Advertisment

കൊറോണ - ബി പോസിറ്റീവ് !

New Update

നേരം പരപരാ വെളുത്തപ്പോൾ കർത്താവിന് സ്‌തുതി നേർന്നുകൊണ്ട് ആനഅവറാച്ചൻ ജോലിക്കിറങ്ങി. ചൈനയിലെ ഏതോ ഉദാമിൽനിന്നും പരാഗരേണുക്കൾ വിതറിയപോലെ നാട്ടുകാർക്ക് മൊത്തം ഫ്രീയായി ലഭിച്ച ഏതാണ്ട് തൊട്ടാവാടി ചെടിയുടെ പൂവിൻറെ ഷേപ്പിലുള്ള കൊറോണ, മനുഷ്യൻറെ ആകെമൊത്തം ഷേപ്പ് മാറ്റിയിരിക്കുന്ന കാലം.

Advertisment

'നോക്കിയും കണ്ടും നിന്നാൽ അവനവന് കൊള്ളാം' എന്ന എട്ടാംക്ലാസും ഗുസ്‌തിയും കൈമുതലായുള്ള, എന്നാൽ ആംഗലേയം മലയാളിയുടെ സംസ്‌കാരത്തിന് മകുടം ചാർത്തുന്നതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന വാമഭാഗം അന്നാമ്മയുടെ ഉപദേശ പ്രകാരം മാസ്‌ക്, ഗ്ലൗസ് ഇത്യാദി കിടുവടികൾ ചാർത്തി സമുറായ് യോദ്ധാക്കൾ യുദ്ധത്തിന് പോകുന്നമാതിരി കൊറോണയെ പ്രതിരോധിക്കാനുള്ള പടച്ചട്ടകളിട്ടാണ് അവറാച്ചൻ ആപ്പീസിൽ അന്നും ജോലിക്ക് പോയത്.

publive-image

പള്ളിയിൽ പോകാനും കയ്യടിച്ച് കൂട്ടംകൂടി കർത്താവിനെ സ്തുതിക്കനും നിയന്ത്രണമുള്ള കാലത്ത് ദൈവം സഹായിച്ച് അവറാന്റെ ജോലിക്ക് ഇതുവരെ വല്യ തട്ടുകേടൊന്നും സംഭവിച്ചിട്ടില്ല.

അറുപത് വയസ്സായി പെൻഷൻ പറ്റാറായ കണവനെ ജോലിയുടെ ഫൈനൽ സെറ്റിൽമെന്റ് കിട്ടുന്നവരെയെങ്കിലും കാത്തോണേ കർത്താവേ എന്നാണ് പ്രവാസത്തിൽ കൂടെയുള്ള അന്നാമ്മയുടെ മുട്ടിപ്പായുള്ള യാചനയും.

ആപ്പീസിൽപോയ മാപ്പള, ഉച്ചസൂര്യൻ പൂത്തിരികത്തിനിന്ന നേരത്ത് നാലുകാലുംപറിച്ച് തിരികെ ഫ്ലാറ്റിൽ വന്നുകയറി കുളിമുറിയിലേക്ക് ചാടിപ്പാഞ്ഞുപോയതുകണ്ട്, തുറന്നിട്ട വാതിലിലൂടെ അവറാച്ചന്റെ പിന്നാലെ വല്ല കൊറോണയും ഓടിവരുന്നുണ്ടോ എന്ന് അന്നാമ്മകൊച്ചമ്മ സാകൂതം നോക്കി.

കൊറോണ ഏത് വേഷത്തിൽ വരുമെന്ന് പ്രവചിക്കാനാവാത്ത കാലം. സോഷ്യൽ മീഡിയായുടെ മൗലിക മെസേജുകളും രാഷ്ട്രീയ കൂശ്മാണ്ടങ്ങളും അങ്ങനെയൊക്കെയല്ലേ അരുൾ ചെയ്യുന്നത്.

ഉളിചാണ്ടിയപോലെ കുളിക്കാൻപോയ അവറാച്ചൻ അടയ്ക്കായുടെ തോട് പൊളിക്കുന്നമാതിരി വസ്ത്രാദികൾ ഊരിമാറ്റി ദേഹശുദ്ധി വരുത്തി വിശുദ്ധനെപ്പോലെ തിരികെ ഇറങ്ങിവന്നപ്പോൾ അന്നാമ്മ കൺകോണുകളിൽ പരശതം ചോദ്യശരങ്ങൾ കൊളുത്തിയിട്ട് നിൽക്കുകയും രണ്ടുഗ്ളാസ്‌ വെള്ളം വായിലേക്ക് തേമ്പിയിട്ട് ദുർവ്വാസാവിന്റെ ശാപമേറ്റ കന്യകയെപ്പോലെ ആന അവറാൻ ഇപ്രകാരം മൊഴിയുകയും ചെയ്‌തു.

"ആപ്പീസിലെ വടിവേലു സാറിന് കൊറോണ പിടിച്ചെടി...!!"

തൻറെ പാതിയായ പതിയിൽനിന്നും കൊറോണയെന്ന് കേട്ടപാതി കേൾക്കാത്തപാതി ചോദ്യം, ആശ്ചര്യം ഇത്യാദി ചിഹ്നങ്ങൾ മുഖകമലത്തിൽ ക്ഷിപ്രം വിടർത്തി അന്നാമ്മച്ചി മൂക്കത്തും താടിക്കും കരങ്ങൾ സമർപ്പിച്ച് ഏതോ മാരകരോഗം ബാധിച്ചവനെപ്പോലെ അവറാച്ചനെ വീക്ഷിക്കുകയും സർക്കാറിന്റെ കാനോനിക തടസ്സമായ സോഷ്യൽ ഡിസ്റ്റൻസ് പാലിച്ച് മറുചോദ്യം എടുത്തിടുകയും ചെയ്‌തു.

"തിരോന്തോരത്ത് വെള്ളപ്പൊക്കം ഒള്ളതിന് നിങ്ങളെന്നതിനാ മനുഷ്യേനെ, ഗാന്ധിമുക്കിനൂന്ന് മുണ്ടുപൊക്കിപ്പിടിക്കുന്നെ?. നിങ്ങളെന്നാ വടിവേലുസാറിന്റെ കൂടെപ്പോയിരുന്ന് നെരങ്ങിയോ?"

തൻറെ ബോസിനെപ്പറ്റി കാണാകുണാ വർത്തമാനം പറയുന്ന അന്നാമ്മയുടെ അണപൂട്ടിനിട്ട് രണ്ട് താങ്ങുകൊടുക്കാനുള്ള അരിശം ഉണ്ടായിരുന്നെങ്കിലും ഇമ്മാതിരി ചൊറിയൻ വർത്തമാനങ്ങൾ മിന്നുകെട്ടിയ നാൾമുതൽ കേട്ട് ശീലിച്ച്ശീലിച്ച് നിത്യാഭ്യാസി ആനയേയും അന്നാമ്മയേയും അവളുടെ അമ്മ മറിയ പെമ്പിളയേയും എടുക്കും എന്ന അവസ്ഥയിലായിത്തീർന്നിട്ടുള്ള അവറാൻ മൗനം ഭജിച്ചു.

നാണമുള്ളവന് കോണോനും ഭൂഷണം. വേണ്ടയിടത്തും വേണ്ടാത്തിടത്തും കേറി കൊട്ടേഷൻ അടിക്കാനുള്ള അന്നാമ്മയുൾപ്പെടെയുള്ള വനിതാരത്നങ്ങളുടെ കൊണാധികാരം ഐ. എസ്. ഒ. വരെ സർട്ടിഫൈ ചെയ്തിട്ടുള്ളതിനാൽ താനായിട്ട് അതിനിനിയൊരു ഊനം വരുത്തേണ്ട എന്നാണ് അവറാച്ചന്റെ മതം.

"എന്നാ മനുഷ്യാ, നിങ്ങക്ക് നാക്കില്ലേ?" അന്നമ്മയുടെ നാക്കിനുണ്ടോ നീക്കുപോക്ക്.

"എൻറെ പൊന്ന് അന്നാമ്മേ, ഞാൻ കാലത്ത് ജോലിക്ക് സൈറ്റിലാരുന്നു. അപ്പൊ ദാണ്ടടാ, വടിവേലുസാറിന്റെ വിളി; ആപ്പീസിലേക്ക് ചെല്ലാൻ. നേരുബുദ്ധിക്ക് ഞാൻ പോയി കണ്ടിട്ട് തിരികെ സെറ്റിൽ ചെന്നപ്പോഴേക്കും സേഫ്റ്റി ആപ്പീസറിന്റെ വിളിവന്നു.

വടിവേലുസാറിന് അപ്പോൾ കൊറോണ പോസിറ്റിവ്‌ റിസൾട്ട് വന്നെന്നും അതറിഞ്ഞ സാർ വീട്ടിലേക്ക് ഓടിയെന്നും. കഷ്ടകാലത്തിന് അഞ്ച്മിനിറ്റ് പ്രൈമറി കോണ്ടാക്റ്റ് ആയ എന്നോടും പറഞ്ഞു പോയി കാറന്റൈൻ ഇരുന്നോളാൻ" ശ്വാസതടസ്സത്തെ ലഘൂകരിക്കാൻ അവറാച്ചൻ ഒരുഗ്ളാസ്‌ വെള്ളംകുടി എടുത്ത് വീത്തി.

"എൻറെ യൂദാതദേവൂസ് പുണ്യാളാ" കേട്ടപാടെ റോമക്കാരാൽ പത്മോസ് ദ്വീപിൽ നാടുകടത്തപ്പെട്ട യോഹന്നാനെപ്പോലെ അന്നാമ്മ നെഞ്ചത്തടിച്ച് വെളിപാട് തുടങ്ങി.

"അല്ലേലും നിങ്ങൾ വേണേലും വേണ്ടയേലും മാനേജരുടെ അടുത്ത് ചളവ ചപ്പാൻ പോകുമെന്നെനിക്കറിയാം. ഈ കുന്ത്രാണ്ടംപിടിച്ച വൈറസ് ഒള്ളപ്പോളെങ്കിലും നോക്കീം കണ്ടും വേണ്ടായോ...?"

കഷ്ടകാലത്ത് പിന്നാമ്പുറമിടിച്ച് വീണുകിടക്കുമ്പോൾ ചൊറിയൻ വർത്തമാനം പറയാൻ കാട്ടാഗുസ്തിക്കാരെപ്പോലെ അന്നാമ്മയ്ക്കുള്ള പവ്വർ അറിയാവുന്ന അവറാച്ചൻ ഇടയ്ക്ക്കയറി ഗോൾ തടുക്കാൻ ശ്രമിച്ചു.

"ആ...ആടി; ചളവചപ്പി, ചളവചപ്പി മണിയടിച്ചുതന്നെയാടീ അവറാൻ ഇത്രത്തോളം കേറിയത്. അല്ലാതെ നിന്നെപ്പോലെ ഐ.എ.എസ് പഠിച്ചിട്ടോ കണ്ടിടത്ത് പോയിരുന്ന് നാഴികയ്ക്ക് നാൽപതുവട്ടം കയ്യടിച്ച് സ്തോത്രം പാടിയിട്ടോ അല്ല"

അവറാച്ചന് തറവാനം മറിച്ചുവന്നാൽ അന്നാമ്മ പിന്നെ മിണ്ടുകേല. പ്രേത്യേകിച്ച് വിദ്യാഭ്യാസകാര്യത്തിൽ ഞോണ്ടുമ്പോൾ.

തോമാശ്ലീഹാമുക്കി നസ്രാണികളാക്കിയ പാരമ്പര്യത്തിലെന്ന് പൊങ്ങച്ചം വിളമ്പുന്ന കണവനറിഞ്ഞും അറിയാതെയുമാണ് അവർ പാപ്പിപാസ്റ്ററുടെ കൂട്ടായ്മയിൽ പോകുന്നത്. അതാണ് മൂപ്പീന്ന് വ്യംഗ്യാർത്ഥത്തിൽ കൊട്ടിയത്.

എന്തായാലും പ്രൈമറി കോണ്ടാക്റ്റായ അവറാച്ചൻ കുറേ ദിവസത്തേക്ക് വീട്ടിൽ ഇരിപ്പായി. ഇതിനിടയിൽ കമ്പനിയിൽ നിന്ന് സേഫ്റ്റി മാനേജരുടെ ഫോൺ വരികയും ഇതിയാൻ കോവിഡ് പത്തൊൻപത് ടെസ്റ്റിന് പോവുകയും ചെയ്‌തിരുന്നു.

അന്നാമ്മയുടെ കൂട്ടായ്മയിലുള്ള മേരിക്കൊച്ചിന്റെ ആസ്‌പത്രിയിൽ പോയി മൂക്കിൽ ഈർക്കിൽ പോലെ എന്തോ കുന്തമിട്ട് കുത്തി മാന്തിപ്പറിച്ച് ടെസ്റ്റിന് എടുക്കുകയും വഴിനീളെ മൂക്ക് ചൊറിഞ്ഞ് അവറാച്ചന്റെ ഊപ്പാട് വരികയും ചെയ്‌തു.

കാര്യമേതായാലും കേട്ടിയോന്റെ കൊറോണക്കാലം ആഘോഷമാക്കിയേക്കാമെന്ന് നിരൂപിച്ച അന്നാമ്മ, കൂട്ടായ്മയിലെ സഹോദരീസഹോദരങ്ങളോട് ഫോണിൽകൂടി പരിവേദനം തുടരുകയും മേരിക്കൊച്ച് നേരിട്ട് റിസൾട്ട് അറിയിക്കാമെന്നുപറഞ്ഞ സുദിനം നോക്കി രക്ഷകനെകാത്ത് ദൈവജനം ഇരുന്നപോലെ നിരപ്പിലങ്ങ് ഇരിപ്പുമായി.

അന്നൊരുദിവസം ഉച്ചക്ക് അവറാച്ചൻ കാവൽമാലാഖാമാരുടെ സംരക്ഷണയിൽ സുഖസുഷുപ്തിയിൽ മരുവുമ്പോൾ മണാകുണാ ശബ്ദത്തിൽ ഫോണടിച്ചു. മേരിക്കൊച്ച്!

"അന്നാമ്മച്ചീ, റിസൾട്ട് വന്ന്" കേട്ടപ്പോൾ മൂത്തമോൻ സാബുവിന്റെ പത്താംക്ലാസ് റിസൾട്ട് വന്നകാലത്തുപോലും ആകാംഷ ഇറ്റിക്കാത്ത അന്നാമ്മ മേരിക്കൊച്ചിന്റെ ബാക്കി വചനങ്ങൾക്കായി കാതോർത്തു.

"അന്നാമ്മച്ചീ, റിസൾട്ട് നെഗറ്റീവാ"

"മാതാവേ, നെഗറ്റീവ് ആണോടീ?! പോസിറ്റീവ് അല്ലിയോ?" ഏതോ പാതകം കേട്ടമാതിരി അന്നമ്മ ഞെട്ടി. ഇതിപ്പം അവരെ കുറ്റംപറയാനും ഒക്കുകേല. പെമ്പിള ജീവിതത്തിൽ ഇതുവരെ കേട്ടിട്ടുള്ള നെഗറ്റീവുകൾ ഒന്നും അത്ര നല്ലതല്ല. 'നെഗറ്റീവ് ആറ്റിട്യൂട്', 'നെഗറ്റീവ് ഫലം' ഇമ്മാതിരി പല ആംഗലേയ വാക്കുകൾ ഇടയ്ക്കിടെ അന്നാമ്മ കേൾക്കുന്നതല്ലേ.

"അന്നാമ്മച്ചീ, പേടിക്കുകയൊന്നും വേണ്ടാന്ന്. ബി പോസിറ്റിവ്, ഓക്കെ? റിസൾട്ട് ഉടനെ സിസ്റ്റത്തിൽ അപ്‌ഡേറ്റ് ചെയ്യും. ദാണ്ടെ എന്നെ ഡോക്ടർ വിളിക്കുന്നു" ഇതും പറഞ്ഞ് മേരിക്കൊച്ച് ഫോൺ വച്ചിട്ടോടി.

അന്നാമ്മ കൂലങ്കഷമായി ചിന്തിച്ചു. ഇവളിപ്പോ എന്നതാ പറഞ്ഞിട്ടുപോയെ ? ബി പോസിറ്റീവ്. എന്നുവച്ചാൽ സംഭവം പോസിറ്റീവായി എടുക്കണോന്ന് ! കുഴപ്പമൊന്നുമില്ലെന്ന് മേരിക്കൊച്ച് പറയുകേം ചെയ്‌തു. കർത്താവിന് സ്തോത്രം !

ഈ സന്തോഷവാർത്ത പൂണ്ടുകിടന്ന് ഉറങ്ങുന്ന കണവനെക്കാൾ ആദ്യം അറിയിക്കേണ്ടത് രാവും പകലും മുട്ടിപ്പായി പ്രാർത്ഥിച്ചുകൊണ്ടിരുന്ന പാപ്പിപാസ്റ്റർക്കും കെട്ടിയോൾക്കുമാണ്.

കർത്താവീശോമിശിഹ പോലും നട്ടപാതിരായ്ക്ക് ജനിച്ചപ്പോൾ മാലാഖമാർ 'അത്യുന്നതത്തിൽ മഹത്വവും ഭൂലോകർക്ക് ശാന്തിയും' നേർന്നത് പോത്തുപോലെ കിടന്നുറങ്ങിയിരുന്ന അജപാലകരോടാണ്. അന്നാമ്മ ഉടനടി ഫോണെടുത്ത് പാപ്പിപെമ്പിളയെ വിളിച്ചു.

അടുത്തകാലത്ത് പാസ്റ്റർമാർക്കിട്ട് തന്നുംപിന്നും ആപ്പടിക്കുന്ന ഏതോ കുനഷ്ട് ചലച്ചിത്രം കണ്ട കലിപ്പിൽ കൊറോണ വന്നത് സിലിമാക്കാരുടെ അണ്ണാക്കിലടിക്കാനാണെന്ന് മറുഭാഷ പറഞ്ഞുകൊണ്ടിരുന്നപ്പോളാണ് ഫോണടികേട്ട് പാസ്റ്റർപെമ്പള ക്ഷിപ്രം ചാടിയെണീറ്റത്.

"പാപ്പി കൊച്ചമ്മേ, ഇവിടെ പിള്ളേരുടെ അപ്പൻറെ കൊറോണ റിസൽട്ട് വന്നു. പേടിക്കാനൊന്നുമില്ല പോസിറ്റീവായിട്ട് എടുക്കാൻ മേരിക്കൊച്ച് ദാണ്ടിപ്പോൾ വിളിച്ചുപറഞ്ഞേയുള്ളൂ"

അന്നാമ്മ പറഞ്ഞുമുഴുപ്പിക്കുംമുമ്പ് ഫോൺവച്ചിട്ട് പാപ്പിപെമ്പിള ഈ സദ്‌വാർത്ത കൂട്ടായ്മയിലുള്ള സർവ്വമാന സഹോദരീ സഹോദരന്മാർക്കും വിളംബരം ചെയ്‌തു.

'കർത്താവിന്റെ നാമത്തിൽ കൊറോണ എന്ന ദുഷ്ടശക്തിയെ അവറാച്ചന്റെ മേൽനിന്ന് ചവിട്ടി പുറത്താക്കണേ..' എന്ന് ജി.സി.സി അതിർത്തി കടന്ന് ആരോഗ്യ ശ്രീമതിയുടെ കേരളക്കരയിലേക്ക് പ്രാർത്ഥന പാഞ്ഞുകൊണ്ടിരുന്ന നേരത്ത്, അവറാച്ചന്റെ ഫ്ലാറ്റിനുമുന്നിൽ ആംബുലൻസും, പോലീസും കമ്പനി പ്രതിനിധികളും എന്നുവേണ്ട സർവ്വമാന കിടുവടികളും എത്തുകയും പോസിറ്റീവായ അവറാച്ചനെ നെഗറ്റീവാക്കാൻ തൂക്കിയെടുത്ത് ഏതോ ഗുദാമിലേക്ക് പായുകയും അന്നാമ്മയ്ക്ക് ഏകാന്തതടവുമാതിരി ഐസൊലേഷൻ വിധിക്കുകയും ചെയ്‌തു.

ബി.ബി.സി, സി.എൻ.എൻ എന്നീ നെറ്റ്‌വർക്കുകൾ മെർജ് ചെയ്‌ത ദൈവദാസൻ പാപ്പിപാസ്റ്ററിന്റെയും കെട്ടിയോളുടെയും സ്വർഗ്ഗീയനെറ്റ്‌വർക്ക് ഇത്രശക്തമെന്ന് ആ ദിനം മാലാഖമാരും മാലോകരും അറിഞ്ഞു.

ആംബുലസ് കണ്ടപാതി കാണാത്തപാതി ആനഅവറാച്ചന്റെ പാതിബോധം പോയിക്കിട്ടി. നാട്ടിൽ ചെന്നാൽ 'കൊറോണഅവറാൻ' എന്ന പേരാണ് തന്നെ കാത്തിരിക്കുന്നത്.

ഇത്രയുംനാൾ സ്വർണമാല, സ്പ്രേ, റോത്ത്മാൻസ് സിഗരറ്റ്, നടക്കുന്ന ലൂട്ടിഫ്രീ ജോണിച്ചായൻ ഇത്യാദി സാധനങ്ങളാൽ അലംകൃതമായിരുന്ന പ്രവാസിയുടെ നാമധേയം, കൊറോണ കേറിനെരങ്ങി എയ്‌ഡ്‌സ്‌ പിടിച്ചവനെക്കാൾ ഗ്രാഫ് താഴെയാക്കി കുളിച്ചാലുംനനച്ചാലും മാറാത്ത നാണക്കേടുപോലായിത്തീരും എന്ന് നിരൂപിച്ച് ബാക്കി ബോധവും 'ടിപ്രാക്ക്' എന്നമട്ടിൽ പോയിക്കിട്ടി.

അന്നാമ്മ കീറിവിളിച്ച് മേരിക്കൊച്ചിനെ ഫോണെടുത്ത് കുത്തി "എന്തിരവളെ, നീയല്ലേടീ പറഞ്ഞത് ബി. പോസിറ്റീവ്, ബി. പോസിറ്റീവെന്ന്. ഇപ്പൊ ദാണ്ടെ, അതിയാനെ പൊക്കിയെടുത്തൊണ്ടങ്ങ് പോയി. പോസിറ്റീവേതാ നെഗറ്റീവ് ഏതാ എന്നറിയാൻമേലാത്ത നിന്നെയൊക്കെ ഏത് പൂത്തക്കോടനാടീ നഴ്‌സ് പണിക്കെടുത്തെ? ഫൂ! അവടെയൊരു പോസിറ്റീവ്"

മുല്ലപ്പെരിയാർ തുറന്നവിട്ടമാതിരി കലിതുള്ളി അന്നാമ്മ ഫോൺവച്ച് കർത്താവീശോമിശിഹായുടെ ഫോട്ടോയിലേക്ക് വലിവോടെ, അലിവിനായ് കണ്ണുകൾ ഉയർത്തി.

ഇനിയിപ്പോ ആനഅവറാൻ നെഗറ്റീവ് ആണെന്ന് സിസ്റ്റത്തിൽ അപ്‌ഡേറ്റായി വരുന്നതുവരെ എല്ലാവരും ഗോ റ്റു ഹോം, ആൻഡ് ബി പോസിറ്റീവ് !

Advertisment