/sathyam/media/media_files/2026/01/24/kannasum-kadalasum-2026-01-24-19-28-19.jpg)
ശുക്രനും രാജയോഗവും കണ്ടകശനിയും ഒരുമിച്ചു വരുന്ന ഒരു പ്രതിഭാസമാണ് ഇന്നിപ്പോൾ കേരളത്തിലുടനീളം കണ്ടുകൊണ്ടിരിക്കുന്നത്.
2018 പ്രളയത്തിനുശേഷം കേരളത്തിന്റെ അഷ്ടദിക്ക് പാലകന്മാർ ഒന്നടങ്കം രാഹുവും കേതുവുമായി രംഗത്തുവരുന്ന നേർക്കാഴ്ചകൾ കാണിപ്പയ്യൂരിൽ നിന്നും നാം അനുഭവിച്ചറിഞ്ഞു.
2018 ജൂലൈ 17 മുതൽ ആഗസ്ത് ഒന്ന് വരെ കർക്കടമാസത്തിൽ മഴ ലഭിക്കില്ല എന്നും ആഗസ്ത് മാസത്തിൽ വനത്തിനുള്ളിൽ മഴ തീരെ ലഭിക്കില്ല എന്നും വൈദ്യതി ഉത്പാദനം അപ്പാടെ മുടങ്ങുമെന്നും ആ പാവപ്പെട്ടവൻ പ്രവചിച്ചപ്പോൾ ദൈവം കൊടുത്ത ശിക്ഷയായിരുന്നു ആ പ്രളയം.
മഴവെള്ളത്താൽ ഡാമുകൾ അടക്കം ഒഴുകിപ്പോയപ്പോൾ കാണിപ്പയ്യൂരിൽ വരെ അടുക്കളയിൽ വെള്ളം കയറിയ പ്രതിഭാസത്തെയും നമ്മൾ അടുത്തറിഞ്ഞു.
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ജീവിക്കുന്ന താത്വികാചാര്യനും അറിയപ്പെടുന്ന ബുദ്ധിജീവിയുമായ സഖാവ് ഗോവിന്ദൻ മാഷ് ജ്യോതിഷത്തെ വിശ്വസിക്കില്ല… പക്ഷേ ജ്യോതിഷനെ വിശ്വസിക്കും ! അതാണ് തളിപ്പറമ്പിൽ പുതിയ രാഷ്ട്രീയ ശാസ്ത്രം.
/filters:format(webp)/sathyam/media/media_files/2025/06/23/mv-govindan-2025-06-23-21-18-55.jpg)
ചുവന്ന കൊടിയുടെ നിഴലിൽ വളർന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവ്, ഒരു ദിവസം നക്ഷത്രങ്ങളുടെ കൂട്ടുകാരനെ “സൗഹൃദ സന്ദർശനത്തിന്” കണ്ടതോടെ, കേരള രാഷ്ട്രീയത്തിൽ സൂര്യനും ശനിയും ഒരുമിച്ച് ഉദിച്ചതുപോലുള്ള ചർച്ചകളാണ് നടന്നത്.
“ജാതകം നോക്കാൻ പോയതല്ല, നക്ഷത്രം നോക്കാൻ പോയതാണ്” എന്ന വിശദീകരണം കേട്ടപ്പോൾ, വിശ്വാസവും അവിശ്വാസവും തമ്മിൽ ഉള്ള നേർത്ത അതിര് പാർട്ടി ഓഫീസുകളിൽ വരെ ചിരിയുണർത്തി.
സന്ദർശന കേന്ദ്രം ആരാണെന്നു ചോദിച്ചാൽ – തളിപ്പറമ്പയിലെ പ്രശസ്ത ജ്യോത്സ്യൻ മാധവ പൊതുവാൾ. പക്ഷേ ഭയപ്പെടേണ്ട, അദ്ദേഹം സ്വാമിയുമല്ല, ആശ്രമവുമില്ല, വെറും “പഴയ എസ്എഫ്ഐ സുഹൃത്ത്” മാത്രം !
“നക്ഷത്ര ദോഷമുണ്ടോ എന്ന് പരിശോധിച്ചില്ലേ ?” എന്ന സംശയം പോലും ചോദിക്കാൻ പാർട്ടി കേഡറുകൾക്ക് ധൈര്യമില്ലാത്ത അവസ്ഥ. കാരണം, ഇവിടെ പ്രശ്നം ജ്യോതിഷമല്ല, ഫോട്ടോയാണ് – ഒരു ഫോട്ടോ മതി, കമ്മ്യൂണിസവും കുന്ദലിനിയും കൂട്ടുകൂടാൻ.
ഈ കലികാലത്ത് ഫോട്ടോ ആണല്ലോ പ്രശ്നം. ഇതോടെ സി.പി.എമ്മിനകത്ത് വലിയ ഭൂകമ്പമൊന്നും ഉണ്ടായില്ലെന്ന് നേതാക്കൾ ഉറപ്പിച്ചു.
“ചർച്ചയില്ല, വിമർശനമില്ല, അസ്വസ്ഥതയുമില്ല” എന്ന ഔദ്യോഗിക ഭാഷ്യം കേട്ടാൽ തോന്നും, ഗ്രഹങ്ങൾ എല്ലാം പാർട്ടി ലൈനിലാണ് എന്ന്. ഒടുവിൽ, കേരള രാഷ്ട്രീയം നമ്മെ പഠിപ്പിച്ച ഒരു വലിയ സത്യം ഇതാണ്: കമ്മ്യൂണിസ്റ്റുകൾക്ക് നക്ഷത്രങ്ങളിൽ വിശ്വാസമില്ല… പക്ഷേ നക്ഷത്രങ്ങൾ കമ്മ്യൂണിസ്റ്റുകളെ വിട്ട് പോകാറുമില്ല.
പിണറായി വിജയന് വരെ ഗണപതി ഹോമവും ശത്രുസംഹാരപൂജയും ഒക്കെ നടത്തിയിട്ടും എല്ലാം അയ്യപ്പകോപത്താൽ തിരിച്ചടിക്കുന്നു എന്നതാണ് ഇപ്പോൾ കേരളത്തിന്റെ ഗ്രഹനില.
ശുക്രദശയാൽ രാജയോഗവും ഗജകേസരി യോഗയും നാരീ യോഗവും സന്താന യോഗവും വന്നു കഴിഞ്ഞപ്പോൾ എല്ലാം കൽപ്പാത്തിയിലെ തേരിന്റെ ഐശ്വര്യം എന്ന് കരുതി വളർന്ന രാജകുമാരൻ ഇത്ര പെട്ടെന്ന് ഗുളികൻ തിരിച്ചടിച്ചുകൊണ്ട് കണ്ടകശനി വരുമെന്നും നാരീ യോഗം നാറി യോഗമായി മാറുമെന്നും കരുതിയതേ ഇല്ല.
രാജയോഗം രാജി യോഗമായി മാറുന്നു. ഗജകേസരി യോഗം ഗജഫ്രോഡരി യോഗമായി മാറുന്നു. എകെജി സെന്ററിലെ മന്ത്രവാദികൾ ഇപ്പോൾ എങ്ങനെയെങ്കിലും ചാത്തന്മാരെ വടകരയിലെ കാഫിറുകൾക്കിടയിലേക്ക് പറത്തി വിടുവാനുള്ള മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടിരിക്കുന്നു.
/filters:format(webp)/sathyam/media/media_files/2026/01/24/kadakampalli-surendran-2026-01-24-19-43-02.jpg)
കടകംപള്ളിയെ ശനി പിടിക്കുന്ന നേരം അണികളായ ശനിയന്മാരെ പ്രീതിപ്പെടുത്തുവാൻ വടകര ലക്ഷ്യമാക്കി കോഴിമുട്ടകളിൽ ആവാഹിച്ച ഭൂതങ്ങളെ തുറന്നുവിടുവാനുള്ള ഹോമകർമ്മങ്ങളിൽ മുഴുകിയിരിപ്പാണ്.
2018 ൽ ശബരിമല സന്നിധാനത്ത് ആരംഭിച്ച ഏഴര ശനിദശ കൃത്യം ഏഴരക്കൊല്ലമായപ്പോൾ അയ്യപ്പസംഗമത്തിലൂടെ കണ്ടകനായി ഗുളികന്മാരെല്ലാം പോറ്റിയുടെ രൂപത്തിൽ തിരിഞ്ഞുകൊത്തി.
മുരാരിയും വാസുവും പപ്പനും തന്ത്രിയും ഒക്കെ കണ്ടകനിൽ അലിഞ്ഞില്ലാതാകുന്നു.
കടകംപള്ളിയും വാസവനും ഏഴരശ്ശനിയുടെ ക്യുവിലാണ്. ഇതിന്നിടയിൽ കാരണഭൂതം എകെജി സെന്ററിലെ നേമം ശിവനെയും മട്ടന്നൂർ പാർവതിയെയും തൃത്താല രാജുവിനെയും ഹോമകുണ്ഡത്തിലേക്ക് ആവാഹിച്ചുകൊണ്ടുവന്ന് ശത്രുക്കളുടെ മേലേക്ക് അഗ്നിയെറിഞ്ഞുകൊണ്ട്
കുടുക്കകൾ പൊട്ടിക്കുവാനുള്ള ശ്രമത്തിലാണ്.
മുഖ്യ കാർമ്മികത്വം വഹിച്ചുകൊണ്ടിരിക്കുന്നത് കണിച്ചുകുളങ്ങരയിലെ നടേശൻ തന്ത്രിയും
പെരുന്നയിലെ സുകുമാരൻ തന്ത്രിയും. ചിലരൊക്കെ മണിച്ചിത്രത്താഴിലെ സണ്ണിക്കുട്ടനെയും ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെയും തേടി പാലായിലേക്ക് രഥയാത്രയിലാണ്.
കരിമണൽ കർത്താവ് ആറാട്ടുപുഴ മണലിലെ അതിരാത്ര പൂജയിൽ തൃക്കുന്നപ്പുഴ കത്തിയമരുമ്പോൾ വീണവായിക്കുന്ന ആളുകളും കരുവന്നൂരിൽ പെരിങ്ങോട്ടുകര സഖാക്കൾ ചാത്തൻ സേവ നടത്തി സഹകരണബാങ്കുകൾ ആവാഹിക്കുമ്പോൾ അതിദാരിദ്രമുക്തമായ കേരളസമൂഹം കാരണഭൂതനായുള്ള വാഴ്ത്തുപാട്ടുകൾ തയ്യാറാക്കുന്ന തിരക്കിലാണ്.
നാട്ടുകാരുടെ പൂരം കഴിഞ്ഞു അടുത്ത പൂരം നടക്കുമ്പോൾ തിവുവമ്പാടിയും പാറമേക്കാവും അവർക്കാവശ്യമായ പാട്ടുകളുടെ പണിപ്പുരകളിലാണ്. എന്തായാലും ഹരിവരാസനവും പോറ്റിയെ കേറ്റിയെ ഗാനവും എല്ലാം തിരിച്ചും മറിച്ചും പൂരപ്പാട്ടുകളായി മാറുമെന്നത് അമ്പലക്കമ്മറ്റിക്കാർ തീരുമാനമെടുത്തു കഴിഞ്ഞു.
ഇനി എകെജി സെന്ററിലെ മന്ത്രവാദികളുടെയും പൂജാരിമാരുടെയും അനുഗ്രഹം മാത്രം മതി അത് കേരളക്കര മുഴങ്ങുവാൻ !!
സോഷ്യൽ മീഡിയ തുറന്നാൽ സകലമാന ജോത്സ്യന്മാരുടെയും ജോതിഷികളുടെയും സംസ്ഥാന സമ്മേളനമാണ്. അവർ ഓരോരോ നക്ഷത്രങ്ങളെയും കുറിച്ച് റീൽസ് ഇട്ടുകൊണ്ട് അതും നക്ഷത്രങ്ങളുടെ പേര് പറയുന്നത് ഏറ്റവും അവസാനവും.
എന്തായാലും ജനങ്ങൾ എല്ലാം വിശ്വാസികളായി മാറിക്കൊണ്ടിരിക്കുന്നതിൽ എല്ലാവർക്കും ആശ്വസിക്കാം !!
സ്വർണ്ണം കട്ടത് ആരപ്പാ - മലയാളികളാണ് അയ്യപ്പാ
കന്നാസും കടലാസും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us