Advertisment

ലൈക്കുകൾ - ഇഷ്ടാനിഷ്ടങ്ങൾ

author-image
admin
New Update

- ബിജു ജോസഫ് 

Advertisment

publive-image

സോഷ്യൽ മീഡിയ വളരെ വിശാലമായ തുറസായ ഒരു പ്രതലമാണ്. തികച്ചും വ്യക്‌ത്യാധിഷ്ഠിതമായ കാഴ്ചപ്പാടിന്റെ അവശിഷ്ടങ്ങൾ അവിടെ ഉപേക്ഷിച്ചു പോകുന്നവർ വളരെയേറെയാണ്‌. പിന്നീട് അവിടം സന്ദർശിക്കുന്നവർക്ക് അവ കാണേണ്ടിവരികയും, അതിന്റെ ദുർഗന്ധം അനുഭവിക്കേണ്ടിവരികയുമൊക്കെ ചെയ്തേക്കാം. അതവിടെ നിൽക്കട്ടെ തത്കാലം.

പറയുവാൻ ഉദ്ദേശിക്കുന്നത് സോഷ്യൽ മീഡിയാലോകത്തെ മാർക്കുകളായ ലൈക്കുകളെകുറിച്ചാണ്. ഒരാൾ മറ്റൊരാളുടെ പോസ്റ്റിനു ലൈക്ക്‌ ചെയ്യുന്നത്കണ്ട് സ്വസ്ഥതനഷ്ടപെടുന്ന പരുക്കരായ അരസികർ മുതൽ കണ്ണിൽകാണുന്ന പോസ്റ്റുകൾ മുഴുവനും വായിച്ചു ''ലൈക്ക്'' അമർത്തി മുന്നോട്ടുപോകുന്ന സഹൃദയർ വരെയുള്ള സോഷ്യൽ മീഡിയ ലോകം...!!

ചിലരാകട്ടെ, ആര് പോസ്റ്റ് ചെയ്തതാണ് എന്ന് നോക്കിയശേഷം മാത്രം ലൈക്ക് ചെയ്യുന്നവരാണ്. ഇക്കൂട്ടർ ചിലത് അവഗണിക്കുകയും മറ്റുചിലതിന് കണ്ണും പൂട്ടി ലൈക്ക് ചെയ്യുകയും ചെയ്യും. ഒരു തരം ജീർണ്ണിച്ച മനോഭാവമാണ് അതിനു കാരണമായി കണ്ടെത്താനാവുക.

വേറെയുമുണ്ട് ചിലർ. താൻ ലൈക്ക് ചെയ്താൽ അത് ഏതെങ്കിലും വിധത്തിൽ പോസ്റ്റ് ചെയ്തവന് ഗുണമായി ഭവിച്ചെങ്കിലോ എന്ന ഒരുതരം തെറ്റായ ആശങ്കകൾ വച്ചുപുലർത്തുന്നവരാണവർ.

ഇനിയുമുണ്ട് ഒരു കൂട്ടർ. പൊതുവെ ദുരഭിമാനികളായ ഇവർ ലൈക്ക് ചെയുന്നത് ഒരു കുറവായി സ്വയം വിലയിരുത്തുന്നവരാണ്.

ഇവരിൽനിന്നെല്ലാം വ്യത്യസ്തമായി ''പരിഗണിക്കുന്നു'' എന്നറിയിക്കുവാനായി ലൈക്ക് ചെയ്യുന്നവരുമുണ്ട്. ഇവർക്ക് ഒരു വിഷയവും പ്രസക്തമല്ല.

തന്റെ രാഷ്ട്രീയവും മതവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ മാത്രം ലൈക്ക് ചെയ്യുന്നവർ ആണ് സോഷ്യൽ മീഡിയ ലോകത്തെ വൈറസുകൾ.

ഇങ്ങനെയൊക്കെയാണെങ്കിലും വളരെ അഭിനന്ദനം അർഹിക്കുന്ന ഒരു കൂട്ടരുംകൂടിയുണ്ട് ഇതിനെല്ലാമിടയിൽ . അവരെ പരാമർശിക്കാതെ പോകുന്നത് തെറ്റുതന്നെയാണ്. ഒരു ''പ്രോത്സാഹനം'' എന്ന നിലയിൽ ലൈക്ക് ചെയ്യുന്ന അവരാണ് സോഷ്യൽമീഡിയ ലോകത്തെ നന്മമരങ്ങൾ.

പോസ്റ്റുകളുടെ ഉള്ളടക്കവും, വിഷയങ്ങളുടെ ആധികാരികതയും വസ്തുനിഷ്ഠതയും മനസിലാക്കി ലൈക്ക് ചെയ്യുകയും തുടർന്ന് തങ്ങളുടെ പ്രതികരണം അതോടൊപ്പം അറിയിക്കുകയും ചെയ്യുന്നവരുണ്ട്. ഇവർ പൊതുവെ സർഗാത്മകതയും നിലപാടുകളും ഉള്ളവരാണ്.

ഒന്നും തങ്ങളെ ബാധിക്കുന്നതല്ലെന്നു കരുതി, സൗകര്യപൂർവം സ്വയം സൃഷ്‌ടിച്ച വലയത്തിനുള്ളിൽ ഒളിച്ചുകഴിയുന്നവരുമുണ്ട്. അവർ ഒന്നും കാണുന്നില്ല, ഒന്നും കേൾകുന്നുമില്ല. ലൈക്ക് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്നില്ല. ഒരു തരം നിസ്സംഗതയേറുന്നവർ.

ഇനിയുമുണ്ട് ഏറെ. ഏതായാലും സോഷ്യൽ മീഡിയയുടെ അവിർഭാവത്തോടുകൂടി വസ്തുതകളും വാർത്തകളും മാത്രമല്ല, ആളുകളുടെ മനോഭാവവും തുറന്നുകാട്ടപ്പെടുന്നുണ്ട്. സ്വാർത്ഥതാല്പര്യങ്ങളും വ്യക്തിതാല്പര്യങ്ങളും ലൈക്കുകളും കമന്റുകളുമായി പതിയുമ്പോൾ നിറംമാറ്റപെടുന്നത് സമുഹത്തിന്റെ വർണാഭമായ ചട്ടക്കൂടിനാണ്.

Advertisment