കേരളാ കോണ്‍ഗ്രസുകള്‍ക്ക് മരുഭൂമിയായ മുകുന്ദപുരത്ത് കെ മോഹന്‍ദാസ് എന്ന നായര്‍ പയ്യന്‍ സ്ഥാനാര്‍ഥിയായ കഥ ! സ്ഥാനാര്‍ഥിയെ തപ്പിച്ചെന്ന സഹപ്രവര്‍ത്തകര്‍ കണ്ട കാഴ്ച ? പ്രമുഖ പത്രമെഴുതി “മുകുന്ദപുരത്തെ സ്ഥാനാര്‍ഥിയെക്കാണാന്‍ ഇരിങ്ങാലക്കുട അപ്പോളോ ബാറില്‍ ചെന്നാല്‍ മതി”യെന്ന് – മുകുന്ദപുരത്തെ പിന്നാമ്പുറങ്ങള്‍

സത്താര്‍ അല്‍ കരണ്‍
Monday, January 14, 2019

1984 ലോക്സഭാ തെരഞ്ഞെടുപ്പ് കാലം. യു ഡി എഫ് സീറ്റ് വിഭജനത്തില്‍ കീറാമുട്ടിയായത് കേരളാ കോണ്‍ഗ്രസ് ആണ്. സീറ്റിന്റെ കാര്യം വന്നപ്പോള്‍ വളര്‍ന്നു പിളര്‍ന്ന് നിന്ന മാണിയും ജോസഫു൦ വീണ്ടും ഒന്നിച്ചു.

അവര്‍ക്ക് നാല് സീറ്റുകള്‍ വേണം. തര്‍ക്കമായി. ഒടുവില്‍ മൂന്നാക്കി കുറച്ചു; കോട്ടയം, ഇടുക്കി, മൂവാറ്റുപുഴ. കോണ്‍ഗ്രസ് കോട്ടയവും മൂവാറ്റുപുഴയും ഉറപ്പ് കൊടുത്തു.

പക്ഷേ, കേരളാ കോണ്‍ഗ്രസ് മൂന്നാമത്തെ സീറ്റിനായി തര്‍ക്കം തുടര്‍ന്നു. ചര്‍ച്ച പരാജയമാണെന്നറിഞ്ഞപ്പോള്‍ ഒടുവില്‍ രാജീവ് ഗാന്ധി തന്നെ ഇടപെട്ടു. ഇടയ്ക്ക് രണ്ടു വര്‍ഷം കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്ത് പോയിവന്നതാണ്.

അവരെ വീണ്ടും അങ്ങോട്ട് പറഞ്ഞയക്കരുതെന്നും രാജീവ് കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന ജി കെ മൂപ്പനാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മൂപ്പനാര്‍ കരുണാകരനോടും പറഞ്ഞു, എങ്ങനെയെങ്കിലും പ്രശ്നം തീര്‍ക്കണമെന്ന്. വീണ്ടും ചര്‍ച്ച.

ഇടുക്കി അന്ന് പി ജെ കുര്യന് കൊടുത്തെ ഒക്കൂ. അത് കരുണാകരന്റെ വാക്കാണ്‌. ഒടുവില്‍ സ്വന്തം നാടായ മുകുന്ദപുരം കൊടുക്കാമെന്നു കരുണാകരന്‍ ഏറ്റു. പക്ഷേ, ഒറ്റക്കാര്യം നായര്‍ സ്ഥാനാര്‍ഥിയെ തരണം.

കേരളാ കോണ്‍ഗ്രസിന് എവിടെ നായര്‍ ? സീറ്റ് കേരളാ കോണ്‍ഗ്രസിനാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ എല്ലാവരും പ്രതീക്ഷിച്ചത് ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെയാണ്. അങ്ങനെ ജോസഫും പെട്ടു.

അന്ന് ജോസഫ് ഗ്രൂപ്പിന്റെ കെ എസ് സി സംസ്ഥാന പ്രസിഡന്റ് കെ മോഹന്‍ദാസാണ്. ഇരിങ്ങാലക്കുട വല്ലക്കുന്നുകാരന്‍ . പക്ഷേ, സ്ഥാനാര്‍ഥിയാകാന്‍ ആള് പോര. അത്യാവശ്യം നാട്ടുകാരുടെ ദോഷം പറച്ചില്‍ അല്ലാതെയുമുണ്ട് . ജോസഫ് കരുണാകരനോട് കാര്യം പറഞ്ഞു .

കരുണാകരന്‍ എം എസ് മേനോന്റെ കൊപ്രാക്കളത്തിലെ ആസ്ഥാന മേനോന്മാരെയും മണ്ഡപത്തിലെ പ്രമുഖ നായന്മാരെയും വിളിച്ച്കൂട്ടി. കേരള കോൺഗ്രസ്സിന്റെ ആന ചിഹ്നത്തിൽ ഒരു നായരേ ഞാൻ കൊണ്ടുവന്നാൽ നിങ്ങൾ സ്വീകരിക്കുമോ ? – ചോദിക്കുന്നത് കരുണാകരനല്ലേ, അവര്‍ കയ്യടിച്ചു.

ജോസഫിനോട് സ്ഥാനാര്‍ഥിയെ കളത്തിലിറക്കാന്‍ കരുണാകരന്‍ നിര്‍ദ്ദേശം നല്‍കി. അപ്പോഴേക്കും എം എം ലോറന്‍സിനെ ഇടതുപക്ഷം രംഗത്തിറക്കിയിരുന്നു. പക്ഷേ ഈ വിവരമൊന്നും സ്ഥാനാര്‍ഥി മോഹന്‍ദാസ് അറിയുന്നില്ല.

രണ്ടു ദിവസം മുമ്പായിരുന്നു മോഹന്‍ദാസിന്റെ വിവാഹം. ആ വിവാഹ ചടങ്ങിന് പാര്‍ട്ടിയുടെ ആസ്ഥാന നേതാക്കന്മാരോന്നും എത്താത്തതിന്റെ പിണക്കത്തിലായിരുന്നു മോഹന്‍ദാസ്‌. അതുകൊണ്ട് ആരെയും ബന്ധപ്പെടാനും കക്ഷി തയാറായില്ല. സീറ്റിന്റെ കാര്യമൊന്നും പ്രതീക്ഷയുമില്ലല്ലോ?

ഫോട്ടോ കടപ്പാട് – മാതൃഭൂമി

ഒടുവില്‍ തൊടുപുഴയില്‍ നിന്നും മോഹന്‍ദാസിനെ പൊക്കിക്കൊണ്ട് വരാന്‍ ജോസഫ് ആളെ അയച്ചു. അന്ന് കെ എസ് സി നേതാക്കളായ ജോര്‍ജ്ജ് സെബാസ്റ്റ്യനും സതീശ് ചെന്നിത്തലയുമായിരുന്നു മോഹന്‍ദാസിനെ തപ്പി ഇരിങ്ങാലക്കുടയ്ക്ക് പുറപ്പെട്ടത്.

അവര്‍ വീട്ടില്‍ എത്തിയപ്പോള്‍ കക്ഷി സ്ഥലത്തില്ല.  അന്ന് പ്രമുഖ പത്രം  എഴുതിയിരുന്നു – “ഇരിങ്ങാലക്കുട അപ്പോളോ ബാറിൽ പോയാൽ മുകുന്ദപുരത്തെ സ്ഥാനാർത്ഥിയെ കാണാം” എന്ന് .

ഒടുവില്‍ ഇരുവരും മോഹന്‍ദാസിനെ കണ്ടെത്തി, ഭാര്യ വീട്ടില്‍ നിന്ന് . സഹപ്രവര്‍ത്തകരെ കണ്ടപ്പോള്‍ വിവാഹ ചടങ്ങിന് എത്താന്‍ പറ്റാത്തതിനാല്‍ വന്നതാണെന്നാണ് മോഹന്‍ദാസ്‌ കരുതിയത്.

പഞ്ചായത്തില്‍ സീറ്റ് ചോദിക്കാന്‍ കെല്‍പ്പില്ലാത്ത ദാസിനോട് ലോക്സഭയില്‍ സ്ഥാനാര്‍ഥിയാണെന്ന് ജോര്‍ജ്ജ് സെബാസ്റ്റ്യനും സതീശ് ചെന്നിത്തലയും പറഞ്ഞിട്ട് കക്ഷി വിശ്വസിക്കുന്നില്ല. വീട്ടിലാണെങ്കില്‍ ഫോണും ഇല്ല.

ഫോട്ടോ കടപ്പാട് – മാതൃഭൂമി

കൂട്ടുകാര്‍ കളിയാക്കുന്നതാണെന്നാണ് മോഹന്‍ദാസ്‌ പറയുന്നത്. ഒടുവില്‍ ഇരുവരും മോഹന്‍ദാസിനെക്കൂട്ടി ഫോണുള്ള വീട്ടില്‍ എത്തി. അപ്പോള്‍ തിരുവനന്തപുരത്തായിരുന്ന പി ജെ ജോസഫിനെ ഫോണില്‍ വിളിച്ചുകൊടുത്തു. ജോസഫ് പറഞ്ഞപ്പോഴാണ് മോഹന്‍ദാസ്‌ അന്ധാളിച്ചുപോയത്.

പിന്നെ മോഹൻദാസ് കളർ ഷർട്ടുകളും പാന്റ്സും ഒഴിവാക്കി ഖദറിലേക്കു കടന്നുവന്നു. ,വിവാഹ സമ്മാനമായി സ്ഥാനാർഥി കുപ്പായം , എന്നാണ് മാതൃഭൂമി എഴുതിയത്. മുകുന്ദപുരത്തെ കോൺഗ്രസ്സുകാർ എല്ലാം മറന്ന് മോഹൻദാസിനെ നെഞ്ചിലേറ്റി.

ചാലക്കുടിയിലും മാളയിലും കൊടുങ്ങല്ലൂരും അങ്കമാലിയിലും പെരുമ്പാവൂരും വടക്കേക്കരയിലും ഒക്കെ ചുവരുകളിൽ ആനകളെ കൊണ്ട് നിറഞ്ഞു. കൂട്ടത്തില്‍ ‘ദീര്‍ഘദര്‍ശി’യായ പ്രവര്‍ത്തകരില്‍ ഒരാള്‍ മതിലില്‍ എഴുതി, ‘മോഹന്‍ദാസിന് 45000 ഭൂരിപക്ഷം, ഇന്ദിരാഗാന്ധിയുടെ മകന് 400 സീറ്റിന് മുകളില്‍’. ഫലം വന്നപ്പോള്‍ രണ്ടു അച്ചട്ടായി.

ആയിടക്കാണ് സഖാവ് ഇഎംഎസിന്റെ പ്രസംഗത്തിൽ സ്ലിപ്പ് ഓഫ് ദി റ്റങ്ക് അരങ്ങേറിയത് – “ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ തോൽപ്പിക്കുവാൻ ഇന്ത്യയിലെ ഒരു ശക്തിക്കും സാധ്യമല്ല”. അത് കേട്ടപാടെ കേരളത്തിലെ മതിലുകൾ മുഴുവനും ഈ വാക്കുകൾ കൊണ്ട് നിറഞ്ഞു.

ആയിടക്കാണ് എൻഡിപി എന്ന സംഘടനയും എസ്ആർപി എന്ന സംഘടനയുമൊക്കെ കേരളത്തിൽ നിന്നും അപ്രത്യക്ഷമാകുന്നത്. തൃശൂരിലെ പുതുക്കാട്ടുള്ള സിജി ജനാര്ദ്ദനനും സിജി കുമാരനും ഒക്കെ ചേർന്നുള്ള സംഘടനായിരുന്നു എസ്ആർപി. 1984 നു മുൻപേ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖാവ് ഇ ബാലാനന്ദനെതിരെ യുഡിഎഫ് സ്ഥനാര്ഥിയായിരുന്നു സിജി കുമാരൻ. ഉദയസൂര്യനായിരുന്നു ചിഹ്നം.

പിന്നെ ലീഡർക്കുതോന്നി ഈ വക അനാവശ്യ തലവേദന സംഘടനകളെ ഒക്കെ പിരിച്ചുവിട്ട് കോൺഗ്രസ്സിൽ ലയിപ്പിക്കാമെന്ന്. ഈ തീരുമാനവുമായി മാളയിലെ കോണത്തുകുന്നിലെ എയിംസ് മേനോന്റെ കൊപ്രക്കളത്തിൽ എത്തിയപ്പോൾ അവിടത്തെ നായന്മാർ ലീഡറോട് ചോദിച്ചു,

“നസ്രാണികൾക്ക് കേരളകോൺഗ്രസ്സുണ്ട്, കാക്കമാർക്ക് ലീഗുണ്ട്, നമ്മുക്കെന്താ ഒരു പാർട്ടീം ഇല്ലാത്തെ ?” അപ്പോൾ ലീഡർ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു “നിങ്ങൾക്കെന്തിനാ പാർട്ടീം ബഹളോം ഒക്കെ , നിങ്ങൾക്ക് ഞാനുണ്ടല്ലോ”, കൂട്ടത്തില്‍ ഒരു കള്ളചിരിയും ഒരു കണ്ണിറുക്കലും.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. ഇടതുപക്ഷത്തിന് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ ഒരു ചെറിയ പോസ്റ്ററും പിന്നെ സ്ഥാനാർത്ഥിയുടെ പേരെഴുതിയ ഒരു പോസ്റ്ററും ഇറങ്ങിയപ്പോൾ യുഡിഎഫിന് ആദ്യമായി ശിവകാശിയിൽ നിന്നും കളറിൽ പോസ്റ്ററുകൾ ഇറങ്ങി.

യുഡിഎഫിന്റെ പത്തു പോസ്റ്ററുകൾ ഉള്ളപ്പോൾ ഇടതിന് പേരിന് ഒരു പോസ്റ്റർ മാത്രം കാണാവുന്ന അവസ്ഥ. കോന്തു പ്രഭാകരൻ ആയിരുന്നു കോൺഗ്രസ്സിന്റെ ഓഫീസ് ഇൻചാർജ്.

ലീഡറുടെ ലക്‌ഷ്യം ഇരുപതിൽ ഇരുപത് സീറ്റായിരുന്നു. പക്ഷെ ആ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 16 സീറ്റുകൾ നേടി. കെ മോഹൻദാസ് എന്ന ആ നായർ പയ്യൻ 45000 വോട്ടുകൾക്ക് ഇടതിന്റെ തലതൊട്ടപ്പനായിരുന്ന എംഎം ലോറൻസിന്റെ പ്രതീക്ഷകളെ അട്ടിമറിച്ചു.

514 ൽ 404 സീറ്റുകളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇന്ത്യ ഭരിച്ചപ്പോൾ ബിജെപിക്ക് കിട്ടിയത് കേവലം 2 സീറ്റുകൾ. 22 സീറ്റുകൾ ഇടതുപക്ഷം നേടിയപ്പോൾ 30 സീറ്റുകളുമായി തെലുഗുദേശം പാർട്ടി ഏവരെയും ഞെട്ടിച്ചുകളഞ്ഞു.

പിന്നീട് കെ മോഹൻദാസ് എന്ന മനുഷ്യനെ മഷിയിട്ടു നോക്കിയാൽ കാണാനില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി.

അതിരാവിലെ തുടങ്ങുന്ന കള്ളുകുടി ലിവറുകളെ തകർത്തപ്പോൾ അകാലത്തിൽ പൊലിഞ്ഞുപോയ ഒരു മുന്‍ എംപിയായി അദ്ദേഹം മാറി. ഭാഗ്യവതിയായ ഭാര്യക്ക് വിദ്യാഭ്യാസവകുപ്പിലെ ജോലിയുള്ളതുകൊണ്ട് ജീവിച്ചുപോകുന്നു. കെ മോഹന്‍ദാസ്‌ മരിച്ചിട്ട് 20 വര്‍ഷം കഴിയുന്നു.


71 വയസ് പൂര്‍ത്തിയായ ഇന്ത്യ അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. ചരിത്ര പ്രധാനമൊന്നുമല്ലെങ്കിലും നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പ്. എല്ലാ തെരഞ്ഞെടുപ്പ് കാലങ്ങളും കേരളത്തെ സംബന്ധിച്ച് കൌതുകങ്ങള്‍ നിറഞ്ഞതായിരുന്നു.

ജനങ്ങള്‍ക്ക് സങ്കീര്‍ണ്ണവും കൌതുകകരവുമായി തോന്നിയ പല രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌ പിന്നിലും ചില കൗതുകകരമായ പിന്നാമ്പുറങ്ങള്‍ ഉണ്ടായിരുന്നു. അവ പലതും അന്നൊക്കെ കോളിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയുമായിരുന്നു.

അത്തരം പിന്നാമ്പുറ കഥകള്‍ ഓര്‍മ്മിച്ചെടുക്കുകയാണ് ഈ പംക്തി.  ഇന്ന് മുതല്‍ സത്യം ഓണ്‍ലൈനില്‍ വായിക്കുക, ‘പിന്നാമ്പുറങ്ങള്‍’.. തയാറാക്കിയത് ഓണ്‍ലൈന്‍ രംഗത്ത് പല സൂപ്പര്‍ ഹിറ്റ്‌ പംക്തികള്‍ക്കും രചന നിര്‍വഹിച്ച എ കെ സത്താര്‍.

×