ഇന്ത്യ സാമ്പത്തികമായി മുന്നേറണമെങ്കിൽ അയൽ രാജ്യമായ ചൈനയിലേക്ക് നോക്കേണ്ടതുണ്ട്

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

രാജ്യത്ത് എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ കമ്യൂണിസ്റ്റുകാരും, അരാജകവാദികളും, ദോഷൈകദൃക്കുകളും ഉടൻ ഉണരുകയായി. ഈ ഇൻഡ്യാ മഹാരാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടായി കാണാൻ മാത്രമാണ് ഇവരൊക്കെ ആഗ്രഹിക്കുന്നതെന്ന് തോന്നും. കുറെ 'കോൺസ്പിരസി' തിയറികളുമായി വേറൊരു കൂട്ടർ വരും. പണ്ടത്തെ അംബാസഡർ കാർ ഇപ്പോൾ ഇറങ്ങുന്നില്ലല്ലോ. എന്നിട്ട് ഇന്ത്യൻ കാർ വിപണിക്ക് എന്തെങ്കിലും മങ്ങലേറ്റോ?

പണ്ട് ബജാജ് സ്‌കൂട്ടർ ബുക്ക് ചെയ്തിട്ട് കിട്ടാൻ 12 -13 വർഷം എടുക്കുമായിരുന്നു. ഇന്നത്തെ പിള്ളേരോട് അതൊക്കെ പറഞ്ഞാൽ അവർ ചിരിക്കും. 'ഹമാരാ ബജാജ്' ഒക്കെ പോയി ഇപ്പോൾ വിപണിയിൽ താരാതരത്തിലുള്ള സ്‌കൂട്ടറുകൾ അല്ലേ ഉള്ളത്? അംബാസഡർ കാർ, ബജാജ് സ്‌കൂട്ടർ, HMT വാച്ച് - ഇവയൊക്കെയായിരുന്നു 30-35 വർഷം മുമ്പ് വരെ ഇന്ത്യയുടെ വ്യവസായിക രംഗം ഭരിച്ചിരുന്നത്. ഇന്ന് കഥയാകെ മാറി. ഈ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ കേരളത്തിലെ പലരും തയാറല്ല. അതാണ് സമ്പത് വ്യവസ്ഥയ്‌ക്കെതിരെ നിത്യവും എന്നവണ്ണം രൂക്ഷ വിമർശനങ്ങൾ ഉയരുന്നത്.

പണ്ട് ചൈനയും 30-35 വർഷം മുമ്പുള്ള ഇന്ത്യയെ പോലെ തന്നെ ആയിരുന്നു. മുള കൊണ്ടുള്ള വീടും, കോഴിയും, കുറച്ചു കൃഷിയും ഒക്കെ മാത്രമായിരുന്നു മിക്ക ഗ്രാമീണർക്കും ചൈനയിൽ അവകാശപ്പെടാനായിരുന്നത്. 1970-കളിൽ 'ഏഷ്യൻ ടൈഗേഴ്‌സ്' എന്നറിയപ്പെട്ടിരുന്ന അയൽ രാജ്യങ്ങളായ സിംഗപ്പൂർ. തായ്‌വാൻ, ഹോങ്കോങ്, ദക്ഷിണ കൊറിയ - ഈ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയാണ് ചൈനയുടെ കണ്ണ് തുറപ്പിച്ചത്.

1980-കൾക്ക് ശേഷം ചൈനയുടെ രാഷ്ട്രീയം വേറേ - ഉൽപ്പാദനവും, വിപണന തന്ത്രങ്ങളും വേറെ. കമ്യൂണിസം പറയുന്ന ഇൻഡ്യാക്കാരിൽ പലരും ഇത് മനസിലാക്കുന്നില്ല.

ഇന്ത്യയിലും ലോകത്തെല്ലായിടത്തും ഗുണ മേന്മയും, വിലക്കുറവും കൊണ്ടാണ് ചൈനീസ് ഉൽപന്നങ്ങൾ വേറിട്ട് നിൽക്കുന്നത്. ഇന്ത്യയിൽ വരുന്ന ചൈനീസ് കമ്പനികളിൽ നിന്നെങ്കിലും നാം ഇത് പഠിക്കണം. മൊബൈലുകൾ, ലാപ്ടോപ്പ്, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, ഇലട്രോണിക്ക് ഉപകരണങ്ങൾ - ഇവയോക്കെ കൂടാതെ ഇപ്പോൾ ചൈനയുടെ മുന്തിയ കാർ നിർമാതാക്കളായ SAIC ഇന്ത്യൻ മാർക്കറ്റിലേക്ക് കടക്കുകയാണ്.

publive-image

ജെനെറൽ മോട്ടോഴ്സിൽ നിന്ന് തങ്ങളുടെ കാർ നിർമാണം ആരംഭിക്കുവാൻ വേണ്ടി ഗുജറാത്തിലെ ഫാക്റ്ററി SAIC 2014- ൽ വാങ്ങിച്ചിരുന്നു. രണ്ടു വർഷത്തിനുള്ളിൽ ചൈനീസ് കാറും ചൈനീസ് ടി. വി., ചൈനീസ് മെബൈൽ - എന്നിവയൊക്കെ കൂടാതെ ഇന്ത്യൻ മാർക്കറ്റിൽ എത്തും. 5000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ കാർ നിർമാണത്തിൽ ഇതിനോടകം തന്നെ ചൈനീസ് കമ്പനി 2000 കോടി മുടക്കി കഴിഞ്ഞു.

ഇന്ത്യ വിചാരിച്ചാലോ, അമേരിക്ക വിചാരിച്ചാലോ അതല്ലെങ്കിൽ കുറച്ചു പേർ ചൈനീസ് പ്ലാസ്റ്റിക്ക്, കളിപ്പാട്ടം, പടക്കം - ഇവയൊക്കെ പറഞ്ഞു ബഹിഷ്ക്കരിച്ചാലോ ചൈനീസ് ഇക്കോണമി ഇന്ന് തളരത്തില്ല. ചൈനീസ് ഇക്കോണമി ഇന്ന് വളർന്നു കഴിഞ്ഞതിൻറ്റെ പിന്നിൽ 'ആധുനികത' എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസത്തിൻറ്റെ പ്രധാന സവിശേഷത ഉണ്ട്.

ആ സവിശേഷത "സയൻസ് ഇൻ ദ ഫോം ഓഫ് ടെക്‌നോളജി" ആണ്. ചൈനയുടെ സമുദ്രോൽപ്പന്നങ്ങൾ തന്നെ നോക്കിയാൽ മതി "സയൻസ് ഇൻ ദ ഫോം ഓഫ് ടെക്‌നോളജി" എന്ന ആ സവിശേഷത മനസിലാക്കുവാൻ. ചുറ്റുമുള്ള കടലുകളിൽ ചൈന 'സീ ഫുഡ്' വൻതോതിൽ കൃഷി ചെയ്യുന്നൂ. അതുകൊണ്ട് ചൈനീസ് ഉപഭോക്താവിൻറ്റെ തീൻമേശയിൽ മത്സ്യവും, മറ്റ്‌ സമുദ്രോൽപ്പന്നങ്ങളും നിറയുന്നു.

ജാപ്പനീസ് ജനതയും സമുദ്രോൽപ്പന്നങ്ങൾ ആസ്വദിച്ചു കഴിക്കുന്നവരാണ്. പക്ഷെ കടലിൽ നിന്ന് പിടിക്കുന്നതല്ലാതെ കടലിൽ കൃഷി ചെയ്യുവാൻ ജപ്പാൻകാർക്ക് ആയിട്ടില്ല. ചൈനയെ അപേക്ഷിച്ച് ഇൻഡ്യാക്കാർക്ക് തണുപ്പില്ലാത്ത കടൽവെള്ളം ചുറ്റിലുമുണ്ട്. പക്ഷെ നമ്മുടെ നേതാക്കൻമാർക്ക് ദീർഘ വീക്ഷണമില്ല. സമീപ കാലത്ത് ആധുനികതയുടെ സവിശേഷത ആയ "സയൻസ് ഇൻ ദ ഫോം ഓഫ് ടെക്‌നോളജി" കുറച്ചെങ്കിലും കമ്പ്യൂട്ടർ വൽക്കരണത്തിലൂടെയും, ടെലിക്കോം വിപ്ലവത്തിലൂടെയും പ്രോത്സാഹിപ്പിച്ച ഒരേയൊരു നേതാവ് രാജീവ് ഗാന്ധി മാത്രമായിരുന്നു.

ഇപ്പോഴുള്ള നേതാക്കൻമാർ പ്രായം ചെന്ന പശുക്കളെ കന്നുകാലി ചന്തയിൽ വിൽക്കാൻ പോലും കഴിയാത്ത രീതിയിലേക്ക് ഉത്തരേന്ത്യയിലെ പാവപ്പെട്ട കർഷകരെ എത്തിച്ച് അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുകയാണ്. ഒരു ഗതിയും, പര ഗതിയും ഇല്ലാത്ത പാവപ്പെട്ട ബീഹാറുകാരെ മഹാരാഷ്ട്രക്കാരുടെ പേര് പറഞ്ഞു ശിവസേനക്കാർ ഓടിച്ചിട്ട് തല്ലുമ്പോൾ അറിയാം നമ്മുടെ നേതാക്കൻമാരുടെ ദീർഘ വീക്ഷണത്തിൻറ്റെ അഭാവം. ഇവിടെ പ്രശ്നങ്ങളും, ഭിന്നിപ്പും സൃഷ്ടിക്കാൻ മാത്രമേ നേതാക്കൻമാർക്ക് താൽപര്യമുള്ളൂ. രാഷ്ട്ര നിർമാണ പ്രക്രിയയിൽ ദീർഘ വീക്ഷണത്തോടെ ഇടപെടാൻ അവർക്കൊന്നും താൽപര്യവുമില്ലാ; സമയവുമില്ലാ.

ചൈനയിലേതു പോലെ ഇപ്പോൾ ഇലക്രോണിക്സ്-ഡിജിറ്റൽ-ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസ് മേഖലയിലെ വളർച്ച നേടാനാണ് നാം ശ്രമിക്കേണ്ടത്. ചൈന ഇപ്പോൾ റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിലും, ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസിലും, ഇൻഫ്രാസ്ട്രക്ച്ചറിലും ഒക്കെ ഇന്ത്യയെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു.

ചൈനയുടേത് ഇന്നിപ്പോൾ 13 ട്രില്യൺ GDP സൈസുള്ള ഇക്കോണമി ആണ്; ഇന്ത്യയുടേത് 2.6 ട്രില്യൺ സൈസുള്ള ഇക്കോണമിയും. ഇന്ത്യയുടെ GDP-യുടെ ഏകദേശം അഞ്ചിരട്ടിയാണ് ചൈനയുടെ GDP. ഒരു വർഷത്തെ ചൈനയുടെ പ്രോഡക്ട് & സർവീസ് കയറ്റുമതി ശരാശരി 60 ബില്യൺ ഡോളറിലും കൂടുതൽ ആണ്. ഇന്ത്യയുടെ വെറും 11 ബില്യൺ ഡോളറിൻറ്റെ മാത്രം.

ചൈനയുടെ ഉൽപാദന രംഗത്തെ വളർച്ച അറിയാൻ കേരളത്തിലെയോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയോ ഏതെങ്കിലും ഇലക്രോണിക് കടയിലോ, കുട്ടികൾക്ക് കളിപ്പാട്ടം വിൽക്കുന്ന കടയിലോ പോയാൽ മതി. ചൈനീസ് വളർച്ചയുടെ മറ്റൊരു കാര്യം ചൈനയുടെ വളർച്ച ഉൽപാദനം കൊണ്ടുള്ളതാണ് എന്നാണ്. ഇന്ത്യയുടേത് സർവീസസ് - അതായത് കൃഷിയും വ്യവസായവും കൂടാതെ സേവന മേഖലയിലെ കണക്കും കൂടെ കൂട്ടി ആണ്.

തൊഴിൽ അന്വേഷിച്ച് ചൈനാക്കാരൻ അലഞ്ഞു നടക്കുന്നത് വരെ അവരുടെ നാട്ടിൽ ദാരിദ്ര്യം ഇല്ല. ഇന്ത്യയിലെ പോലെ ഹത ഭാഗ്യരായ ചെറുപ്പക്കക്കാർ സംവരണത്തിന് വേണ്ടി മുറവിളി കൂട്ടുന്നതുപോലുള്ള രാഷ്ട്രീയ നാടകമൊന്നും ചൈനയിൽ ഉൽപാദനം തകൃതിയായി നടക്കുമ്പോൾ സംഭവിക്കില്ല. ചൈനയിൽ ഗ്രാമങ്ങളിൽ നിന്ന് ആളുകൾ നഗരങ്ങളിലേക്കും, ഉൽപാദന മേഖലകളിലേക്കും കുടിയേറുന്നത് മെച്ചപ്പെട്ട വേതനം പ്രതീക്ഷിച്ചാണ്; അല്ലാതെ ഇന്ത്യയിലെ പോലെ ദാരിദ്ര്യം കൊണ്ടല്ല.

ഇന്ത്യയിൽ 2011-12 -ന് ശേഷം തൊഴിൽ സൃഷ്ടിക്കുന്ന കൺസ്ട്രക്ഷൻ സെക്റ്റർ ആകെ മൊത്തം ഡൗൺ ആണ്. ടെക്സ്റ്റയിൽസിലാണെങ്കിൽ ചൈന 145 ബില്യൺ ഡോളർ എക്സ്പോർട്ട് നടത്തുമ്പോൾ നാം ബംഗ്ലാദേശിനേക്കാളും വിയറ്റ്നാമിനെക്കാളും പിന്നിലാണ്.

ചൈനീസ് കമ്പനിയായ TCL ഇപ്പോൾ 2,200 കോടി രൂപയുടെ നിക്ഷേപം ഇലക്രോണിക്സ് മേഖലയിൽ തിരുപ്പതിയിൽ നടത്താൻ പോകുകയാണ്. മെബൈൽ ഫോണുകളും, ടെലിവിഷൻ സ്ക്രീനുകളും ഉണ്ടാക്കാനായിരിക്കും TCL തിരുപ്പതി ഫാക്റ്ററിയിൽ ശ്രമിക്കുന്നത്. ഷവോമി ടി. വി. ഇപ്പോൾ തന്നെ ഇന്ത്യയിൽ വിൽക്കപ്പെടുന്നുണ്ട്; ഷവോമിക്ക് ഇന്ത്യയിൽ ഫാക്റ്ററിയുമുണ്ട്.

ഷവോമിക്ക് ഇന്ത്യയിൽ 23,000 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഹാങ്ങ്ഷു (Hangzhou) കേന്ദ്രമായുള്ള തായ്ലാൻഡ് കമ്പനിയായ 'കിംകോ' (KYMCO) 'റ്റ്വെൻറ്റി റ്റു മോട്ടോഴ്സ്' എന്ന പേരിൽ 'റ്റു വീലർ' കമ്പനിയും ഇന്ത്യയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ലെനോവോ, ഹയ്യർ - തുടങ്ങിയ വേറെയും ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിൽ സജീവമാണ്.

TCL , മിഡിയ ഗ്രൂപ്പ് (Midea ഗ്രൂപ്പ്) - ഇവയൊക്കെ നേരത്തേ തന്നെ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഹയ്യർ ഡെൽഹിക്കടുത്തുള്ള ഗ്രെയിറ്റർ നോയിഡയിൽ 3,000 കോടി രൂപയുടെ ഫാക്റ്ററി തുറക്കാൻ പോവുകയാണ്. ഫ്രിഡ്ജും, വാഷിങ് മെഷീനും ഒക്കെയായിരിക്കും ഉൽപന്നങ്ങൾ. Midea ഗ്രൂപ്പ് - ൻറ്റെ ഫാക്റ്ററി 1,300 കോടി രൂപയുടെ മുതൽ മുടക്കോട് കൂടി 'എയർ കണ്ടീഷണറുകൾ' നിർമിക്കാൻ തുടങ്ങുന്നു. 2017 ഫെബ്രുവരി മുതൽ പൂനക്കടുത്ത് Midea ഗ്രൂപ്പ് - ൻറ്റെ 800 കോടി രൂപയുടെ ഫാക്റ്ററി ഉണ്ട്.

ഇതൊക്കെ ആരെങ്കിലും കാണുന്നുണ്ടോ? ഇന്ത്യയിലെ പാവപ്പെട്ടവൻറ്റേയും, ചെറുകിട കർഷകരുടേയും ദുരിതങ്ങൾ മാറണമെങ്കിലും ഇൻവെസ്റ്റ്മെൻറ്റും, ആധുനികതയുടെ സവിശേഷത ആയ 'സയൻസ് ഇൻ ദ ഫോം ഓഫ് ടെക്‌നോളജിയും' വരണം. ഇക്കാര്യത്തിലും നമുക്ക് ചൈനയിലേക്ക് നോക്കി പാഠങ്ങൾ പഠിക്കാനുണ്ട്. ഡെങ് സിയാവോ പിംഗ് തൻറ്റെ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നതിനു ശേഷം ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിയത് കോടിക്കണക്കിന് ആളുകളെ ആണ്.

ഇന്ത്യയിലെ കുടുംബത്തിൽ ഊന്നിയുള്ള കാർഷിക രീതിയിൽ നിന്ന് വ്യത്യസ്തമായി ഭാവിയിൽ കമ്പനികളും, ട്രസ്റ്റുകളും യന്ത്ര വൽകൃതമായ വൻ തോതിലുള്ള കൃഷി രീതികളും ആരംഭിക്കേണ്ടിയിരിക്കുന്നു. അച്ഛൻ കർഷകനാണെങ്കിലും മക്കൾ വ്യവസായിക, സേവന മേഖലകളിലേക്ക് തിരിയുന്ന കാലം വരണം. സമ്പൂർണ പശുക്ഷേമ രാഷ്ട്രത്തിൽ കർഷകർ ഇന്ന് പുറത്താണ്.

കർഷകരുടെ കടം ഗവൺമെൻറ്റ് എഴുതിതള്ളുന്നതും, അവർക്ക് പണം കൊടുക്കുന്നതുമൊക്കെ താൽക്കാലിക പരിഹാരം മാത്രമാണ്. ഇതൊന്നും ഇന്ത്യയിലെ കാർഷിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം അല്ല. ആധുനിക വ്യവസായിക മേഖലയിലെന്നതു പോലെ കാർഷിക മേഖലയിലും നിക്ഷേപം വേണം; യന്ത്രവൽക്കരണം ത്വരിത ഗതിയിൽ നടപ്പാക്കണം.

ആധുനികവൽക്കരിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും ഇതാണ് അനുവർത്തിച്ചിട്ടുള്ള മാർഗം. ഇനിയങ്ങോട്ട് കൃഷിക്ക് തൊഴിലാളികളെ കിട്ടാതാകുമ്പോൾ അല്ലെങ്കിൽ കൂലി കൂടുതലാകുമ്പോൾ യന്ത്ര വൽക്കരണത്തെ ആശയിക്കാതെ നിവൃത്തിയില്ല. കൂലിയെ കുറിച്ചും, പണിക്കാരെ കിട്ടാത്തതിനെ കുറിച്ചും, കൃഷിയിലെ നഷ്ടത്തെ കുറിച്ചും പരാതി പറയുന്നതിന് പകരം യന്ത്രവൽക്കരണത്തിലൂടെ പരിഹാരം ഉണ്ടാക്കാനാണ് നാം നോക്കേണ്ടത്.

തെങ്ങു കയറാനുള്ള യന്ത്രം, മണ്ണ് കുഴിക്കാനുള്ള യന്ത്രം. പാൽ കറക്കാനുള്ള യന്ത്രം, മരം മുറിക്കാനുള്ള യന്ത്രം - ഇങ്ങനെ യന്ത്ര വൽക്കരണത്തെ ആശ്രയിക്കാവുന്ന എത്രയെത്ര മേഖലകൾ ഉള്ളപ്പോഴാണ് നാം കുറ്റം പറഞ്ഞു വിലപ്പെട്ട സമയം പാഴാക്കുന്നത്. ഇങ്ങനെ യന്ത്ര വൽക്കരണത്തെ ആശ്രയിക്കാവുന്ന മേഖലകൾ കണ്ടെത്തി മുന്നേറിയാൽ മാത്രമേ ഭാവിയിൽ കൃഷി ലാഭകരമാക്കുവാൻ സാധിക്കുകയുള്ളൂ.

യന്ത്രങ്ങൾ സ്വയം പ്രവർത്തിപ്പിക്കുവാനും അല്ലെങ്കിൽ കുടുംബത്തിലെ മറ്റങ്ങങ്ങളെ കൂടെ കൂട്ടി പ്രവർത്തിപ്പിക്കുവാനാണ് നോക്കേണ്ടത്. കുടുംബാധിഷ്ഠിതമായ യന്ത്രവൽക്കരണത്തിലൂടെ ഒരു പക്ഷെ ഭാവിയിൽ കൃഷി ലാഭകരമാക്കാം. കോഴി, പന്നി, മുയൽ,കൂൺ - ഈ കൃഷികളും കൂടി കേരളത്തിലേയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേയും കർഷകർക്ക് ആധുനിക രീതിയിൽ പരിശീലിക്കാവുന്നതാണ്. അത് പോലെ തന്നെ വലിയൊരു ശതമാനം കർഷകരെ വ്യാവസായിക, സേവന മേഖലകളിലേക്ക് തിരിച്ചുവിട്ടേ പറ്റൂ.

കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ സർക്കാരുകൾ പരിഹരിക്കേണ്ടിയിരിക്കുന്നു. അവരുടെ വിളകൾക്ക് നല്ല വില ഉറപ്പാക്കണം. രാസ വളത്തിൻറ്റെ അമിതമായ ഉപയോഗവും, ഇടനിലക്കാരുടെ കൊള്ളയും അവസാനിപ്പിച്ച് കർഷകർ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യം മാറ്റിയെടുക്കാൻ മാറി മാറി വരുന്ന എല്ലാ സർക്കാരുകളും ശ്രദ്ധിക്കണം.

ഇതൊന്നും ശ്രദ്ധിക്കാതെ ജാതിയുടേയും, മതത്തിൻറ്റേയും, പ്രാദേശികതയുടേയും പേരിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ മാത്രമേ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർക്ക് താൽപര്യമുള്ളൂ. അത്തരത്തിലുള്ള വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇവിടെ പുലരുന്നത്. പിന്നെങ്ങനെ ഇന്ത്യ നന്നാവും???

 

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment