ചെറിയ പെരുന്നാൾ: നന്മ ആശിക്കുന്നവർക്കുള്ള ആഘോഷം

Monday, June 3, 2019

– പി. അബ്ദുൽലത്തീഫ് സുല്ലമി, മാറഞ്ചേരി

ടിഞ്ഞാറൻ ചക്രവാളത്തിൽ ശവ്വാൽ പിറവിയറിയിക്കുന്ന അമ്പിളിക്കീറ് തെളിഞ്ഞാൽ വിശ്വാസികളുടെ അധരങ്ങളും മനോമുകുരങ്ങളും തക്ബീറിനാൽ പ്രകമ്പനം കൊള്ളുകയായി!

ശവ്വാല്‍ നിലാവില്‍ പ്രശോഭിതയായി നില്‍ക്കുന്ന വീടകങ്ങളും, ആത്മീയ സുഖത്തിന്റെ പാരമ്യതയില്‍ പുളകം കൊള്ളുന്ന മനുഷ്യ മനസും. പ്രപഞ്ചനാഥന്റെ ഔന്നത്യം വിളിച്ചോതുന്ന തക്ബീർ ധ്വനികളാൽ നാടുണരുമ്പോൾ പെരുന്നാളിന്റെ സന്തോഷം ഹൃദയാന്തരാളത്തിൽ ആഹ്ലാദം നിറയ്ക്കുകയായി.

വിശ്വാസത്തിന്റെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നിലാവെളിച്ചം മനസിലേക്കാവാഹിച്ച്,നോമ്പുകാരന്‍ നേടിയെടുത്ത ഉണര്‍വിന്റെയും ക്ഷമയുടെയും നന്മയുടെയും ഒരു പുതു പുലരിയാണ് യഥാർത്ഥത്തിൽ ശവ്വാലിൽ പിറവിയെടുക്കുന്നത്. ഈ ആത്മീയോല്ലാസ വേളയിലും വിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ടതാകുന്നത് അല്ലാഹുവിന്റെ മഹത്വമാണ്. (അല്ലാഹു അക്ബർ വാലില്ലാഹിൽ ഹംദ്..) ഒരു മാസക്കാല വ്രത ജീവിതത്തിലൂടെ ആർജ്ജിച്ചെടുത്ത പരിശീലനമാണ് നന്മ.

കാരണം റമദാന്‍ നോമ്പ് പരലോക വിജയത്തിനുള്ള പാത വെട്ടിത്തെളിക്കാനുള്ള വലിയൊരു പ്രചോദനമായിരുന്നു. അത് വിശ്വാസികൾ ക്കിടയിൽ അവശേഷിപ്പിക്കുന്നത് വരും നാളുകളിലേക്കുള്ള നല്ലൊരു ജീവിത സരണിയാണ്.ജീവിതത്തിൽ ഏറ്റവും വലുതും മഹത്തരമായതും പ്രപഞ്ചനാഥന്റെ നിയമങ്ങളാണെന്നു ഈ സുദിനത്തിലും പ്രഖ്യാപിച്ച് ഉറപ്പിക്കുകയാണ് തക്ബീർ വിളംബരത്തിലൂടെ.

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ശാന്തിയുടേയും തക്ബീര്‍ ധ്വനികളു ടെ സാരാംശമാണ് ഇനി പങ്കുവെക്കപ്പെടേണ്ടത് .ജീവിത പൂർണ്ണതക്കും സ്വസ്ഥതക്കും ഭദ്രതക്കും അതാണ് കരണീയം.ധാർമികതയെയും മൂല്യങ്ങളെയും അനാവരണം ചെയ്യുന്ന വിധമായിരിക്കണം ദൈനംദിന കാര്യങ്ങൾ. തീർച്ചയായും വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്കരണത്തിന്‍റെ പ്രഭയിലാണ് നാം ഈദുല്‍ ഫിത്‌ര്‍ ആഘോഷിക്കപ്പെടുന്നത്.

വ്രതസമാപ്തിയുടെ വിജയാഘോഷം എന്നത്രെ ചെറിയ പെരുന്നാള്‍ കൊണ്ട് അര്‍ഥമാക്കുന്നത്. ചിട്ടയോടെയും സൂക്ഷ്‌മതയോടെയും ഒരു മാസം നീണ്ട വ്രതനി‌ഷ്‌ഠയുടെയും പുണ്യം പങ്കിടുന്ന ഒത്തുചേരല്‍ കൂടിയാണ് ഈദുല്‍ ഫിത്‌ര്‍. ഒരു മാസക്കാലം വ്രതാനുഷ്‌ഠാനങ്ങളിലും പ്രാര്‍ത്ഥനകളിലും ദാനധര്‍മങ്ങളിലും മുഴുകിയ വിശ്വാസികള്‍ക്ക്‌ ആഹ്ലാദിക്കാന്‍ ദൈവത്തില്‍ നിന്ന്‌ ലഭിച്ച അവര്‍ണനീയമായ ദിനമാണ് ഈദുല്‍ ഫിത്‌ര്‍‍.

സ്നേഹവും സാഹോദര്യവും മനുഷ്യത്വവും മൈത്രിയും ചോർന്നു പോകുന്ന ഇക്കാലത്ത്ഈദുല്‍ ഫിത്‌റിന്‍റെ സാമൂഹ്യ സന്ദേശത്തിന് വലിയ പ്രസക്തിയുണ്ട്. കാരണം അത് പങ്കുവെക്കലിന്റെയും സാഹോദര്യത്തിന്റെയും മേന്മയെ സൂചിപ്പിക്കുന്നു. ദൈവഭക്തിയും ജീവിത സൂക്ഷ്മതയും മനുഷ്യ ഹൃദയങ്ങളിലാണ് കുടികൊള്ളുന്നതെന്ന് പഠിപ്പിച്ച വിശുദ്ധ റമദാൻ ഈദുല്‍ ഫിത്‌ര്‍ ദിനത്തിന് നല്‍കുന്ന സ്ഥാനം വളരെ വലുതാണ്.

മനുഷ്യരന്യോന്യം അറിഞ്ഞു ഇടപെടുന്നതിന് ആഘോഷങ്ങൾ നിമിത്തമാകണം. പെരുന്നാള്‍ സന്തോഷിക്കാനുള്ളതാണ്,തീർച്ച.എന്നാൽ ആ സന്തോഷം മനുഷ്യമക്കളിൽ പ്രസരിക്കപ്പെടണം. പെരുന്നാളിൽ പ്രധാനമായ രണ്ട് ആരാധനകളാണ് പെരുന്നാള്‍ നമസ്ക്കാരവും ഫിത്വര്‍ സകാത്തും.

പൊതുവെ എല്ലാവരും പെരുന്നാള്‍ ദിനം വിഭവ സമൃദ്ധമായ ആഹാരം കഴിക്കുമ്പോള്‍, സാധുക്കളെകൂടി പെരുന്നാള്‍ സുഭിക്ഷമായി ആഘോഷിക്കാന്‍ ഉപകരിക്കുന്നതിന് ദീൻ പ്രയോഗവല്‍ക്കരിച്ച തുല്യതയില്ലാത്ത മാനുഷിക കാഴ്ചപ്പാടാണ് ഫിത്വര്‍ സക്കാത്ത്‌. സാധുക്കളോടുള്ള ദയ, സമസൃഷ്ടി സ്‌നേഹം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയവ വിളംബരം ചെയ്യുന്ന സവിശേഷ ദാനമായി ഫിത്‌ര്‍ സക്കാത്തിനെ വിലയിരുത്തപ്പെടുന്നു.

ആഘോഷദിനം ആരും തന്നെ പട്ടിണി കിടക്കരുതെന്ന സന്ദേശമാണ് ഫിത്‌ര്‍ സക്കാത്തിലൂടെ നിറവേറ്റുന്നത്.ഓരോ നാട്ടിലും സ്വീകാര്യമായ മുഖ്യ ആഹാരമെന്തോ അത് ഫിത്വർ സകാത്തായി നൽകാം. ഈദിന്‍റെ പ്രഭാതം ആനന്ദത്തിന്‍റേതും,സന്തോഷത്തിന്റേതുമാണ്. പള്ളിമിനാരങ്ങളില്‍ നിന്നും നാട്ടുവഴികളില്‍നിന്നും വീടുകളില്‍നിന്നും ഈദുല്‍ഫിത്‌റിന്‍റെ അർത്ഥസാന്ദ്രമായ തക്‌ബീര്‍ധ്വനികള്‍ മുഴങ്ങും.

കുട്ടികളും വലിയവരും പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും നീങ്ങും. സ്ത്രീകളും കുട്ടികളും മൈലാഞ്ചിയണിഞ്ഞ് ഈദിന് പൊലിമ പകർന്നിട്ടുണ്ടാകും. ഈദുല്‍ ഫിത്‌ര്‍ ആഘോഷത്തിന്റെ പ്രധാന സാഫല്യം പെരുന്നാള്‍ നമസ്കാരമാണ്.

പുതുവസ്‌ത്രങ്ങളണിഞ്ഞ്‌, കുട്ടികളും മുതിർന്നവരും സ്ത്രീകൾ ഉൾപ്പടെ സമൂഹത്തിലെ ആബാല വൃദ്ധം ജനങ്ങളും ഈദുഗാഹുകളിലേക്കും പള്ളികളിലേക്കും എത്തുന്നു. പരസ്പരം പെരുന്നാള്‍ ആശംസകള്‍ നേരുന്നത്‌ ഈദ്ഗാഹുകളിലെ ഹൃദയംഗമമായ മറ്റൊരു സൗഹൃദ അനുഭൂതിയാണ്. പലവിധ പ്രയാസങ്ങൾ നേരിടുന്ന മനുഷ്യരോട് ദയാവായ്പുള്ളവരാകാൻ പ്രേരിപ്പിക്കുന്ന വിശിഷ്ട വികാരമാണ് സ്നേഹവും പ്രാർത്ഥനയും.

മതത്തിൽ രണ്ട്‌ ആഘോഷങ്ങളാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌ .ഈദുല്‍ ഫിത്‌റും ഈദുല്‍ അദ്‌‌ഹായും. ഈ രണ്ട് ആഘോഷങ്ങള്‍ക്കും ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും വൈവിധ്യങ്ങളുണ്ട്. എങ്കിലും ആഘോഷങ്ങള്‍ അതിരുകടക്കാന്‍ പാടില്ല. ഈദുല്‍ ഫിത്‌ര്‍ ദിനം ആഘോഷിക്കാനുള്ളതാണ്.

ശാന്തിയുടെയും സഹിഷ്‌ണുതയുടെയും സൗഹാര്ദത്തിന്റെയും ഊഷ്മളമായസന്ദേശമാണ്‌ ലോക ജനതയ്ക്ക് ഈദുല്‍ഫിത്‌ര്‍ നല്‍കുന്നത്. എന്നാൽ വിശുദ്ധിയുടെയും നന്മയുടെയും ഗുണങ്ങളെ കരിച്ചുകളയുന്നതാവരുത് ആഘോഷരീതികൾ. സംതൃപ്തവും സ്നേഹപൂർണ്ണവുമായിരിക്കണം സന്തോഷ വേളകൾ.സന്തോഷം സന്താപത്തിൽ കലാശിക്കും വിധമാവരുത്.

സന്തോഷാവസരങ്ങൾ ജീവിതത്തിൽ തിന്മക്കുള്ള സ്വാധീനമായി പരിണമിക്കരുതെന്ന് മതം നിർബന്ധമായും ആഗ്രഹിക്കുന്നു. സാഹോദര്യവും നന്മയും അഭിലഷിക്കുന്ന,പ്രഖ്യാപിക്കുന്ന, പ്രതിപാദിക്കുന്ന ഈദുൽ ഫിത്വർ ആഘോഷം വിശ്വാസികൾ സമ്പൂർണ്ണമായി പ്രയോഗവൽക്കരിക്കേണ്ടതുണ്ട്.

എല്ലാ സഹോദരങ്ങൾക്കും സ്നേഹ നിർഭരമായ ഈദുൽ ഫിത്വർ ആശംസകള്‍..

×