സ്ത്രീകൾക്ക് തുല്യതയില്ലാത്ത ഒരു സാമൂഹ്യാന്തരീക്ഷത്തിൽ നിയമത്തിന് മാത്രം എന്ത് പ്രസക്തിയാണുള്ളത്?

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

ലയാളികൾക്ക് പണ്ട് പറഞ്ഞിരുന്നത് പോലെ ഒരു പുരോഗമന ബോധവും ഇല്ലാ എന്നുള്ളത് കഴിഞ്ഞ വർഷത്തെ ശബരിമല സ്ത്രീ പ്രവേശനാ വിഷയത്തിലുള്ള വിധിയോടുള്ള പ്രതിഷേധത്തോടെ വ്യക്തമായതാണ്. അല്ലെങ്കിലും ‘ഡിസിഷൻ മേയ്ക്കിങ്’ റോളിൽ കേരളത്തിൽ സ്ത്രീകളുടെ അസാന്നിധ്യം പണ്ടേ ശ്രദ്ധേയമാണ്.

പണ്ട് 33 ശതമാനം റിസർവേഷൻ പഞ്ചായത്തു തലത്തിൽ വന്നപ്പോൾ പഞ്ചായത്തുകളിൽ മത്സരിക്കാൻ സ്ത്രീകളെ കിട്ടാതിരുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണ്.

publive-image

ന്യൂനപക്ഷ സമുദായഗ്ഗങ്ങൾക്കും നിഷിപ്ത താൽപര്യങ്ങളുണ്ട്. എല്ലാം മതങ്ങളിലേയും സ്ത്രീ വിരുദ്ധത മാറേണ്ടതുണ്ട്. ഇക്കാര്യം പൊതുവായി പറയുമ്പോൾ പലരുടേയും മുഖം മൂടികൾ അഴിഞ്ഞു വീഴും.

ശബരിമലയിലെ സ്ത്രീ പ്രവേശനാ വിഷയത്തിൽ സുപ്രീം കോടതി വിധി വന്നതിൻറ്റെ പശ്ചാത്തലത്തിൽ പി.സി.ജോർജും, ചില മുസ്ലിം പുരോഹിതരും പരസ്യമായി സമരക്കാർക്ക് പിന്തുണയുമായി രംഗത്തു വന്നതാണ്.

ഇവരുടെ ഒക്കെ ഉള്ളിലിരിപ്പാണ് അങ്ങനെ പരസ്യമായി സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ പുറത്തു വന്നത്. എല്ലാ മതങ്ങളേയും ഈ വിധി ബാധിക്കും എന്നത് സ്ത്രീ വിരുദ്ധന്മാർക്കൊക്കെ അറിയാം. അതാണ് എല്ലാ മതങ്ങളിലേയും സ്ത്രീ വിരുദ്ധർ ശബരിമല വിഷയത്തിലുള്ള സുപ്രീം കോടതി വിധിക്കെതിരേ ഒറ്റക്കെട്ടായി രംഗത്തു വന്നത്.

സ്ത്രീകൾക്ക് തുല്ല്യതയില്ലാത്ത ഒരു സാമൂഹ്യാന്തരീക്ഷമാണ് കേരളത്തിൽ ഉള്ളത്. സുപ്രീം കോടതി ‘ഫൺഡമെൻറ്റൽ പ്രിൻസിപ്പിൾസ്’ അനുസരിച്ച് നിയമത്തിൻറ്റെ മുമ്പിൽ സ്വാതന്ത്ര്യവും സമത്വവും പ്രഖ്യാപിച്ചതുകൊണ്ട് സ്വാതന്ത്ര്യവും തുല്യതയും കേരളത്തിൽ മാത്രമല്ലാ; ഇന്ത്യയിൽ ഒരിടത്തും സ്ത്രീകൾക്ക് ലഭിക്കുകയില്ല.

ഇന്ത്യയിൽ ഒരിടത്തും സ്ത്രീകൾക്ക് സ്വത്തിൻറ്റെ കാര്യത്തിൽ തുല്യാവകാശം ലഭിക്കുന്നില്ലാ. ഏകീകൃത സിവിൽ കോഡ് അല്ലെങ്കിൽ യൂണിഫൊം സിവിൽ കോഡിനെ കുറിച്ച് ഈ രാജ്യത്ത് വളരെ വിപുലമായ ചർച്ച നടത്തിയിട്ടൊന്നും കാര്യമില്ല.

നിയമംകൊണ്ടു മാത്രം ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനും പോകുന്നില്ല. നമ്മുടെ സാമൂഹ്യാന്തരീക്ഷത്തിൽ സൂക്ഷ്മമായ ഇടപെടലുകൾ വന്നാൽ മാത്രമേ സ്ത്രീകൾക്ക് തുല്ല്യതയുള്ള ഒരവസ്ഥ സംജാതമാകൂ.

യൂണിഫോം സിവിൽ കോഡ് കൊണ്ടുവരും എന്ന് ബി.ജെ.പി. പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി. യൂണിഫോം സിവിൽ കോഡ് എന്ന ആശയം നല്ലതാകുമ്പോൾ തന്നെ എല്ലാ കാര്യങ്ങളിലും സ്ത്രീകൾക്ക് തുല്യ നീതി ഉറപ്പാക്കാതെ യൂണിഫോം സിവിൽ കോഡിന് പ്രസക്തി ഇല്ല. അത് ഇന്ത്യയിൽ ഇപ്പോൾ സാധിക്കുമെന്നും തോന്നുന്നില്ല.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉത്തരേന്ത്യയിലെ ജാട്ടുകളും, ഠാക്കൂർമാരും, രാജസ്ഥാനിലെ രജപുത്രരും സ്ത്രീകൾക്ക് പുരുഷന് തുല്യമായി സ്വത്ത് കൊടുക്കാറില്ല; ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും കൊടുക്കുന്നില്ല.

ഈ യൂണിഫോം സിവിൽ കോഡ് പ്രകാരം സ്വത്ത് തുല്യമായി വിഭജിക്കുന്ന കാര്യം പല സംസ്ഥാനങ്ങളിലും ചർച്ചയാകാൻ തുടങ്ങിയാൽ ബി.ജെ.പി. തന്നെ ഇത് മാറ്റി വയ്ക്കും; കാരണം ബി.ജെ.പി. – യുടെ തന്നെ വോട്ടു പോകും.

സ്ത്രീകൾക്ക് സ്വത്തവകാശത്തിലും, വിവാഹ മോചനത്തിനും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നിയമ പരിരക്ഷ കൊടുക്കേണ്ടതില്ലാ എന്നതല്ല ഈ പറഞ്ഞതിൻറ്റെ അർദ്ധം. നിയമത്തിൻറ്റെ പരിരക്ഷക്ക് അപ്പുറത്താണ് സാമൂഹ്യ യാഥാർഥ്യങ്ങൾ. ‘ലെറ്റർ ഓഫ് ദി കോൺസ്റ്റിറ്റൂഷൻ’, ‘സ്പിരിറ്റ് ഓഫ് ദി കോൺസ്റ്റിറ്റൂഷൻ’ – എന്നിങ്ങനെ രണ്ടു സംഭവങ്ങളുണ്ട്.

നിയമം ശരിയായി നടപ്പിലാക്കാതെ നിയമത്തിൻറ്റെ സ്പിരിറ്റിന് എന്താണ് പ്രസക്തി? ഇന്ത്യയിൽ അടുത്ത കാലത്തെങ്ങാനും ആ ‘സ്പിരിറ്റ്’ അതല്ലെങ്കിൽ സ്ത്രീകൾക്ക് എല്ലാ രംഗങ്ങളിലും ഭരണഘടനാനുസൃതമായിട്ടുള്ള തുല്യത കൈവരുമോ? നിയമം എകികരിക്കുന്നത് വഴി സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടും എന്നത് ചിലരുടെ മൂഢ വിശ്വാസം മാത്രമാണ്.

നിയമത്തിലൂടെ എല്ലാ കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കില്ല എന്നത് തന്നെയാണ് ശബരിമലയുടെ കാര്യത്തിൽ നടന്ന പ്രക്ഷോഭം കാണിച്ചു തന്നത്. ആദ്യം സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത എല്ലാ രാഷ്ട്രീയ പാർട്ടികളും സാമുദായിക സംഘടനകളുടെ സമ്മർദ്ദത്താൽ പിന്നീട് നിലപാട് മാറ്റി.

ഒരു വർഷം മുമ്പ് സുപ്രീം കോടതി ശബരിമലയിലെ സ്ത്രീകൾക്കുള്ള വിലക്ക് ചോദ്യം ചെയ്തപ്പോൾ ഇവിടെ സാമുദായിക സംഘടനകളുടെ നെത്ര്വത്ത്വത്തിൽ എന്തായിരുന്നു ബഹളം? വിശ്വാസത്തെ ചോദ്യം ചെയ്യുന്നു; ആചാരത്തെ ചോദ്യം ചെയ്യുന്നു – അങ്ങനെ നൂറ്റൊന്നു രീതിയിലായിരുന്നു പ്രതിഷേധം.

ഇപ്പോഴിതാ ബിന്ദു അമ്മിണിയുടെ നേരെ മുളക്പൊടി സ്പ്രേ പ്രയോഗം നടത്തുന്നു. മുസ്ലിം സംഘടനകളുടെ ‘മുത്തലാക്ക്’ വിഷയത്തിലുള്ള നിലപാടുകൾ ചോദ്യം ചെയ്ത സംഘ പരിവാറുകാർക്ക് സ്ത്രീ സമത്വത്തിൻറ്റെ കാര്യത്തിൽ എന്തെങ്കിലും ആത്മാർഥത ഉണ്ടോ?

അവരവരുടെ മതത്തിൻറ്റെ കാര്യം വരുമ്പോൾ പലരും അറബിക്കടലിനപ്പുറത്തുള്ള അജ്ഞാത ഗുഹയിൽ ഒളിച്ചിരിക്കാനാണ് നോക്കുന്നത്.

ലിബറൽ ജനാധിപത്യ പ്രക്രിയ നടപ്പാക്കുന്ന രീതിയിൽ ഇന്ത്യ വികസിത രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്നും ഒരുപാട് പിന്നിലാണ്. ശബരിമല വിഷയത്തിൽ സുപ്രീം കോടതി ചൂണ്ടികാട്ടിയത് ആധുനിക രാഷ്ട്രത്തിൽ ‘കോൺസ്റ്റിറ്റ്യുഷണൽ മൊറാലിറ്റി’ എന്നുള്ളത് ‘റിലിജിയസ് മൊറാലിറ്റി’ – ക്ക് ഉപരിയായി നിലകൊള്ളുന്നു എന്നുള്ള വസ്തുതയാണ്.

ശബരിമല അയ്യപ്പ സന്നിധിയിൽ യുവതീ പ്രവേശനം സാധ്യമാക്കണമെന്നുള്ളത് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിൻറ്റെ വിധിയാണ്. സ്ത്രീക്കും പുരുഷനും തുല്യ നീതി എന്ന ‘ഫൺഡമെൻറ്റൽ പ്രിൻസിപ്പിൾസ്’ അനുസരിച്ച് സ്ത്രീകളെ തടയാൻ പാടില്ല എന്നതാണ് സുപ്രീം കോടതി വിധിയിലെ നിർണായകമായ കാഴ്ചപ്പാട്.

പക്ഷെ ഇന്ത്യയിൽ നിലനിൽക്കുന്ന ജനാധിപത്യ മര്യാദയിൽ ഇനിയും ഇതൊന്നും പാലിക്കപ്പെടുന്നില്ല. അതുകൊണ്ടാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണമുണ്ടായത്.

ബിന്ദു അമ്മിണിക്കെതിരെ ഉള്ള ആക്രമണം മൗനമായിട്ടെങ്കിലും പിന്താങ്ങുന്ന ഒത്തിരി പേർ നമ്മുടെ സമൂഹത്തിലുണ്ടെന്നുള്ളതും കാണാതിരിക്കാനാവില്ല. ബാബരി മസ്ജിദ് Vs രാമജൻമഭൂമി പ്രശ്നം ഇരു കൂട്ടർക്കും ചർച്ചയിലൂടെ പരിഹരിക്കുവാൻ സാധിക്കാതെ വന്നപ്പോൾ കോടതിയിലൂടെ പ്രശ്ന പരിഹാരം സാധ്യമാക്കുന്നതായിരുന്നു ജനാധിപത്യ മര്യാദ.

പക്ഷെ ഭരണഘടനയുടെ പേരിൽ പ്രതിജ്ഞയെടുക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർ അതിനു തയാറായില്ല. മതവും രാഷ്ട്രീയവും അതിൻറ്റെയൊക്കെ മുതലെടുപ്പുകാരും ഒക്കെ കൂടി ഒരു വല്ലാത്ത വല്ലാത്ത സാഹചര്യം ഈ രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട്. ഒരു മതക്കാരും ഈ കാര്യത്തിൽ മോശക്കാരുമല്ലാ.

ബാബ്ബ്രി മസ്ജിദ് പൊളിച്ച 1992 – നു ശേഷമാണ് 1993 ഒക്റ്റോബറിൽ കാശ്മീരിലെ ഹസ്രത്ത്ബാലിൽ പ്രശ്‍നങ്ങളുണ്ടായത്. നാൽപ്പതോളം പേരാണ് അന്നവിടെ കൊല്ലപ്പെട്ടത്. 14,000 പട്ടാളക്കാർ അന്നവിടെ കാവൽ നിൽക്കേണ്ടി വന്നു എന്ന് പറയുമ്പോൾ കാര്യത്തിൻറ്റെ ഗൗരവം ആർക്കും മനസിലാക്കാം.

കുറെയൊക്കെ ലിബറൽ ആയി ചിന്തിക്കുന്ന ക്രിസ്ത്യാനികൾ പോലും മത മേലധ്യക്ഷൻമാരുടെ അഭ്യർത്ഥനയിൽ പിറവം പള്ളിയുടെ കാര്യത്തിലും മറ്റ് പള്ളി തർക്കങ്ങളുടെ കാര്യത്തിലും വൈകാരികമായി പ്രതികരിക്കുന്നു എന്നുള്ളതും ഇതിൻറ്റെയൊക്കെ കൂടെ ചേർത്ത് കാണണം.

കുരുമുളക് സ്പ്രേക്കും, മുളക്പൊടി സ്പ്രേക്കും പകരം “സ്പ്രേ കുപ്പിയിൽ ആസിഡും നിറക്കാം” എന്നുവരെ ചിലർ സോഷ്യൽ മീഡിയയിൽ കൂടി ചിലർ പ്രതികരിക്കുമ്പോൾ നമ്മുടെ ജനാധിപത്യ മൂല്യങ്ങളും, ഭരണഘടനാ മൂല്യങ്ങളും എവിടെ ചെന്ന് നിൽക്കുന്നു? ഇത്തരമൊരു സാഹചര്യം ഈ രാജ്യത്ത് സംജാതമായതിനെ കുറിച്ച് വിവേകമുള്ളവർ തീർച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്.

‘ജെൻഡർ സെൻസിറ്റിവിറ്റി’ വളരെയധികം ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ ഭരണഘടന. ശബരിമലയുടെ കാര്യത്തിലുള്ള സുപ്രീം കോടതി വിധി നിലനിൽക്കുന്നിടത്തോളം കാലം സ്ത്രീകൾ ആവശ്യപ്പെട്ടാൽ അവർക്ക് സംരക്ഷണം കൊടുത്തേ മതിയാകൂ എന്നാണ് മുൻ ദേവസ്വം ബോർഡ് അധ്യക്ഷനായ അഡ്വേക്കേറ്റ് എം. രാജഗോപാലൻ നായർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത്.

പക്ഷെ അതൊക്കെ മറന്നുകൊണ്ട് രാജ്യത്തെ പരമോന്നത കോടതിയായ ബഹുമാനപ്പെട്ട സുപ്രീം കൊടതിക്കെതിരേ എന്തെല്ലാം വിമർശനങ്ങൾ ആണ് സംഘ പരിവാറുകാർ ശബരിമല വിഷയത്തിൽ ഉന്നയിച്ചത്? എന്തിനു സ്ത്രീകളെ ആരാധനാലയങ്ങളിൽ നിന്ന് അകറ്റി നിർത്തണം എന്ന ചോദ്യത്തിന് സാമാന്യ യുക്തിയിൽ അധിഷ്ടിതമായ ലളിതമായ മറുപടി പലർക്കും ഇല്ലാ.

റിവ്യു പെറ്റീഷൻ അനുവദിച്ചത്തിനു ശേഷം ശബരിമല വിഷയം ഇനി ഏഴംഗ ഭരണ ഘടനാ ബഞ്ച് കേൾക്കാനിരിക്കയാണ്. റിവ്യു അനുവദിച്ചതോടെ 2018 സെപ്റ്റംബർ 28 – ൻറ്റെ വിധി അസാധുവായി എന്നൊക്കെ ചിലർ മുട്ടൻ നുണ ഇപ്പോൾ അടിച്ചു വിട്ടുകൊണ്ടിരിക്കയാണ്.

പ്രചാരണം കണ്ടാൽ സംഘപരിവാർ വാദങ്ങളെ അംഗീകരിച്ചുവെന്നും വനിതാ പ്രവേശനം വിലക്കി അഞ്ചംഗ ബഞ്ചിൻറ്റെ വിധി സ്റ്റേ ചെയ്തുവെന്ന മട്ടിലുമാണ്. സ്‌റ്റേ അനുവദിക്കാത്തിടത്തോളം കാലം 2018 സെപ്റ്റംബർ 8 – ലെ വിധി ഇപ്പോഴും നിലനിൽക്കുന്നു.

ഇക്കാര്യത്തിൽ രണ്ടു തവണ സുപ്രീം കോടതി സമ്മേളിച്ചപ്പോഴും സെപ്റ്റംബർ 8 – ലെ വിധിക്ക് സ്‌റ്റേ അനുവദിക്കാൻ കോടതി തയാറല്ലായിരുന്നു. അതായത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ഇപ്പോഴും ശബരിമലയിൽ കയറുവാൻ ഭരണഘടനാനുസൃതമായി സർവ സ്വാതന്ത്ര്യവുമുണ്ട് എന്നർദ്ധം.

സുപ്രീം കോടതി 2018 സെപ്റ്റംബർ 8-ലെ ശബരിമല വിധിയിൽ ഇപ്പോഴും ഒരു വിചിന്തനവും നടത്തിയിട്ടില്ലാ. മുസ്‌ലീം സ്ത്രീകളുടെ പള്ളി പ്രവേശനവും, അന്യ മതക്കാരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളുടെ അവകാശവും, ചേലാ കർമത്തിൻറ്റെ നിയമ സാധുതയും കൂടി ഉൾപ്പെടുത്തി വിശാല ബഞ്ചിൻറ്റെ പരിഗണനക്ക്‌ വിട്ടു എന്ന് മാത്രം.

അതിനോട് ജസ്റ്റീസ് ചന്ദ്രചൂഡും, ജസ്റ്റീസ് നരിമാനും വിയോജിക്കുക കൂടി ചെയ്തു. ജസ്റ്റീസ് നരിമാനാണെങ്കിൽ സുപ്രീം കോടതിയുടെ വിധികളെല്ലാം നടപ്പാക്കാനുള്ളതാണ്; അതല്ലെങ്കിൽ നിയമ വ്യവസ്ഥയോട് അനാദരവ് കാട്ടുന്ന അരാജക പ്രവണതക്ക് തുടക്കം കുറിക്കുകയായിരിക്കും എന്ന് വീണ്ടും ഒന്നുകൂടി വ്യക്തമാക്കി. പിന്നെ എങ്ങനെയാണ് 2018 സെപ്റ്റംബർ 8 – ലെ ശബരിമല വിധി അസാധുവാകുന്നത്?

കാലമെത്രമാറിയാലും മാറാത്ത സങ്കുചിത മനസ്സിനുടമകളായ ആളുകളെ മാറ്റി നിർത്തി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആരാധനാലയങ്ങളെല്ലാം സ്ത്രീകൾക്ക് തുറന്നു കൊടുക്കുകയാണ് വേണ്ടത്.

പക്ഷെ ഇതൊക്കെ പറഞ്ഞാൽ വിശാല ഹിന്ദു ഐക്യത്തിനും, ഹിന്ദുക്കളുടെ സർവതോന്മുഖമായ ഉയർച്ചക്കും വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ചിലർ ഇതു പറയുന്നവരുടെ നെഞ്ചത്ത് കേറാൻ വരും.

ഇങ്ങനെ നെഞ്ചത്ത് കേറാൻ വരുന്നവർ നായാടി മുതൽ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളെ ഓർത്ത് വിഷമം സഹിക്ക വയ്യാതെ ആണല്ലോ ഇങ്ങനെ നെഞ്ജത്തു കേറാൻ വരുന്നന്നതെന്നോർക്കുബോഴാണ് ആകെ കൂടി ഒരാശ്വാസം ഉള്ളത്.


(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment