/sathyam/media/media_files/2026/02/12/puthuyuga-yathra-2026-02-12-18-37-15.jpg)
കാസർഗോട്ടെ കുമ്പളയിൽ യാത്ര ആരംഭിച്ച ദിനം ചരിത്രപുസ്തകത്തിൽ കുറിക്കാവുന്ന ദിവസം തന്നെ. ആവേശം നിറഞ്ഞ ജനക്കടൽ, മാറ്റത്തിനായുള്ള പ്രതീക്ഷ, “ഇതവണ ശരിക്കും വേറെയായിരിക്കും” എന്ന ആത്മവിശ്വാസം - എല്ലാം ചേർന്നൊരു രാഷ്ട്രീയ ഉത്സവം.
എല്ലാവരുടെയും മനസ്സിൽ ഒരേ സ്വപ്നം: സതീശൻ മുഖ്യമന്ത്രിയായി കാണണം. പക്ഷേ ജനക്കടലിന്റെ മുന്നിൽ ഉയർത്തിയ വേദി, ചിലരുടെ സ്വകാര്യ ദ്വീപായി മാറിയ കാഴ്ച ഒന്നു വേറെയായിരുന്നു.
/filters:format(webp)/sathyam/media/media_files/2026/02/12/puthuyuga-yathra-2-2026-02-12-18-38-52.jpg)
താഴെ നിൽക്കുന്നവർ ജനങ്ങൾ; മുകളിൽ കയറുന്നവർ ജനാധിപത്യത്തിന്റെ സ്വയം പ്രഖ്യാപിത ഓഹരിയുടമകൾ !
വേദി എന്നത് പ്രസംഗത്തിനുള്ള സ്ഥലം മാത്രമല്ല, അത് ശാസ്ത്രീയമായ മാനേജ്മെന്റിന്റെ പരീക്ഷണശാലയാണ്. പക്ഷേ നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിൽ വേദി ഒരു “സെൽഫി സ്പോട്ട്” ആയി മാറിയിരിക്കുന്നു.
/filters:format(webp)/sathyam/media/media_files/2026/02/12/puthuyuga-yatjra-kc-2026-02-12-18-51-27.jpg)
പരിപാടിയുടെ വലിപ്പം അറിയാതെ, “കസേര ഉണ്ടെങ്കിൽ മതിയെന്ന” ലളിതമായ തത്വത്തിൽ സ്റ്റേജിലേക്ക് ഇരച്ചുകയറൽ.
ആരാണ് അർഹൻ, ആരാണ് അതിഥി, ആരാണ് പ്രവർത്തകൻ - എല്ലാം ഒരേ നിരയിൽ, ഒരേ കസേരയിൽ. ജനങ്ങൾ താഴെ നിൽക്കുമ്പോൾ, വേദി മുകളിൽ തിരക്കേറിയ ബസ് സ്റ്റാൻഡിനെ ഓർമ്മിപ്പിക്കുന്നു.
നേതാവ് പ്രസംഗിക്കുമ്പോൾ പിന്നിൽ കൂട്ടംകൂടി നിൽക്കുന്നത് ഒരു കലാരൂപം തന്നെ. ക്യാമറയിൽ ഒരു നിമിഷം മുഖം വരുമോ എന്ന പ്രതീക്ഷയിൽ ചിലർ പ്രസംഗത്തിന്റെ ഉള്ളടക്കത്തേക്കാൾ ഫ്രെയിമിന്റെ വലിപ്പം കണക്കുകൂട്ടുന്നു.
“ഞാനാണ് മെയിൻ” എന്ന് കാണിക്കാൻ സ്റ്റേജിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന്, ഇടയ്ക്ക് മൊബൈൽ എടുത്ത് നിർദേശങ്ങൾ നൽകുന്ന ഭാവം - എല്ലാം ചേർന്ന് ഒരു രാഷ്ട്രീയ റിയാലിറ്റി ഷോ.
/filters:format(webp)/sathyam/media/media_files/2026/02/12/puthuyuga-yathra-3-2026-02-12-18-43-59.jpg)
മൈക്ക് കിട്ടിയാൽ സമയം എന്നത് സാപേക്ഷമെന്നു തെളിയിക്കാൻ ശ്രമം. അഞ്ചു മിനിറ്റ് എന്നത് ചിലർക്കു അരമണിക്കൂർ; അരമണിക്കൂർ എന്നത് ജനങ്ങൾക്ക് ഒരു നിത്യകാലം.
ഒരാൾ പ്രസംഗിക്കുമ്പോൾ പിന്നിൽ നിന്ന് വർത്തമാനം പറയുന്നവരുടെ ആത്മവിശ്വാസം അസൂയപ്പെടുത്തുന്നതാണ്. “ഇത് കേൾക്കേണ്ടതില്ല, എന്റെ അഭിപ്രായമാണ് പ്രധാനമെന്ന്” തോന്നുന്ന വിധം സംസാരിച്ച് ചടങ്ങിന്റെ അന്തസ്സ് ചുരണ്ടിക്കളയൽ.
സ്വാഗതം പറയുമ്പോൾ തന്നെ ചടങ്ങ് വിടപറയുന്നത് കാണാം. അധ്യക്ഷ പ്രസംഗം ചിലപ്പോൾ ഒരു ലുല്ലാബി പോലെ മാറുന്നു - കേൾക്കുന്നവർക്ക് നിദ്രാവകാശം ഉറപ്പാക്കുന്ന രീതിയിൽ.
ഇതെല്ലാം കഴിഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ “വൻ ജനാവലി, അതുല്യ സ്വീകരണം” എന്ന ഇറക്കുമ്പോൾ, യാഥാർത്ഥ്യവും പ്രചാരണവും തമ്മിൽ ഒരു ചെറിയ അകലം ഉണ്ടാകുന്നു.
/filters:format(webp)/sathyam/media/media_files/2026/02/12/puthuyuga-yathra-kozhikode-2026-02-12-18-49-24.jpg)
2026-ലെത്തിയിട്ടും വേദി എങ്ങനെ കൈകാര്യം ചെയ്യണം എന്നത് ഇപ്പോഴും പഠനവിഷയമാണെങ്കിൽ, അത് ചിരിച്ചുകൊണ്ട് സമ്മതിക്കേണ്ട സത്യം തന്നെയാണ്. മാറ്റം പ്രസംഗത്തിൽ മാത്രം ഉണ്ടായാൽ മതിയാകില്ല; വേദി നിയന്ത്രണത്തിലും ഉണ്ടായിരിക്കണം.
നമ്മളെ അടിക്കാൻ ഉള്ള വടി നമ്മൾ തന്നെ വെട്ടി മറ്റുള്ളവരുടെ കയ്യിൽ കൊടുക്കരുത്. വിമർശകർക്ക് ആയുധം നാം തന്നെ നൽകി പിന്നെ “എന്തുകൊണ്ട് വിമർശിക്കുന്നു ?” എന്ന് ചോദിക്കുന്നത് യുക്തിയല്ല.
/filters:format(webp)/sathyam/media/media_files/2026/02/12/puthuyuga-yatjra-vd-2026-02-12-18-51-47.jpg)
ജാഥ ഇപ്പോഴും തുടക്കത്തിലാണ്; കോഴിക്കോട് എത്തിയിട്ടേയുള്ളൂ. വഴിയിൽ പൊടിപടലങ്ങളും ചെറിയ തട്ടിപ്പുകളും ഉണ്ടാകും. പക്ഷേ അതിനെ മറയ്ക്കാതെ, ചിരിച്ചുകൊണ്ട് തിരുത്തി മുന്നോട്ട് പോകാൻ കഴിഞ്ഞാൽ - അതാണ് യഥാർത്ഥ പുതുയുഗ രാഷ്ട്രീയം.
വേദി ശാന്തമായാൽ വാക്കുകൾക്ക് തിളക്കം കൂടും. തിരക്ക് കുറയുമ്പോൾ സന്ദേശം ഉയരും. മുഖ്യമന്ത്രിയാകാനുള്ള സ്വപ്നം വേദിയിൽ കയറുന്നവരുടെ എണ്ണത്തിൽ നിന്നല്ല, താഴെ നിൽക്കുന്ന ജനങ്ങളുടെ വിശ്വാസത്തിൽ നിന്നാണ് വളരേണ്ടത്.
കണ്ണാസും കടലാസും ഇത്രയേ പറയുന്നു: വേദി ശരിയാക്കിയാൽ യാത്ര ശരിയാകും; യാത്ര ശരിയായാൽ ലക്ഷ്യം ദൂരെയല്ല.
ഒരു കാര്യം ശ്രദ്ധയിൽ പെട്ടു, കടൽ കിളവന്മാരെക്കൊണ്ടാണ് കൂടുതൽ ശല്യം. വേദികൾ ഇടിഞ്ഞുപൊളിഞ്ഞു വീഴാതിരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us