കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ട 225 ഹതഭാഗ്യരും അമ്മ പെറ്റ മക്കള്‍ തന്നെയാണ്‌ ! അത് മറക്കരുത്

Tuesday, April 16, 2019

– അഡ്വ. എസ്‌ അശോകന്‍

ഹാരാജാസ്‌ കോളേജ്‌ ക്യാമ്പസില്‍ കൊല്ലപ്പെട്ട എസ്‌ എഫ്‌ ഐ നേതാവ്‌ അഭി മന്യുവിന്റെ മൃതദേഹത്തില്‍ ആര്‍ത്തനാദത്തോടെ കെട്ടിപ്പിടിച്ച്‌ അലമുറയിട്ട്‌ കരയുന്ന അമ്മയുടെ പടം വച്ച ഫ്‌്‌ള്‌കസ്‌ ബോര്‍ഡുകള്‍ കേരളത്തിന്റെ മുക്കിനും മൂലയിലും ഇപ്പോഴും കാണാം ആ ഫ്‌്‌ള്‌കസ്‌ ബോര്‍ഡുകളിലെ തല വാചകം അത്ര പെട്ടെ ന്നൊന്നും ആര്‍ക്കും മറക്കാനാവില്ല.

‘നാന്‍ പെറ്റ മകനെ… എന്‍ കിളിയേ…’ സി പി ഐ (എം)ന്‌ കുറേ കാലത്തേക്ക്‌ അഭിമന്യു വിലപ്പെട്ട രാഷ്‌ട്രീയ പ്രചാരണ ആയുധമായിരുന്നു. പക്ഷെ സി പി ഐ (എം) നേതാക്കളും പ്രവര്‍ത്തകരും ഒരു കാര്യം സൗകര്യ പൂര്‍വ്വം മറന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ട 225 ഹതഭാഗ്യരും അമ്മ പെറ്റ മക്കള്‍ തന്നെയാണ്‌!.

മക്കള്‍ കൊല്ലപ്പെട്ടാലും, സ്വാഭാവികമായി മരിച്ചാലും അമ്മമാര്‍ പൊ ട്ടിക്കരയും. അതാണ്‌ അമ്മ മനസ്സ്‌. സി പി ഐ (എം)കാര്‍ക്കു മാത്രമല്ല അമ്മയുള്ളത്‌. എല്ലവരും അമ്മ പെറ്റ മക്കള്‍ തന്നെയാണ്‌. സി പി ഐ എമ്മിന്റെ കൊലക്കത്തിക്ക്‌ ഇരയായ ഓരോ ഹതഭാഗ്യനും അമ്മയുണ്ട്‌. ആ അമ്മമാരും ചേതനയറ്റ മക്കളുടെ മൃതദേഹങ്ങളില്‍ കെട്ടിപ്പിടിച്ച്‌ ഹൃദയം പൊട്ടിക്കരഞ്ഞിട്ടുണ്ട്‌.

അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രം ഭീകരാക്രമണത്തില്‍ കത്തിച്ചാമ്പലായപ്പോള്‍ കൊല്ലപ്പെട്ടവരുടെ അനുസ്‌മരണ സമ്മേളനത്തില്‍ പ്രസംഗിക്കവെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ബുഷ്‌ പറഞ്ഞ വാക്കുകള്‍ തികച്ചും അന്വര്‍ത്ഥമാണ്‌. ‘ഇവിടെ മരിച്ചു വീണ ഓരോരുത്തരെ ചുറ്റിപ്പറ്റിയും ഓരോ ചെറു ലോകം ഉണ്ടായിരുന്നു. അനേകം ലോകങ്ങളാണ്‌ ഭീകരാക്രമണം ഇല്ലാതാക്കിയത്‌’.

കാസര്‍കോട്ട്‌ പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റേയും, ശരത്‌ലാലിന്റേയും കുടുംബ ങ്ങളാണ്‌ സി പി എം അനാഥമാക്കിയത്‌. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ ശോഭ കെടുത്താന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. കേരളത്തില്‍ അങ്ങോളം ഇങ്ങോളം കൊല്ലപ്പെടുന്നവരോ കൊല്ലുന്ന വരോ ആരെങ്കിലും ഒരാള്‍ സി പി എം കാരനാണ്‌ എന്നത്‌ നിസ്സാരമായി കാണാനാവില്ല.

അതുകൊണ്ടുതന്നെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക്‌ ചരമഗീതം കുറിക്കാന്‍ മറ്റേതു രാഷ്‌ട്രീയ പാര്‍ട്ടികളേക്കാള്‍ ഉത്തരവാദിത്വം സി പി എമ്മിനാണ്‌. മറ്റാരു വിചാരിച്ചാലും ഈ കൊലവെറി അവസാനിക്കില്ല. അത്‌ സി പി എം തന്നെ തീരുമാനിക്കണം.

കൊല്ലപ്പെട്ടത്‌ അഭിമന്യു ആയാലും, ഷുക്കുര്‍ ആയാലും, ഷുഹൈബ്‌ ആയാ ലും, കൃപേഷ്‌ ആയാലും, ശരത്‌ലാല്‍ ആയാലും കൊല്ലപ്പെട്ടവരുടെ കുടുംബ ത്തിനു തന്നെയാണ്‌ നഷ്‌ടം. കൊല്ലപ്പെട്ടവര്‍ ആരായാലും കൊല്ലുന്നവര്‍ ആരായാലും അവര്‍ക്കൊക്കെ മാതാപിതാക്കളും സഹോദരങ്ങളും ഉറ്റവരും ഉടയവരും ഉണ്ട്‌ എന്ന്‌ എന്തേ ആര്‍ക്കും തോന്നാത്തത്‌?.

മൂന്നു പതിറ്റാണ്ടിലധികം സി പി എം അടക്കി ഭരിച്ച പശ്ചിമ ബംഗാളിലും, തൃപു രയിലും ഇപ്പോള്‍ സി പി എംകാരെ കണ്ടാല്‍ പാമ്പിനെ തല്ലി കൊല്ലുന്നതു പോലെ തല്ലി കൊല്ലുമെന്നാണ്‌ പറച്ചില്‍. രസകരമായ മറ്റൊരു വസ്‌തുതയുണ്ട്‌. സി പി എമ്മിന്‌ അധികാരം നഷ്‌ടപ്പെട്ടപ്പോള്‍ അവരുടെ റൗഡിപ്പടയാകെ തൃണമൂലിലും, ബി ജെ പിയിലും ചേക്കേറി പൂര്‍വ്വാധികം ശക്തിയോടെ എതിരാളികളെ വകവരുത്തിക്കൊണ്ടിരിക്കുന്നു.

ഒന്നിനും ഒരു വ്യത്യാസവുമില്ല. എല്ലാം പഴയപടി തന്നെ. പിടിക്കുന്ന കൊടിയുടെ നിറത്തിന്‌ മാത്രമാണ്‌ മാറ്റം. മനസ്സിനും പ്രവര്‍ത്തിക്കും ഒരു മാറ്റവുമില്ല. കേരളത്തില്‍ സി പി എമ്മിന്റെ അവസാന മുഖ്യമന്ത്രി എന്ന ഖ്യാതി എത്രയും വേഗം സ്വന്തമാക്കാനുള്ള തത്രപ്പാടിലാണ്‌ പിണറായി വിജയന്‍ എന്നും പറച്ചിലുണ്ട്‌.

അധികാരം നഷ്‌ടപ്പെട്ടാല്‍ സി പി എംകാര്‍ക്ക്‌ ചേക്കേറാന്‍ താവളങ്ങള്‍ കേരളത്തിലും ഉണ്ട്‌ വോട്ടു രാഷ്‌ട്രീയത്തില്‍ ആര്‍ക്കും ഒരു അസ്‌പര്‍ശതയും ഇല്ല. സ്വന്തം മക്കളുടെ മൃത ശരീരത്തില്‍ കെട്ടിപ്പിടിച്ച്‌ ആര്‍ത്തനാദത്തോടെ അലമുറ യിടുന്ന അമ്മമാരുടെ കഥ ആവര്‍ത്തിക്കാതിരുന്നാല്‍ എല്ലാവര്‍ക്കും നന്ന്‌. നാടിനും നാട്ടാര്‍ക്കും! ‘ദൈവത്തിന്റെ സ്വന്തം നാട്‌ സാത്താന്റെ നാടാവാതിരിക്കട്ടെ!.’

[ലേഖകന്‍ മുന്‍ ഇടുക്കി ജില്ലാ ഗവണ്‍മെന്റ്‌ പ്ലീഡറും പബ്ലിക്ക്‌ പ്രോസിക്യുട്ടറുമാണ്‌]

×