നിഷയാണ് താരം, പ്രായമാണ് പ്രശ്നം ! പാലാ(ഴി) കടയാന്‍ സ്ഥാനാര്‍ഥിയില്‍ തട്ടി മുന്നണികള്‍. ആകെ ഒരാള്‍ മാത്രം – ‘വന്നല്ലോ വനമാല’യെന്ന് പാലാക്കാര്‍ ! ‘മാണിസാറിനെ കണ്ടതാ.. ഇനി ആരായാലെന്ത് ? ഉപ്പോളം വരുമോ ഉപ്പിലിട്ടത് ?’ – കാപ്പനും റെഡി. അങ്കത്തട്ടിലെ അകത്തളങ്ങള്‍

കിരണ്‍ജി
Thursday, August 29, 2019

പാലാ :  കെ എം മാണി എന്ന അതികായന്‍ 54 വര്‍ഷം അടക്കിവാണ രാജ്യമാണ് പാലാ.  വികസനത്തിന്റെ പാലാഴി ! ആ പാലാഴി കടഞ്ഞെടുക്കുക എന്നത് ഇത്രകാലം കരിങ്ങോഴയ്ക്കല്‍ മാണി മാണിക്ക് മാത്രം സ്വായത്തമായിരുന്ന വിദ്യയായിരുന്നു. പക്ഷേ ഇത് മാണി എന്ന യുഗാന്ത്യത്തിന് ശേഷമുള്ള പോരാണ്. സീറ്റിനായി പോരും, സീറ്റ് കിട്ടിയാല്‍ പോരാട്ടവും !

3 മുന്നണികളും സ്ഥാനാര്‍ഥികളെ നിര്‍ത്തും.  പാലാ ആണെങ്കില്‍ ഇടതുപക്ഷത്തിന് തര്‍ക്കമില്ല. കാപ്പനാണ് താരം ! തോറ്റാലും ജയിച്ചാലും മാണി സി കാപ്പന്‍ സ്ഥാനാര്‍ഥി.  ആ പതിവ് തെറ്റില്ല.

തെരഞ്ഞെടുപ്പ് ആയാല്‍ കാപ്പനുണ്ടിവിടെ, പിന്നെ എങ്ങും പോകില്ല. ‘വന്നല്ലോ … വനമാല …’ എന്നാണ് നാട്ടാരുടെ കമന്റ്.  ഇത്തവണ ഓണവും ഇലക്ഷനും ഒന്നിച്ചുവന്നപ്പോള്‍ യുഡിഎഫ് ട്രോലന്മാര്‍ വക ‘മാവേലി കാപ്പന്‍’ എന്ന കമന്റും !

പക്ഷേ, കാപ്പന് മറുപടിയുണ്ട്, ഇത്രകാലം ഏറ്റുമുട്ടിയത് മാണി സാര്‍ എന്ന വടവൃക്ഷത്തോട്. ഇനി ആര് വന്നാലെന്താ … ഉപ്പോളം വരുമോ ഉപ്പിലിട്ടത് ?

അവിടെയാണ് കേ. കോണിലെ തര്‍ക്കം.  ഉപ്പിലിട്ടത് വേണോ ഉപ്പിലിടാത്തത് വേണോ ? സ്ഥാനാര്‍ഥി ആകേണ്ടത് ? സ്ഥാനാര്‍ഥി ഒരു കുടുംബത്തില്‍ നിന്നാകരുതെന്നാണ് സാക്ഷാല്‍ ആശാന്‍ പി സി ജോര്‍ജ്ജിന്റെ പക്ഷം.  അത് നടക്കുമോ എന്നുറപ്പില്ല. അങ്ങനെയെങ്കില്‍ ചുരുങ്ങിയപക്ഷം ഒരു കട്ടിലില്‍ നിന്നെങ്കിലും ആകരുതെന്ന അപേക്ഷയേ ഇപ്പോള്‍ പാലാക്കാര്‍ക്കുള്ളൂ !

ഇനി കരിങ്ങോഴയ്ക്കല്‍ മതില്‍ക്കെട്ടിനപ്പുറത്ത് നിന്നാണ് സ്ഥാനാര്‍ഥിയെങ്കില്‍ അതിനൊരു മിനിമം യോഗ്യതയുണ്ട്.  പതിവായി ഈ വീടിന്റെ വരാന്തയിലെങ്കിലും എത്താറുള്ള ഒരാളായിരിക്കണം സ്ഥാനാര്‍ഥി. അവര്‍ക്കേ പാര്‍ട്ടിക്കൂറുണ്ടാകൂ..

സീറ്റ് പിടിക്കാന്‍ അത്തരം നിത്യസന്ദര്‍ശകര്‍ പരക്കം പായുകയാണിപ്പോള്‍. പക്ഷേ, പേര് ചിന്ന തലൈവരുടെ തലയിലുണ്ട്. അതാരെന്ന് ആര്‍ക്കും പിടുത്തമില്ല. അതറിയും വരെ സ്ഥാനാര്‍ഥി മോഹികള്‍ പരക്കംപായും !

പാരമ്പര്യവും തഴക്കവും പഴക്കവുമുള്ള നേതാവാകും സ്ഥാനാര്‍ഥി എന്ന് കേട്ടപ്പോഴേ ഏറ്റവും തഴക്കമുള്ള മുന്‍ ജില്ലാ പ്രസിഡന്റ് വടിയും കുത്തി ആദ്യം പാഞ്ഞത് പുതുപ്പള്ളിയിലേക്കാണ്.  അനുഗ്രഹം വാങ്ങാന്‍.  അത് വാങ്ങി തിരികെയെത്തിയപ്പോള്‍ ലിസ്റ്റില്‍ നിന്നും ഔട്ട്‌.

പിന്നൊരാള്‍ അതി വിശ്വസ്തനാണ്. ഇത്തവണ ജയിച്ചാല്‍ ഒന്നര കൊല്ലം കഴിഞ്ഞ് അടുത്ത ഇലക്ഷന്‍ വരുമ്പോള്‍ മാറികൊടുക്കണം. അതാണ്‌ വിശ്വാസം. അതല്ലേ എല്ലാം.

പക്ഷെ, ആ വിശ്വസ്തന്റെ കളി അല്‍പ്പം കടന്ന കയ്യായിപ്പോയോ എന്ന് സംശയം. ജോസ് കെ മാണി ഡല്‍ഹിയിലെത്തി കഷ്ടപ്പെട്ട് പാലായ്ക്ക് കൊണ്ടുവന്ന ട്രിപ്പിള്‍ ഐ ടിയുടെ പിതൃത്വം പോലും പുള്ളി അഡ്വാന്‍സായി ഏറ്റെടുത്തുകഴിഞ്ഞു.

എങ്കില്‍ ജയിച്ചാല്‍ പിന്നെ എന്താകും പുകില്‍ ? ഒരു സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം ഉപയോഗിച്ച് കേന്ദ്രത്തില്‍ ചെന്ന് ഒരു ട്രിപ്പിള്‍ ഐ ടിയൊക്കെ വാങ്ങിക്കൊണ്ടുവരാന്‍ കഴിവുള്ള ആള്‍ മാണിസാറിന്റെ പിന്‍ഗാമിയായാല്‍ പാലാ പിന്നെ എവിടെ നില്‍ക്കും !!

ഇനി നിഷയാണ് സ്ഥാനാര്‍ഥിയെങ്കില്‍ ഓരോ ദിവസവും ഇറക്കാനുള്ള സ്പെഷ്യല്‍ ഫീച്ചറുകള്‍ എതിരാളികളുടെ ഉറയില്‍ റെഡിയാണ്. നിഷ അല്ലെങ്കില്‍ അവരുടെ കഴിഞ്ഞ നാലഞ്ച് മാസത്തെ പണി പാഴാകും.

സ്ഥാനാര്‍ഥി വീട്ടില്‍ നിന്നാകരുതെന്നാണ് പാര്‍ട്ടിയിലും മുന്നണിയിലും ഭൂരിപക്ഷാഭിപ്രായം.  എന്തായാലും തീരുമാനം ജോസ് കെ മാണിയുടെതാണ്.  ശേഷം ജോമോന്‍ ഇനിയൊരു എഡ്വേര്‍ഡ് എട്ടാമനാകുമോ എന്ന് മാത്രം അറിഞ്ഞാല്‍ മതി.

പാലായില്‍ പരിഗണിയ്ക്കാന്‍ ചെറുപ്പക്കാരാരുമില്ലേ എന്നാണ് ഇപ്പോള്‍ പാര്‍ട്ടിക്കാരുടെ ചോദ്യം. 38 കാരന്റെ പേരു പറഞ്ഞാല്‍ നേതൃത്വം ചോദിക്കും അത് കുട്ടിക്കളിയാകില്ലേ എന്ന് ? 49 കാരന്റെ പേരു പറഞ്ഞാലും ചോദ്യം ജൂണിയറല്ലേ ? എന്നാണ്.

38 വയസില്‍ ലോക്സഭയിലേക്ക് മത്സരിച്ച നേതാവാണ്‌ ജോസ് കെ മാണി. 25 വയസില്‍ നിയമസഭയിലേക്ക് മത്സരിച്ച പഴയ പയ്യനാണ് റോഷി അഗസ്റ്റിന്‍.

38 വയസില്‍ എം എല്‍ എ ആയതാണ് സ്റ്റീഫന്‍ ജോര്‍ജ്ജ്. ഇതേ പ്രായത്തില്‍ തന്നെ തോമസ്‌ ഉണ്ണിയാടനും സ്ഥാനാര്‍ഥിയായി. ഇതൊക്കെ ഇതേ പാര്‍ട്ടിയില്‍ തന്നെയാണ്. പക്ഷെ, ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് മൂപ്പില്ലെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാകുമോ ?

പിന്നെ ബി ജെ പിയുടെ കാര്യം. ഗ്രൂപ്പോ ? ഇതൊക്കെ എന്ത് ? എന്നാണ് അവിടുത്തെ കാര്യം. ജയസാധ്യത എന്നത് വിദൂര സാധ്യത മാത്രം.  എന്നിട്ടും തര്‍ക്കം മൂലം ഒരാളെ കണ്ടെത്താനാകുന്നില്ല.

മകന്‍ ഷോണ്‍ ജോര്‍ജ്ജിന് ഇപ്പോള്‍ സീറ്റ് വേണ്ട (കൊടുക്കില്ല) എന്നാണ് ജോര്‍ജ്ജ് ആശാന്‍ പറയുന്നത്. അവന്‍ വീട്ടില്‍ നിന്ന് മാറി താമസിച്ചിട്ട് മതി സീറ്റ് എന്നാണ് അദ്ദേഹം പറയുന്നത്. അല്ലെങ്കില്‍ ഒരു വീട്ടില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ വരുമത്രേ. അതാണൊരു തടസം !

പി സി തോമസിന് പഴയ തട്ടകത്തില്‍ ഒരു ആഗ്രഹമുണ്ടെങ്കിലും അതത്ര ഗുണം ചെയ്യുമോ എന്ന സംശയം ബി ജെ പിക്കുണ്ട്. പിന്നെ നിയോജക മണ്ഡലം പ്രസിഡന്റിനും ജില്ലാ പ്രസിഡന്റിനുമൊക്കെ മത്സരിക്കാന്‍ മോഹം. എന്തായാലും നാലാം തീയതിക്കകം ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സംഭവാമി യുഗേ … യുഗേ ….

×