Advertisment

ഇന്ത്യയിൽ പ്രൈവറ്റ് ക്യാപ്പിറ്റൽ എന്നെങ്കിലും പൂർണമായും നിയമ വിധേയമായി പ്രവർത്തിച്ച ചരിത്രമുണ്ടോ?

New Update

publive-image

Advertisment

ലർക്കും ഇന്ത്യയിലെ പൊതുമേഖലയോട് പുച്ഛമാണ്. യാതൊരു കാര്യക്ഷമതയില്ലാത്തതും, നികുതിദായകരുടെ പണം കൊള്ളയടിക്കുന്നതുമായ സ്ഥാപനങ്ങളാണ് ഇന്ത്യയുടെ പൊതുമേഖലയിലുള്ളത് എന്നാണ് ഇങ്ങനെ പുച്ഛിക്കുന്നവരുടെ ആക്ഷേപം.

അതേസമയം സ്വകാര്യ മേഖലകളിലെ പ്രശ്നങ്ങൾ ഇങ്ങനെ പുച്ഛിക്കുന്നവർ കാണുന്നുമില്ല. ഇന്നത്തെ ഇന്ത്യയിൽ സ്വകാര്യ മേഖലകളിലെ പല കമ്പനികൾക്കും നമ്മുടെ പബ്ലിക്ക് സെക്റ്റർ ബാങ്കുകളിൽ ഭീമമായ കടമുണ്ട്.

ഉദാരവൽക്കരണത്തെ തുടർന്ന് പല കമ്പനികൾക്കും ലോണുകൾ വളരെ ഉദാരമായ വ്യവസ്ഥകളോടെ നൽകിയതാണ് പ്രശ്നങ്ങളുടെ തുടക്കം എന്നാണ് മുൻ ചീഫ് ഇക്കണോമിക്ക് അഡ്വൈസർ അരവിന്ദ് സുബ്രമണ്യം ‘Of Counsel – The Challenges of the Modi – Jaitley Economy’ എന്ന പുസ്തകത്തിൽ പറയുന്നത്.

കിട്ടാക്കടങ്ങൾ ഇപ്പോൾ ബാങ്കിങ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നു. 'നോൺ പെർഫോമിംഗ് അസറ്റ്സ്' (NPA) എന്ന് വിളിപ്പേരുള്ള കിട്ടാക്കടങ്ങൾ പല പബ്ലിക്ക് സെക്റ്റർ ബാങ്കുകളിലായി ഭീമമായ തുകകളാണ്.

ആശിഷ് ഗുപ്ത നേരത്തെ കണക്കുകൂട്ടിയത് കിട്ടാക്കടങ്ങൾ 12 ലക്ഷം കോടി വരുമെന്നാണ്! അത്രയൊന്നുമില്ല എന്ന് പറയുന്ന മുൻ ചീഫ് ഇക്കണോമിക്ക് അഡ്വൈസർ അരവിന്ദ് സുബ്രമണ്യം തൻറ്റെ കണക്കുകൂട്ടലുകൾ അവതരിപ്പിക്കുന്നു.

അരവിന്ദ് സുബ്രമണ്യത്തിൻറ്റെ കണക്കുകൂട്ടലുകൾ അനുസരിച്ച് കിട്ടാക്കടങ്ങൾ 4.5 ലക്ഷം കോടി വരും !

സുബോധമുള്ള ആർക്കും ഇത് എത്ര ഭീമമായ തുകയാണെന്ന് അനുമാനിക്കാം. സാധാരണക്കാരൻ നമ്മുടെ ബാങ്കുകളിൽ ഒരു ലോണിനായി അപേക്ഷിക്കുമ്പോൾ എന്തെല്ലാം കടമ്പകൾ മറികടക്കണം? എന്തെല്ലാം രേഖകൾ സമർപ്പിക്കണം?

അപ്പോഴാണ് നമ്മുടെ സ്വകാര്യ മൂലധന ശക്തികൾ ലക്ഷകണക്കിന് കോടികളുടെ കിട്ടാക്കടങ്ങളുമായി വിലസി നടക്കുന്നത്!

ഇപ്പോൾ നഷ്ടത്തിലായി കഴിഞ്ഞിരിക്കുന്ന ടെലിക്കോം സ്ഥാപനങ്ങളായ വൊഡാഫോൺ-ഐഡിയ, എയർടെൽ – കമ്പനികൾക്ക് ബാങ്കുകളിൽ ഭീമമായ കടമുണ്ട്. വൊഡാഫോൺ-ഐഡിയക്ക് ഒരു ലക്ഷത്തി 17 കോടിയോളം കടമുണ്ട്.

എയർടെൽ കമ്പനിക്കാണെങ്കിൽ ഒരു ലക്ഷത്തി 18 കോടിയോളവും കടമുണ്ട്. അപ്പോൾ ഈ കമ്പനികൾ പൂട്ടിപ്പോവുകയും അവയെ ‘പാപ്പരായി’ പ്രഖ്യാപിക്കുകയും ചെയ്‌താൽ ബാങ്കുകളുടെ ‘ബാലൻസ് ഷീറ്റ്’ വലിയ നഷ്ടം കാണിക്കില്ലേ?

കമ്പനികളുടെ ആസ്തികൾ വിറ്റാലും ബാങ്കുകളുടെ കടങ്ങൾ വീട്ടാൻ പറ്റിയെന്നു വരില്ല. ബാങ്കുകൾ നഷ്ടത്തിലായാൽ മൊത്തം സമ്പദ് വ്യവസ്ഥയേയും അത് ബാധിക്കില്ലേ?

അതുകൂടാതെയാണ് തൊഴിൽ നഷ്ടപ്പെടുന്നവരുടേയും, അവരുടെ കുടുംബങ്ങളിലുള്ളവരുടേയും പ്രശ്നങ്ങൾ. എങ്ങനെ ഇതിനെ ഒക്കെ മറികടക്കും എന്ന് ചോദിച്ചാൽ ആർക്കും കൃത്യമായ ഒരു ഉത്തരവുമില്ലാ.

ഇന്ത്യയിൽ പൊതുമേഖല കേവലം ലാഭത്തിന് വേണ്ടി മാത്രമല്ല പ്രവർത്തിക്കുന്നത്; ജനങ്ങൾക്ക് ആവശ്യമായ സർവീസുകൾ കിട്ടുന്നതിനും വേണ്ടി കൂടിയാണ്. ഡൽഹിയിൽ ഒരുകാലത്ത് ബസ് സർവീസുകൾ സ്വകാര്യവൽച്ചതായിരുന്നു.

'റെഡ് ലൈൻ', 'ബ്ലൂ ലൈൻ' - ബസുകളാണ് ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകൾക്ക് പകരമായി വന്നത്.

പോലീസും പൊതുജനവും ഈ ബസ് ഓപ്പറേറ്റർമാരെ നിയമം പഠിപ്പിക്കുവാൻ ശ്രമിച്ചിട്ട് പരാജയപ്പെടുകയാണ് ഉണ്ടായത്. അതുകൊണ്ട് ആദ്യം 'റെഡ് ലൈൻ' ബസുകൾ നിരോധിച്ചു.

'ബ്ലൂ ലൈൻ' ബസുകളെ 'കില്ലർ ബ്ലൂ ലൈൻ' എന്നായിരുന്നു ഡൽഹിയിലെ ജനങ്ങൾ വിളിച്ചിരുന്നത്. പിന്നീട് ബ്ലൂ ലൈനും നിരോധിക്കപ്പെട്ടു. ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (DTC) ബസുകൾ വീണ്ടും തിരിച്ചുവന്നു.

DTC ബസുകൾ വീണ്ടും തിരിച്ചുവന്നിട്ട് ഡൽഹി നിവാസികൾക്ക് സൗകര്യങ്ങൾ കൂടിയതല്ലാതെ എന്തെങ്കിലും പ്രശ്നമുണ്ടോ?

മനുഷ്യരെ റോഡുകളിൽ കൊന്നുകൊണ്ടിരുന്ന ഡൽഹിയിലെ 'റെഡ് ലൈൻ', 'ബ്ലൂ ലൈൻ' ബസുകളെ പോലെയാണ് പലയിടങ്ങളിലും ഇന്ത്യയിൽ സ്വകാര്യ മേഖല ജനങ്ങളെ സേവിക്കുന്നത്!

പൊതുമേഖല എല്ലാം നഷ്ടത്തിലാണെന്ന് ചിലർ ആക്ഷേപിക്കുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ലാ. ഡൽഹി മെട്രോ നഷ്ടത്തിലാണോ? ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമവും നവീനവുമായ മെട്രോയാണ് ഡൽഹി മെട്രോ.

പലപ്പോഴും രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥ പ്രഭുക്കളും പൊതുമേഖലാ സ്ഥാപനങ്ങളെ കറവ പശുക്കളായി ഉപയോഗിക്കുന്നതുകൊണ്ടും, അവരുടെ ഇഷ്ടക്കാർക്ക് അവിടെ ജോലി കൊടുപ്പിക്കുന്നതുകൊണ്ടുമൊക്കെയാണ് പൊതുമേഖലയുടെ കാര്യക്ഷമത നഷ്ടപ്പെടുന്നത്.

സ്വകാര്യ മേഖലയിൽ മൊത്തത്തിൽ കാര്യക്ഷമതയും ലാഭവുമുണ്ടെന്നുള്ളത് മറ്റൊരു മിഥ്യയാണ്. അനിൽ അംബാനിയുടെ പല സ്ഥാപനങ്ങളും നഷ്ടത്തിലായിട്ട് കാലം കുറെയായി.

വൊഡാഫോൺ-ഐഡിയയിലും, എയർടെല്ലിലും ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നൂ എന്ന ആക്ഷേപവും ഉണ്ട്. രണ്ടു കമ്പനികളും ജിയോ വന്നതിൽ പിന്നെ ഭീമമായ നഷ്ടത്തിലാണ്. കേന്ദ്ര സർക്കാരും ബാങ്കുകളും കനിഞ്ഞില്ലെങ്കിൽ പൂട്ടിപ്പോവുന്ന ലക്ഷണങ്ങൾ പോലും ഉണ്ട്.

എന്നുവെച്ചാൽ പൗരൻമാർ അവർ ഉണ്ടാക്കിയ ബാധ്യത സഹിക്കണം എന്നു സാരം. താഴെക്കിടയിലുള്ള ജീവനക്കാരെ തുച്ഛമായ കൂലിക്ക് ജോലിയെടുപ്പിച്ചിട്ടും ഇതുപോലെ ഇഷ്ടം പോലെ സ്വകാര്യ സ്ഥാപനങ്ങൾ പൂട്ടി പോയിരിക്കുന്നു.

എന്നിട്ടും ചിലർ പൊതുമേഖലാ സ്ഥാപനങ്ങളെ മാത്രമാണ് കുറ്റം പറയുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ അക്കവ്ൺഡബിൾ ആക്കിയാൽ അവിടേയും നല്ല കാര്യക്ഷമത ഒക്കെ വരും.

ഇനി ടെലിക്കോം രംഗത്ത് സർവാധിപത്യം ഉറപ്പിക്കാൻ പോവുന്ന ജിയോയുടെ തനിനിറം അറിയാൻ ഇരിക്കുന്നതേയുള്ളൂ. അങ്ങനെ തന്നെ വരുന്ന എല്ലാ ലക്ഷണങ്ങളും ഇപ്പോഴേ ഉണ്ട്.

“Monopoly capital will lead to monopoly super profits” എന്ന് പണ്ട് ലെനിൻ തൻറ്റെ ക്യാപ്പിറ്റലിസത്തിന് എതിരായി ഉന്നയിച്ച വിമർശനം ഇന്ത്യയിലും സമീപ ഭാവിയിൽ ജിയോയുടെ സർവാധിപത്യത്തിലൂടെ യാഥാർഥ്യമാകാനാണ് എല്ലാ സാധ്യതകളും.

‘Imperialism: The Highest Stage of Capitalism’ എന്ന പുസ്തകത്തിലൂടെ ലെനിൻ ഉന്നയിച്ച ആ ഒരു സ്ഥിതിവിശേഷം സംജാതമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്.

522850 കോടി രൂപയുടെ മൂല്യം മതിക്കുന്ന 5 G സ്പെക്ട്രം ലേലം ഈ വർഷം മാർച്ച്, ഏപ്രിൽ മാസത്തോടെ നടക്കും. 22 സർക്കിളുകളിലായി 8300 മെഗാ ഹേർട്സ് സ്പെക്ട്രമാണ് ലേലത്തിന് വെയ്ക്കുന്നത്.

ജിയോക്ക് മാത്രമേ ഭീമമായ തുക മുടക്കി 5 G സ്പെക്ട്രം ഏറ്റെടുക്കുവാനുള്ള ശേഷി ഇന്ന് ഇന്ത്യയിലുള്ളൂ. 5 G കൂടി വരുന്നതോടെ ഇന്ത്യൻ ടെലിക്കോം സെക്റ്ററിൽ ജിയോക്ക് സർവാധിപത്യം ആയിരിക്കും എന്ന് നിസംശയം പറയാം.

ജിയോക്ക്‌ വേണ്ടി മറ്റ് കമ്പനികളെ ഇല്ലാതാക്കൾ പ്രക്രിയയായിരുന്നു കുറെ നാളുകളായി ഇന്ത്യയിൽ നടന്നുകൊണ്ടിരുന്നത്. 'പ്രിഡേറ്ററി പ്രൈസിംഗ്' പോലുള്ള രീതികൾ ടെലിക്കോം സെക്റ്ററിൽ ജിയോക്ക് വേണ്ടി വ്യാപകമായി നടപ്പാക്കി.

ജിയോക്ക്‌ വേണ്ടി മറ്റ് കമ്പനികളുടെ മാർക്കറ്റ് കാലിയാക്കൽ പ്രക്രിയ തീർത്തും അനഭിലഷണീയമായ പ്രവണതയായിരുന്നു. 1994-ലാണ് ടെലികോം സെക്റ്റർ സ്വകാര്യവൽകരിച്ചത്.

ലൈസൻസ് ഫീസും സ്പെക്ട്രം ഉപയോഗിക്കുവാനുള്ള ഫീസും 1994 കഴിഞ്ഞാണ് കമ്പനികൾക്ക് ചുമത്തപെട്ടത്. ആ ലൈസൻസ് ഫീസും സ്പെക്ട്രം ഉപയോഗിക്കുവാനുള്ള ഫീസും ഇപ്പോൾ കൊടുക്കാനുള്ള ശേഷി ജിയോക്ക് മാത്രമേയുള്ളൂ.

ഇപ്പോൾ പ്രതിസന്ധിയിലായി കഴിഞ്ഞിരിക്കുന്ന ബി.എസ്.എൻ.എല്ലും, വൊഡാഫോൺ-ഐഡിയയും, എയർടെലും കടകൾ പൂട്ടിയാൽ പിന്നെ ടെലികോം സെക്റ്ററിൽ ഏക കുത്തക ജിയോ മാത്രമായിരിക്കും.

ഇന്ത്യയിൽ പ്രൈവറ്റ് ക്യാപ്പിറ്റൽ എന്നെങ്കിലും പൂർണമായും നിയമ വിധേയമായി പ്രവർത്തിച്ച ചരിത്രമുണ്ടോ? അമേരിക്കയുടേതോ, മറ്റേതെങ്കിലും വികസിത രാജ്യങ്ങളിലേയോ പ്രൈവറ്റ് ക്യാപ്പിറ്റലുമായി നമ്മുടെ സ്വകാര്യ മൂലധന ശക്തികളെ താരതമ്യപ്പെടുത്തുന്നത് തന്നെ മണ്ടത്തരമാണ്.

ശത കോടീശ്വരനായ 'എൻറോൺ' മേധാവിയെ പോലും വിലങ്ങുവെച്ച് നടത്തിച്ച ചരിത്രമാണ് അമേരിക്കയിലെ നീതിന്യായ സംവിധാനത്തിൻറ്റേത്. ഇന്ത്യയിൽ അത് സങ്കൽപ്പിക്കാൻ പോലും സാധിക്കുമോ?

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment