Advertisment

ഒരു ചെറുതേൻകഥ

author-image
ജോയ് ഡാനിയേല്‍, ദുബായ്
Updated On
New Update

കുട്ടികളോട് ഒരു ചോദ്യം. നിങ്ങളിൽ എത്രപേർ ചെറുതേൻ കുടിച്ചിട്ടുണ്ട്? ചെറുതേനീച്ചയെ കണ്ടിട്ടുണ്ട്?

Advertisment

ഇതൊരു ചെറിയ തേൻ കഥയാണ്. ഈ തേനിന് മധുരമോ, പുളിപ്പോ അതോ കയ്‌പോ എന്ന് കഥാന്ത്യം നിങ്ങൾക്ക് മനസ്സിലാകും.

എൻറെ ബാല്യത്തിൽ, വീടിൻറെ ചുമരുകളിലും മറ്റും ചെറുതേനീച്ചകൾ കൂടുവയ്ക്കുമായിരുന്നു. ഒരു ഉപദ്രവവും ഇല്ലാത്ത ചെറുജീവികൾ. നമ്മൾ ഉപദ്രവിക്കാൻ ചെന്നാൽ പാവം തലയ്ക്കു മുകളിൽ പറക്കുകയും തലമുടിയിൽ ഒക്കെ കയറുകയും ചെയ്യും. അത്രയേയുള്ളൂ ആ കുഞ്ഞുപ്രാണിയുടെ പ്രതിരോധം. വലിയ തേനീച്ചയെപ്പോലെ കുത്താനുള്ള കൊമ്പോ ആയുധമോ ഒന്നും അതിനില്ലല്ലോ.

വല്ലപ്പോഴും ഈ ചെറുതേനീച്ചയുടെ കൂട്ടിൽ ഈർക്കിൽ കുത്തിയിറക്കി അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന തേൻ നക്കികുടിക്കുന്നത് ഏതോ ജന്മസാഫല്യം പോലെയായിരുന്നു അന്ന് ഞങ്ങൾ കുട്ടികൾക്ക്.

publive-image

കാലമാകുന്ന പുസ്തകപേജുകൾ മറിഞ്ഞപ്പോൾ മൺകട്ടകൾ ഉള്ള വീട് കോൺക്രീറ്റായി. ചെറുതേനീച്ചകളും, തേനും ഒക്കെ എങ്ങോ പോയി. പിന്നെ പെട്ടികളിൽ വളർത്തുന്ന തേനീച്ചകളുടെയോ, കടകളിൽ നിന്ന് വാങ്ങുന്നതോ ഒക്കെയായി തേൻ. കുഞ്ഞുപ്രാണികളെ കാലത്തിനൊപ്പം പടിക്ക് പുറത്താക്കി ഞാനും 'പുരോഗമിച്ചു'.

പുതിയ വീട് വച്ചശേഷം, രണ്ടായിരത്തിഒൻപതിൽ അവധിക്ക് പോകുമ്പോൾ ഒരു എമർജൻസി ലൈറ്റ് വാങ്ങി നാട്ടിൽ കൊണ്ടുപോയി. അതിൻറെ കവറും, അകത്തെ തെർമോക്കോളും ചപ്പുചവറുകൾക്കുള്ളിൽ കളയാൻ തോന്നിയില്ല. വാറണ്ടി പിരീഡ് വരെ എവിടെയെങ്കിലും സൂക്ഷിച്ച് വയ്ക്കാം എന്ന ചിന്തയിൽ അത് ഞാൻ വീടിൻറെ പുറത്തെ ആരഭിത്തിയിൽ വച്ചു. മഴയും വെയിലും കൊള്ളാതെ അത് അവിടെയിരുന്നുകൊള്ളും എന്ന വിശ്വാസത്തിൽ അവധിയൊക്ക കഴിഞ്ഞ് തിരികെ ദുബായിലേക്ക് യാത്രയായി.

അടുത്ത തവണ നാട്ടിൽ പോയപ്പോൾ, മുമ്പ് സൂക്ഷിച്ച്‌വച്ച എമർജൻസി ലൈറ്റിൻറെ കവർ ഞാൻ തപ്പിച്ചെന്നു. അതിലേക്ക് നോക്കിയപ്പോൾ ചുറ്റും ചെറു തേനീച്ചകൾ പറക്കുന്ന നല്ല കാഴ്‌ച. ഞാൻ ആ കൂടൊന്ന് പൊക്കി. ദൈവമേ, അതിനകത്ത് നിറയെ ചെറുതേനീച്ച കൂട് കെട്ടി നൂറുകണക്കിന് തേനീച്ചകൾ നൃത്തം ചെയ്യുന്നു! മനസ്സിൽ ഒത്തിരി സന്തോഷം തോന്നി. പാവം ജീവികൾ. അവറ്റകൾക്ക് ഒരു കൂട് ഉണ്ടാക്കികൊടുക്കുവാൻ കഴിഞ്ഞല്ലോ. ആ ചെറു ജീവികൾ മെഴുകുകൊണ്ട് ഉണ്ടാക്കിയ വാതിലിലൂടെ ഈച്ചകൾ പുറത്തേക്ക് വരുന്നതും അകത്തേക്ക് പോകുന്നതും നോക്കി ഞാനിരുന്നു.

വേണമെങ്കിൽ ആ കൂട് പൊളിച്ച് കുറെ ചെറുതേൻ എടുക്കാം. ചെറുതേൻ കുടിച്ചിട്ട് വർഷങ്ങളായി. ഈച്ചകൾ വീണ്ടും അവിടെവിടെങ്കിലും കൂട് വച്ചുകൊള്ളും. എന്നാൽ മനസ്സ് അതിനനുവദിച്ചില്ല. നൂറോ ഇരുനൂറോ മില്ലി ചെറുതേനിനു വേണ്ടി ഈ ജീവികളെ ഇല്ലാതാക്കാൻ എന്തോ ഒരു വിഷമം. തേനീച്ചകൾ ഇല്ലാതായി പത്ത് വർഷം കഴിഞ്ഞാൽ മനുഷ്യൻ ഭൂമുഖത്തുനിന്ന് ഇല്ലാതാകും എന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് വായിച്ച ഓർമ്മ മനസ്സിലേക്കോടിവന്നു. സുരക്ഷിതമായി ആ തേനീച്ചകളെ നോക്കണം എന്ന് ഭാര്യയോടും മകളോടും പറഞ്ഞ് അവധി കഴിഞ്ഞ് ഞാൻ വീണ്ടും തിരികെ യാത്രയായി.

ഓരോ വർഷവും ഒന്നോ രണ്ടോ തവണ നാട്ടിൽ പോകുമ്പോളെല്ലാം ഞാൻ കുറെനേരം ആ ചെറു തേനീച്ചക്കൂട് നോക്കിയിരിക്കുമായിരുന്നു. അവിടെ ആ ജീവികൾ സുരക്ഷിതമാണെന്ന് ഉറപ്പായിരുന്നു. "നമുക്ക് തേനെടുക്കാം പപ്പാ" എന്ന് മകൾ പറഞ്ഞിട്ടും ഞാൻ എടുത്തില്ല. ഈച്ചകളെ തൊട്ടും തലോടിയും വർഷങ്ങൾ കടന്നുപോയി. ഇതിനിടെ കുടുംബം ദുബായിലേക്ക് ചേക്കേറി. ഞങ്ങൾ ഒന്നിച്ച് നാട്ടിൽ അവധിക്ക് പോയി തിരികെ വന്നു. അപ്പോഴും ഈച്ചകൾക്കും കൂടിനും പഴക്കം ഉണ്ടായതല്ലാതെ കേടുപാടുകൾ ഒന്നും ഇല്ലാതെ അവ സ്വര്യവിഹാരം തുടർന്നു.

പത്ത് വർഷങ്ങൾ കടന്നുപോയി!

രണ്ട് മാസം മുമ്പ് അവധിക്ക് പോകുമ്പോൾ ഈച്ചക്കൂട് നിറം ഒക്കെ മങ്ങി, കറുപ്പ് പറന്നു. എങ്കിലും അകത്ത് ഈച്ചകളുടെ ബഹളം. കൈകൊണ്ട് ഒന്ന് തൊട്ടപ്പോൾ തോർമോകോൾ പൊടിയാൻ തുടങ്ങി. ഈശ്വരാ..! ഇത് പൊടിഞ്ഞുപോയാൽ ഈ ജീവികൾ? പത്ത് വർഷത്തോളം വീട്ടിലെ സഹജീവികകളായി ജീവിച്ചവർ ഇല്ലാതാകുന്നത് ഓർക്കാൻ പോലും വയ്യ. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു. ഈ കൂട് അധികം താമസിക്കാതെ നശിച്ചുപോകും. ഈ ചെറുജീവികൾ കഷ്ടപ്പെട്ട് പുതിയൊരു വാസസ്ഥലം ഉണ്ടാകേണ്ടതായും വരും.

എന്നിട്ടും ആ കൂടി പൊളിച്ച് തേൻ എടുക്കാൻ എനിക്കോ കുടുംബത്തിനോ തോന്നിയില്ല. സഹജീവികളോടുള്ള അലിവ്. പിന്നെ പൂക്കളോടും, വണ്ടിനോടും, പൂമ്പാറ്റകളോടും ഇത്തരം ചെറുജീവികളോടും ഉള്ള ഇഷ്ടം. അത്രയേ ഉള്ളൂ കാരണം.

കഴിഞ്ഞ ദിവസം ഭാര്യ എനിക്ക് ഒരു ചിത്രം അയച്ചു തന്നു. എൻറെ നെഞ്ചിൽ ഒരു പടപടപ്പ് സമ്മാനിച്ച ചിത്രമായിരുന്നു അത്. പൊട്ടിയ ഈച്ചയുടെ തെർമോകോൾ കൂടും, തേൻപാരയും ഒക്കെ. അവളത് ഒരു ചെറിയ പാത്രത്തിലാക്കി തേൻ പിഴിഞ്ഞെടുത്തു. വീട് നഷ്ടപ്പെട്ട് പരക്കം പായുന്ന ഈച്ചകളെ എനിക്കപ്പോൾ സങ്കൽപിക്കാൻ സാധിക്കുമായിരുന്നു.

അടുത്ത ഫോട്ടോ അരിച്ചെടുത്ത ചെറുതേൻ ഒരു ചെറിയ കുപ്പിയിൽ വച്ചതിന്റെതായിരുന്നു. തേനീച്ചക്കൂടിന്റെ മെഴുകും, അവശിഷ്ടങ്ങളും ഒക്കെ ഒരു കലത്തിലാക്കി തേനീച്ചക്കൂട് ഇരുന്ന സ്ഥാനത്ത് ഭാര്യ കൊണ്ടുവച്ചു. കുറെ ഈച്ചകൾ അതിനകത്ത് കയറി നോക്കുന്നു. ചിലത് പുറത്തിറങ്ങുന്നു. ആകെ ഈച്ചകൾക്ക് അങ്കലാപ്പും ബഹളവും.

സൂര്യൻ മറഞ്ഞു. സന്ധ്യയായി ഉഷസ്സുമായി.

അടുത്ത ദിവസം രാവിലെ ഭാര്യ ചെന്നുനോക്കുമ്പോൾ കമഴ്ത്തി വച്ചിരുന്ന കലത്തിൽ ഒരീച്ചപോലും ഇല്ല! വേറേതോ സുരക്ഷിത വാസസ്ഥലം തേടി അവയെല്ലാം എങ്ങോ പറന്നുപോയി.

ഒരു പുരാവസ്തുപോലെ ആ ചെറിയ ഓട്ടയിട്ട മൺകലം മാത്രം അവിടെയുണ്ട്. പത്ത് വർഷത്തോളം വീട്ടിലുണ്ടായിരുന്ന കൊച്ചു ജീവികൾ എന്നെങ്കിലും തിരികെ വരും എന്ന പ്രതീക്ഷയോടെ, നശിച്ചുപോയ കൂടിന്റെ മെഴുക് അവശിഷ്ടങ്ങളുമായി, മനസ്സിന് സുഖം തരുന്ന ഓർമകളുടെ തിരുശേഷിപ്പുകളായി....അതിഥികളെ കാത്ത്.

ഊറ്റിയെടുത്ത തേനും എന്നെ കാത്തിരിക്കുന്നു. അടുത്ത അവധിക്ക് നാവിന് രസം പകരാൻ. എന്നാൽ ആ തേൻതുള്ളികൾ നാവിന് മധുരത്തേക്കാൾ പുളിപ്പായിരിക്കും നൽകാനാവുക. ചെറുജീവികളുടെ അധ്വാനത്തിന്റെ, അവരുടെ നഷ്ടപ്പെടലിൻറെ, വേദനയുടെ പുളിപ്പ്.

Advertisment