'മയ്യത്തിനെ റാഞ്ചുന്ന പ്രാഞ്ചിമാർ' എന്ന പേരിൽ ഒരു ലേഖനം നമ്മൾ അഞ്ചുകൊല്ലം മുന്നേ എഴുതിയിരുന്നുവെങ്കിലും അന്നതിനെ ആരും അത്ര ഗൗരവമായി എടുത്തില്ല. അന്ന് ആ പ്രാഞ്ചിയേട്ടന്മാരെല്ലാം ദൈവദൂതന്മാർ ആയിരുന്നു.
അവർക്കുവേണ്ടി പ്രവാസി ഭാരതീയ പുരസ്കാരങ്ങളും നിരവധിയനവധി അവാർഡുകളും തേടിയെത്തിക്കൊണ്ടിരുന്നു. അവരില്ലാത്ത ഉത്ഘാടനങ്ങളും അവരില്ലാത്ത നോമ്പുതുറകളും അവരില്ലാത്ത സദസ്സുകളും കുറവായിരുന്നു.
ഗബ്രിയേൽ അഥവാ ജിബ്രീൽ മാലാഖയായിട്ടായിരുന്നു അവരെയെല്ലാം സമൂഹം ദത്തെടുത്തിരുന്നത്. അവരൊക്കെ ഇന്നിപ്പോൾ സമൂഹത്തിലെ നന്മമരങ്ങൾ ആയി വളർന്നു പന്തലിച്ചിരിക്കുന്നുവെങ്കിലും ചില മുറുമുറുപ്പുകളും പലവശത്തുനിന്നും നേരിട്ടുകൊണ്ടിരിക്കുന്നു.
ശരിക്കും പറഞ്ഞാൽ നമുക്ക് വേണ്ടപ്പെട്ട ഒരാൾ മരിച്ചാൽ അധികമാരും പണചിലവൊന്നും അത്ര കാര്യമാക്കാറില്ല. എങ്ങനെയെങ്കിലും ആ മയ്യത്ത് നാട്ടിൽ എത്തിച്ചുകൊണ്ട് വേണ്ടപ്പെട്ടവർക്ക് കാണുവാൻ അവസരമുണ്ടാക്കുകയോ അല്ലെങ്കിൽ അതത് രാജ്യങ്ങളിൽ മറവ് ചെയ്യുവാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുകയോ ചെയ്യുകയാണ് പതിവ്.
അതിന്മേൽ കടിച്ചുതൂങ്ങി വിലപേശി ഡിസ്കൗണ്ട് വാങ്ങിക്കുന്ന പ്രകൃതി മലയാളികളിൽ ഏറെ കുറവാണ്. എത്ര നല്ലവനായാലും അല്ലാത്തവനായാലും മയ്യത്തിനെ ബഹുമാനിക്കുന്ന ഒരു സംസ്കാരം നമ്മളിൽ ചെറുപ്പം മുതലേ ശീലിക്കപ്പെട്ടിട്ടുണ്ട്. അത് പോലീസുകാരനിൽ ആയാലും പട്ടാളക്കാരനിൽ ആയാലും.
സിനിമാനടി ശ്രീദേവി മരണപ്പെട്ടപ്പോൾ അവരുടെ ഭൗതികശരീരം കൊണ്ടുപോകുന്നതിലും ഈ വക പ്രാഞ്ചിമാർ കൊത്തിവലിച്ചിട്ടുണ്ട് എന്നത് ആരും കാര്യമായി ചർച്ച ചെയ്തില്ല എന്ന് മാത്രം.
പ്രശസ്തിക്ക് വേണ്ടിയാണെങ്കിൽ അങ്ങനെ കരുതാം, ഇതിപ്പോൾ വിവരാകാശ പ്രകാരം കാര്യങ്ങൾ അറിയുമ്പോൾ ഒരു മയ്യത്ത് നാട്ടിലേക്ക് അയക്കുന്ന വകയിൽ അതിന് ചിലവാകുന്ന തുകയേക്കാൾ അഞ്ചിരട്ടിയോളം തുകയാണ് അവർ ഇപ്പോൾ കൈക്കലാക്കുന്നത്.
അതും കൂടാതെ കൈമടക്ക് ആയി കിട്ടുന്നത് വേറെ പോക്കറ്റിലേക്കും മാറ്റുന്നു. ലാഭമൊക്കെ എടുത്തോട്ടെ, വെറുതെ ആരും സഹായങ്ങൾ ചെയ്യേണ്ട ആവശ്യകത ഇല്ല. പക്ഷെ അഞ്ചിരട്ടി എന്നൊക്കെ പറയുമ്പോൾ അതിനേക്കാൾ ഭേദം പലിശക്ക് പണം കടം കൊടുക്കലാണ്.
എല്ലാറ്റിന്റെയും കാരണം ഈ സോഷ്യൽ മീഡിയയിലൂടെ കിട്ടുന്ന പ്രശസ്തി തന്നെ. സകലമാന മനുഷ്യരും അവരെ എവിടെവെച്ചു കണ്ടാലും തിരിച്ചറിയുന്ന തരത്തിൽ കാര്യങ്ങൾ സംഭവിച്ചപ്പോൾ അതിലൂടെ പണം സമ്പാദിക്കാമെന്ന വ്യാമോഹവും ഉരുത്തിരിഞ്ഞു.
കൂടാതെ മറ്റൊരു ആരോപണവും ഇവരിൽ ഉയർത്തപ്പെട്ടിരുന്നു. അത് ഇപ്പോഴല്ല, മുൻപത്തെ പ്രാഞ്ചിമാർ മയ്യത്തിനെ നാട്ടിലെ മെഡിക്കൽ കൊളേജുകൾക്ക് വിറ്റിരുന്നു എന്ന ആരോപണം.
ഒരു കാലത്ത് ആന്ധ്രയിൽ നിന്നും ധാരാളം അഡ്രസ്സില്ലാവർ ഗൾഫിലേക്ക് കടന്നിരുന്നു. അങ്ങനെയുള്ളവരും തമിഴ്നാട്ടിൽ നിന്നുള്ളവരും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉറ്റവരും ഉടയവരും ഏറ്റെടുക്കാനില്ലാത്ത മയ്യത്തുകളെ നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് പഠിക്കുവാനായി വിൽക്കപ്പെട്ടിരുന്നു എന്നുള്ള ആരോപണം അക്കാലത്ത് കേട്ടിരുന്നു. എന്തായാലും കേൾക്കുന്നത് ഒന്നും അത്ര നല്ല കാര്യങ്ങളല്ല എന്നതിൽ ഏറെ ദുഖമുണ്ട്.