കേരള രാഷ്ട്രീയത്തിൽ വളരെ ഉന്നതിയിൽ എത്തുകയും സ്വന്തം പ്രവർത്തികളാൽ മൂക്കും കുത്തി വീഴുകയും ചെയ്ത ഒട്ടനവധി ആളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ട്. രാഷ്ട്രീയ പ്രവർത്തനം എന്നാൽ ഏറ്റവും മഹത്വമുള്ള ഒരു സാമൂഹിക സേവനമാണെന്നും ജനങ്ങളെ സേവിക്കുവാനും സഹായിക്കുവാനും കിട്ടുന്ന ഏറ്റവും നല്ല അവസരമാണെന്നും മനസിലാക്കാത്ത ആളുകളാണവർ.
എല്ലാം അറിഞ്ഞിട്ടും ഉറങ്ങിക്കിടക്കുന്ന സ്വഭാവ ദൂഷ്യങ്ങൾ തികട്ടി വരുമ്പോൾ അവയെ മറച്ചുവെക്കാനാവാതെ ജനങ്ങളുടെ മുന്നിൽ ഒന്നിനും കൊള്ളാത്തവരായി പരിണമിക്കുന്ന ഒട്ടനവധി ആളുകളുടെ നീണ്ടനിര തന്നെ നമ്മുടെ കൺമുന്നിൽ കാണാം.
ജനപ്രിയന്‍ പിന്നെ വെറുക്കപ്പെട്ടവന്‍
സമുന്നത കോൺഗ്രസ്സ് നേതാവായിരുന്ന പിടി ചാക്കോയുടെ പുത്രൻ പിസി തോമസ് ഒരു കാലത്ത് കേരളത്തിലെ ഏറ്റവും നല്ല ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നു.
ഏതു സീറ്റിൽ നിന്നാലും ഏത് പാർട്ടിയിൽ നിന്നും മത്സരിച്ചാലും ജയിച്ചു കയറിയിരുന്ന ആ വ്യക്തിത്വം അഹങ്കാരം തലക്ക് പിടിച്ചപ്പോൾ അവസരവാദ രാഷ്ട്രീയത്തിന്റെ പൊൻ തേരിൽ ഏറിയപ്പോൾ യേശു കൊടുത്ത ശിക്ഷയാൽ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുവാൻ ആകാതെ വർഷങ്ങളോളം പല പടിവാതിലുകളിൽ മുട്ടി നടന്നു.
അവസാനം എല്ലാം ശരിയായപ്പോൾ ആർക്കും വേണ്ടാത്ത വെറുക്കപ്പെട്ടവനായി സ്വയം പ്രാപിക്കുകയായിരുന്നു.
പൂഞ്ഞാര്‍ ആശാന്‍റെ പതനം !
കേരളത്തിൽ ഫാൻസ് അസോസിയേഷൻ വരെ ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ പോരാളിയായിരുന്നു പൂഞ്ഞാറിന്റെ സ്വന്തം പിസി ജോർജ്. അദ്ദേഹം ചാനൽ ചർച്ചക്ക് വരുമ്പോൾ ജനം കയ്യടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇടതിന്റെ പേരിലും വലതിന്റെ പേരിലും സ്വന്തം പേരിലും മത്സരിച്ചപ്പോൾ ഭൂരിപക്ഷം കൂട്ടിയതല്ലാതെ കുറഞ്ഞിരുന്നില്ല. തനിക്ക് വോട്ട് ചെയ്തു ജയിപ്പിച്ചിരുന്ന മനുഷ്യരെ മറന്നുകൊണ്ട് തോന്നിയതുപോലെ അവസരവാദ രാഷ്ട്രീയം കളിക്കുകയും വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന നിലയിൽ എത്തിപ്പെടുകയും ചെയ്തപ്പോൾ ആ മനുഷ്യന് സ്വന്തം നാട്ടിൽ നിന്നും ജനം ആട്ടിപ്പായിച്ചു.
കേരളചരിത്രത്തിൽ ആദ്യമായി സ്വന്തം വോട്ടർമാരിൽ നിന്നും കൂവൽ കേട്ട് പകരം തെറിപറഞ്ഞു തൃപ്തിപ്പെടേണ്ടി വന്ന ഒരു നേതാവ് എന്ന നിലയിൽ പി.സി ജോര്‍ജ് അധപതിക്കുന്നത് കേരളം കണ്ടു.
തിരുതയും ഒരു ബൂസ്റ്റര്‍
ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്നുകൊണ്ട് പരമാവധി സ്ഥാനമാനങ്ങൾ വാങ്ങിയെടുത്ത് അങ്ങ് ഡൽഹിയിലും ഇങ്ങു തിരോന്തരത്തും എന്തൊക്കെ സ്ഥാനങ്ങളിൽ ഇരിക്കാം എന്ന ഗവേഷങ്ങൾ നടത്തിയും കൂടുതൽ കൂടുതൽ മേലോട്ട് കയറുവാൻ തിരുതയും കരിമീനും വരെ ഉപയോഗപ്പെടുത്തിയ നേതാക്കളുണ്ട്.
എന്തിനധികം പറയുന്നു ബിഷപ്പുമാരെയും മതത്തെയും ഒക്കെ കൂട്ടുപിടിച്ചുകൊണ്ട് ഉയരങ്ങളിലെത്തിയ സഖാവ് കെവി തോമസും സഖാവ് പിസി ചാക്കോയും ഇന്നിപ്പോൾ ചുക്കിനും ചുണ്ണാമ്പിനും കൊള്ളരുതാത്ത അവസ്ഥയിലേക്ക് പരിണമിച്ചിരിക്കുന്നു.
എന്തിനധികം പറയുന്നു സ്വന്തം മക്കളോ ഭാര്യയോ ഡ്രൈവറോ വരെ അവരെ കാണുമ്പൊൾ പരിഹസിക്കുന്നു . കോൺഗ്രസ്സ് പാർട്ടിയെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നതിൽ പ്രധാനപങ്കുവഹിച്ച ഈ രണ്ടു പേരും പല രീതിയിൽ ഭരണത്തിൽ കൈകടത്താന്‍ ശ്രമിക്കുന്നെണ്ടെങ്കിലും ഒന്നും തന്നെ നടക്കുന്നില്ല എന്നതിൽ ജനത്തിന് ആശ്വസിക്കാം.
കാലുമാറി ചെറുതായ ചെറിയാന്‍
അനവസരത്തിൽ പാർട്ടി മാറിയില്ലെങ്കിൽ ചുരുങ്ങിയത് ഒരു മന്ത്രിയോ എംപിയോ എംഎൽഎയോ ഒക്കെ ആകേണ്ടിയിരുന്ന ചെറിയാൻ ഫിലിപ്പ് എന്ന ബുദ്ധിജീവി എന്ത് ചെയ്യണമെന്നറിയാതെ വെരകുകയാണ്.
അനാവശ്യകാര്യങ്ങൾ എഴുന്നള്ളിച്ചുകൊണ്ട് ശതുക്കളുടെ വാക്കുകൾ കേട്ട് പാർട്ടി മാറിക്കൊണ്ട് നേതാക്കന്മാരെ തള്ളിപ്പറഞ്ഞപ്പോൾ ആ പാവമറിഞ്ഞില്ല അവനെങ്ങിനെ അവനായെന്ന്.
കേരളത്തിൽ എത്ര ലോക്സഭാ സീറ്റുണ്ടെന്നും എത്ര നിയമസഭാ സീറ്റുണ്ടെന്നും അറിയാതെ ഡൽഹിയിൽ പോയിരുന്ന് ടെലിവിഷൻ ചാനലുകളിൽ മുറി ഇംഗ്ലീഷും മുറി മലയാളവും സംസാരിച്ചുകൊണ്ട് മെല്ലെ മെല്ലെ നേതാവാകുവാൻ ശ്രമിച്ച ടോം വടക്കനും, പറയുന്നത് ഒന്ന് ചെയുന്നത് മറ്റൊന്ന് എന്ന രീതിയിൽ ഐഎഎസ് ഉണ്ടെന്ന അഹങ്കാരത്താൽ പാർട്ടി മാറിക്കളിച്ച അൽഫോൻസ് കണ്ണന്താനവും എസ് കൃഷ്ണകുമാറും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ആവോ ? ആർക്കറിയാം ?
വായനയല്ലല്ലോ രാഷ്ട്രീയം !
ഏറ്റവും ദയനീയമായ ആട് ജീവിതത്തിലേക്ക് സ്വയം കൂപ്പുകുത്തുകയും നിയമസഭയിൽ പരസ്യമായി ''എരപ്പൻ'' എന്ന വിളിയും ടിവി ചാനലിൽ ''അൽപ്പൻ '' എന്ന വിളിയും കേൾക്കേണ്ടി വന്ന പ്രശസ്ത വായനക്കാരൻ ഡോക്ടർ കെ.റ്റി ജലീലിന്റെ കാര്യമാണ് ഇവരിലേക്കാളൊക്കെ ഏറെ മോശം അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്.
കുറച്ചു പുസ്തകങ്ങൾ വായിച്ചുവെന്ന് അവകാശപ്പെട്ട് സ്വയം ബുദ്ധിജീവി ചമഞ്ഞു കൊണ്ട് രണ്ടോ മൂന്നോ തവണ ജയിച്ചുകയറിയ ആ മനുഷ്യന് സ്വന്തം നാട്ടിൽ ഇറങ്ങിനടക്കുവാൻ പറ്റാത്ത കാലം അടുത്തുകഴിഞ്ഞു. അവസരവാദിയും രാഷ്ട്രീയ പാപ്പരാസിയുമായ ഒരു മുൻമന്ത്രി എന്നുള്ള പട്ടം ഇപ്പോൾ തന്നെ കിട്ടിക്കഴിഞ്ഞു.
2019 -ൽ വയനാട്ടിലെ പച്ചക്കൊടി വിഷയം ആർഎസ്എസുകാർക്ക് ഇടയിലേക്ക് എറിഞ്ഞുകൊടുത്തതുപോലെ മലപ്പുറം ജില്ലയിലെ മുസ്ലിങ്ങളാണ് സ്വർണ്ണക്കടത്തുകാർ, കുഴൽ പണക്കാർ എന്നതും ഇപ്പോൾ എറിഞ്ഞുകൊടുത്തിരിക്കുന്നു.
തിരഞ്ഞെടുപ്പ് പര്യടനങ്ങൾക്കിടയിൽ റോഡുവക്കിൽ ദേശാഭിമാനി പത്രം വിരിച്ചു കൊണ്ട് നിസ്കരിക്കുകയും, അഞ്ചുരൂപക്ക് കുറ്റിപ്പുറം അങ്ങാടിയിൽ നിന്നും മത്തി വാങ്ങി അങ്ങോട്ടും ഇങ്ങോട്ടും മൂന്നോ നാലോ തവണ നടന്നുകൊണ്ട് പാവങ്ങളുടെ ക്ഷേമം അന്വേഷിക്കുകയും അവിടന്ന് വീട്ടിലേക്ക് പോകുന്നവഴിയിൽ വാങ്ങിയ മീൻ കിറ്റ് റോഡിലേക്ക് വലിച്ചെറിഞ്ഞു കളയുകയും ചെയ്തുപോന്ന ഡോക്ടറേ വോട്ടുചെയ്ത ജനങ്ങൾക്ക് ശരിക്കും പിടികിട്ടിയിരിക്കുന്നു. എത്രയും വേഗം നാടുവിടുന്നതാണ് നല്ലതെന്ന് തോന്നുന്നു.
കാരണം, രാഷ്ട്രീയം മഹത്വമുള്ള സേവനമാണ്. അവിടെ വഞ്ചന പാടില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചെയ്യുംപോലെ ഈ നാട്ടില്‍ മറ്റൊരാള്‍ക്കുവേണ്ടി പ്രതിഫലം വാങ്ങാതെ സേവനം നല്‍കുന്ന ഏത് വിഭാഗമാണുള്ളത്. ഒരു സിനിമാ കാരനോ മത നേതാക്കളോ ഇതൊക്കെ ചെയ്യുമോ ? എന്നിട്ടും ആട്ടിനും തുപ്പിനും ഒരു കുറവുമില്ല. അവര്‍ക്ക്. അവരില്‍ ചിലര്‍ രക്ഷപെട്ടേക്കാം. എംപിയോ എംഎല്‍എയോ മന്ത്രിയോ ഒക്കെ ആകും. ബാക്കി വരുന്ന ഭൂരിപക്ഷമോ ?
അതിനാല്‍ ഇനിയുള്ള വളർന്നുവരുന്ന രാഷ്ട്രീയപ്രവർത്തകർ മിനിമം മര്യാദകൾ എങ്കിലും പാലിച്ചാൽ ഇവരുടെ ലിസിറ്റിൽ പെടാതെ നോക്കാം !!
കെ.റ്റി ജലീലിന് വോട്ട് ചെയ്തതിൽ ദുഃഖിച്ചുകൊണ്ട് സഖാവ് ദാസനും പി.സി ജോർജിന്‍റെ അവസ്ഥയോർത്ത് ദുഃഖിച്ചുകൊണ്ട് സഖാവ് വിജയനും