Advertisment

മണ്മറഞ്ഞ പിതാമഹന്മാരുടെ ശവപ്പറമ്പുകളിൽ നിന്നും നാം നിലനില്പിന്റെ അസ്തിത്വം തേടണമെന്നോ?

author-image
admin
New Update

- മുബാറക്ക് കാമ്പ്രത്ത് 

Advertisment

publive-image

ല്ലാ ഇല്ലായ്മകളിലും പോരായ്മകളിലും ഈ രാജ്യം നമ്മുടേത് തന്നെയാണ് എന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിനു ഭാരതീയർക്ക് മുന്നിൽ ഇന്ന് ഒരു കാലഘട്ടം മുഴുവൻ ഭരണഘടനയെ പുച്ഛിച്ചവർ, നാട്ടിൽ വർഗീയ കലാപങ്ങൾക് നേതൃത്വം കൊടുത്തവർ പൗരത്വം സ്ഥാപിക്കാൻ ആവശ്യപ്പെടുകയാണ്.

വർഷങ്ങൾ കൊണ്ട് അതിർത്തിയിലൂടെ നുഴഞ്ഞു കയറിയും പണമെറിഞ്ഞും തീവ്രവാദം വളർത്തിയും യുദ്ധം ചെയ്തും പാകിസ്ഥാൻ ചൈന തുടങ്ങിയ പലരും പലതരത്തിൽ ഇന്ത്യയെ വിഘടിപ്പിക്കാനും ആഭ്യന്തര കലാപങ്ങൾ ഉണ്ടാക്കാനും പരിശ്രമിച്ചു, എന്നാൽ ഭരണഘടനയുടെയും ജനതയുടെയും ഭരണകർത്താക്കളുടെയും പട്ടാളത്തിന്റെയും ഇച്ഛ ശക്തിക്കു മുന്നിൽ അവർ പരാജയപ്പെട്ടു.

അതിനു മുഖ്യ കാരണം, രാഷ്ട്രീയ സാമ്പത്തിക സാമൂഹിക പാരമ്പര്യ ആചാര അനുഷ്‌ഠാന ജാതി മത സാമുദായിക പ്രാദേശിക ഭാഷാ ഭക്ഷണ വസ്ത്ര വർണ വർഗ വ്യത്യാസങ്ങൾ നമ്മളിൽ വ്യക്തിപരമായി നിന്നിരുന്നെങ്കിലും രാജ്യവും നമ്മളും ഒന്നാണ് എന്ന വിശ്വാസം നിലനിന്നിരുന്നു എന്നതാണ്.

മേൽവിലാസം ഇല്ലാതെ തെരുവിൽ ജീവിക്കുന്നവനും കൊട്ടാരതുല്യ കെട്ടിടത്തിൽ ജീവിക്കുന്നവനും എന്നും നാല് നേരം ഉണ്ണുന്നവനും നാല് നാളിൽ ഒരിക്കൽ മാത്രം ഉണ്ണുന്നവനും അത് സ്വന്തം രാജ്യമായിരുന്നു. ഇല്ലായ്മകളേതിരെ നാം ശബ്ദം ഉയർത്തിയിരുന്നത് അത് അവകാശമായി കണ്ടായിരുന്നു.

എന്നാലിന്ന് രാജ്യത്തെ ജനങ്ങളെ പലതട്ടിൽ മതപരമായും സമ്പത്തിന്റെ കണക്കിലും നീചജാതിയായും വേർതിരിച്ച് നിലവിലെ ഭരണകൂടം, വർഷങ്ങൾ ശത്രുക്കൾ വിഭാവനം ചെയ്ത ആ വേർതിരിവിന്റെ വിത്തുകൾ പാകിയിരിക്കുന്നു. ഇന്ന് നമുക്ക് നാം ആരെന്നു തെളിയിക്കേണ്ട ബാധ്യത കൈവന്നിരിക്കുന്നു.

ഒരുപാട് നിലവിളികൾ നിശബ്ദമാക്കപ്പെട്ട നാസി ഫാസിസ്റ്റു കാലഘട്ടങ്ങളുടെ പുനരാവർത്തനം ആണ് ഉദ്ദേശമെങ്കിൽ അതിനു വലിയ വില നാം നൽകേണ്ടി വരും.

ഈ എതിർപ്പിൽ രാഷ്ട്രത്തിനായും ഭരണഘടനയ്ക്കായും നിലകൊള്ളുക, അഭിപ്രായവ്യത്യാസങ്ങൾ തർക്കിച്ചു തീർക്കാൻ നമുക്ക് പിന്നിടും സമയം ലഭിക്കും, എന്നാൽ ചുറ്റിലും തീപുകയുമ്പോൾ അല്ല അത് ചെയ്യേണ്ടത് എന്നുകൂടെ ഓർമിപ്പിക്കുന്നു.

ഈ അവസരം സ്വന്തം സമുദായ സംഘടനാ / രാഷ്ട്രീയ പാർട്ടികളുടെ ഗുണത്തിനായി പലകോടികൾക്കു കീഴിൽ അണിനിരക്കുവാൻ തയാറായി നിൽക്കുന്നവർ അനൈക്യത്തിന്റെ വലിയ ചിന്ഹങ്ങൾ ആയി ചരിത്രത്തിൽ ശേഷിക്കും.

ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനതയായി ഒരു നിറമായി ഒരു ശക്തിയായി രാഷ്ട്രത്തിനായ് നിലനില്കുക, ഒരു വലിയ നാടിന്റെ സംസ്കാരത്തെ ഒരുമിച്ച് നിർത്തിയിരുന്ന സഹിഷ്ണുതയുടെയും പരസ്പര വൈരുധ്യത്തിലും തളരാതെ നിലനിന്നിരുന്ന രാഷ്ട്രബോധത്തിന്റെയും മതേതര അടിത്തറയ്ക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമാണ് ഈ പൗരത്വ നിർവചനം.

നുഴഞ്ഞു കയറ്റക്കാരെ അതിർത്തിയിൽ നിയന്ത്രിക്കണം, എന്നാൽ പൗരന്മാരെ സംശയദൃഷ്ടിയിൽ നിർത്തിയാവരുത് അത്. ഇന്ന് ഒരു പ്രത്യേക വിഭാഗത്തെ അനുമതികളിൽ നിന്ന് മാറ്റി നിർത്തിയവർ, നാളെ ആ ലിസ്റ്റിലേക്ക് കൂടുതൽ വിഭാഗങ്ങളെ ചേർക്കും, അങ്ങനെ ഓരോരുത്തരായി ഒറ്റപ്പെട്ടു പോകുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ അനവധിയാണ്.

ഭരണത്തിൽ ഇരുന്ന ആറു വർഷങ്ങൾ കൊണ്ട് ഇന്ത്യയുടെ സാമ്പത്തിക ഭദ്രത ഇല്ലാതാക്കിയ കണക്കുകൾക്ക് മുന്നിൽ പുകമറ സൃഷ്‌ടിക്കുക എന്നതാണോ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനത്തിന് പിന്നിൽ എന്നും സംശയിക്കേണ്ടിയിരിക്കുന്നു?

എന്തിനാണ് ഒരു ആലോചന പോലും ഇല്ലാത്താതെ ഇത്ര പെട്ടെന്ന്, അതും മതപരമായ പേരുകൾ നോക്കി വേർതിരിവിന്റെ ഈ പുതിയ അധ്യായം തുറക്കുന്നത്?

പൗരത്വം സ്ഥാപിക്കാൻ കഴിയാതെ പോകുന്ന സർവ്വസാധാരണകാർ എങ്ങോട്ട് പോകും? അവരെ എന്ത് ചെയ്യാനാണ് ഉദ്ദേശം, "ശുദ്ധ ജർമൻ ആര്യ രക്തം" എന്ന പൗരത്വ നിയമം നടപ്പിലാക്കിയ ഹിറ്റ്ലർ പിന്നീട് തുടങ്ങിയ കോണ്സെന്ട്രേഷൻ ക്യാമ്പുകൾ ഇന്ത്യയിലും ആരംഭിക്കാനാണോ ഈ ഭരണവർഗം ആഗ്രഹിക്കുന്നത്?

അതോ നിലവിൽ പൗരത്വം തെളിയിക്കാൻ കഴിയാതെ, പുറത്തു പോകാനോ അകത്തു ഇരിക്കാനോ പറ്റാതെ പോകുന്നവരെ അവയവദാന ചന്തകളിലെ ആവശ്യങ്ങൾക്ക് വിട്ടുനൽകാൻ ആണോ ആലോചന?

വർഷങ്ങൾ പുറംപോക്കിൽ ഒരു രേഖയുമില്ലാതെയോ വനങ്ങളിലോ ജീവിക്കുകയും നു ശേഷം തെരുവിൽ നിന്നും ഇല്ലായ്മയിൽ നിന്നും പിടിച്ചു കയറി വന്ന നാമിന്നും മുഖ്യധാരയിൽ നേരിൽ കാണാത്ത ഒരു വലിയ സമൂഹമുണ്ട്, അവർ എങ്ങനെ പഴയ ഇല്ലാത്ത രേഖകൾ സമർപ്പിക്കും ?

മണ്മറഞ്ഞ പിതാമഹന്മാരുടെ ശവപ്പറമ്പുകളിൽ നിന്നും നാം നിലനില്പിന്റെ അസ്തിത്വം തേടണമെന്നോ? ചോദ്യങ്ങൾ ബാക്കിയാവുകയാണ്,

Advertisment