Advertisment

പ്രവാസികൾ പലരും എന്താണ് കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കാത്തത്? കേരളത്തിലുള്ള വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ അഭാവമല്ലേ?

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

 

ബാലചന്ദ്രൻ ചുള്ളിക്കാടിൻറ്റെ ആത്മകഥയായ 'ചിദംബര സ്മരണയിൽ' അദ്ദേഹം അമേരിക്കയിലെ റോച്ചെസ്റ്റർ നഗരത്തിൽ മുൻ പരിചയക്കാരിയായ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർ ലളിതയെ കണ്ടുമുട്ടിയ കഥ വിവരിക്കുന്നുണ്ട്. 'ഫൊക്കാന' സാംസ്കാരിക സമ്മേളനത്തിൽ വന്ന് സൗഹൃദം പുതുക്കിയ ഡോക്ടർ ലളിത ഇനി താൻ കേരളത്തിലേക്ക് ഇല്ലാ എന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാടിനോട് പറയുന്നത്.

വിവാഹമോചനം കഴിഞ്ഞ ഡോക്ടർ ലളിതക്ക് കുശുമ്പും, പോരും, പരദൂഷണവും തൊഴിലാക്കിയ ബന്ധുക്കളുടേയും നാട്ടുകാരുടേയും മുഖം കാണാൻ പോലും താൽപര്യമില്ല. പിന്നെ, കുട്ടികൾക്ക് കേരളവുമായി പൊരുത്തപ്പെടാനും സാധിക്കുകയില്ല. "ഇവിടെയാകുമ്പോൾ നമ്മളായി; നമ്മുടെ പാടായി" എന്നാണ് ഡോക്ടർ ലളിത പറയുന്നത്.

ഡോക്ടർ ലളിതയുടേത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. ഇന്ന് വിദേശത്ത് കുടിയേറിയ പല മലയാളികളും തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല. വ്യക്തി സ്വാതന്ത്ര്യം ആണവർ അതിന് മുഖ്യ കാരണമായി പറയുന്നത്. വിദേശ മലയാളികൾ മാത്രമല്ലാ; അന്യ സംസ്ഥാനങ്ങളിൽ ഉള്ള മലയാളികൾ പോലും കുശുമ്പും, പോരും, പാരവെപ്പും, പരദൂഷണവും തൊഴിലാക്കിയ ബന്ധുക്കളുടേയും നാട്ടുകാരുടേയും ഇടയിൽ കേരളത്തിൽ വന്നു താമസിക്കാൻ ഇഷ്ടപ്പെടുന്നവരല്ലാ.

publive-image

ചുരുക്കം പറഞ്ഞാൽ "നാട്ടിൽ കിടന്നു മരിക്കണം" എന്നുള്ള പഴയ സങ്കൽപ്പങ്ങളിലെല്ലാം പ്രവാസികളുടെ ഇടയിലും മാറ്റം സംഭവിക്കുകയാണ്. ആ ചിന്താഗതി മാറാൻ മിക്കപ്പോഴും അവരുടെ കുട്ടികളും കാരണക്കാരാണ്. യൂറോപ്പിലും അമേരിക്കയിലും ഒക്കെ വളരുന്ന കുട്ടികൾ പെട്ടെന്നുതന്നെ അവിടുത്തെ ലിബറൽ കോസ്മോപോളിറ്റൻ സംസ്കാരത്തിൻറ്റെ ഭാഗമായി മാറുകയാണ്. പ്രവാസികളിലെ 'സെക്കൻഡ് ജെനറേഷൻ' കേരളത്തിലേക്ക് വരാൻ ഒട്ടുമേ താൽപര്യപെടുന്നവരല്ല.

സംഘ പരിവാറുകാർ ഇപ്പോൾ ഉയർത്തുന്ന ഒരു വലിയ മുദ്രാവാക്യമാണ് ഹിന്ദുക്കളുടെ എണ്ണം കുറയുന്നൂ എന്നുള്ളത്. ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിൽ മധ്യ കേരളത്തിൽ ജനസംഖ്യ കൂടിയതും, ആയുർദൈർഘ്യം കൂടിയതും കേരളത്തിൽ നിന്ന് കുടിയേറ്റം സംഭവിച്ചതുമെല്ലാം ഒരു പരമാർത്ഥമാണ്.

കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ ഭൂമി പിന്നീട് അനേകം അംഗങ്ങളിൽ വീതിക്കപ്പെട്ടു. അപ്പോൾ തറവാടുകളിലെ കൃഷി ഭൂമി മാത്രം ആശ്രയിച്ചു ജീവിക്കാൻ പറ്റാത്ത അവസ്ഥ അന്നത്തെ വലിയ അംഗങ്ങളുള്ള കുടുംബങ്ങളിൽ നിലവിൽ വന്നു. അത് ക്രിസ്ത്യാനികളിൽ മാത്രം സംഭവിച്ച ഒരു സാമൂഹ്യ മാറ്റം ആയിരുന്നില്ല. ഹിന്ദു, മുസ്‌ലിം ജനവിഭാഗങ്ങളിലും അത് സംഭവിച്ചു. അപ്പോൾ ഹിന്ദുക്കൾ കൂടുതലും ഇന്ത്യയിലെ അന്യ സംസ്ഥാനങ്ങളിലേക്കാണ് പോയത്.

മുസ്ലീങ്ങൾ 1970 -കളിൽ തുടങ്ങി വ്യാപകമായി ഗൾഫിലേക്ക് കുടിയേറി. ഗൾഫിൽ 'സിറ്റിസൺഷിപ്പ് റൈറ്റ്സ്' കിട്ടാത്തതിനാൽ അവർ തിരിച്ചു വരുന്നൂ. ഇപ്പോൾ അതുകൊണ്ടാണ് കേരളത്തിൽ മുസ്ലീങ്ങളുടെ ജനസംഖ്യ ഏറ്റവും ഉയരുന്നത്. മുസ്ലീങ്ങളുടെ ജനസംഖ്യ ഉയരുന്നൂ എന്നുള്ളത് സ്റ്റാറ്റിക്‌സിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. പക്ഷെ സംഘ പരിവാറുകാർ ആരോപിക്കുന്നത് പോലെ ഹിന്ദുക്കൾക്കെതിരെ എന്തെങ്കിലും വിവേചനം നിലനിൽക്കുന്നത് കൊണ്ടല്ല അങ്ങനെ സംഭവിക്കുന്നത്. മലയാളികളുടെ വൻതോതിലുള്ള കുടിയേറ്റമാണ് അതിന് ഒരു പ്രധാന കാരണം.

മുസ്ലീങ്ങൾ അന്യ സംസ്ഥാനങ്ങളിലും, ഗൾഫ് രാജ്യങ്ങളിലും ക്രിസ്ത്യാനികളെ പോലെയും, ഹിന്ദുക്കളെ പോലെയും പൗരത്വം നേടുകയായിരുന്നുവെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ലാ. കാർഷിക വ്യവസ്ഥിതിയിലെ പരിമിതികളിൽ നിന്ന് വ്യവസായിക മേഖലകളിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റം ലോകം മുഴുവൻ പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിൽ ഉണ്ടായ ഒന്നാണ്.

കേരളത്തിലെ ജനങ്ങളിലും അത്തരത്തിൽ 'അഗ്രിക്കൾച്ചറൽ സൊസൈറ്റിയിൽ' നിന്നും 'ഇൻഡസ്ട്ട്രിയൽ സൊസൈറ്റിയിലേക്കുള്ള' കുടിയേറ്റം ഉണ്ടായി. മലയാളി ശരിക്കും അപ്പോഴാണ് പ്രവാസിയായി മാറി തുടങ്ങിയത്. ഡെൽഹി, ബോംബെ, മദ്രാസ്, ബാൻഗ്ലൂർ എന്നിങ്ങനെ അനേകം സ്ഥലങ്ങളിലേക്ക് വൻപിച്ച തോതിൽ ആളുകൾ ജോലിക്ക് പോയി. മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഇന്നിപ്പോൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്.

ഈയിടെ ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡൻറ്റ് പറഞ്ഞത് ഡൽഹിയിൽ 15 ലക്ഷം മലയാളികൾ ഉണ്ടെന്നാണ്. 15 ലക്ഷം മലയാളികൾ എന്നൊന്നുള്ളത് ഡൽഹിയിലെ ഒന്നര കോടിക്കടുത്തുള്ള മൊത്തം ജനസംഖ്യയിൽ വലിയ ഉയർന്ന ശതമാനമാണല്ലോ.

അവരിൽ പലരും വരും കാലങ്ങളിൽ പണ്ടത്തെ പോലെ കേരളത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത തുലോം കുറവാണ്. കേരളത്തിലെ ഇൻഫ്രാസ്ട്രക്ച്ചർ പോരായ്‌മകളും, പണിമുടക്കുകളും ഒന്നുമല്ല പ്രവാസികൾ തിരിച്ചു വരാതിരിക്കാനുള്ള പ്രധാന കാരണം. കേരളത്തിലെ കുടുംബങ്ങളിലും, സാമൂഹ്യ സാഹചര്യങ്ങളിലുമുള്ള വ്യക്തി സ്വാതന്ത്ര്യത്തിൻറ്റെ അഭാവം തന്നെയാണ് അതിനുള്ള മുഖ്യ കാരണം.

................................................................................

 

 

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment