Advertisment

അധ്യാപകർക്ക് മാത്രമല്ല ഈ ഇൻഡ്യാ മഹാരാജ്യത്ത് പ്രശ്നം. ഇൻഡ്യാ മഹാരാജ്യത്തെ വിദ്യാഭ്യാസ രീതികളും കൂടി മാറേണ്ടതുണ്ട്

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

ഴിഞ്ഞ പതിനൊന്നു മാസത്തിനുള്ളിൽ നാല് ഐ.ഐ.ടി. വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു എന്നാണ് ഫാത്തിമ ലത്തീഫിൻറ്റെ മരണത്തോട് അനുബന്ധിച്ചു വരുന്ന വാർത്ത. ഇത് വാസ്തവമാണെങ്കിൽ ഒരു ഫാത്തിമ ലത്തീഫിൻറ്റെ ആത്മഹത്യയെക്കാളും വളരെ ഗുരുതരമാണ് കാര്യങ്ങൾ.

അധ്യാപകരുടെ പീഡനം ഒരു യാഥാർഥ്യമാണ്. കേരളത്തിൽ പോലും അത് സംഭവിക്കുന്നുണ്ട്. പരീക്ഷയിൽ മനപ്പൂർവം പരാജയപ്പെടുത്തുന്ന അധ്യാപകരുണ്ട്; ജാതിയുടേയും മതത്തിൻറ്റേയും അടിസ്ഥാനത്തിൽ വേർതിരിവ് കാണിക്കുന്ന അദ്ധ്യാപകരുണ്ട്; സമ്പത്തിൻറ്റേയും നിറത്തിൻറ്റേയും കാര്യത്തിൽ വിവേചനം കാണിക്കുന്ന അദ്ധ്യാപകരുമുണ്ട്.

പക്ഷെ അധ്യാപകർ മാത്രം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മാത്രമല്ല നമ്മുടെ കലാലയങ്ങളിൽ ഉള്ളത്. വിദ്യാർത്ഥികളുടെ മാനസികാവസ്ഥയിൽ നിന്ന് ഉളവാകുന്ന പ്രശ്നങ്ങളോടുള്ള അവരുടെ ആറ്റിറ്റ്യൂഡും റെസ്പോൺസും ആണ് പലപ്പോഴും അവരുടെ ഭാവി നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. അവരവരുടെ വാസനകൾക്കനുസരിച്ചു മുന്നേറാനുള്ള ഒരു അടിസ്ഥാന ചോദന എല്ലാ വിദ്യാർഥികളിലുമുണ്ട്.

publive-image

പക്ഷെ അതനുവദിക്കുന്ന എത്ര മാതാപിതാക്കൾ നമ്മുടെ സമൂഹത്തിലുണ്ടെന്നുള്ളത് കൂടി നാം ചിന്തിക്കണം. മക്കളെ അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കുമിടയിൽ മാത്രം തളച്ചിടുന്ന നമ്മുടെ രീതികളാണ് ആദ്യം മാറേണ്ടത്.

ഇവിടെ ചില വിദ്യാഭ്യാസ ചിന്തകളാണ് നാം ആദ്യം ഉൾക്കൊള്ളേണ്ടത്. പാശ്ചാത്യ തത്ത്വചിന്തയിലെ ഏറ്റവും വലിയ നാമമായ പ്ലേറ്റോ ആദ്യം ജിംനാസ്റ്റിക്സിലൂടെ വിദ്യാർത്ഥികളുടെ ശാരീരിരിക ക്ഷമത ഉയർത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്.

'റിപ്പബ്ലിക്ക്' എന്ന പ്രഖ്യാതമായ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിട്ടുള്ള പ്ലേറ്റോയുടെ വിദ്യാഭ്യാസ ചിന്തകൾ അല്ലെങ്കിൽ 'പ്ലേറ്റോസ് കൺസെപ്റ്റ് ഓഫ് എജുക്കേഷൻ' എല്ലാ തത്ത്വശാസ്ത്ര വിദ്യാർത്ഥികളും പഠിക്കുന്ന ഒന്നാണ്. അതാണ് പാശ്ചാത്യ രാജ്യങ്ങൾ പിന്തുടരുന്നത്.

അതുകൊണ്ട് പാശ്ചാത്യ നാടുകളിൽ 'സ്പോട്സ് ആൻഡ് അത്ലറ്റിക്സ്' സ്കൂൾ വിദ്യാഭ്യാസത്തിൻറ്റെ അല്ലെങ്കിൽ 'കരിക്കുലത്തിൻറ്റെ' തന്നെ ഭാഗമാണ്. ഇഷ്ടം പോലെ പുരുഷ-വനിതാ അത്ലറ്റുകളെ പാശ്ചാത്യ രാജ്യങ്ങളിലെ സ്‌കൂളുകൾക്ക് ചൂണ്ടി കാണിക്കുവാൻ സാധിക്കും. അവർക്കൊക്കെ ഒളിമ്പിക്സിൽ ഇഷ്ടം പോലെ മെഡലുകൾ കിട്ടുന്നത്തിന് കാരണവും അതാണ്.

രണ്ടാം ലോക മഹായുദ്ധത്തിൽ ''കാർപ്പറ്റ് ബോംബിങ്ങിലൂടെ' തകർന്ന ജർമനിയുടെ ഉയർത്തെഴുന്നേൽപ്പിനു പിന്നിൽ പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത് ജർമൻ ജനത 'സ്പോട്സ് ആൻഡ് അത്ലറ്റിക്സിന്' കൊടുത്ത പ്രാധാന്യമാണ്.

ബോറിസ് ബേക്കർ, സ്റ്റെഫി ഗ്രാഫ് എന്നിങ്ങനെയുള്ള അനേകം കളിക്കാരും, ജർമൻ ഫുട്‍ബോളും, ജർമൻ ഹോക്കിയുമൊക്കെ ലോക നിലവാരം പുലർത്തുന്ന ഒന്നാണല്ലോ. ചുരുങ്ങിയ കാലയളവിൽ തന്നെ 'സ്പോട്സ് ആൻഡ് അത്ലറ്റിക്സിലൂടെ' ജനതയുടെ ആത്മവീര്യം വീണ്ടെടുക്കാൻ ജർമനിക്കായി.

യാഥാസ്ഥികത്വം ഇപ്പോഴും പിന്തുടരുന്ന ഇൻഡ്യാക്കാർക്ക് ഒരു മെഡലും അത്ലറ്റിക്സ് മൽസരങ്ങളിലൊന്നും കിട്ടുന്നില്ല.

2019-ൽ ഖത്തറിലെ ദോഹയിൽ നടന്ന അത്ലറ്റിക്സ് ചമ്പ്യൻഷിപ്പ് മൽസരത്തിൽ ഇന്ത്യക്ക് മെഡലൊന്നും കിട്ടിയില്ലല്ലോ. ദോഹയിലെ ഖലീഫാ ഇൻറ്റെർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന അത്ലറ്റിക്സ് ചമ്പ്യൻഷിപ്പ് മൽസരത്തിൽ നിന്ന് ഇന്ത് വെറുംകൈയോടെ മടങ്ങി. 31 രാജ്യങ്ങളുടെ മെഡൽ പട്ടികയിൽ ഇന്ത്യ ഇടം പിടിക്കുന്നതേ ഇല്ലാ.

അപ്പോൾ അധ്യാപകർക്ക് മാത്രമല്ല ഈ ഇൻഡ്യാ മഹാരാജ്യത്ത് പ്രശ്നം; ഇൻഡ്യാ മഹാരാജ്യത്തെ വിദ്യാഭ്യാസ രീതികളും കൂടി മാറേണ്ടതുണ്ട്. മാർക്കും റാങ്കും മെഡലും വാങ്ങിക്കുന്ന കാര്യങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കുന്ന രീതി തന്നെയാണ് ഇന്ത്യയിൽ പ്രഥമമായി മാറേണ്ടത്.

ഒരാളുടെ ജീവിതത്തിലെ കാഴ്ചപ്പാടും, മൂല്യങ്ങളും, താൽപര്യങ്ങളും വിലയിരുത്താതെ സ്വന്തം താൽപര്യങ്ങൾ ബലികഴിച്ചും, മാതാപിതാക്കളുടെ താൽപര്യങ്ങൾക്കു വേണ്ടിയും, സ്വാർത്ഥ മോഹങ്ങൾക്ക് വേണ്ടിയും കരിയർ തിരെഞ്ഞെടുമ്പോഴാണ് പല പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടുന്നത്.

ഇത്തരത്തിൽ ഐ.എ.എസ്. ഭ്രമം കാരണം എത്രയോ മിടുക്കരായ ചെറുപ്പക്കാർ അവർക്ക് ഈ വലിയ ലോകത്തുള്ള സാദ്ധ്യതകൾ കളഞ്ഞു കുളിക്കുന്നു. മക്കളെ ഡോക്ടറാക്കാനും, എഞ്ചിനീയറാക്കാനും, വക്കീലാക്കാനും, ഐ.എ.എസ്. ഓഫീസർമാർ ആക്കാനുമൊക്കെയുള്ള മാതാപിതാക്കളുടെ ഭ്രമം കാരണം ജീവിതം നഷ്ടപ്പെട്ട പലരേയും നമ്മൾ അറിയുന്നതേ ഇല്ല.

കുറെ നാളുകളായി കേരളത്തിലും മുളച്ചു പൊങ്ങുന്ന സിവിൽ സർവീസ് കോച്ചിങ് സെൻറ്ററുകളും, അവയെ പരിപോഷിപ്പിക്കുന്ന ജാതി-മത ശക്തികളും, സിവിൽ സർവീസ് ആക്കാദമി വഴി പരിശീലനം കൊടുക്കുന്ന സർക്കാരും പരാജയപ്പെട്ടവരുടെ കഥകൾ അന്വേഷിക്കാറില്ല; മീഡിയയിൽ അതൊന്നും വരാറുമില്ല.

ഇതൊക്കെ എഴുതുന്നതിൻറ്റെ കാരണമെന്തെന്നു വെച്ചാൽ ഡൽഹിയിലെ ഇതെഴുതുന്നയാൾ പഠിച്ചിരുന്ന യൂണിവേഴ്‌സിറ്റിയിൽ സിവിൽ സർവീസിൽ പ്രവേശനം കിട്ടാതെ ഡിപ്രഷനൊക്കെ ബാധിച്ച ഒത്തിരി പേരെ കണ്ടിട്ടുള്ളതിനാലാണ്.

ഇതെഴുതുന്നയാൾക്ക് നേരിട്ട് അറിയാവുന്ന പലർക്കും സിവിൽ സർവീസിലെ പരാജയത്തെ തുടർന്ന് മാനസികാസ്വാസ്ഥ്യം പിടിപെട്ടിട്ടുണ്ട്. പണ്ട് ഹോസ്റ്റലിൽ എൻറ്റെ മുറിയുടെ അടുത്തു താമസിച്ചിരുന്ന ലൈഫ് സയൻസിൽ ഗവേഷണം നടത്തി കൊണ്ടിരുന്ന ഒരാളെ ഇത്തരത്തിൽ കാണാതായി. പിന്നീട് അയാളുടെ ചേട്ടൻ അയാളുടെ ഫോട്ടോയും കാണിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തു വന്നു.

ഞങ്ങൾ അയാളെ ആശ്വസിപ്പിച്ചു വിടുകയാണ് ചെയ്തത്. അത് പോലെ ആ ഹോസ്റ്റലിൽ തന്നെ സിവിൽ സർവീസിലെ പരാജയത്തെ തുടർന്ന് മാനസികാസ്വാസ്ഥ്യം വന്ന പലരും ഉണ്ടായിരുന്നു.

ഡൽഹിയിലെ ജെ.എൻ.യു. - വിനടുത്തുള്ള മുനീർക്കയിലും, ഡൽഹി യൂണിവേഴ്‌സിറ്റിക്കടുത്തുള്ള മുഖർജി നഗറിലും സിവിൽ സർവീസ് സ്വപ്നങ്ങളുമായി രാജ്യത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന ജീവിതം തുലക്കുന്ന അനേകം ചെറുപ്പക്കാരുണ്ട്.

സിവിൽ സർവീസിലെ വിജയികൾക്ക് സ്വീകരണങ്ങൾ സംഘടിപ്പിക്കുമ്പോൾ ഇങ്ങനെയുള്ള അനേകം പേരുണ്ടെന്നുള്ളതും കൂടി ഓർക്കേണ്ടതാണ്; പരാജയപ്പെട്ടവരേയും നമ്മെളെല്ലാവരും ഒന്ന് ഓർമ്മിക്കുന്നത് നല്ലതാണ്.

വിദ്യാർഥികളിൽ മിടുക്കരെ സൃഷ്ടിക്കുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. ഒരു സമൂഹത്തിലെ ഏറ്റവുമധികം ഉത്തരവാദിത്വമുള്ള തൊഴിൽ അധ്യാപനമാണെന്നുള്ളത് പല അധ്യാപകരും മറക്കുന്നു.

സ്റ്റാർട്ടപ്പ് സംരംഭത്തിലൂടെ കോടീശ്വരനായി മാറിയ വരുൺ ചന്ദ്രൻ 'പന്തുകളിക്കാരൻ' എന്ന പുസ്തകത്തിൽ തൻറ്റെ സ്‌കൂൾ ജീവിതകാലത്തിൽ താൻ അനുഭവിച്ച വേദനകൾ അനുസ്മരിക്കുന്നുണ്ട്.

സ്‌കൂൾ ഫീസ് കൊടുക്കാൻ പറ്റാത്തതിൻറ്റെ പേരിൽ എഴുന്നേൽപ്പിച്ചു നിർത്തുമ്പോൾ, ക്ലാസിന് പുറത്തു നിർത്തുമ്പോൾ, അധ്യാപകർ അടിക്കുമ്പോൾ, കറുത്ത നിറത്തിൻറ്റെ പേരിൽ വിവേചനം കാട്ടുമ്പോൾ - അതെല്ലാം ഒരു വിദ്യാർഥിയുടെ ആത്മവീര്യമാണ് നശിപ്പിക്കപ്പെടുന്നതെന്നുള്ള കാര്യം നമ്മുടെ പല അധ്യാപകരും മനസിലാക്കുന്നതേ ഇല്ലാ.

വരുൺ ചന്ദ്രൻറ്റെ അച്ഛൻ ഒരു CITU ലോഡിങ്ങ് തൊഴിലാളിയായിരുന്നു; അമ്മയാവട്ടെ 'പാടം' എന്ന കുടിയേറ്റ ഗ്രാമത്തിൽ ഒരു ചെറിയ കട നടത്തുന്നു. ചുമട്ട് തൊഴിലാളിയുടെ മകന് മറ്റു കുട്ടികളെ പോലെ സമയത്ത് ഫീസ് കൊടുക്കാനുള്ള ശേഷിയില്ല; പക്ഷെ അത് മനസിലാക്കിയ അധ്യാപകർ അന്ന് വളരെ കുറവായിരുന്നു.

ഇന്ന് സ്റ്റാർട്ടപ്പ് സംരംഭത്തിലൂടെ കോടീശ്വരനായി മാറികഴിഞ്ഞപ്പോൾ, ഒരു കോടി 2 ലക്ഷം വിലയുള്ള മേഴ്‌സിഡസ് ബെൻസിൽ സഞ്ചരിക്കുമ്പോൾ പഴയ സ്‌കൂൾ അധികൃതർ വരുൺ ചന്ദ്രനെ സംസാരിക്കാനായി വിളിക്കാറുണ്ട്.

പക്ഷെ തൻറ്റെ പഴയ സ്‌കൂളിൽ പ്രസംഗിക്കാൻ വരുൺ ചദ്രൻ പോകുവാൻ തയാറല്ല; പോയാൽ തൻറ്റെ സ്വഭാവമനുസരിച്ച് പണ്ടനുഭവിച്ച പീഡനങ്ങളെ കുറിച്ചെല്ലാം വിളിച്ചു പറയേണ്ടി വരും എന്നാണ് ഇന്നും വേദനയോടെ വരുൺ ചദ്രൻ പറയുന്നത്.

അധ്യാപനം എല്ലാവർക്കും പറഞ്ഞിട്ടുള്ളതല്ലെന്നും, വിദ്യാർത്ഥികളെ മോട്ടിവേറ്റ് ചെയ്യാൻ കഴിവുള്ളവർക്ക് മാത്രമാണെന്നുള്ളതും മിക്ക അധ്യാപകർക്കും അറിയില്ലാ. ആറ്റിറ്റ്യൂഡും ആപ്റ്റിറ്റ്യൂഡും നല്ലതുപോലെ ആവശ്യപ്പെടുന്ന ജോലിയാണത് എന്നാണ് വരുൺ ചന്ദ്രനെ പോലെ വേദനിക്കുന്ന പലരുടേയും അനുഭവങ്ങളിൽ നിന്ന് വിലയിരുത്തേണ്ടത്.

നല്ലൊരു പ്രൊഫഷണൽ സമീപനം വരുത്തുന്ന വിദ്യാഭ്യാസ യോഗ്യത, പിന്നീടുള്ള ട്രെയിനിങ്, സ്‌ക്രീനിംഗ്, ഇവാല്യൂവേഷൻ - ഇതൊന്നും ഇന്ത്യയിൽ ഇപ്പോൾ അധ്യാപകർക്ക് വേണ്ടി നിലവിലില്ല. മികച്ച അധ്യാപകരെ വാർത്തെടുക്കുന്ന ഒരു സംവിധാനം ഇല്ലാത്തിടത്തോളം കാലം വിദ്യാർത്ഥികളുടെ ദുരവസ്ഥ ഇവിടെ നിലനിൽക്കും.

സമുദായ നേതാക്കൻമാരും, രാഷ്ട്രീയക്കാരും, നാട്ടുപ്രമാണിമാരും സ്കൂൾ/കോളേജ് മാനേജർമാരാകുന്നതാണ് കേരളത്തിൽ കാണുന്നത്. കാശുകൊടുത്ത് അധ്യാപകരാകുന്നത് കേരളത്തിൽ മാത്രം കാണാൻ സാധിക്കുന്ന ഒന്നാണ്‌.

കേരളത്തിൽ സംഭവിക്കുന്നത് പോലെ സ്വത്തും, കുടുംബ പേരും അധ്യാപകരാകുന്നതിൻറ്റെ മാനദണ്ഡം ആകരുത്. വിദ്യാഭ്യാസ കച്ചവടത്തിൽ കൂടി അങ്ങനെ ഒക്കെ സംഭവിച്ചാൽ പണത്തിൻറ്റേയും പദവിയുടേയും മുഷ്ക്ക് അവർ വിദ്യാർത്ഥികളോടും കാണിക്കാൻ സാധ്യതയുണ്ട്.

നിർഭാഗ്യവശാൽ അത്തരം ഫ്യുഡൽ മുഷ്ക്കുകൾ കാണിക്കുന്ന അധ്യാപകർ ഇന്ത്യയിൽ വളരെയധികം ഉണ്ട്. തങ്ങളിൽ കുറഞ്ഞവരെ പുച്ഛിക്കുകയും അപഹസിക്കുകയും ചെയ്യുന്ന വരേണ്യത പ്രകടിപ്പിക്കുന്ന അധ്യാപകർ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വേണ്ടുവോളം ഉണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല; നമ്മുടെ സ്‌കൂളുകളിലും കോളേജുകളിലും വരെ ഫ്യുഡൽ മുഷ്ക്ക് കാണിക്കുന്നവരുണ്ട്. അവധി ചോദിച്ച അധ്യാപികക്കെതിരെ അസഭ്യവർഷം നടത്തിയതിനാൽ ഒരു പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തു എന്നുള്ള വാർത്ത കേരളത്തിൽ നിന്ന് വരുന്നത് ഇത്തരം ഫ്യുഡൽ മുഷ്കുകളൊക്കെ നിലനിൽക്കുന്നത് കൊണ്ടാണ്.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment