Advertisment

ഒരു മഴയും തോരാതിരുന്നിട്ടില്ല ...

author-image
admin
New Update

- റോജിൻ പൈനുംമൂട്

Advertisment

publive-image

കോവിഡ് കാലം അല്ലെങ്കിൽ കൊറോണക്കാലം എനിക്കും പുതിയ ജീവിതശൈലിയുടേതായി മാറി എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ഒരു വൈറസ് മൂലം ലോകത്തിലെ മിക്കയിടങ്ങളും അടഞ്ഞുകിടക്കുന്നു. ജനജീവിതം സ്തംഭിച്ചു. നാലുചുവരുകൾക്കുള്ളിൽ ആയിരിക്കുന്നു മിക്കവരും.

ദുബായിൽ ഒഴിച്ചുകൂടാനാകാത്ത ആവശ്യങ്ങൾക്കായി പുറത്തിറങ്ങേണ്ട താമസക്കാർക്കായി യാത്രാ അനുമതിപത്രം ആരംഭിച്ചത് ആശ്വാസമായി.

ദുബായ് എമിറേറ്റിൽ 24 മണിക്കൂർ നിയന്ത്രണം രണ്ടാഴ്ചയുണ്ടെങ്കിലും പ്രധാന മേഖലകളിലെ ജീവനക്കാർ ജോലിക്ക് പോകുന്നതിനായി സ്ഥാപനങ്ങൾ നൽകുന്ന അനുമതിപത്രം ഉപയോഗിച്ചാണ് ഒന്നിടവിട്ട ദിവസങ്ങളിൽ മുഹൈസിനയിലെ താമസസ്ഥലത്തുനിന്ന് ജോലിസ്ഥലമായ റാസ് അൽ ഖോറിലേക്കു വരുന്നതും തിരികെ പോകുന്നതും.

ഞാൻ ജോലി ചെയ്യുന്ന ദുബായ് ട്രിനിറ്റി ഹോൾഡിങ്‌സിന്റെ സഹോദര സ്ഥാപനമായ ഒയാസിസ് പമ്പ്‌സ് ഇൻഡസ്ട്രി ആവശ്യ മേഖലയിൽ പെടുന്നതായതിനാൽ പ്രവർത്തനം നിർത്തിയിട്ടില്ല.

ദുബായിൽ 30 ശതമാനം എന്ന നിലയിലേക്ക് ജീവനക്കാരുടെ എണ്ണം ചുരുക്കിയപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഞങ്ങളുടെ സ്ഥാപനത്തിലെ വിവിധ വിഭാഗങ്ങളിലെ അത്യാവശ്യ ജീവനക്കാർ മാത്രമാണ് വരുന്നത്.

ഈ ദിവസങ്ങളിൽ മുമ്പത്തെക്കാൾ കൂടുതലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളായി പരന്നു കിടക്കുന്ന ഉപഭോക്താക്കളുമായി ബന്ധപ്പെട്ട്‌ അവരുടെ ക്ഷേമാന്വേഷണങ്ങൾ അറിഞ്ഞു വരുന്നു. മിക്കവരും സുഖമായിരിക്കുന്നുവെന്നത് സന്തോഷം നൽകുന്നു.

ജബൽ അലി ഫ്രീസോണിലെ ഒരു സ്ഥാപനത്തിൽ പ്രൊക്യൂർമെൻറ് മാനേജരായ ഭാര്യ സോഫി കഴിഞ്ഞ മാസം മുതലേ വീട് ഓഫിസ് ആക്കിയിരിക്കുകയാണ്. ഏപ്രിൽ ഒന്ന് മുതൽ മക്കളായ ഹന്നയും മന്നയും ഓരോ മുറികൾ അവരുടെ സ്കൂളിലെ ഇ-ലേർണിങ് സംവിധാനത്തിനായി മാറ്റുകയും ചെയ്തു.

രാവിലെ ഏഴേമുക്കാലിന് ഓൺലൈനിൽ യു. എ. ഇ. ദേശീയഗാനത്തോടെ അവരുടെ അധ്യയനം തുടങ്ങുമ്പോൾ അവർക്കൊപ്പം മാതാപിതാക്കളായ ഞങ്ങളും എഴുന്നേറ്റു നിൽക്കും.

publive-image

വീട്ടിലുള്ള സമയം എഴുത്തിനും വായനയ്ക്കുമായി കൂടുതൽ സമയം കണ്ടെത്താൻ കഴിയുന്നു, വാട്‌സാപ്പ് ഗ്രൂപ്പുകളിൽ സജീവ ചർച്ചകൾക്കും മറ്റു സാമൂഹികവിഷയങ്ങളിൽ ഇടപെടുന്നതിനും ഒക്കെ കഴിയുന്നുവെന്നതും എടുത്തു പറയട്ടെ. പല സുപ്രധാന കാര്യങ്ങളും വീഡിയോ കോൺഫറൻസ് വഴിയും വാട്‌സാപ്പ് വഴിയും നടക്കുന്നു. പുതിയ ഓർഡറുകളും ലഭിക്കുന്നു എന്നത് ശുഭകരമായ സൂചന.

എനിക്കൊപ്പം ഓഫീസിലേക്കു വരുന്ന സ്ഥാപനത്തിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ കൊച്ചി സ്വദേശി മുഹമ്മദ് കബീർ ഈ കോവിഡ് കാലം ഔദ്യോഗികമായ പല പരീക്ഷണങ്ങൾക്കായി മാറ്റിവെക്കുന്നു.

തിരക്കുകൾ മൂലം മുടങ്ങി കിടന്ന പമ്പുകളിലെ പല ഗവേഷണങ്ങൾക്കും പരിഷ്‌കരണങ്ങൾക്കും വേണ്ടിയും പമ്പുകളുടെ നിർമാണത്തിനുവേണ്ട പല ഡ്രോയിങ്ങുകളുടെ ക്രോഡീകരണത്തിനും വേണ്ടി സമയം കണ്ടെത്താൻ കഴിഞ്ഞതിലും സന്തോഷവാനാണ് അദ്ദേഹം.

നാലു പതിറ്റാണ്ടിലേറെയായി ഇവിടെയുള്ള അദ്ദേഹം പറയുന്നത് ഇതുപോലെയൊരു പരീക്ഷണഘട്ടം ഇതുവരെ ജീവിതത്തിൽ അഭിമുഖീകരിച്ചിട്ടില്ല എന്നാണ്.

ഇതെഴുതുമ്പോൾ ഞാൻ അദ്ദേഹത്തോട് കഴിഞ്ഞ വർഷം ഇതേദിവസം നാം ജർമനിയിലെ മ്യൂണിക്കിൽ 'ബോമ 2019' എന്ന പ്രദർശന മേളയിൽ ആയിരുന്നുവെന്ന കാര്യം ഓർമിപ്പിച്ചു.

നിർമാണപ്രവർത്തനത്തിനുവേണ്ട യന്ത്രങ്ങൾ, വാഹനങ്ങൾ, ഉപകരണങ്ങൾ, ഖനനയന്ത്രങ്ങൾ എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയതും ഒരുപക്ഷേ, ഏറ്റവും പ്രധാനപ്പെട്ടതുമായ വ്യാപാര മേളയാണ് മൂന്നുവർഷത്തിൽ ഒരിക്കൽ നടക്കുന്ന ‘ബോമ’ പ്രദർശനം.

അപ്പോഴാണ് രണ്ടുപതിറ്റാണ്ടോളം സൗഹൃദമുള്ള ഞങ്ങളുടെ ഇറ്റാലിയൻ സുഹൃത്ത് വാലെന്റെ വാലന്റീനോയെ കുറിച്ചോർത്തത്. പെട്ടെന്ന് ഫോണിൽ ബന്ധപ്പെട്ടു. അറുപതുപിന്നിട്ട വാലന്റീനുമായി കഴിഞ്ഞ ദിവസങ്ങളിൽ ഇടയ്ക്കു സംസാരിച്ചിരുന്നു.

ഇറ്റലിയിലെ വടക്കൻ പ്രവിശ്യ ആയ റെജിയോ എമിലിയയിലാണ് അദ്ദേഹം താമസിക്കുന്നത് ഇറ്റലിയുടെ തലസ്ഥാനമായ മിലാനിലും സമീപ പ്രദേശമായ ലൊംബാർദിയയിലും കൊറോണ മൂലം അനേകം മരണങ്ങൾ നടന്നുവെങ്കിലും അദ്ദേഹത്തിന്റെ നാട്ടിൽ മരണങ്ങൾ കുറവാണ്,

ഈ കാലവും നമ്മൾ അതിജീവിക്കും ‘ഇൻഷാ അള്ളാ’ എന്ന്‌ ശുഭാപ്തിവിശ്വാസത്തോടെ സംഭാഷണം നിർത്തുമ്പോൾ പ്രതീക്ഷയുടെ പുഞ്ചിരി ഞങ്ങളുടെ ചുണ്ടിലും അറിയാതെ വിരിഞ്ഞു.

ഇപ്പോൾ ഒഫീഷ്യൽ മെയിലിലേക്ക് ഒരു ഇ-മെയിൽ വന്നു. ഇറ്റലിയിലെ ഗ്വാസ്റ്റല്ലയിലുള്ള റാഫെല്ല ഗോസ്റ്റോളിയുടെ ആ സന്ദേശത്തിലെ ഉള്ളടക്കം ഇതായിരുന്നു. താങ്കൾക്കും നിങ്ങളുടെ എല്ലാ ഓഫീസ് ജീവനക്കാർക്കും വളരെ സന്തോഷകരമായ ഈസ്റ്റർ ആശംസിക്കുന്നു,

നമുക്കെല്ലാവർക്കും കൂടുതൽ മനഃശക്തി ആവശ്യമുള്ള നിമിഷങ്ങളാണ് ഇത്... ഞങ്ങളുടെ രാജ്യത്തെയും നിങ്ങളെയും പിന്തുണയ്ക്കാൻ ഞങ്ങൾ കൂടെയുണ്ടെന്നറിയിക്കട്ടെ, നമുക്ക് ഒരുമിച്ച് കൂടുതൽ ശക്തരാകാം, സുരക്ഷിതനായി ഇരിക്കുക.

ഉയിർപ്പു തിരുനാൾ ആഗതമായിരിക്കുന്ന ഈ വേളയിൽ കൊറോണ എന്ന മഹാമാരിയുടെ ദുരിതം കൂടുതൽ അനുഭവിച്ച ഇറ്റലിയിൽ നിന്നെത്തിയ ഈ പ്രത്യാശാസന്ദേശം വായിച്ചപ്പോൾ അക്ഷരാർഥത്തിൽ കണ്ണുകൾ നിറഞ്ഞു, അതേ നമ്മൾ ഉറപ്പായും ഈ കാലത്തെ തരണം ചെയ്യും.

ഈ കാലവും കടന്നുപോകും എന്നതിൽ ഉറപ്പുണ്ട്, പ്രതീക്ഷകൾ ആണല്ലോ നമ്മെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ഘടകം.

2018-ലെ പ്രളയകാലത്തു മലയാളികൾ നെഞ്ചേറ്റിയ ഒരു ക്രിസ്തീയ ഗാനം ഓർക്കുന്നു, മാർത്തോമാ സഭയിലെ വൈദികനും സംഗീതസംവിധായകനുമായ ഫാ. സാജൻ പി. മാത്യുവിന്റെ തൂലികയിൽ പിറവി കൊണ്ടു അദ്ദേഹം തന്നെ സംഗീതം നൽകിയ ‘ഒരു മഴയും തോരാതിരുന്നിട്ടില്ല...’ എന്ന ഗാനം.

അർബുദരോഗത്തെ പ്രാർഥന കൊണ്ടും ഇച്ഛാശക്തി കൊണ്ടും തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന അച്ചന്റെ ഗാനത്തിലെ വരികൾ ഈ കൊറോണക്കാലത്തു നമ്മെ പ്രത്യാശയുള്ളവരാക്കും എന്നത് തീർച്ചയാണ്. പ്രസ്തുത ഗാനത്തിന്റെ ആദ്യ വരികൾ ഇങ്ങനെയാണ്:

‘ഒരു മഴയും തോരാതിരുന്നിട്ടില്ല...

ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല...

ഒരു രാവും പുലരാതിരുന്നിട്ടില്ല...

ഒരു നോവും കുറയാതിരുന്നിട്ടില്ല...’

അതെ ഈ കാലവും നമ്മൾ അതിജീവിക്കും കൂടുതൽ കരുത്തോടെ മടങ്ങി വരും നാം മാത്രമല്ല ഈ ലോകം മുഴുവൻ..

ഒരു മഴയും തോരാതിരുന്നിട്ടില്ല...

Advertisment