ദുരന്തങ്ങൾ മാറി… ഫണ്ടുകൾ മാത്രം സ്ഥിരം. ഫണ്ട് സമാഹരണം കേരളത്തിൽ ഒരു വികാരോത്സവമാണ്. കണ്ണ് നനഞ്ഞാൽ പണം ഒഴുകും. കണ്ണീർ വറ്റിയാൽ കണക്കും വറ്റും. 2018-ലെ പ്രളയവും ഓഖിയും വയനാട് ദുരന്തവും അങ്ങനെ കേരളക്കര കണ്ട, കേട്ട കാലങ്ങൾ. ദുരന്തങ്ങൾ പ്രകൃതി നൽകുന്നതാണെങ്കിൽ ഫണ്ടുകൾ ജനങ്ങളെ പിഴിഞ്ഞെടുക്കുന്നത് - കന്നാസും കടലാസും

ഒഖി വന്നപ്പോൾ കടൽ മനുഷ്യരെ വിഴുങ്ങി. തീരത്ത് ബാക്കിയായി കാത്തിരിപ്പ്. ഓഖി ഫണ്ട് പ്രഖ്യാപിച്ചു. ആശ്വാസം വന്നു. പക്ഷേ കാലം പോയപ്പോൾ പല കുടുംബങ്ങൾക്കും ആശ്വാസം കണക്കുപുസ്തകത്തിൽ മാത്രം. കടൽ ശാന്തമായി, പക്ഷേ ചോദ്യങ്ങൾ തിരമാലയായി മടങ്ങിവന്നു.

New Update
sisasters
Listen to this article
0.75x1x1.5x
00:00/ 00:00

ദുരന്തങ്ങൾ മാറി… ഫണ്ടുകൾ മാത്രം സ്ഥിരം. കേരളത്തിൽ ദുരന്തങ്ങൾ കാലാവസ്ഥാപ്രവചനമല്ല, രാഷ്ട്രീയ കലണ്ടറാണ്.

Advertisment

മഴ പെയ്താൽ - ഫണ്ട്. കടൽ കോപിച്ചാൽ - ഫണ്ട്. മല ഇടിഞ്ഞാൽ - ഫണ്ട്. ഒരു യുവാവ് കൊല്ലപ്പെട്ടാൽ - ഫണ്ട്. ഫണ്ട് സമാഹരണം ഇവിടെ ഒരു വികാരോത്സവമാണ്. കണ്ണ് നനഞ്ഞാൽ പണം ഒഴുകും. കണ്ണീർ വറ്റിയാൽ കണക്കും വറ്റും.


2018-ലെ പ്രളയം ഓർത്താൽ ഇന്നും മലയാളിയുടെ നെഞ്ച് നനയും. ലോകം മുഴുവൻ നിന്ന് പണം വന്നു. വീടില്ലാത്തവർക്കായി, ജീവിതം തകർന്നവർക്കായി. പക്ഷേ വർഷങ്ങൾ കഴിഞ്ഞപ്പോൾ ചോദ്യം ഉയർന്നു - ഈ പണം എല്ലാം എവിടെ പോയി ?


ചിലർക്ക് വീട്, ചിലർക്കു വാഗ്ദാനം, ചിലർക്കു ഫയൽ. പ്രളയം പോയി, പക്ഷേ “അന്വേഷണം പുരോഗമിക്കുന്നു” എന്ന പ്രളയം ഇപ്പോഴും തുടരുന്നു.

ഒഖി വന്നപ്പോൾ കടൽ മനുഷ്യരെ വിഴുങ്ങി. തീരത്ത് ബാക്കിയായി കാത്തിരിപ്പ്. ഓഖി ഫണ്ട് പ്രഖ്യാപിച്ചു. ആശ്വാസം വന്നു. പക്ഷേ കാലം പോയപ്പോൾ പല കുടുംബങ്ങൾക്കും ആശ്വാസം കണക്കുപുസ്തകത്തിൽ മാത്രം. കടൽ ശാന്തമായി, പക്ഷേ ചോദ്യങ്ങൾ തിരമാലയായി മടങ്ങിവന്നു.


വയനാട് ദുരന്തം എത്തിയപ്പോൾ മലകൾ തന്നെ താഴേക്ക് വന്നു. ക്യാമറകളും വന്നു. ഫണ്ടും വന്നു. പുനരധിവാസം എന്ന വാക്ക് പോസ്റ്ററുകളിൽ നിറഞ്ഞു. പക്ഷേ ദുരന്തബാധിതരുടെ ജീവിതത്തിൽ അത് ഇപ്പോഴും ഒരു ഭാവികാല ക്രിയയാണ്. “വരും, നടക്കും, നടപ്പിലാക്കും” - എല്ലാം ഭാവിയിൽ.


ഇതിനിടയിലാണ് ബക്കറ്റ് ഫണ്ടുകൾ. ബക്കറ്റ് വെച്ചാൽ മനസാക്ഷി വെക്കേണ്ടതില്ല എന്ന പുതിയ രാഷ്ട്രീയ സിദ്ധാന്തം. പൊതുവഴിയിൽ പണം വീഴും, ചോദ്യം ചോദിച്ചാൽ മറുപടി വീഴില്ല. ബക്കറ്റ് നിറഞ്ഞാൽ മതി; കണക്കു നിറയണമെന്നില്ല.

പയ്യന്നൂരിലെ ഫണ്ട് കഥയാകുമ്പോൾ, വിശ്വാസം തന്നെയാണ് ഏറ്റവും വലിയ സംഭാവന. ചോദ്യം ചോദിച്ചവൻ പ്രതിപക്ഷം, അന്വേഷണം വന്നാൽ രാഷ്ട്രീയ വേട്ട. ഇവിടെ പണം പോയതിനെക്കാൾ വലിയ നഷ്ടം വിശ്വാസത്തിനാണ്.

അഭിമന്യു ഫണ്ടിലെത്തുമ്പോൾ കഥ കൂടുതൽ വികാരപരമാണ്. ഒരു യുവാവിന്റെ ഓർമ്മയെ ചോദ്യം ചെയ്യാൻ ആരും തയ്യാറല്ല. അതാണ് സൗകര്യം. ഇവിടെ കണക്കു ചോദിച്ചാൽ വികാരം മുന്നിൽ വയ്ക്കും. “മരണത്തെ രാഷ്ട്രീയവൽക്കരിക്കരുത്” എന്ന് പറഞ്ഞ് കണക്കിനെ ശവപ്പെട്ടിയിൽ അടയ്ക്കും. ഇവയെല്ലാം ചേർന്നാൽ കേരളത്തിലെ പുതിയ ദുരന്ത മാതൃക വ്യക്തമാണ്.


ദുരന്തം → ഫണ്ട് → വികാരം → മൗനം → മറവ്. ഫണ്ട് സമാഹരിക്കുമ്പോൾ എല്ലാവരും ഒറ്റക്കെട്ട്. കണക്കു പറയേണ്ട സമയത്ത് എല്ലാവരും തിരക്കിൽ. ചോദ്യം ചോദിക്കുന്നവർ മാത്രം രാജ്യദ്രോഹികൾ.


ഇത് പണം കൊള്ളയടിച്ച കഥയല്ലെന്ന് പറയാം. പക്ഷേ ഉത്തരവാദിത്വം മറന്ന കഥയാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ദുരന്തങ്ങൾ പ്രകൃതിയുടെതാണ്. ഫണ്ടുകൾ ജനങ്ങളുടെതാണ്.

കണക്കു പറയേണ്ടത് അധികാരികളുടെ കടമയാണ് - ദയയല്ല, സേവനമല്ല, ബാധ്യത. കേരളം ഇനി ഒരു ദുരന്തം വന്നാൽ ഫണ്ട് കൊടുക്കും, സംശയമില്ല.

പക്ഷേ ഒപ്പം ഒരു ചോദ്യം കൂടി ചോദിക്കണം: “സഹായം എവിടെയെത്തി ?” ആ ചോദ്യം ഇല്ലാതാകുന്നിടത്താണ്
ദുരന്തത്തേക്കാൾ വലിയ അപകടം തുടങ്ങുന്നത്.

അയ്യപ്പൻ സത്യം വാവരുസ്വാമി സത്യം

മാഷാ അള്ളാ  - കന്നാസും കടലാസും 

Advertisment