ഒറ്റപ്പാലത്ത് മത്സരിക്കാന്‍ 84 ല്‍ ഒരു കറുത്ത സ്യൂട്ട്കേയ്സും കയ്യില്‍ തൂക്കി ഷൊര്‍ണൂരില്‍ ട്രെയിനിറങ്ങി കെ എ സമാജത്തിന്റെ ജീപ്പില്‍ ഗസ്റ്റ് ഹൗസില്‍ എത്തിയ കെ ആര്‍ നാരായണന്‍ അവസാനം ഒറ്റപ്പാലത്ത് നിന്ന് മടങ്ങുന്നത് നൂറിലേറെ വാഹനങ്ങളുടെ അകമ്പടിയോടെ ഇന്ത്യന്‍ രാഷ്ട്രപതിയായി. ഒരു സാധാ എംപിയില്‍ നിന്നും റെയിസനക്കുന്നിലെ രാഷ്ട്രപതി ഭവനിലേക്കുള്ള ജൈത്രയാത്ര – അതിങ്ങനെ !! അതിനിടയില്‍ ഒരു കഥാപാത്രമായി ഇന്നലെ അന്തരിച്ച ലെനിന്‍ രാജേന്ദ്രന്‍ എന്ന മീനമാസത്തിലെ സൂര്യനും

സത്താര്‍ അല്‍ കരണ്‍
Tuesday, January 15, 2019

പിന്നാമ്പുറങ്ങള്‍ഇന്ദിരാഗാന്ധി കണ്ടെത്തിയ ജീനിയസ്സായിരുന്നു കോച്ചേരി രാമൻ നാരായണൻ എന്ന കെ ആർ നാരായണൻ. കോണ്‍ഗ്രസിലൂടെ വന്ന്‍ എം പിയായി, മന്ത്രിയായി, ഉപരാഷ്ട്രപതിയായി, പിന്നെ രാഷ്ട്രപതിയായി.

വധിക്കപ്പെടുന്നതിന് മുൻപേ ഇന്ദിര കെ ആര്‍ നാരായണനെ കോൺഗ്രസ്സ് പാർട്ടിയിലേക്ക് ക്ഷണിക്കുവാൻ കാരണം നെഹ്രുവിന്റെ ഉപദേശമായിരുന്നു. രാജ്യം കണ്ട ഏറ്റവും നന്മയുള്ള നയതന്ത്രജ്ഞൻ എന്ന് നെഹ്‌റു വിശേഷിപ്പിച്ചപ്പോൾ അദ്ദേഹം അമേരിക്കയിലും ജപ്പാനിലും ചൈനയിലും തുർക്കിയിലും ബ്രിട്ടനിലും തായ്‌ലാന്റിലും അംബാസിഡറായി ജോലിയെടുത്തിരുന്നു.

ഇന്ദിര ഗാന്ധി തന്നെ നേരിട്ട് ലീഡർ കെ കരുണാകരനെ ഡൽഹിയിലേക്ക് വിളിപ്പിക്കുകയും നാരായണന്റെ രാഷ്ട്രീയ പ്രവേശം സുഗമമാക്കുകയുമായിരുന്നു. പക്ഷേ, നാരായണന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനായത് ഇന്ദിര വധിക്കപ്പെട്ടതിനു ശേഷം നടന്ന 1984 ലെ തിരഞ്ഞെടുപ്പിലാണ്.

അന്നൊരു സ്യൂട്ട്കേസുമായി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ കെ ആര്‍ നാരായണനെ സ്വീകരിക്കാന്‍ പോകാന്‍ പോലും ഉന്നത നേതാക്കളൊന്നുമില്ലായിരുന്നു.

അന്ന് തൃശൂര്‍ ഡി സി സി സെക്രട്ടറിയായിരുന്ന ചെറുതുരുത്തിക്കാരന്‍ എം മുരളീധരന്‍ കേരളീയ ആയുര്‍വേദ സമാജത്തിന്റെ ജീപ്പുമായി ചെന്നാണ് നാരായണനെ കൂട്ടി ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തുന്നത്. അങ്ങനെയാണ് ഒറ്റപ്പാലത്തെ സ്ഥാനാര്‍ഥിയെ പ്രദേശത്തെ കോണ്‍ഗ്രസുകാര്‍ പരിചയപ്പെടുന്നത്.

ഉയര്‍ന്ന ഉദ്യോഗസ്ഥനായി വിരമിച്ച വ്യക്തിയാണ് സ്ഥാനാര്‍ഥിയെങ്കിലും പിന്നോക്കക്കാരനായതിനാല്‍ പ്രചരണ കാലത്ത് പോലും കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ വകവച്ചില്ല. പ്രചരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാക്കളെക്കൊണ്ട് ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസിലെ മുറികള്‍ നിറഞ്ഞപ്പോള്‍ നാരായണന്‍ ഒരു പുതപ്പെടുത്ത് വിരിച്ച് ആ ഗസ്റ്റ് ഹൌസിന്റെ വരാന്തയില്‍ കിടന്നുറങ്ങി.

അന്ന് അദ്ദേഹത്തിന് അല്‍പ്പമെങ്കിലും പരിഗണന നല്‍കിയത് ഷൊര്‍ണൂരിലെ സമ്പന്ന കുടുംബമായിരുന്ന മയില്‍വാഹനം കുടുംബമാണ്. ഒടുവില്‍ തെരഞ്ഞെടുപ്പില്‍ ഏകെ ബാലനെ അട്ടിമറിച്ച് കെ ആർ നാരായണൻ ലോക്‌സഭംഗമായി.

പിന്നീട് രാജീവ് ഗാന്ധി മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായും ആസൂത്രണക്കമ്മീഷൻ വകുപ്പ് മന്ത്രിയായുമൊക്കെ പ്രവര്‍ത്തിച്ചു.

മന്ത്രിയായപ്പോഴാണ് പാലക്കാട്ടെയും തൃശൂരുമൊക്കെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കെ ആര്‍ നാരായണനെ ഗൌനിച്ചു തുടങ്ങിയത്. അന്നും അവസാനം വരെയും വിനയമായിരുന്നു അദ്ദേഹത്തിന്‍റെ മുഖമുദ്ര. അദ്ദേഹത്തെ വാനോളം ഉയര്‍ത്തിയത് ആ വിനയം തന്നെയായിരുന്നു.

പിന്നീടാണ് ട്വിസ്റ്റുകൾ അരങ്ങേറുന്നത്. അത് സാക്ഷാല്‍ കെ കരുണാകരന്റെ പ്രതാപ കാലമായിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഭരണം നിയന്ത്രിക്കുന്ന കിംഗ് മേക്കറും.

അതിനാല്‍ത്തന്നെ കേന്ദ്രത്തിലായാലും കേരളത്തിലായാലും എത്ര പ്രമാണിമാരായാലും ലീഡർക്ക് ആവശ്യമായ ബഹുമാനം കിട്ടിയേ മതിയാകൂ. അത് അദ്ദേഹത്തിന്‍റെ വാശിയായിരുന്നു. അന്നത്തെ കേന്ദ്രമന്ത്രിമാർക്ക് എല്ലാം ലീഡറെ ഏറെ ബഹുമാനമായിരുന്നു. ശരത്പവാർ മുതൽ എസ് കൃഷ്ണകുമാർ വരെയുള്ളവരുടെ കാര്യം അതുതന്നെ.

ആയിടക്കാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഭരിക്കുവാൻ പത്തോളം സീറ്റിന്റെ കുറവ് വന്നത്. ശരത്പവാർ ഒരു സ്വകാര്യ വിമാനം കൊച്ചിയിലേക്ക് അയച്ച് ലീഡറെർ മുംബൈയിലെത്തിച്ചു.

രണ്ടു ദിവസത്തോളം താജിൽ തങ്ങിയ ലീഡര്‍ പതിനേഴ് എംഎൽഎമാരെ ചാക്കിട്ട് പിടിച്ച് ശരത്പവാറിനെ മുഖ്യമന്ത്രിയാക്കുക്കിയാണ് അതേ വിമാനത്തില്‍ പിന്നെ കൊച്ചിയിലേക്ക് മടങ്ങിയത്.

ഈ ഓപ്പറേഷനിൽ ലീഡര്‍ക്ക് ഭാഷാസഹായിയായി പങ്കെടുത്ത ആളായിരുന്ന, പിന്നീട് വിവാദനായകനായ ‘പാവം പയ്യൻ’. പിന്നീട് കേരളത്തിൽ തിരിച്ചെത്തിയ ലീഡറോട് പ്രമുഖ പത്രക്കാരൻ ചോദിച്ചു, “ഈ ഹിന്ദി ഭാഷ നല്ലവണ്ണം അറിയാതെ എങ്ങനെ താങ്കൾ ഇത്രേം വലിയ ഓപ്പറേഷൻ നടത്തി ?”.

ലീഡർ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു, “വാണിയംകുളത്തെയും കുഴഴൽമന്ദത്തെയും മാട് ചന്തകളിൽ ബ്രോക്കർമാർക്ക് ഒരു ഭാഷയുണ്ട്. കൈകളിൽ തോർത്തുമുണ്ടിട്ട് വിരലുകൾകൊണ്ടുള്ള കച്ചവടം, ആ തിയറി പ്രാക്ടിക്കലായി ഞാൻ പരീക്ഷിച്ചുനോക്കി, വിജയം കണ്ടു”. കണ്ണിറുക്കി ഒരു ചിരിയും.

1989 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് കെആർ നാരായണനെതിരെ മീനമാസത്തിലെ സൂര്യനായിരുന്ന ലെനിൻ രാജെന്ദ്രൻ എന്ന ചെറുപ്പക്കാരനെ ഇടതുപക്ഷം പരീക്ഷിച്ചുനോക്കിയെങ്കിലും നാരായണൻ തന്റെ ഭൂരിപക്ഷം വർദ്ധിപ്പിച്ചു. മീനമാസത്തിലെ സൂര്യൻ വിജയിച്ചിരുന്നില്ലെങ്കിലും ഒരു ഇടതുസഹയാത്രികൻ എന്ന നിലയിലായിരുന്നു സീറ്റ് നൽകിയത്.

അന്ന് ഇന്നത്തെപ്പോലെ ആരും ഒരു പ്രത്യേക പാർട്ടിയുടെ വക്താവായി അറിയപ്പെടാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഐവി ശശിയും ടി ദാമോദരനും രാഷ്ട്രീയ സിനിമകൾ ഇറക്കിയപ്പോൾ ഇടത്തിനുവേണ്ടി പടം പിടിച്ചു എന്ന ഒറ്റക്കാരണമാണ് ലെനിന്‍ രാജേന്ദ്രനെ പ്രശസ്തനാക്കിയതും സ്ഥാനാര്‍ഥിയാക്കിയതും.

പക്ഷേ, ചെറുപ്പം മുതല്‍ ഇടത് സഹയാത്രികനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. പിന്നെ അദ്ദേഹത്തിനുണ്ടായിരുന്ന പ്ലസ് പോയിന്റായിരുന്നു ലെനിൻ എന്നുള്ള പേര്. അത് കേള്‍ക്കുമ്പോള്‍ സഖാക്കള്‍ക്ക് ചോര തിളക്കുമല്ലോ ? പക്ഷെ അതൊന്നും ഒറ്റപ്പാലത്തുകാർ വോട്ടുപെട്ടിയിൽ നിക്ഷേപിച്ചില്ല. നാരായണന്റെ ഭൂരിപക്ഷം പിന്നെയും വർദ്ധിച്ചു.

1991 ലോക്സഭാ തിരഞ്ഞെടുപ്പിലും നാരായണനെതിരെ ലെനിൻ രാജേന്ദ്രൻ മത്സരിച്ചപ്പോൾ പരാജയം തന്നെയായിരുന്നു ഫലം. പക്ഷെ അന്ന് മാനസികമായി ലീഡറുടെ അനുഗ്രഹം ഉണ്ടായിരുന്നു എന്നൊരു പിന്നാമ്പുറക്കഥയുണ്ട്. അതിന്റെ കാരണം അതിനോടകം കെ ആര്‍ നാരായണന്‍ കേന്ദ്രത്തില്‍ സമ്മതിയുള്ള നേതാവായി വളര്‍ന്നു കഴിഞ്ഞിരുന്നു.

ഭരണം കിട്ടിയാല്‍ ക്യാബിനറ്റില്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായി നാരായണന്‍ മാറുമോ എന്ന് ലീഡര്‍ ഭയപ്പെട്ടിരിക്കണം. അങ്ങനെ വന്നാല്‍ ക്യാബിനറ്റ് മന്ത്രിമാര്‍ കേരളത്തില്‍ എത്തുമ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ലീഡര്‍ക്കൊപ്പമാകും പ്രോട്ടോക്കോള്‍. ആരും ഒപ്പം നില്‍ക്കുന്നതും കൂടെ നില്‍ക്കുന്നതും ലീഡര്‍ക്ക് ഇഷ്ടമായിരുന്നില്ല.

അതിനാല്‍ തന്നെ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ കേരളത്തില്‍ നിന്ന് ആര്‍ക്കും ക്യാബിനറ്റ് വേണ്ടെന്ന് നരസിംഗ റാവുവിന് ലീഡര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു.

കെആർ നാരായണൻ ഒരു പിന്നോക്കക്കാരന്‍ ആയതുകൊണ്ടാണോ ലീഡർക്ക് ആ വിമ്മിഷ്ടം തോന്നിയത് എന്നാർക്കും അറിയില്ല. കാരണം താഴ്ന്ന ജാതിക്കാരെ സമൂഹത്തിൽ ഉയരത്തിലെത്തിക്കുവാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയ ആളായിരുന്നു ലീഡർ. അതുകൊണ്ട് അക്കാര്യത്തിൽ എന്താണ് അദ്ദേഹത്തിന്റെ ഇഷ്ടക്കുറവിന്റെ കാരണം എന്നത് ഇപ്പോഴും അവ്യക്തമാണ്.

എന്തായാലും തിരഞ്ഞെടുപ്പിൽ കെആർ നാരായൺ വിജയിച്ചുവെങ്കിലും നരസിംഹറാവു മന്ത്രിസഭയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല.
കെ ആര്‍ നാരായണന്‍ ജയിച്ചത് കോൺഗ്രസ്സ് ടിക്കറ്റിൽ ആയിരുന്നെങ്കിലും ആശയങ്ങളെല്ലാം ഇടതിനൊപ്പം ആണെന്നായിരുന്നു അതിന് കാരണമായി കരുണാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞത്.

പക്ഷേ അതിന് ശേഷമാണ് കരുണാകരന്റെ രാജയോഗം ബ്രേക്ക് ചെയ്ത അപകടവും കെ ആര്‍ നാരായണന്റെ രാജയോഗം ഹൈക്ക് ചെയ്ത സംഭവവും അരങ്ങേറിയത്.

1992 ആഗസ്റ്റില്‍ ശങ്കർദയാൽ ശർമ വിരമിച്ചപ്പോള്‍ പകരം ഒരു ഉപരാഷ്ട്രപതി വേണം കോണ്‍ഗ്രസിന്. അന്ന് ഒളിഞ്ഞും തെളിഞ്ഞും കെ ആര്‍ നാരായണന്റെ പേര് പലരും പറയുന്നുണ്ടായിരുന്നു. ഒപ്പം മലയാളിയായ പി സി അലക്സാണ്ടര്‍ക്കും ആ പദവിയില്‍ നോട്ടമുണ്ടായിരുന്നു. ഈ സമയത്താണ് കരുണാകരന്റെ അപകടം.

നാട്ടിലെ ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയ്ക്ക് പറക്കുകയാണ്. പോകുന്നതിന് തൊട്ടുമുമ്പ് ലീഡര്‍ നരസിംഗ റാവുവിനെ വിളിച്ച് പറഞ്ഞു – കേരളത്തില്‍ നിന്നാരെയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന്. പക്ഷേ മുന്‍ പ്രധാനമന്ത്രി വി പി സിംഗ് അന്ന് കെ ആര്‍ നാരായണന്റെ പേര് നിര്‍ദ്ദേശിച്ചു. നരസിംഹറാവു അതംഗീകരിച്ച് അദ്ദേഹത്തെ ഉപരാഷ്ട്രപതിയാക്കി.

കരുണാകരന്‍ മടങ്ങിയെത്തിയപ്പോള്‍ കെ ആര്‍ നാരായണന്‍ ഉപരാഷ്ട്രപതിയാണ്. ലീഡര്‍ അന്ന് റാവുവിനെ വിളിച്ച് ചോദിച്ചു, “ഞാന്‍ പറഞ്ഞില്ലായിരുന്നോ” എന്ന്. സൂത്രശാലിയായ നരസിംഹ റാവുവിന്റെ മറുപടി ഇങ്ങനെയായിരുന്നു, “താങ്കള്‍ പി സി അലക്സാണ്ടറെയല്ലായിരുന്നോ ഉദ്ദേശിച്ചത്, അത് ഞാന്‍ വെട്ടിയല്ലോ”.

പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കരുണാകരനും നരസിംഹ റാവുവും ദുര്‍ബലരായി മാറി. കെ ആര്‍ നാരായണന്‍ ഉപരാഷ്ട്രപതി സ്ഥാനവും കഴിഞ്ഞ് രാഷ്ട്രപതിയുമായി.

“ഞാൻ കമ്മ്യൂണിസത്തെ കണ്ണടച്ച് വിശ്വസിക്കുന്നില്ലെങ്കിലും എനിക്ക് കമ്മ്യൂണിസത്തെ എതിർക്കാനാവില്ല” എന്ന വാക്കുകൾ നാരായണന് കമ്മ്യുണിസ്റ്റ് പാർട്ടികളുടെ പിന്തുണ ലഭിക്കുവാൻ കാരണമായി. അങ്ങനെ 95 ശതമാനം വോട്ടുകളുടെ പിൻബലത്തിലായിരുന്നു കേരളത്തിലെ ന്യൂനപക്ഷ ഗവണ്മെന്റ് നാരായണനെ രാഷ്ട്രപതിയാക്കിയത്.

അങ്ങനെ ഒറ്റപ്പാലത്ത് നിന്ന് തുടങ്ങിയ ഒരു ജൈത്രയാത്രയാണ് റെയ്സിനക്കുന്നുകളില്‍ അവസാനിച്ചത്. 2005 നവംബർ 9 ന് ആ സൂര്യനും നമ്മെ വിട്ടുപിരിഞ്ഞു. കോണ്‍ഗ്രസിന്റെ ഒരധ്യായമാണ് അതോടെ പൂര്‍ത്തിയായത്.


71 വയസ് പൂര്‍ത്തിയായ ഇന്ത്യ അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. ചരിത്ര പ്രധാനമൊന്നുമല്ലെങ്കിലും നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പ്. എല്ലാ തെരഞ്ഞെടുപ്പ് കാലങ്ങളും കേരളത്തെ സംബന്ധിച്ച് കൌതുകങ്ങള്‍ നിറഞ്ഞതായിരുന്നു.

ജനങ്ങള്‍ക്ക് സങ്കീര്‍ണ്ണവും കൌതുകകരവുമായി തോന്നിയ പല രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌ പിന്നിലും ചില കൗതുകകരമായ പിന്നാമ്പുറങ്ങള്‍ ഉണ്ടായിരുന്നു. അവ പലതും അന്നൊക്കെ കോളിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയുമായിരുന്നു.

അത്തരം പിന്നാമ്പുറ കഥകള്‍ ഓര്‍മ്മിച്ചെടുക്കുകയാണ് ഈ പംക്തി.  സത്യം ഓണ്‍ലൈനില്‍ വായിക്കുക, ‘പിന്നാമ്പുറങ്ങള്‍’.. തയാറാക്കിയത് ഓണ്‍ലൈന്‍ രംഗത്ത് പല സൂപ്പര്‍ ഹിറ്റ്‌ പംക്തികള്‍ക്കും രചന നിര്‍വഹിച്ച എ കെ സത്താര്‍.

×