എൻ എസ് ജയനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് ആരൊക്കെ? കറപുരളാത്ത വ്യക്തിത്വത്തിനുടമയും ആദർശധീരനുമായിരുന്ന ഈ മുൻ സൈനികന്റെ ‘വീരമൃത്യു’ ബാങ്കിംഗ് മേഖലയിലെ ജീവനക്കാർക്കായി. ഇദ്ദേഹത്തിനെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടതിനെക്കുറിച്ച് സമഗ്രവും ത്വരിതവുമായ അന്വേഷണം വേണം

സുഭാഷ് ടി ആര്‍
Tuesday, February 12, 2019

റണാകുളം ഷൺമുഖം റോഡിലെ എസ്ബിഐ റീജനൽ ബിസ്സിനസ്സ് ഓഫീസ്-3 യിലെ സീനിയർ അസോസിയേറ്റ് എൻ എസ് ജയൻ (53) സ്വന്തം ഓഫീസ് കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു എന്ന വാർത്ത ആർക്കും വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല. ഫെബ്രുവരി 5 വൈകുന്നേരം 4.15 ആയപ്പോൾ ആയിരുന്നു സഹപ്രവർത്തകരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ഞെട്ടിച്ചു കളഞ്ഞ ജയന്റെ ആത്മഹത്യ.

വീട്ടിലും നാട്ടിലും ജോലി സ്ഥലത്തും എല്ലാവർക്കും പ്രിയങ്കരനാണ് ജയൻ. പുത്തൻകുരിശിലെ ആദരണീയനായ വ്യാപാരി, പരേതനായ ഞാറ്റിയേൽ ശ്രീധരന്റെ അഞ്ചു മക്കളിൽ മൂത്ത മകൻ ആണ് ജയൻ. സൈനിക സേവനത്തിന് ശേഷം എസ്ബിഐ, ആർബിഒ 3 യിൽ സീനിയർ അസോസിയേറ്റ് ആയി ജോലി ചെയ്യുകയായിരുന്നു.

വാക്കുകളിലെ മിതത്വവും പ്രവൃത്തിയിലെ കൃത്യതയും വിശ്വാസ്യതയും ചുരുങ്ങിയ സമയത്തിനുള്ളിൽ ജയന് സഹപ്രവർത്തകർക്കിടയിൽ പെരുമ ഉണ്ടായി. അതുകൊണ്ടാവണം നാഷനൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ സോൺ-3 അസിസ്റ്റന്റ് ജനറൽ സെക്രട്ടറി,ഒഫീഷ്യേറ്റിംഗ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ അദ്ദേഹത്തെ തേടിയെത്തിയത്.

സെൻട്രൽ പോലീസ് പറഞ്ഞത്

ബാങ്ക് കെട്ടിടത്തിന്റെ ടെറസ്സിൽ മൊബൈൽ ഫോണും അഴിച്ചു വെച്ച നിലയിൽ ഷൂസുകളും ഉണ്ടായിരുന്നു. ചാടുന്നതിന് മുമ്പ് മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേയ്ക്ക് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ജയന്റെ ഫോണിലേക്ക് വന്നതും ഫോണിൽ നിന്ന് പോയ വിളികളും പരിശോധിച്ച് മരണകാരണം കണ്ടെത്താൻ കഴിഞ്ഞേക്കാം. വിശദമായ അന്വേഷണം ഈ കാര്യത്തിൽ ഉണ്ടാകും എന്ന് എസിപി പി എസ് സുരേഷ് അറിയിച്ചു.

ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്

മരണത്തിനു മുമ്പുള്ള നാല് ദിവസങ്ങൾ ജയൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് ഭാര്യ ബിജി പറഞ്ഞു. മരണപ്പെടുന്ന ദിവസം ഓഫീസിലേക്ക് പോകണ്ട എന്ന് പറഞ്ഞിട്ടും പോവുകയായിരുന്നു. ജോലി രാജിവെച്ച് പോരാനും താൻ അഭ്യർത്ഥിച്ചിരുന്നു എന്ന് ബിജി സത്യം ഓൺലൈനോട് പറഞ്ഞു.

ബാങ്ക് ജീവനക്കാരുടെ സംഘടനയിലെ സജീവപ്രവർത്തകനും നേതാവും ആയ ജയൻ, സംഘടനയുടെ സംസ്ഥാന നേതൃത്വം നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കിയപ്പോൾ മാനേജ്മെന്റിന് നീരസം ഉണ്ടായി. ജയനെതിരെ മാനേജ്മെന്റ് നടപടിയെടുക്കാൻ തുനിഞ്ഞപ്പോൾ സംഘടനാ നേതൃത്വം പിന്തുണച്ചില്ലന്നു മാത്രമല്ല ജയന്റെ ചുമലിലേയ്ക്ക് പൂർണമായി ഉത്തരവാദിത്വം ഏൽപ്പിച്ചു കൈയൊഴിഞ്ഞു.

മാനസികമായും ശാരീരികമായും ആരോഗ്യവാനായിരുന്നു അദ്ദേഹം. സൈനിക സേവനത്തിൽ നിന്ന് ലഭിച്ച അടുക്കും ചിട്ടയും അച്ചടക്കവും ആത്മാർത്ഥതയും സത്യസന്ധതയും കുടുംബത്തിൽ മാത്രമല്ല ജോലി സ്ഥലത്തും പുലർത്തിയിരുന്നു. സംഘടനാ നേതൃത്വം കൈയൊഴിഞ്ഞത് സഹപ്രവർത്തകർക്ക് വേണ്ടി നിലകൊണ്ട രാജ്യസ്നേഹിയായ ഈ മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹത്തിന് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.

ജയനെ ഇത്രയും ടെൻഷൻ അനുഭവിയ്ക്കുന്നത് കണ്ടിട്ടില്ലാത്ത ഭാര്യ ജയൻ ഓഫീസിലെത്തിയശേഷം വിളിച്ചു പറഞ്ഞു, അനന്തുവിനെ (മകൻ) വിടുന്നുണ്ട്, കാർ അവന്റെ കൈയിൽ കൊടുത്തു വിട്ടിട്ട് വൈകിട്ട് ബസിന് പോന്നാൽ മതി എന്ന്. അനന്തു പോയി കാർ എടുത്തുകൊണ്ട് പോരുകയും ചെയ്തു. അസ്വാഭാവികമായി ഒന്നും തന്നെ മകന് തോന്നിയതുമില്ല.

ജയൻ തന്നെ ഡിസൈൻ ചെയ്ത മനോഹരമായ ഇരുനില വീട്ടിൽ ആണ് താമസിക്കുന്നത്. ജയന്റെ പ്രിയപ്പെട്ട ലാബ്രഡോർ മാഗി, മുറ്റത്തെ ഫിഷ് ടാങ്ക്, ഫലവൃക്ഷങ്ങൾ, കായ്ച്ചു തുടങ്ങിയ മുന്തിരിവള്ളി. സാമ്പത്തികമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല താനും.

അത്കൊണ്ട് ജയന്റെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാവണം അത് ത്വരിതവുമാകണം എന്ന് സഹോദരന്മാരായ സതീശ്, സജീവ്, സുധീർ സഹോദരി നിഷ തുടങ്ങിയവർ സത്യം ഓൺലൈനോട് പറഞ്ഞു. ജയന്റെ സുഹൃത്തുക്കളും നാട്ടുകാരും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കാളികളായി ആക്ക്ഷൻ കമ്മിറ്റി രൂപീകരിയ്ക്കാൻ പദ്ധതി ഇടുന്നുണ്ട്.

ബെഫി പറയുന്നു

ബാങ്ക് ജീവനക്കാരുടെ മറ്റൊരു സംഘടനയായ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജയന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ധർണ നടത്തി. സൈനിക സേവനത്തിന് ശേഷം ബാങ്കിൽ മാതൃകാ പരമായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല.

തൊഴിൽ സൗഹൃദം അല്ല എസ്ബിഐ യിലെ തൊഴിൽ മേഖല. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാട് ജീവനക്കാർക്ക് പിരിമുറുക്കം ഉണ്ടാക്കുന്നതാണന്ന് പരാതിയുണ്ട് താനും.

കുറച്ചു നാളായി എസ്ബിഐ ഇടപാടുകാരുമായി സൗഹൃദത്തിൽ അല്ല എന്ന് പരക്കെ ആക്ഷേപമുണ്ട്. മാനേജ്മെന്റിന്റെ വികലമായ നയങ്ങൾ മൂലം ഇടപാടുകാർ ബാങ്കിനെ ഉപേക്ഷിച്ച് പോകുന്നതിന് ജീവനക്കാരെന്തു പിഴച്ചു. ശാഖകളിലെ ജീവനക്കാരുടെ സേവന സന്നദ്ധതയും അർപ്പണവും ആണ് ഇടപാടുകാരെ പിടിച്ചു നിർത്തിയിരുന്നത്.

വലിപ്പചെറുപ്പമില്ലാതെ എല്ലാ ഇടപാടുകാരോടും സൗഹൃദം സൂക്ഷിക്കുകയും പുതിയ ഇടപാടുകാരെ ബാങ്കിലേക്ക് ആകൃഷ്ടരാക്കുകയും ചെയ്യുന്നതും നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുന്നതും ഈ ശാഖകളിലെ ജീവനക്കാരുടെ മാന്യവും അന്തസ്സും ഉള്ള പെരുമാറ്റം കൊണ്ട് ആണ്.

മിനിമം ബാലൻസ് ഇല്ലാത്തതിനാൽ ഇടപാടുകാരോട് പെനാൽറ്റി വാങ്ങാൻ പറയുന്നത് മാനേജ്മെന്റാണ്, ജീവനക്കാരല്ല. ഇതിന്റെ പേരിൽ ജീവനക്കാരും ഇടപാടുകാരും തമ്മിൽ വാക്കേറ്റം നിത്യസംഭവമായിരുന്നു. ഇടപാടുകാർ ബാങ്കിനെ ഉപേക്ഷിച്ച് തുടങ്ങി. പതിനായിരത്തി നാനൂറോളം കോടിരൂപയാണ് മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിച്ചത്.

ജയൻ ചെയ്തത് സംഘടനയുടെ നിർദ്ദേശം

എസ്ബിഐ യ്ക്ക് കിട്ടിയ ചീത്തപ്പേര് മാറ്റാൻ “നയി ദിശ” എന്ന പേരിൽ ജീവനക്കാർക്ക് പരിശീലന പരിപാടി ബാങ്ക് ആവിഷ്കരിച്ചു. ഓരോ ദിവസവും മുൻനിശ്ചയിച്ച പ്രകാരമുള്ള ശാഖകളിലെ ജീവനക്കാർക്ക് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 9 മണി വരെ നീളുന്ന പരിശീലനം ആണ് നടക്കുന്നത്. ഇതിനായി ശാഖകളുടെ കൗണ്ടറും പൂട്ടി ജീവനക്കാർ ഇറങ്ങുമ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഇടപാടുകാരാണ്. വൈകി തീരുന്ന പരിശീലനം ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് സ്വാഭാവികം.

പരിശീലനം പരിപാടിയിൽ 2 മുതൽ 5.30 വരെ ഇരുന്നാൽ മതി എന്ന എസ് ബി എസ് യു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജയൻ ജീവനക്കാർക്ക് അയച്ചു കൊടുത്തു. പരിശീലനം നടന്ന ദിവസം ജീവനക്കാർ 5.30 മണിയ്ക്ക് പുറത്ത് പോയത് മാനേജ്മെന്റിനെ പ്രകോപിപ്പിച്ചു. ജയനോട് വിശദീകരണം ചോദിച്ചപ്പോൾ സംസ്ഥാനകമ്മിറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയതാണന്ന് പറഞ്ഞു.

സംസ്ഥാന കമ്മിറ്റി ജയന് പിന്തുണ നൽകിയില്ല. അതോടെ മാനേജ്മെന്റ് അതിശക്തമായി പെരുമാറുകയായിരുന്നു ജയനോട്. ഒരു കാരണവുമില്ലാതെ ജീവനക്കാരനെ കാസർകോടിന് സ്ഥലം മാറ്റിയ സിജിഎം ന്റെ നടപടിയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു ജയൻ.

എസ് ബി എസ് യു സംസ്ഥാന നേതൃത്വവും മാനേജ്മെന്റും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയരുത്. എസ് ബി എസ് യു പിരിച്ചുവിടുന്നതായിരിയ്ക്കും അഭികാമ്യം എന്ന് ആരെങ്കിലും പറഞ്ഞാലും അവരെ കുറ്റം പറയാൻ പറ്റത്തില്ല.

×