/sathyam/media/media_files/2026/03/04/central-jail-2026-03-04-16-52-28.jpg)
ജയിൽ: ശിക്ഷാലയമോ സൗകര്യാലയമോ ? കേരളത്തിലെ ജയിലുകൾ ഒരിക്കൽ ഭയപ്പെടുത്തുന്ന ചുവരുകളായിരുന്നു. ഇന്ന് ചിലപ്പോൾ അവ വാർത്തകളുടെ സ്ഥിരം വിലാസം.
2016 മുതൽ 2026 വരെ കേട്ട കഥകൾ കൂട്ടിച്ചേർത്താൽ, ജയിലുകൾ ശിക്ഷ അനുഭവിക്കാനുള്ള ഇടമോ, “സെറ്റിൽമെന്റ് കേന്ദ്രമോ” എന്ന സംശയം വരെ ജനങ്ങൾക്കുണ്ട്.
ജയിൽ ചാട്ടങ്ങൾ - ഒന്ന് സംഭവിച്ചാൽ സുരക്ഷ കർശനമാക്കുമെന്ന് പ്രഖ്യാപനം; രണ്ടാമത്തേത് സംഭവിച്ചാൽ അന്വേഷണം; മൂന്നാമത്തേത് വന്നാൽ മൗനം. ചുവരുകൾ ഉയരുന്നു, പക്ഷേ ചോർച്ചകൾ അതിലും ഉയരം.
മൊബൈൽ ഫോണുകൾ അകത്ത് കടക്കുന്നത് കാണുമ്പോൾ, ചിലർ ചോദിക്കും: “ഇത് ജാമറില്ലാത്ത ജയിലോ, നെറ്റ്വർക്കുള്ള ലോഡ്ജോ ?”
മയക്കുമരുന്ന് കണ്ടെത്തലുകൾ വരുമ്പോൾ അത്ഭുതം തീരും. അകത്ത് ശിക്ഷ അനുഭവിക്കാനെത്തിയവർക്ക് പുറത്തേക്കാൾ “സൗകര്യം” കിട്ടുന്നുവെന്ന കഥകൾ പറക്കും.
തടവുകാരും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള സ്വകാര്യ ധാരണകളുടെ ചുരുളുകൾ പുറത്തുവരുമ്പോൾ, നിയമം ഒരു വാതിൽപടിയോളം മാത്രമാണോ എന്ന സംശയം.
പരോൾ ഇവിടെ ഒരു കലാരൂപം പോലെ. ചിലർക്കത് അവകാശം; ചിലർക്കത് അപൂർവ്വ ഭാഗ്യം. ടിപി കേസ് പ്രതികൾക്ക് നൽകിയ പരോളുകളും ശിക്ഷക്കുറവ് നീക്കങ്ങളുമെന്ന വാർത്തകൾ വന്നപ്പോൾ, “നീതി തുലാസിലോ, രാഷ്ട്രീയ തൂക്കിലോ ?” എന്ന ചോദ്യമാണ് ഉയർന്നത്. നിയമം കട്ടിയുള്ള പുസ്തകമെങ്കിലും, പ്രയോഗം ചിലപ്പോൾ മൃദുവായ തലയണ.
ജയിൽ ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയ പണമിടപാട് ആരോപണങ്ങൾ - ഓരോ തവണയും വലിയ ശബ്ദത്തോടെ വരും, പിന്നെ ചെറു ശബ്ദത്തിൽ മാഞ്ഞുപോകും. അന്വേഷണം തുടങ്ങുമ്പോൾ തലക്കെട്ട് വലുത്; അവസാനിപ്പിക്കുമ്പോൾ അക്ഷരം ചെറുത്.
ഗോവിന്ദസാമി പോലുള്ള സംഭവങ്ങൾ സുരക്ഷയുടെ പോരായ്മകൾ തുറന്നുകാട്ടി. ചിലരെ “പൂട്ടാൻ” ജയിലിലേക്ക് അയച്ചുവെന്ന രാഷ്ട്രീയ ആരോപണങ്ങൾ വരെ കേട്ടപ്പോൾ, ജയിൽ നീതിയുടെ ഇടമോ, നീക്കങ്ങളുടെ ഇടമോ എന്ന ചോദ്യവും.
ഇതിനിടയിൽ തടവുകാരുടെ ശമ്പളം വർധിപ്പിച്ചു. മനുഷ്യാവകാശം പറയുമ്പോൾ അത് പുരോഗതി തന്നെ. പക്ഷേ രാഷ്ട്രീയ സമയക്രമം നോക്കുന്നവർ ചോദിച്ചു: “ഇത് പരിഷ്കാരമോ, മുൻകൂർ നിക്ഷേപമോ ?”
കേരളത്തിലെ ജയിലുകൾ ഇന്ന് ഒരു ചെറിയ കേരളം പോലെ. പുറത്തുള്ള രാഷ്ട്രീയത്തിന്റെ നിഴൽ അകത്തും വീഴും. ചുവരുകൾക്കുള്ളിൽ നീതി ഉണ്ടെങ്കിൽ പുറത്തുള്ളവർക്ക് വിശ്വാസം ഉണ്ടാകും; ഇല്ലെങ്കിൽ സംശയം മാത്രം വളരും.
അവസാനം ചോദ്യം ലളിതം: ജയിൽ ശിക്ഷയ്ക്കായിട്ടോ, സൗകര്യത്തിനായിട്ടോ ? നിയമം ഒരേ അളവുകോലിലോ, വേറിട്ട തൂക്കിലോ ? കന്നാസ് തുറക്കുമ്പോൾ കണക്കുകൾ കാണാം. കടലാസ് തിരിക്കുമ്പോൾ ഉത്തരവുകൾ കാണാം.
പക്ഷേ ജനങ്ങൾ തേടുന്നത് ഒറ്റ കാര്യം - ചുവരുകൾക്കുള്ളിലും നീതി ജീവിക്കണം.
കന്നാസും കടലാസും:
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us