ബോധവത്‌ക്കരണ മാധ്യമമായി സുകുമാരചിത്രങ്ങള്‍

സമദ് കല്ലടിക്കോട്
Tuesday, May 28, 2019

രകവിഞ്ഞൊഴുകുന്ന മോഹവും ഭാവവുമാണ്‌ ചിത്രകല. മാനുഷികമായ വികാരങ്ങളും നന്മയുമാണ്‌ ചിത്രകലയുടെ പാരമ്പര്യം. ജീവിതത്തിന്റെ സ്വപ്‌നങ്ങ ളും വിസ്‌മയങ്ങളും സന്നിവേശിച്ച ജൈവാനുഭവമായിരിക്കണം വരകള്‍. ജീവന്റെ തുടിപ്പുകള്‍ കാണാനാവുന്ന ഈ തത്സമയ വരയും പ്രദര്‍ശനവുമാണ്‌ സുകുമാരന്‍ തിരുവല്ല എന്ന ചിത്രകാരനെ ശ്രദ്ധേയനാക്കുന്നത്‌.

സാമൂഹ്യസാംസ്‌ക്കാരിക സംഘടനകളുടെ സമ്മേളനവേദികള്‍, സ്‌കൂള്‍ കലോത്സവങ്ങള്‍, കാര്‍ഷികമേളകള്‍, വ്യാപാരമഹോത്സവങ്ങള്‍ എന്നിവ നടക്കുന്നിടത്ത്‌ ആരേയും അലോസരപ്പെടുത്താതെ സമ്മേളനവേദിയുടെ ഒരു മൂലയില്‍ ‘ഇരി ക്കൂ വരയ്‌ക്കാം’ എന്നെഴുതി സുകുമാരന്‍ ഇരിക്കുന്നുണ്ടാവും. മിനിറ്റുകള്‍ കൊണ്ട്‌ മുമ്പിലിരിക്കുന്നയാളുടെ ചിത്രം കാന്‍വാസില്‍ പകര്‍ത്തിയിരിക്കും. ആഴത്തില്‍ പതിഞ്ഞ ആത്‌മാവുള്ള ചിത്രങ്ങള്‍.

വാട്ടര്‍കളര്‍, അക്രിലിക്‌, മ്യൂറല്‍ തുടങ്ങി പലതും പരീക്ഷിക്കുന്ന സുകുമാരന്‍ പ്രതിമ നിര്‍മ്മാണത്തിലും അഗ്രഗണ്യനാണ്‌. സിമന്റി ലും മരത്തിലും കാലത്തെ വെല്ലുന്ന കരവിരുത്‌ സൃഷ്ടിക്കാറുണ്ട്‌.

തിരുവല്ല ഇരുവള്ളിപ്പറ നെടുംതറയില്‍ സുകുമാരന്‍ അഞ്ചുപതിറ്റാണ്ടായി ചി ത്രരചന രംഗത്തുണ്ട്‌. സംസ്ഥാനത്തിനകത്തും പുറത്തും ഇതിനായി നിര്‍ബാധം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയും പ്രതിഭയും ചേരുന്ന വരകള്‍. ആയിരക്കണ ക്കിന്‌ ചിത്രങ്ങള്‍ ചായം ചാലിച്ചും അല്ലാതെയും കാന്‍വാസില്‍ പകര്‍ന്നു.

തത്സമയ വേദികളില്‍ ഫാബ്രിക്‌ പെയിന്റിലാണ്‌ ചിത്രങ്ങള്‍ വരക്കുന്നത്‌. ഇത്‌ ചിത്രങ്ങള്‍ വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കുന്നു. നിമിഷനേരം കൊണ്ട്‌ ചിത്രം വരച്ച്‌ അതൊരു ഫ്രെയ്‌മിലാക്കി തരും. വരകളുടെ സൗകുമാര്യം കണ്ടവര്‍ കണ്ടവര്‍ സുകുമാരനെ നോക്കിയങ്ങിനെ നില്‍ക്കും.

കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ഹരിതോത്സവത്തില്‍ മുന്‍ കേന്ദ്രമന്ത്രി പി.സി.തോമസ്‌, ഹൈബിഈഡന്‍ എം.എല്‍.എ, കൊച്ചിന്‍ മേയര്‍, കൊച്ചി സിറ്റി പോലീസ്‌ കമ്മീഷ്‌ണര്‍ തുടങ്ങിയവരുടെ ചിത്രം വരച്ച്‌ ശ്രദ്ധ യാകര്‍ഷിച്ചു. കേവലം ഒരുമണിക്കൂര്‍ കൊണ്ട്‌ 56 ചിത്രങ്ങള്‍ വരച്ച്‌ ഗിന്നസ്‌ബുക്കില്‍ നോമിനേഷന്‍ നേടുകയുണ്ടായി. ഒരുമണിക്കൂറില്‍ അറുപത്‌ ചിത്രങ്ങള്‍ വരക്കാനാ ണ്‌ ലക്ഷ്യമിട്ടിരുന്നത്‌. അടുത്ത ഉദ്യമം അതുതന്നെ.

നല്ല തുടക്കം

കുട്ടിക്കാലത്തുതന്നെ വരകളോടും വര്‍ണങ്ങളോടും താല്‍പര്യമുണ്ടായിരുന്നു. പ്രകൃതിയെയും സസ്യങ്ങളെയും സൂക്ഷ്‌മമായി നിരീക്ഷിക്കാറുണ്ട്‌. മലകളും താഴ്‌ വാരങ്ങളും സാംസ്‌ക്കാരിക ദൃശ്യങ്ങളും കണ്ണില്‍ ഒപ്പിയെടുക്കുന്നതോടൊപ്പം ചിത്ര ലേഖനം ചെയ്യാന്‍ ശ്രമിച്ചിരുന്നു. 1976-ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനിതനായിട്ടുണ്ട്‌.

സുകുമാരന്‌ കല ജീവിതം തന്നെയാണ്‌. പത്തനംതിട്ട ജില്ലയില്‍നിന്നും നിരവ ധി കുട്ടികള്‍ ശിഷ്യരായുണ്ട്‌. മാവേലിക്കര രാജാരവിവര്‍മകോളേജില്‍ നിന്നാണ്‌ രണ്ടുവര്‍ഷം വരയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌. ഡിപ്ലോമ കരസ്ഥമാക്കാന്‍ ജീ വിതപ്രാരാബ്‌ധങ്ങള്‍കൊണ്ട്‌ കഴിഞ്ഞില്ല.

കലാവിദ്യാഭ്യാസം

സര്‍ക്കാര്‍ അവജ്ഞകരമായ നിലപാടാണ്‌ ചിത്രകാരന്മാരോട്‌ പുലര്‍ത്തുന്ന തെന്ന്‌ സുകുമാരന്‍ പരിഭവം പറയുന്നു. പാട്ടും വരയും പ്രോത്സാഹിപ്പിക്കുന്ന കലാ വിദ്യാഭ്യാസം നാം ശീലിക്കുന്നില്ല. സ്‌കൂള്‍ പഠനം ജീവിതോന്മുഖമാവുന്നില്ല. സര്‍ക്കാര്‍ സ്‌കൂളില്‍ ഏറെക്കാലമായി ചിത്രരചന ക്ലാസുകള്‍ നിശ്ചലാവസ്ഥയിലാണ്‌. ചിത്രരചന അഭ്യസിപ്പിക്കാന്‍ ഗുരുനാഥരില്ല. അതിനുവേണ്ടി പ്രത്യേക പീരീഡുകളുമില്ല.

എന്നാല്‍ ചില വിദേശ നാടുകളില്‍ കലാവിദ്യാഭ്യാസം ശ്രേഷ്‌ഠമായി പരിഗണിക്കുന്നു. കേരളത്തില്‍ ചില സ്വകാര്യവിദ്യാലയങ്ങളില്‍ മാത്രമേ കലാപഠനമുള്ളു. വിദ്യാഭ്യാസത്തെ വിരസവും വിരൂപവുമായി മാറ്റാതിരിക്കാന്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കുപുറമേ ജീവിതസദൃശമായ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍കൂടി ഉണ്ടായിരിക്കണം.

ഔപചാരിക വിദ്യാഭ്യാസവും ഒരനുഷ്‌ഠാനമായി മാറുന്ന ഇക്കാലത്ത്‌ വിദ്യാഭ്യാസത്തിന്റെ മഹിതമായ സാംസ്‌കാരിക ലക്ഷ്യപൂര്‍ത്തീകരണത്തിന്‌ പാട്ടും വരയും നൃത്തവും യോഗയും ഉള്‍പ്പെടുന്ന പുതിയ അദ്ധ്യയനം സാധ്യമാകണം. കളിച്ചും ചിരി ച്ചും അന്വേഷിച്ചും ചിന്തിച്ചും ഓരോ ദിവസവും പുതിയ അനുഭവമാകുന്നതാകണം സ്‌കൂള്‍ പഠനം.

വര ഒരായുധം

പുതിയ കാലം ഓരോ മേഖലക്കും പ്രതീക്ഷകള്‍ പകരുന്നതാണ്‌. എന്നാല്‍ ചിത്രകലയുടേത്‌ അങ്ങനെയല്ല. ചിത്രകലാകാരന്മാര്‍ക്ക്‌ യാതൊരു പരിരക്ഷയുമില്ല. ഇപ്പോള്‍ സ്വാഭാവികവരയുടെ തനിമയോ പിന്തുടര്‍ച്ചയോ ഇല്ല. പുതിയ തലമുറ കമ്പ്യൂട്ടറിലാണ്‌ വരക്കുന്നത്‌.

കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും സാധ്യതകള്‍ നിഷേധിക്കുന്നില്ല. പക്ഷേ, കമ്പ്യൂട്ടര്‍വരയില്‍ കുട്ടികള്‍ക്ക്‌ സ്വന്തമായ കഴിവുകള്‍ വികസിപ്പിക്കാനുള്ള ഇടമില്ല. സാങ്കേതികവിജ്ഞാനീയങ്ങളുടെ വരയില്‍ നാം ഒരു ഉപകരണം മാത്രമല്ലേ? അടുത്തതലമുറയില്‍ വരക്കുന്നവര്‍ അവശേഷിക്കില്ല. വരക്കു ന്നവരുടെ സ്വപ്‌നങ്ങളിലേക്കും സാധ്യതകളിലേക്കും ഇവിടെ വളരാനിടമില്ല.

സാമൂഹ്യജീര്‍ണതകള്‍ക്കെതിരെ വര ഒരായുധമാണ്‌. മദ്യം, പുകവലി, മയക്കു മരുന്ന്‌, ബാലവേല തുടങ്ങിയ അരുതായ്‌മകള്‍ക്കെതിരെ ഒരു ബോധവത്‌ക്കരണ മാധ്യമമായി സുകുമാരന്‍ വരയെ സമീപിക്കാറുണ്ട്‌. സുകുമാരചിത്രങ്ങള്‍ സൗഹാര്‍ ദ്ദപരവും ചലനാത്‌മകവുമാണ്‌.

കലയോടുളള സത്യസന്ധതകൊണ്ടാണ്‌ സ്വന്തമായൊരു വരയും വരിയും ഇദ്ദേഹത്തിന്‌ കിട്ടുന്നത്‌. മഹത്തായ ഒരു കലാരൂപത്തിന്റെ ഭാവിയെപറ്റിയുള്ള ഉത്‌കണ്‌ഠകളാണ്‌ വരയുടെ ലോകത്ത്‌ ഒരു കരിനിഴലായി സുകുമാരനെ അലട്ടുന്നത്‌.

 

 

×