സ്വപ്‌നങ്ങൾ പ്രീതക്ക് ദൃഢനിശ്ചയങ്ങളായിരുന്നു

സമദ് കല്ലടിക്കോട്
Monday, April 1, 2019

യരമില്ലാത്തവര്‍ പലപ്പോഴും പൊതുസമൂഹത്തിന്‌ ഒരു കൗതുക കാഴ്‌ചയാണ്‌. ഉയരമില്ലെങ്കിലും ജീവിത നേട്ടത്തില്‍ ഉയരക്കുറവില്ലെന്ന്‌ കാണിക്കുകയാണ്‌ കരിമ്പ ഗവ. ഹൈസ്‌കൂളിലെ സാമൂഹ്യശാസ്‌ത്രം അദ്ധ്യാപിക പ്രീത.

ജീവിതത്തിലെ നിസ്സാര പ്രതിസന്ധികളില്‍പോലും നിരാശരാകുന്ന പുതുതലമുറക്ക്‌ മാതൃകയും ഊര്‍ജ്ജവുമാണ്‌ ഈ അദ്ധ്യാപിക. എന്തും വേഗത്തില്‍ പഠിച്ചെടുക്കുന്ന പ്രകൃതം. തെങ്കര മുരിയന്‍കാവുങ്കല്‍ ജോയ്‌-ലീലാമ്മ ദമ്പതികളുടെ മകള്‍.

പ്രീതയുടെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല. കുഞ്ഞന്‍ ശരീരമായതു കൊണ്ടും നടക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടും ചെറുപ്പത്തില്‍ നന്നേ വിഷമിച്ചു. തന്റെ വൈകല്യത്തെ ക്രൂരമായി പരിഹസിക്കുന്ന നിരവധി അനുഭവങ്ങള്‍ ഉണ്ടായി. പല ചടങ്ങുകളില്‍നിന്നും മാറ്റി നിര്‍ത്തപ്പെട്ടു.

ഉയരക്കൂടുതലുള്ളവരും പൊക്കക്കുറവുള്ളവരും ഈ സമൂഹത്തില്‍ എങ്ങനെ ജീവിക്കുന്നുവെന്നത്‌ പഠിക്കേണ്ട വസ്‌തുതയാണ്‌. മറ്റു രാജ്യത്തുള്ള ജനവിഭാഗങ്ങളെ അടുത്തറിഞ്ഞാല്‍ മനസ്സിലാകും, ശാരീരിക പരിമിതികളുള്ളവരോട്‌ അവര്‍ എത്ര ആദരവോടും പരിഗണനോടെയുമാണ്‌ പെരുമാറുന്നത്‌ എന്ന്‌.

നമ്മുടെ സമൂഹം പ്രബുദ്ധരായിരുന്നിട്ടും കുഞ്ഞുശരീരമുള്ളവര്‍ വിസ്‌മയം മാത്രമല്ല ചിലപ്പോഴൊക്കെ ഭാരവുമാണ്‌. എവിടെപ്പോയാലും കിട്ടുന്ന കളിയാക്കലുകള്‍ ക്രമേണ പ്രീത ഗൗനിക്കാതെയായി. എല്ലാ തുറിച്ചുനോട്ടത്തേയും തരണം ചെയ്യാന്‍ ഉറച്ചു. ‘പൊക്കക്കുറവാണെന്റെ പൊക്കം’ എന്ന കവി വാക്യ ത്തെ പ്രചോദനമാക്കാന്‍ തീരുമാനിച്ചു.

അച്ഛനും അമ്മയും ഏക സഹോദരന്‍ പ്രശാന്തും നല്‍കിയ പിന്തുണ മാത്രം മതിയായിരുന്നു, വാശിയോടെ ജീവിക്കാന്‍. ആ വാശി പ്രീതയെ എത്തിച്ചത്‌ പാലക്കാട്‌ ഗവ. വിക്ടോറിയ കോളേജില്‍ എം.എ. പഠനത്തിനായിരുന്നു. പഠനശേഷം ഇനി എന്ത്‌ എന്ന ചോദ്യം വീണ്ടും കുഴക്കി. ആരെയും ബുദ്ധിമുട്ടിക്കാതെ കഴിയാന്‍ ഒരു ജോലി നേടണമെന്നതില്‍ കവിഞ്ഞ്‌ പ്രത്യേകിച്ച്‌ ആഗ്രഹങ്ങളൊന്നുമില്ലായിരുന്നു.

പി.എസ്‌.സി.പഠനം തുടങ്ങാമെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ പ്രീതയുടെ കയ്യില്‍ മുന്‍ രാഷ്‌ട്രപതി എ.പി.ജെ.അബ്ദുല്‍കലാമിന്റെ Indomitable Spirit എന്ന പുസ്‌തകം എത്തിപ്പെടുന്നത്‌. ആ വായന പ്രീതയില്‍ അദ്ധ്യാപന അഭിരുചി ഉണര്‍ത്തി. അദ്ധ്യാപനം അതുവരെ മനസ്സില്‍ കരുതിയിരുന്നിട്ടില്ലാത്ത പ്രീതക്ക്‌ പിന്നീട്‌ അതായി അഭിനിവേശം.

ഈ ലോകത്തിലെ ഏറ്റവും മഹനീയമായ തൊഴില്‍ അദ്ധ്യാപനമാണെന്നാണ്‌ പ്രീതയുടെ പക്ഷം. അജയ്യമായ ആത്‌മചൈതന്യം. കോട്ടയം മാന്നാനം സെന്റ്‌ ജോസഫ്‌ അദ്ധ്യാപക പരിശീലന കോളേജ്‌ ഈ ആഗ്രഹത്തിന്‌ വെള്ളവും വെളിച്ചവും നല്‍കി. ഓരോ അദ്ധ്യാപകരും പ്രീതയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അവിടുത്തെ സുനിത മിസ്സിന്റെ സ്വാധീനമാണ്‌ പ്രീതയുടെ ജീവിതത്തില്‍ അന്നും ഇന്നും പ്രകാശമായത്‌.  ഒരര്‍ത്ഥത്തില്‍ ഇന്നത്തെ പ്രീത സെന്റ്‌ ജോസഫ്‌ ട്രെയിനിംഗ്‌ കോളേജിന്റെ സന്തതിയാണ്‌.

അദ്ധ്യാപന ജോലി തേടി പല ഇന്റര്‍വ്യൂകളിലും പങ്കെടുത്തിരുന്നു. അധിക യോഗ്യത ഉണ്ടായിരുന്നിട്ടും ഉയരക്കുറവിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ ചിലര്‍ തുറന്നു പറഞ്ഞു. അവരുടെകൂടെ കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടാണത്രേ. കൊച്ചാക്കിയവര്‍ക്കുമുമ്പില്‍ അദ്ധ്യാപികയായി തന്നെ സേവനം ചെയ്യണമെന്നത്‌ പ്രീതയുടെ ദൃഢനിശ്ചയമായിരുന്നു.

അട്ടപ്പാടിയിലും നിലമ്പൂരിലും ജോലി ചെയ്‌തു. ഈ വര്‍ഷമാണ്‌ കരിമ്പ ഹൈസ്‌ക്കൂളില്‍ എത്തിയത്‌. എന്റെ മുന്നിലിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയും എന്നെ പരിഹസിക്കാറില്ല. അവര്‍ക്ക്‌ എന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതായി തോന്നിയിട്ടില്ല. ഓരോ ദിവസവും വിദ്യാര്‍ത്ഥികള്‍ക്ക്‌ മുമ്പിലെത്തുമ്പോള്‍ എനിക്കുണ്ടാകുന്ന നിര്‍വൃതി പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. ഞാന്‍ അത്രമേല്‍ ആസ്വദിക്കുന്നു എന്റെ തൊഴില്‍.

ബ്ലാക്ക്‌ബോര്‍ഡില്‍ എഴുതാന്‍ പറ്റാത്തപ്പോഴെല്ലാം കസേരക്ക്‌ മുകളില്‍ കയറി നിന്നും എഴുതാറുണ്ട്‌. ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ ടീച്ചര്‍ ഒരു തികഞ്ഞ അദ്ധ്യാപിക തന്നെ. അല്ലാത്തപ്പോഴെല്ലാം ഞങ്ങള്‍ക്ക്‌ ടീച്ചര്‍ കൂട്ടുകാരിയും, ചേച്ചിയുംപോലെ എന്ന്‌ വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആര്‍ക്കും അലോസരമാകാതിരിക്കാനാണ്‌ പ്രീതയുടെ ശ്രദ്ധ.

മൂന്നടി അഞ്ചിഞ്ച്‌ മാത്രം പൊക്കമുള്ള പ്രീതയെ എല്ലാ കാര്യത്തിനും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കൂടെ കൂട്ടാറുണ്ട്‌. സ്വയം കാറോടിച്ചാണ്‌ സ്‌കൂളിലെത്തുന്നതും മടങ്ങുന്നതും. പ്രീതയുടെ മനസ്സിന്‌ മതിലുകളില്ല. ജീവിതം ചെറുതും സുന്ദരവുമല്ലേ ? പിന്നെന്തിന്‌ സങ്കീര്‍ണ്ണമാക്കണം, പ്രീത ചോദിക്കുന്നു.

ഉയരക്കുറവുകൊണ്ട്‌ നഷ്ടമായതൊക്കെ മനസ്സുറപ്പുകൊണ്ട്‌ നേടുകയാണ്‌ ഈ അദ്ധ്യാപിക. ഇന്നലെയുടെ നോവുകളെകുറിച്ച്‌ പ്രീത ഓര്‍ക്കാറില്ല. നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും സ്‌നേഹവുമാണ്‌ മനസ്സു നിറയെ.

×