/sathyam/media/media_files/2026/01/27/kannasum-kadalasum-2-2026-01-27-20-35-21.jpg)
കേരളത്തിൽ ഇപ്പോൾ പഠനം ഒരു ഹോബി മാത്രമാണ്. ഡിഗ്രി ഒരു അലങ്കാരം. പി.എസ്.സി റാങ്ക് ലിസ്റ്റ് ഒരു വാൾ കലണ്ടർ. പക്ഷേ ബന്ധം - അതാണ് നിയമം, യോഗ്യത, ഭരണഘടന.
പി.എസ്.സി പരീക്ഷ എഴുതിയാൽ ജോലി കിട്ടുമെന്ന വിശ്വാസം ഇപ്പോൾ കുട്ടികൾക്കില്ല; മാതാപിതാക്കൾക്കുമില്ല. കാരണം ഇവിടെ പരീക്ഷയുടെ അവസാന പേപ്പർ “ആരെയാണ് അറിയുന്നത് ?” എന്നതാണ്.
അതിൽ മാർക്ക് കുറവാണെങ്കിൽ, റാങ്ക് ഒന്നായാലും കാര്യമില്ല. 77-ാം റാങ്ക് നേടിയ കരക്കാണോത്തെ അനു ഈ സംവിധാനത്തെ വിശ്വസിച്ചു. പരീക്ഷ എഴുതി, റാങ്ക് നേടി, ജീവിതം കാത്തിരുന്നു. പക്ഷേ സിസ്റ്റം അവനെ കാത്തിരുന്നില്ല.
/filters:format(webp)/sathyam/media/media_files/2026/01/27/s-anu-2026-01-27-20-42-52.jpg)
ബന്ധുക്കളുടെ ലിസ്റ്റ് മുന്നേറി, റാങ്ക് ലിസ്റ്റ് പിന്നോട്ട് പോയി. ഒടുവിൽ അവൻ ജീവിതം തന്നെ അവസാനിപ്പിച്ചപ്പോൾ, അധികാരികൾ ദുഃഖം രേഖപ്പെടുത്തി. രേഖപ്പെടുത്തി എന്നത് മാത്രമാണ് അവർക്ക് വരുന്നത്. ഇവിടെ റാങ്ക് ലിസ്റ്റ് ഒരു രേഖ മാത്രമാണ്. പാർട്ടി ലിസ്റ്റ് ഭരണഘടനയാണ്.
പരീക്ഷകളിൽ കോപ്പിയടിച്ച് പാസായ കുട്ടി സഖാക്കൾ പിടിക്കപ്പെട്ടപ്പോൾ, അത് വിദ്യാഭ്യാസ തട്ടിപ്പായില്ല. അത് ഒരു രാഷ്ട്രീയ പ്രതിസന്ധിയായി.
പ്രതിസന്ധി പരിഹരിക്കാൻ കണ്ടെത്തിയ മാർഗം മഹത്തായത്: ഒരു പാവം കെഎസ്‌യുക്കാരനെ കള്ള സർട്ടിഫിക്കേറ്റിന്റെ പേരിൽ അറസ്റ്റ് ചെയ്യിക്കുക. കുറ്റം ചെയ്തവർ സംരക്ഷിക്കപ്പെടണം; കുറ്റം ചെയ്യാത്തവർ മാതൃകയാകണം - ഇതാണ് പുതിയ നൈതികത. വ്യാജ സർട്ടിഫിക്കേറ്റുകൾ ഇവിടെ അപവാദമല്ല.
അത് രാഷ്ട്രീയ യോഗ്യതയാണ്. എസ്എഫ്ഐ നേതാക്കൾ പേപ്പറിൽ ബിരുദധാരികൾ, ജീവിതത്തിൽ ബന്ധുധാരികൾ. അഡ്മിഷൻ കിട്ടിയത് മെറിറ്റിലൂടെ അല്ല, മീറ്റിംഗിലൂടെ.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബന്ധുവായ അദീബിന് നിയമനം കിട്ടിയപ്പോൾ, അത് അഴിമതിയല്ലത്രേ. അത് “യാദൃശ്ചികം”. കേരളത്തിൽ യാദൃശ്ചികങ്ങൾ എല്ലാം ഒരേ വീട്ടിലേക്കാണ് സംഭവിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2026/01/27/adeeb-2026-01-27-20-47-54.jpg)
ചോദ്യം ചോദിച്ചവർ വിദ്യാഭ്യാസ വിരോധികൾ; മൗനം പാലിച്ചവർ ബുദ്ധിജീവികൾ. സർവീസ് സഹകരണ ബാങ്കുകൾ ഇന്ന് സഹകരണത്തിന്റെതല്ല. അത് ബന്ധുക്കളുടെ സ്ഥിരനിയമന കൗണ്ടറുകളാണ്.
ജനങ്ങളുടെ പണം, കുടുംബക്കാരുടെ ജോലി. രാജഭരണം പഴയകാല കഥയല്ല; അത് ഇപ്പോഴും ബാങ്ക് കൗണ്ടറുകളിൽ ജീവനോടെ ഉണ്ട്.
സ്കൂളുകളിലും കോളേജുകളിലും അധ്യാപക നിയമനം ഇനി അഭിമുഖമല്ല. അത് അഭ്യന്തര ക്രമീകരണം. പഠിപ്പിക്കാനുള്ള കഴിവല്ല, ആരുടെ ആളാണ് എന്നതാണ് സിലബസ്. യോഗ്യത ചോദിച്ചാൽ “സംഘപരിവാർ അജണ്ട” എന്ന് മുദ്രകുത്തും.
ഇതെല്ലാം വലിയ ചർച്ചയായാൽ ഉടനെ വിഷയം മാറും. കായംകുളം, വെഞ്ഞാറമ്മൂട് - രാഷ്ട്രീയ കൊലപാതകങ്ങൾ വാർത്ത തിന്നും. വിദ്യാഭ്യാസത്തിലെ കൊള്ള മൂടപ്പെടും. രക്തം വീണാൽ ഫയലുകൾ മായും; ചോദ്യം ചോദിച്ചാൽ ദേശദ്രോഹം.
വിദ്യാഭ്യാസത്തിലും ജോലിക്കാര്യത്തിലും പത്തു വർഷം നീണ്ട ഈ അഴിമതി മധ്യപ്രദേശിലെ വ്യാപത്തേക്കാൾ കൊടിയതാണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. അവിടെ കോപ്പിയടി പിടിച്ചു; ഇവിടെ കോപ്പിയടിയെ ഭരണരീതിയാക്കി.
ഇതെല്ലാം കണ്ടും കേട്ടും ഒന്നും കണ്ടില്ലാത്തവരായി, ഒന്നും കേൾക്കാത്തവരായി നിൽക്കുന്ന വിദ്യാഭ്യാസ മന്ത്രിമാരും മന്ത്രിണിമാരും കേരളത്തിലെ ഏറ്റവും വിജയകരമായ അധ്യാപകരാണ്. അവർ പഠിപ്പിച്ചത് മൗനം. പരീക്ഷയിൽ ചോദിച്ചത് ബന്ധം. പാസാക്കിയതു അനീതിയെ. ഇതാണ് കേരള മോഡൽ.
ഇവിടെ പഠിച്ചാൽ പോര.
ഇവിടെ ബുദ്ധിയുണ്ടെങ്കിൽ പോര.
ഇവിടെ റാങ്ക് ഒന്നായാലും പോര.
ഇവിടെ ബന്ധുവായിരിക്കണം.
അല്ലെങ്കിൽ നിങ്ങളുടെ റാങ്ക്
ഒരു നമ്പർ മാത്രമായിരിക്കും -
കരക്കാണോത്തെ അനുവിനെ പോലെ.
പഠിച്ചാൽ പോര… ബന്ധുവായിരിക്കണം
കന്നാസും കടലാസും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us