Advertisment

ദേശീയബോധത്തെപ്രതി നമ്മുടെ ചരിത്രത്തിലും സാമൂഹ്യ ഘടനയിലും പണ്ടുണ്ടായിരുന്ന എല്ലാ കാര്യങ്ങളേയും വെറുതെ മഹത്ത്വവൽക്കരിക്കരുത് - 'മിധ്യാഭിമാനത്തിന് അടിമപ്പെട്ടിരിക്കുന്നവർ'

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

 

ന്ന് കണ്ടമാനം ആളുകൾ രാജ്യസ്നേഹത്തെ പ്രതി മിഥ്യാഭിമാനത്തിന് അടിമപ്പെട്ടിരിക്കയാണ്. പിറന്ന നാടിനെ ഓർത്ത്‌ അഭിമാനിക്കുന്നതും, രാജ്യത്തെ ഓർത്ത്‌ വികാരാവേശം കൊള്ളുന്നതുമൊക്ക ഒരു പൗരനെന്ന നിലയിൽ നല്ലതാണ്. 'നാഷണലിസം' അതല്ലെങ്കിൽ ദേശീയബോധം എന്നുള്ളത് അടിസ്ഥാനപരമായി ഒരു വികാരമാണല്ലോ. പക്ഷെ ദേശീയബോധത്തെ പ്രതി നമ്മുടെ ചരിത്രത്തിലും, സാമൂഹ്യ ഘടനയിലും പണ്ടുണ്ടായിരുന്ന എല്ലാ കാര്യങ്ങളേയും വെറുതെ മഹത്ത്വവൽക്കരിക്കരുത്.

ബി.ജെ.പി. - യും, സംഘ പരിവാറുകാരും നമ്മുടെ ചരിത്രത്തെ കുറിച്ച് കണ്ടമാനം നുണ പ്രചാരണങ്ങളിലാണിപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ചന്ദ്രയാൻ - 2 ദൗത്യത്തിന് വളരെ വിജയകരമായ തുടക്കം കിട്ടിയ സ്ഥിതിക്ക് രാജ്യത്തിൻറ്റെ ഇപ്പോഴത്തെ നേട്ടങ്ങളെ മുൻനിർത്തി പഴയകാല പ്രൗഢിയെ കുറിച്ചുള്ള നുണ പ്രചാരണത്തിന് ആക്കം കൂടാനാണ് സാധ്യത.

publive-image

പഴയകാല ചരിത്രം വെച്ചുകൊണ്ടാണ് ഇന്നിപ്പോൾ ആ നുണ പ്രചാരണം ഏറ്റവും ശക്തമായി നടക്കുന്നതും. അപ്പോൾ അത്ര മഹനീയമായ ചരിത്രവും, സാമൂഹ്യ ആചാരക്രമങ്ങളും നമുക്കുണ്ടായിരുന്നോ എന്നൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

കേരളത്തിലെ ആദ്യത്തെ കോളേജായ കോട്ടയത്തെ CMS കോളേജിൽ ചെന്നാൽ ആദ്യകാല പ്രിൻസിപ്പൽമാരായിരുന്ന സായിപ്പന്മാരുടെ ചിത്രങ്ങൾ ആ കോളേജിൻറ്റെ 'ഗ്രെയിറ്റ് ഹാളിൽ' കാണാം. മധ്യ കേരളത്തിൽ നല്ല സുന്ദരമായി ഇംഗ്ളീഷ് സംസാരിക്കുന്ന വല്യമ്മമാർ 1970-കളിലും, 80-കളിലും പോലും ഉണ്ടായിരുന്നു. ഇതൊക്കെ മിഷനറിമാരുടെ പ്രവർത്തന ഫലമായി സംഭവിച്ചതാണ്.

'സാഹിത്യവാരഫലം' പ്രൊഫസർ കൃഷ്ണൻ നായർ സാർ എഴുതിയിട്ടുള്ളത് അദ്ദേഹത്തെ ഒക്കെ ഷെക്സ്പീരിയൻ നാടകങ്ങൾ പഠിപ്പിച്ചത് സായിപ്പന്മാരായിരുന്നു എന്നാണ്. കൃഷ്ണൻ നായർ സാറിനെ പോലെ അനേകം പേർക്ക് ഇംഗ്ളീഷ് പഠിക്കാൻ പറ്റിയതും, ലോകത്തിലെ പല ഭാഗങ്ങളിലെ വിജ്ഞാന ശാഖകൾ മനസിലാക്കാൻ പറ്റിയതും ആദ്യകാല മിഷനറിമാർ ഇംഗ്ളീഷ് ഭാഷ ഇവിടെ പഠിപ്പിക്കാൻ തുടങ്ങിയത് കൊണ്ടാണ്.

തലശേരിയിലെ മുസ്‌ലിം സ്ത്രീകൾക്കും ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ മിഷനറി പ്രവർത്തനത്തിൻറ്റെ ശ്രമഫലമായി ഇംഗ്ളീഷ് പഠിക്കാൻ സാധിച്ചു എന്ന് കേട്ടിട്ടുണ്ട്. സമത്വവും, ശാസ്ത്രീയ വിദ്യാഭ്യാസവും, സ്വാതത്ര്യവും, ജനാധിപത്യ ആശയങ്ങളും എല്ലാം ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ ഇന്ത്യയിൽ വന്നത് പാശ്ചാത്യരുടെ സംഭാവനകൾ ആയിട്ടാണ്.

അതേ സമയം ഇന്ത്യയിലെ സാമൂഹ്യ സാഹചര്യം എന്തായിരുന്നു? ഡോക്ടർ അംബേദ്കർ പണ്ട് സംസ്കൃതം പഠിക്കാൻ ചെന്നപ്പോൾ ബ്രാഹ്മണ അധ്യാപകൻ പറഞ്ഞത് "നീ നീച ജാതിയല്ലേ, സംസ്കൃതം ദേവ ഭാഷയാണ്; അത് നീച ജാതിയിൽ ജനിച്ചവർക്കു പഠിക്കാൻ പാടില്ല" എന്നാണ്. അന്ന് ഭാഷക്കുമുണ്ടായിരുന്നു അയിത്തം!!!

എന്തിനു പറയുന്നു, കേരളത്തിൽ ജാതി വ്യവസ്ഥയിൽ നമ്പൂതിരിക്ക് തൊട്ടു താഴെയുള്ള വാര്യർക്ക് പോലും ആയുർവേദവും, സംസ്കൃതവും ഒക്കെ പഠിക്കുക ബുദ്ധിമുട്ടായിരുന്നു. കോട്ടക്കൽ ആയുർവേദ പാഠശാല സ്ഥാപിച്ച വൈദ്യരത്നം വാര്യർ ബാലനായിരുന്നപ്പോൾ അദ്ദേഹത്തെ നമ്പൂതിരി മരുന്ന് പെട്ടി ചുമപ്പിച്ച് അനേകം കിലോമീറ്റർ നടത്തിച്ചതും പിന്നീട് പനി പിടിച്ചു കിടന്നതും അദ്ദേഹത്തെ കുറിച്ച് കോട്ടക്കൽ പ്രസിദ്ധീകരിച്ച ജീവചരിത്രത്തിൽ വിശദമായി പറയുന്നുണ്ടല്ലോ.

കേരളത്തിൽ ഒരു നൂറ്റാണ്ടു മുൻപ് വരെ യാതാസ്ഥികത്ത്വത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. മാറു മറയ്ക്കൽ സമരത്തിൻറ്റേയും, കല്ലുമാല സമരത്തിൻറ്റേയും ഒക്കെ വലിയ പാരമ്പര്യമുള്ള സ്ഥലമാണ് കേരളം. കേരളത്തിൽ നടന്ന മാറു മറയ്ക്കൽ സമരകാലത്ത് പല അക്രമങ്ങളും നടന്നു. ഈഴവർ, ചാന്നാർ, പുലയർ, കുറവർ, പറയർ തുടങ്ങിയ ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മേൽ ജാതിക്കാരുടെ മുമ്പിൽ മാറു മറക്കാനുള്ള അവകാശത്തിനു പല മർദനങ്ങളും സഹിക്കേണ്ടി വന്നു.

നാടാർ സമുദായത്തിൽ പെട്ട സ്ത്രീകൾ ക്രിസ്തു മതം സ്വീകരിച്ച ശേഷം മാറു മറച്ചു നടന്നതിനെതിരെ മാടമ്പിമാരും, അവരുടെ ഗുണ്ടകളും പല അക്രമങ്ങളും അഴിച്ചു വിട്ടു. ഇത്തരം അക്രമവും അതിനുള്ള പ്രതികരണവുമാണ് ചാന്നാർ ലഹള എന്ന പേരിൽ അറിയപെടുന്നത്. അത് പോലെ തന്നെ അയ്യൻകാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിൻറ്റെ പ്രവർത്തനത്തിൻറ്റെ ഫലമായാണ് കല്ലുമാല ബഹിഷ്കരണത്തിനുള്ള ആഹ്വാനം ഉണ്ടായത്.

പണ്ട് 'യാഹേ' വിളിയുമായും, മറക്കുടയും ചേലപ്പുതപ്പുമായി അന്തർജ്ജനങ്ങളുടെ ഘോഷയാത്ര നടന്ന സംസ്ഥാനമാണ് കേരളം. കേരള ചരിത്രത്തെ ഓർക്കുമ്പോൾ അതൊന്നും വിസ്മരിക്കരുത്.

"തൊട്ടുകൂടാത്തവർ; തീണ്ടികൂടാത്തവർ

ദൃഷ്ടിയിൽ പെട്ടാൽ ദോഷമുള്ളോർ" - എന്ന് കവി വസ്തുതാപരമായി പറഞ്ഞിട്ടുള്ള ഒത്തിരി പേര് കേരളത്തിൽ ഉണ്ടായിരുന്നു. മനുഷ്യൻ മനുഷ്യനെ കാണുന്നത് പോലും പാപം എന്ന മൂല്യബോധം മാറണമെങ്കിൽ ആ മൂല്യബോധത്തിന് അടിമപ്പെടാത്ത പുറത്തു നിന്നുള്ളവർ വരണം. ഇവിടെയായിരുന്നു മിഷനറിമാരുടെ റോൾ.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ പോലും അടിമത്തം പകൽ പോലെ ഉണ്ട്. കഴിഞ്ഞ ആഴ്ചയാണ് തമിഴ്‌നാട്ടിൽ 'ബോണ്ടഡ് ലേബറിന്' വിധേയനായ ഒരാൾ വനിതാ കളക്റ്ററുടെ കാലിൽ വീണ് രക്ഷിക്കാൻ അപേക്ഷിക്കുന്ന ഫോട്ടോ പത്രങ്ങളിലെല്ലാം വന്നത്. പണ്ടൊക്കെ ആ ഫോട്ടോയിൽ കണ്ടതിനേക്കാളും കാര്യങ്ങൾ കഷ്ടമായിരുന്നു.

20-30 വർഷങ്ങൾക്കു മുൻപ് പോലും ദേവദാസി സമ്പ്രദായവും, പെൺകുട്ടികളെ യെല്ലമ്മ ദേവിക്ക് സമർപ്പിക്കുന്നതും, അത് വഴി പാവപ്പെട്ട സ്ത്രീകളെ വേശ്യ വൃത്തിയിലേക്ക് തള്ളി വിടുന്ന രീതിയും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര - എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. പ്രത്യേക സ്ക്വാഡിനെ ഇറക്കിയാണ് മഹാരാഷ്ട്രയിൽ പോലീസ് ദേവദാസി സമ്പ്രദായം അമർച്ച ചെയ്തത്. ഈ പ്രത്യേക സ്ക്വാഡിനോട് പൊരുതാൻ ഗുണ്ടാ സംഘങ്ങളും, തൽപര കക്ഷികളും എത്തി.

ഇതൊക്കെ ഈയടുത്ത് നടന്ന സംഭവങ്ങളാണ്. ഇപ്പോഴും ദേവദാസി സമ്പ്രദായത്തിലേക്ക് രഹസ്യമായി പാവപ്പെട്ട പെൺകുട്ടികളെ ചേർക്കുന്നുണ്ട്. 'ദാസി' സമ്പ്രദായം ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ ഭൂവുടമകളുടെ ഇടയിൽ വ്യാപകമായി ഉണ്ടായിരുന്നു. നടി അർച്ചനയ്ക്ക് ദേശീയ വാർഡ് കിട്ടിയത് തന്നെ 'ദാസി' സിനിമയിൽ അഭിനയിച്ചതിനാണ്.

'ദാസി' - കളായ പെൺകുട്ടികളെ ബലാത്സംഘം ചെയ്യുന്നതും, അന്യർക്ക് കാഴ്ച വെയ്ക്കുന്നതും കുറെ വർഷങ്ങൾക്കു മുമ്പ് വരെ ഉണ്ടായിരുന്നു. ഒരു നൂറ്റാണ്ടു മുമ്പ് വരെ കേരളത്തിലും, ഇന്ത്യയിലും അടിമകളും, അടിമ ചന്തയും ഉണ്ടായിരുന്നു. ഇതൊന്നും ഇന്ന് മിഥ്യാഭിമാനത്തിന് അടിമപ്പെട്ടവർ കാണില്ല.

....................................................................................

 

 

(ലേഖകന്‍ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം)

Advertisment