കാമുകി അറിയപ്പെടുന്ന നടനാകുന്നതിന് മുൻപ് ജയസൂര്യയുടെ പ്രേമത്തെ സാമ്പത്തികം കുറവാണെന്നു കണ്ട് തള്ളി പറയുന്നുന്നു. നിരാകരിച്ച മുൻ കാമുകിയെ പിന്നീട് കാണുമ്പോൾ ജയസൂര്യ പരുഷ വാക്കുകൾ ഉപയോഗിക്കുന്നു. ഇത്തരം പരുഷ വാക്കുകളെ അംഗീകരിക്കാത്തവർ അതിനെക്കുറിച്ചുള്ള ജയസൂര്യയുടെ വെളിപ്പെടുത്തൽ കേട്ടിട്ട് സോഷ്യൽ മീഡിയയിൽ പുള്ളിയെ പൂരെ തെറി വിളിക്കുന്നു.
സ്ത്രീ പുരുഷ പ്രേമത്തെ പലരും 'ഐഡിയലിസത്തിൻറ്റെ' കണ്ണിൽ കൂടിയാണ് നോക്കി കാണുന്നത്. പക്ഷെ 'ഐഡിയലിസം' അല്ല നമ്മുടെ സമൂഹത്തിൽ പുലരുന്നത്.
"പലപല രമണികൾ വന്നൂ, വന്നവർ
പണമെന്നോതി-നടുങ്ങീ ഞാൻ.
പലപല കമനികൾ വന്നൂ, വന്നവർ
പദവികൾ വാഴ്ത്തീ- നടുങ്ങീ ഞാൻ"
- 'മനസ്വനി' എന്ന കവിതയിൽ ചങ്ങമ്പുഴ കൃഷ്ണപിള്ള തനിക്കു വന്ന വിവാഹാലോചനകൾ പറ്റി അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്.
അവസാനം വിവാഹത്തിന് തയാറായ പെൺകുട്ടിയുടെ നിലപാടെന്തായിരുന്നു?
"കിന്നരകന്യകപോലെ ചിരിച്ചെൻ-
മുന്നിൽ വിളങ്ങിയ നീ മാത്രം,
എന്നോടരുളി: "യെനിക്കവിടുത്തെ-
പ്പൊന്നോടക്കുഴൽ മതിയല്ലോ!....
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!. ...."
- ഈ എഴുതിയിരിക്കുന്നത് 'ഐഡിയലിസം' മാത്രമാണ്. ഒരുപക്ഷെ റൊമാൻറ്റിക്ക് കവിയായ ചങ്ങമ്പുഴയുടെ ഭാവനയിൽ സംഭവിക്കുന്ന കാര്യങ്ങൾ മാത്രം. നമ്മുടെ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന 'മാട്രിമോണിയൽ' കോളങ്ങളിലെ പരസ്യങ്ങളിൽ സൗന്ദര്യത്തിനും, സമ്പത്തിനും വിദ്യാഭ്യാസത്തിനും, ജോലിക്കും ആണ് പ്രാമുഖ്യം മുഴുവനും. ചങ്ങമ്പുഴയുടെ കാര്യത്തിൽ സംഭവിച്ചത് പോലെ പുല്ലാങ്കുഴൽ നോക്കി അല്ല മിക്ക പെൺകുട്ടികളും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത്.
കാറും വീടും പത്രാസും വലുതായുള്ള പെണ്ണുങ്ങളും നമ്മുടെ സമൂഹത്തിൽ ഇഷ്ടം പോലെ ഉണ്ട്. സാധാരണ രീതിയിൽ ഇന്ത്യയിലും കേരളത്തിലും നടക്കുന്ന 'അറേൻജ്‌ഡ് മാര്യജസ്' എപ്രകാരമാണ്? ഒരു പുരുഷൻ പെണ്ണുകാണാൻ വരുന്നു. അവനും അവളും നിസ്സാരമായ ചോദ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നു. രണ്ടു പേരും തമ്മിൽ പൊരുത്തപ്പെട്ടിരിക്കുന്നു എന്ന് തമ്മിൽ തമ്മിൽ വിശ്വസിക്കപ്പെടുന്നു.
നിറം, പൊക്കം, തൂക്കം, ജാതി, ധനം, ബന്ധുക്കൾ, കുടുംബം, വിദ്യാഭ്യാസം, ജോലി, പദവി - ഇവ എല്ലാം അളക്കുന്ന ത്രാസിലാണ് പിന്നീട് കാര്യങ്ങൾ തീരുമാനിക്കപ്പെടുക. രണ്ടുപേരും കുടുംബങ്ങളും കൂടി ഇത്തരം ഒരു ഹാസ്യനാടകം മുന്നോട്ട് കൊണ്ട് പോകുന്നു. ഈ ഹാസ്യനാടകത്തിലൂടെ അല്ലേ നമ്മുടെ നാട്ടിൽ നിശ്ചയിക്കപ്പെടുന്നതും, നടക്കുന്നതുമായ വിവാഹങ്ങളിൽ ഭൂരിഭാഗവും???
പണ്ടായിരുന്നെങ്കിൽ യുവതീ-യുവാക്കൾ കാണേണ്ട ആവശ്യം പോലും ഉണ്ടായിരുന്നില്ല. കാരണവന്മാർ ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. അപ്പോൾ അവിടെയിക്കെ ദമ്പതിമാർ തമ്മിൽ 'പൊരുത്തം' എന്ന് പറയുന്നത് എങ്ങനെ ഉണ്ടാകാനാണ്? കോമാളി വേഷങ്ങളിലൂടെയാണ് നമ്മുടെ നാട്ടിൽ ഒരു കുടുംബത്തിൻറെ പിറവി ഉണ്ടാകുന്നതെന്നുള്ള കാര്യം ആർക്കും നിഷേധിക്കുവാൻ സാധിച്ചില്ല.
പല വിവാഹ ജീവിതങ്ങളിലും പിന്നീട് അസ്വാരസ്യങ്ങൾ പിറവി എടുക്കുന്നത് ഈ കോമാളിവേഷം കെട്ടി ആടുന്നത് മൂലമാണ്. നമ്മുടെ സമൂഹത്തിലെ ഇത്തരം കോപ്രായങ്ങൾക്കിടയിൽ സംഭവം വിവാഹത്തിലേക്ക് എത്തിയില്ലെങ്കിലും വിവാഹം കഴിക്കണമെന്നുള്ള ഉദ്ദേശ്യത്തിൽ പ്രേമിച്ച ജയസൂര്യ എത്രയോ മാന്യനാണെന്നേ സുബോധമുള്ളവർക്ക് ചിന്തിക്കാൻ സാധിക്കുകയുള്ളൂ.
(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)