Advertisment

തെറ്റ് ചൂണ്ടി കാണിച്ചത് പോലും ഇഷ്ടപ്പെടുന്നില്ല .. എല്ലാവരും രാഷ്ട്രീയം മറന്ന് ഒന്നിച്ചു തന്നെയാണ് നിൽക്കുന്നത്. മനസ്സുകൊണ്ട് കൂടെ നിൽക്കാം. ബുദ്ധി പണയം വയ്ക്കാതെ തന്നെ

author-image
admin
New Update

- വിപിൻ സാം തോമസ്

Advertisment

ലോകത്തെ ഭീതിപ്പെടുത്തുന്ന കൊറോണ വൈറസ് ബാധയെ നേരിട്ടുകൊണ്ടിരിക്കുന്നതിൽ കേരളം അനേകം പ്രശംസകളാണ് ഏറ്റുവാങ്ങുന്നത്. ഇതിൽ രാഷ്ട്രീയം കാണേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

കാരണം, സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തോടൊപ്പം തന്നെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ സംഘവും എസ്ക്യൂട്ടീവിന്റെ ഭാഗമായ ജില്ലാ കളക്ടർമാരും ചെറുതും വലുതുമായി ഈ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും കൈകോർത്ത് നിൽക്കുന്നതിന്റെ ഫലമാണ് ഈ മുന്നേറ്റം.

ഇതിന് മുന്നിൽ നിന്ന് നയിക്കാൻ പ്രതിജ്ഞാബദ്ധരായ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ ഈ കാര്യത്തിൽ ക്രിയാത്മകമാണ് എന്നതിൽ തർക്കമില്ല. പ്രളയത്തെ ഒരുമിച്ച് നേരിട്ടതുപോലെ, മനസ്സുകൊണ്ട് കൂടെ നിൽക്കുക തന്നെയാണ് നമ്മൾ ഈ സമയത്തും ചെയ്യേണ്ടത്.

publive-image

പക്ഷെ, നമ്മുടെ ബുദ്ധി ഭരണകൂടത്തിന് പണയം വയ്ക്കണം എന്ന് അതിനു അർത്ഥമില്ല. നേതൃത്വം ക്രിയാത്മകമാണ് എന്ന് അംഗീകരിക്കുമ്പോൾ തന്നെ അവർ കുറവുകൾക്ക് അതീതരാണെന്നും അവരെ വിമർശിക്കാൻ പാടില്ലെന്നും ചിന്തിക്കുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ?

ഈ കാര്യത്തിൽ മുൻകരുതലുകൾ സ്വീകരിച്ചപ്പോഴും നടപടികൾ എടുത്തപ്പോഴും സംഭവിച്ച വീഴ്ചകൾ ചുണ്ടിക്കാട്ടുന്നവരെ കണ്ണുംപൂട്ടി കുറ്റപ്പെടുത്തുന്നത് ബുദ്ധിപരമാണോ?

"ഒന്നിച്ച് നിൽക്കണം" എന്ന ആഹ്വാനം മനസ്സുകൊണ്ട് ഏറ്റെടുത്തേ മതിയാകൂ. പക്ഷേ, പ്രളയകാലത്തും ഇതേ മുദ്രാവാക്യം മുഴക്കിയ സംസഥാന ഭരണകൂടം പ്രളയ ദുരിതാശ്വാസ നിധി വിനിയോഗിച്ച രീതി ഇന്ന് വിജിലൻസിനു മുന്നിൽ "ചോദ്യചിഹ്നം പോലെ" കുനിഞ്ഞുനിൽക്കുന്ന കാഴ്ച മറന്നുപോകുന്നത് നല്ലതല്ല. പലർക്കും ഇന്നും "ദുരിതം" ബാക്കിയാകുമ്പോഴും ചിലർക്ക് മാത്രം അത് "നിധി"യായി മാറിയത് എങ്ങനെ എന്ന് ഇപ്പോൾ കേരളത്തിന്‌ മനസിലായിക്കഴിഞ്ഞു.

"ഒന്നിച്ച് നിൽക്കണം"എന്നത് അക്രമ രാഷ്ട്രീയത്തിനെതിരായും ഇതേ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉയർന്നുകേട്ടതാണ്. അവിടെയും ഇരട്ടത്താപ്പ് വെളിച്ചത്തുവന്നത് അക്രമരാഷ്ട്രീയത്തിന് കുട പിടിക്കുകയും സ്വന്തം പാർട്ടിക്കാരായ പ്രതികളെ സംരക്ഷിക്കാൻ ഉന്നത-തല അന്വേഷണങ്ങൾ തടയാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ്.

ഈ കാപട്യവും ഇതിനുവേണ്ടി ഒഴുക്കിയ ജനങ്ങളുടെ നികുതി പണവും നിയമസഭയിൽ ചോദ്യംചെയ്യപ്പെട്ടപ്പോൾ അസഹിഷ്ണുതയുടെ അസഭ്യവർഷങ്ങൾ അണപൊട്ടി ഒഴുകിയതാണ്. ഈ വസ്തുതയും നമ്മുടെ ബുദ്ധിക്ക് "മീതെ പറക്കരുത്".

പൗരത്വ ഭേദഗതി വിഷയത്തിലും "ഒന്നിച്ച് നിൽക്കണം" എന്നത് വെറുംവാക്കായി അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്നതല്ലാതെ എത്രത്തോളം പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നതും ഓർമ്മിക്കുന്നത് നല്ലതാണ്.

അതുകൊണ്ട്, ഈ വൻവിപത്തിനെ തുടച്ചുനീക്കാൻ ജനമനസ്സുകൾ ഒന്നിക്കുമ്പോഴും രാഷ്ട്രീയ നേതൃത്വത്തെ അതിപ്രശംസാ വാക്കുകൾ കൊണ്ട് പൊതിഞ്ഞ് "അമാനുഷികരായി" ചിത്രീകരിക്കുന്ന തലത്തിലേക്ക് പോകുന്നതിൽ കാര്യമുണ്ടോ എന്ന് ബുദ്ധി ഉപയോഗിച്ച് തന്നെ ചിന്തിക്കേണ്ടതാണ്.

മനസ്സുകൊണ്ട് കൂടെ നിൽക്കാം; ബുദ്ധി പണയം വയ്ക്കാതെ തന്നെ.

Advertisment