/sathyam/media/media_files/2026/01/26/kannasum-kadalasum-2026-01-26-19-44-41.jpg)
കേരളം: ഗ്രഹണങ്ങളും ഫയലുകളും ഒരുമിച്ച് നടന്ന കാലം.
ശുക്രദശയുടെ മധുരവാക്കുകളും കണ്ടകശനിയുടെ കയ്പ്പും ഒരുമിച്ച് കേരളത്തെ പിടിച്ചുകുലുക്കിയ കാലത്ത്, ആദ്യം വാതിൽ തുറന്നത് ഡിപ്ലോമാറ്റിക് ബാഗുകളായിരുന്നു.
അയ്യപ്പന്റെ നാട്ടിൽ ഭക്തിയും ഭരണവും കൈകോർത്ത് നടക്കുമെന്ന വിശ്വാസത്തിനിടയിൽ, കിലോകണക്കിന് സ്വർണ്ണം അതിർത്തികൾ കടന്നു. കേസിൽ പ്രതികൾ മാറിമാറി വന്നെങ്കിലും, “അറിഞ്ഞില്ല” എന്ന വാചകം മാത്രം സ്ഥിരമായി. ഭരണത്തിന്റെ മുകളിലേക്കുള്ള സംശയനിഴൽ അന്നാണ് ഉറച്ചത്.
കോവിഡ് മനുഷ്യരെ വീട്ടിലിരുത്തിയപ്പോൾ, അവരുടെ സ്വകാര്യത വിമാനമെടുത്തു വിദേശത്തേക്ക് പോയി. രോഗവിവരങ്ങൾ ചികിത്സയ്ക്കാണെന്ന വിശദീകരണം കേട്ടെങ്കിലും, ഡാറ്റ കൈമാറ്റത്തിന്റെ വ്യാപ്തി പുറത്തുവന്നപ്പോൾ ഭയം മാറിയത് സംശയമായാണ്.
ജീവൻ രക്ഷിക്കാനുള്ള അടിയന്തരതയെ മറയാക്കി ഭരണത്തിന്റെ വിവേചനം ക്ലൗഡിൽ കയറിയോ എന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു.
പാവങ്ങൾക്ക് വീട് എന്ന മുദ്രാവാക്യം കേട്ടപ്പോൾ ക്ഷേമരാഷ്ട്രത്തിന്റെ മുഖം തെളിഞ്ഞു. എന്നാൽ വീടിന്റെ മതിലുകൾ ഉയരുന്നതിനൊപ്പം കമ്മീഷൻ ആരോപണങ്ങളും ഉയർന്നു. ലൈഫ് മിഷൻ ഒരു പദ്ധതിയെന്നതിലപ്പുറം, ഫയലുകളും ഏജൻസികളും രാഷ്ട്രീയവുമായുള്ള ബന്ധത്തിന്റെ ഉദാഹരണമായി മാറി.
പാലാരിവട്ടം ഫ്ലൈഓവർ നഗരത്തിന്റെ അഭിമാനമായി തുറന്ന നിമിഷം മുതൽ തന്നെ, ഗുളികൻ തന്റെ ജോലി തുടങ്ങി. കോൺക്രീറ്റിനുള്ളിൽ ഉണ്ടായിരുന്ന 'അപാരതകൾ' പുറത്തുവന്നപ്പോൾ, വികസനം തന്നെ പൊളിച്ചുമാറ്റേണ്ടി വന്നു. ഒരു പാലം പൊളിച്ചതിനൊപ്പം, ഭരണത്തിന്റെ കണക്കുകൂട്ടലുകളും പൊളിഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/01/26/palarivattam-bridge-2026-01-26-19-51-42.jpg)
ഇന്റർനെറ്റ് എല്ലാവർക്കും എന്ന സ്വപ്നം വയറുകളിലൂടെ സഞ്ചരിച്ചപ്പോൾ, കെ-ഫോൺ പദ്ധതി സാങ്കേതികതയേക്കാൾ രാഷ്ട്രീയമായി മാറി. ചെലവും ടെൻഡറുകളും സുതാര്യതയും ചോദ്യം ചെയ്യപ്പെട്ടപ്പോൾ, കണക്ഷൻ കിട്ടുന്നതിന് മുമ്പേ വിശ്വാസം വിച്ഛേദിക്കപ്പെട്ടു.
റോഡ് സുരക്ഷയുടെ പേരിൽ ക്യാമറകൾ ഉയർന്നപ്പോൾ, അപകടങ്ങൾ കുറയുമെന്ന് ജനങ്ങൾ കരുതി. പക്ഷേ അപകടങ്ങൾ കുറയുന്നതിന് മുൻപേ പിഴകൾ വർധിച്ചു. സുരക്ഷയുടെ ഭാഷ പിഴയുടെ ഭാഷയായി മാറിയപ്പോൾ, പദ്ധതി തന്നെ സംശയയോഗമായി.
/filters:format(webp)/sathyam/media/media_files/2024/10/21/yYQGQZM9QoKi2Ovg3NVf.jpg)
കുടുംബവും ഭരണവും ഒരേ ഫ്രെയിമിൽ വന്നപ്പോൾ, എക്സലോജിക് വിവാദം നൈതികതയുടെ വാതിൽ തുറന്നു. നിയമപരതയുടെ വാക്കുകൾ ഉയർന്നുവെങ്കിലും, അധികാരവും ബിസിനസ്സും തമ്മിലുള്ള അതിരുകൾ മങ്ങിപ്പോയി എന്ന ബോധം സമൂഹത്തിൽ വ്യാപിച്ചു.
അരവില വാഗ്ദാനത്തിൽ വിശ്വസിച്ച് ആയിരങ്ങൾ പണം കൊടുത്ത സിഎസ്ആര്‍ തട്ടിപ്പ്, ദാരിദ്ര്യത്തിന്റെ മേൽ നടന്ന ഏറ്റവും ക്രൂരമായ പരീക്ഷണമായി. സർക്കാർ സംവിധാനങ്ങൾ നോക്കിനിന്നപ്പോൾ, വിശ്വാസം പകുതിയിലായി, നഷ്ടം പൂർണ്ണമായി.
സഹകരണ ബാങ്കുകൾ ജനങ്ങളുടെ വിശ്വാസത്തിന്റെ കോട്ടകളായിരുന്നു. എന്നാൽ അവിടങ്ങളിൽ പാർട്ടി രാഷ്ട്രീയം കയറിയപ്പോൾ, നിക്ഷേപങ്ങൾ അപകടത്തിലായി. സഹകരണം എന്ന വാക്ക് തന്നെ പരിഹാസമായി.
/filters:format(webp)/sathyam/media/media_files/2025/11/08/karuvannur-nemam-bank-froad-2025-11-08-13-20-54.jpg)
പി.എസ്.സി പരീക്ഷാഹാളുകളിൽ കഴിവിന്റെ പേന എഴുതി, നിയമനപ്പട്ടികയിൽ ബന്ധങ്ങളുടെ മഷി കണ്ടതോടെ, മെറിറ്റിന്റെ വിശ്വാസം തകർന്നു. നക്ഷത്രവും നെറ്റ്‌വർക്കും ചേർന്ന ഒരു പുതിയ നിയമന സംസ്കാരം രൂപപ്പെട്ടു എന്ന സംശയം വ്യാപിച്ചു.
അഴിമതി കണ്ടാൽ പിടികൂടേണ്ട വിജിലൻസ്, ചില കേസുകളിൽ മാത്രം കണ്ണ് തുറന്നുവെന്നും ചിലതിൽ ഉറങ്ങുകയായിരുന്നെന്നും പൊതുജനങ്ങൾ വിലയിരുത്തി. കാണുന്നതും കാണാത്തതും രാഷ്ട്രീയമായപ്പോൾ, അന്വേഷണം തന്നെ സംശയമായി.
/filters:format(webp)/sathyam/media/media_files/2025/11/28/sabarimala-2025-11-28-07-21-15.webp)
ശബരിമല വിഷയത്തിൽ വിശ്വാസവും ഭരണവും നേർക്കുനേർ വന്നപ്പോൾ, ഏഴരശ്ശനി പൂർണ്ണ ശക്തിയിൽ ഇറങ്ങി. നിയമവും വിശ്വാസവും തമ്മിലുള്ള പോരാട്ടം കേരളത്തിന്റെ മനസ്സിനെ തന്നെ പിളർത്തി.
ദുരിതകാലത്ത് കൈത്താങ്ങായിരിക്കേണ്ട കോവിഡ് കിറ്റുകൾ പോലും അഴിമതി സംശയത്തിൽ കുടുങ്ങി. സഹായം എത്തി, പക്ഷേ സുതാര്യത വഴിമുട്ടി.
ആർ.ടി.ഒ ഓഫീസുകളിൽ ലൈസൻസിനൊപ്പം ലഞ്ചും പതിവായി. കൈക്കൂലി ഇനി കൈമാറ്റമല്ല, ഡിജിറ്റൽ ഇടപാടായി മാറിയപ്പോൾ, അഴിമതിയും സാങ്കേതികമായി അപ്‌ഗ്രേഡ് ആയി.
ജീവിച്ചവർക്കില്ലാത്ത പെൻഷൻ മരിച്ചവർക്കുണ്ടായെന്ന കണ്ടെത്തൽ, ഭരണത്തിന്റെ അക്കൗണ്ടിംഗ് തന്നെ ചോദ്യം ചെയ്തു. സിസ്റ്റം ഉറങ്ങുമ്പോൾ ഗുളികൻ ഉണർന്നിരുന്നു.
വികസനത്തിന്റെ പേരിൽ നടന്ന പൊതു മേഖല കരാറുകൾ, ബന്ധങ്ങളുടെ നെറ്റ്‌വർക്കായി മാറി. ടെൻഡറുകൾ തുറന്നെങ്കിലും, സുതാര്യത അടഞ്ഞുകിടന്നു.
രാഷ്ട്രീയ അക്രമ കേസുകൾ ഫയലുകളിൽ കെട്ടിക്കിടക്കുമ്പോൾ, ശിക്ഷകൾ കാണാനില്ല. നിയമം വൈകുമ്പോൾ, അക്രമം ധൈര്യമായി. വിമർശനം ഉയർന്നാൽ ബ്ലോക്ക്, ചോദ്യം ചെയ്താൽ കേസ്.
സോഷ്യൽ മീഡിയയിൽ അഭിപ്രായ സ്വാതന്ത്ര്യം കണ്ടകശനിയുടെ പിടിയിലായി. ഇതിനിടയിൽ, രക്തസാക്ഷിയുടെ പേരിൽ രൂപീകരിച്ച അഭിമന്യു ഫണ്ട്, വികാരത്തിന്റെ പുണ്യം കൊണ്ട് പിറന്നതായിരുന്നെങ്കിലും, അതിന്റെ വിനിയോഗത്തിൽ വ്യക്തതയില്ലെന്ന ആരോപണങ്ങൾ ഉയർന്നു.
ത്യാഗത്തിന്റെ പേരിൽ സമാഹരിച്ച പണം പാർട്ടി ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന സംശയം, സഖാക്കളിൽ തന്നെ അസ്വസ്ഥത സൃഷ്ടിച്ചു.
അതുപോലെ തന്നെ ധനരാജ് ഫണ്ട് എന്ന പേരിൽ ശേഖരിച്ച തുകകൾ എവിടേക്ക് പോയി എന്ന ചോദ്യവും ഇന്നും ഉത്തരം തേടുന്നു. ദുരന്തവും സഹാനുഭൂതിയും രാഷ്ട്രീയ സമാഹരണമായി മാറുമ്പോൾ, നൈതികത വീണ്ടും പരാജയപ്പെട്ടു.
ഇത് ജ്യോതിഷമല്ല, രാഷ്ട്രീയം.
ഇത് പ്രവചനമല്ല, പരിഹാസം.
“സ്വർണ്ണം കട്ടത് ആരപ്പാ - മലയാളികളാണ് അയ്യപ്പാ.”
കന്നാസും കടലാസും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us