാദന മേഖലയിലെ വളർച്ചയിലൂടെ ലക്ഷ കണക്കിനാളുകളെയാണ് ദാരിദ്ര്യത്തിൽ നിന്ന് ചൈനക്ക് മോചിപ്പിക്കാൻ സാധിച്ചത്. മധുര മനോജ്ഞ സ്വപ്‌നങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്ന നമ്മുടെ കമ്യൂണിസ്റ്റുകാർ ഇതൊക്കെ കാണുമോ?

ഗൾഫിലും, യൂറോപ്പിലും, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇരുന്ന് ജോലി ചെയ്യുമ്പോഴും പഴയ “സോവിയറ്റ് – എന്നൊരു നാടുണ്ട്” – എന്ന ഗാനശകലം ഓർമിക്കുന്നവരാണ് അവരിൽ ബഹു ഭൂരിപക്ഷവും.

അഞ്ചക്ക ശമ്പളവും, ആറക്ക ശമ്പളവും വാങ്ങുമ്പോൾ പോലും പഴയ മധുര മനോജ്ഞ സ്വപ്‌നങ്ങൾ ഉപേക്ഷിക്കുവാൻ അവർക്ക് വയ്യാ. മലയാളികളിൽ പലരും ഇന്നും ഇടതുപക്ഷ വ്യാമോഹങ്ങൾക്ക് അടിമപ്പെട്ടവരാണ്.

നമ്മുടെ ഇടതുപക്ഷക്കാർക്ക് സുന്ദര വാഗ്ദാനങ്ങളൊക്കെ മലയാള സിനിമകളിലൂടെയും, സാഹിത്യത്തിലൂടെയും, ലേഖനങ്ങളിലൂടെയും കൂടി കൊടുക്കുവാൻ സാധിക്കുന്നത് മലയാളികൾക്കിടയിലുള്ള ഇടതുപക്ഷ വ്യാമോഹം കൊണ്ടെക്കെയാണ്.

വിദേശത്തോ, അന്യ സംസ്ഥാനങ്ങളിലോ നല്ല ശമ്പളവും, ആധുനിക സൗകര്യങ്ങളുമൊക്കെ കിട്ടി കഴിയുമ്പോഴും രാത്രി രണ്ടു പെഗ്ഗും വീശി, പരദൂഷണവും പറഞ്ഞു വിപ്ലവ തത്വശാസ്ത്രങ്ങളൊക്കെ അയവിറക്കാൻ ഇന്നും മലയാളിയെ പ്രേരിപ്പിക്കുന്നത് പഴയ ഇടതുപക്ഷ കാൽപ്പനിക മോഹങ്ങളാണ്.

ഇന്നും പല മലയാളികളും ജീവിക്കുന്നത് സമത്ത്വ സുന്ദര ഭൂമി സ്വപ്നം കണ്ടുകൊണ്ടല്ലേ? വിപ്ലവ പോസ്റ്റൊക്കെ ഫെയിസ് ബുക്കിലിട്ട്, ബാലചന്ദ്രൻ ചുള്ളിക്കാടിൻറ്റെ കവിതയും, കടമ്മനിട്ടയുടെ ‘കുറത്തിയും’ പാടി ജീവിക്കുന്ന മലയാളികൾ ഇപ്പോഴുമുണ്ട്!!!

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കമ്യൂണിസ്റ്റ് വിപ്ലവ മോഹങ്ങളും, സമത്വ സുന്ദര ഭൂമിയുമൊക്കെ വാഗ്ദാനം ചെയ്യുന്നവരെ മലയാളികൾക്കിടയിൽ ഇപ്പോഴും കാണാവുന്നതും ഒരുപക്ഷെ ചെറുപ്പത്തിൽ കണ്ട ‘ജയൻ സിനിമകളുടെ’ ഒക്കെ ആവേശം ചോർന്നു പോകാത്തത് കൊണ്ടായിരിക്കാം!!!

മുതലാളിയുടെ ഗുണ്ടകളെ ഇടിച്ചു പഞ്ചറാക്കുന്ന ജയൻ 1980-കളിൽ പലരേയും ആവേശിച്ചിരുന്നു.

‘ഏഷ്യൻ ടൈഗേഴ്സ്’ എന്ന് വിളിപ്പേരുള്ള സിംഗപ്പൂർ, തായ്‌വാൻ, സൗത്ത് കൊറിയ, ഹോംഗ്കോംഗ് – ഈ നാല് അയൽ രാജ്യങ്ങളുടേയും സാമ്പത്തിക വളർച്ചയാണ് ചൈന 1980-കൾക്ക് ശേഷം മാതൃകയാക്കിയത്.

“പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതി” എന്നുപറഞ്ഞു ഐഡിയോളജി ചൈന മാറ്റിവെക്കുന്ന കാഴ്ചയാണ് 1980-കൾക്ക് ശേഷം കാണുവാൻ സാധിക്കുന്നത്.

അത്തരത്തിലുള്ള പോസിറ്റീവ് ആയ ‘ആറ്റിറ്റ്യൂഡ്‌’ കാരണമാണ് ചൈന ഇന്ന് വൻ സാമ്പത്തിക ശക്തിയായി വളർന്നത്. ഇൻഫ്രാസ്ട്രക്ച്ചറിലും ടെക്നൊളജിയിലും ചൈന ഇന്ന് വൻശക്തി തന്നെയാണ്.

ഇന്നിപ്പോൾ ‘കൊറോണാ വൈറസിനെ’ എത്ര ഫലപ്രദമായി ചൈന നേരിടുന്നു എന്നത് ആധുനിക സമൂഹങ്ങൾക്കൊക്കെ ഒരു പാഠമാണ്. എങ്ങനെയാണ് ഇത്തരത്തിൽ ആധുനികതയെ ഉൾക്കൊണ്ടുകൊണ്ട് 1980-കൾക്ക് ശേഷം ചൈനക്ക് വികസിക്കാൻ സാധിച്ചത്?

കമ്യൂണിസം മാറ്റിവെച്ച് ഒരു ‘പോസിറ്റീവ് ആറ്റിറ്റ്യൂഡ്‌’ എടുക്കാൻ എങ്ങനെ സാധിച്ചു എന്ന് ചോദിക്കുമ്പോഴാണ് ചൈനീസ് സമൂഹത്തിലെ ചില പ്രത്യേകതകൾ മനസിലാക്കേണ്ടത്.

പ്രൊഫസർ കെ. എൻ. രാജ് ചൂണ്ടിക്കാട്ടുന്നത് പോലെ ‘കൺഫ്യൂഷ്യൻ’ ചിന്താഗതി അടിസ്ഥാനപരമായി ‘പ്രാഗ്മാറ്റിസം’ അതല്ലെങ്കിൽ പ്രായോഗികത ഉൾക്കൊള്ളുന്ന ഒന്നാണ്. നമ്മുടെ കമ്യുണിസ്റ്റ്കാർക്ക് ഇല്ലാതെ പോയതും ഈ പ്രായോഗികതയാണ്.

ഡൽഹിയിൽ കെജ്രിവാളിൻറ്റെ വിജയത്തിൽ അമിതാവേശം പൂണ്ട് അരവിന്ദ് കെജ്‌രിവാളിനെ അടുത്ത ഇന്ത്യൻ പ്രധാന മന്ത്രിയായി സങ്കൽപിച്ചു കൂട്ടാൻ കേരളത്തിലെ കമ്യൂണിസ്റ്റുകാരെ പ്രേരിപ്പിക്കുന്നതും ഈ പ്രായോഗിക ബോധം ഇല്ലാത്തതിനാലാണ്.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

×