Advertisment

തീവണ്ടി യാത്രക്കാർക്ക് നിഷേധിച്ച എല്ലാ ആനുകൂല്യങ്ങളും, ഇളവുകളും, സൗകര്യങ്ങളും, പുനസ്ഥാപിക്കണം. മലബാറുകാർ ആശ്രയിക്കുന്ന മംഗലാപുരം - ചെന്നൈ മെയിലിന് ആവടിയിൽ സ്റ്റോപ്പ് അനുവദിക്കണം - കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ

New Update

publive-image

Advertisment

കോഴിക്കോട്: കോവിഡ്-19 ആരംഭത്തിൽ ലോക്ക് ഡൗൺ കാലത്ത് കേന്ദ്ര ആഭ്യന്തര - ആരോഗ്യ, ഫാമിലി വെൽഫെയർ വകുപ്പിന്റെ മുൻകരുതലും, പ്രോട്ടോക്കോളും അനുസരിച്ച് നടപ്പാക്കിയ തീവണ്ടികൾ റദ്ദാക്കലും, റെയിൽവേ സ്റ്റേഷനുകളിലെ നിയന്ത്രണങ്ങളും ദേശീയതലത്തിൽ ഇളവ് വരുത്തി.

ഈ സാഹചര്യത്തിൽ ആരംഭത്തിൽ നിഷേധിച്ച , ആനുകൂല്യങ്ങളും, നിർത്തലാക്കിയ മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ, സീസൺ ടിക്കറ്റ് ആനുകൂല്യങ്ങളും, സൗകര്യങ്ങളും പുനസ്ഥാപിക്കണം.

ഇപ്പോൾ നിലനിൽക്കുന്ന ആരോഗ്യ പ്രോട്ടോകോളിന് വിധേയമായി ഹ്രസ്വദൂര മെമു - പാസഞ്ചർ ട്രെയിനുകളുടെ സർവ്വീസ് ആരംഭിച്ച് റെയിൽവേ സ്റ്റേഷനുകളിലെ മുൻകാല സൗകര്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോക്ടർ എ.വി അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി. ഇ. ചാക്കുണ്ണി, ജനറൽ കൺവീനർ എം.പി അൻവർ, കൺവീനർമാരായ സൺഷൈൻ ഷൊർണൂർ, പി.ഐ അജയൻ എന്നിവർ റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, അമിനിറ്റി കമ്മിറ്റി ചെയർമാൻ, സോണൽ, ഡിവിഷണൽ റെയിൽവേ ജനറൽ മാനേജർമാർ എന്നിവർക്ക് ഇമെയിൽ വഴി നിവേദനം സമർപ്പിച്ചു.

തീവണ്ടികളും, യാത്രക്കാരും വർദ്ധിച്ചിട്ടും ടിക്കറ്റ് കൗണ്ടറുകൾ അരമണിക്കൂർ മുൻപ് മാത്രം തുറക്കുന്നതും, കൂടുതൽ കൗണ്ടറുകൾ തുറക്കാത്തതും മൂലം അത്യാവശ്യ യാത്രക്കാർ ടിക്കറ്റ് ലഭിക്കാൻ ദുരിതമനുഭവിക്കുന്നു.

കൂടുതൽ സർവ്വീസ് നടത്തുന്നതിന് റെയിൽവേയുടെ നിർദ്ദേശമനുസരിച്ച് ജനുവരിയിൽ തന്നെ കേരള സർക്കാർ റെയിൽവേക്ക് കത്തയച്ചിരുന്നു. എന്നിട്ടും മെമു - പാസഞ്ചർ അൺ റിസർവ്ഡ് പകൽ വണ്ടികൾ ആരംഭിക്കാത്തതും, കോവിഡ് മൂലം സാമ്പത്തിക ദുരിതമനുഭവിക്കുന്ന തീവണ്ടിയാത്രകാർ റിസർവേഷൻ ചാർജ് ഉൾപ്പെടെ അമിത നിരക്ക് നൽകേണ്ടിവരുന്നത് കേരളത്തോട് കാണിക്കുന്ന വിവേചനവും യാത്രക്കാരോടുള്ള വെല്ലുവിളിയും ആണെന്ന് അവർ അഭിപ്രായപ്പെട്ടു.

സീസൺ ടിക്കറ്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ യാത്രക്കാർക്ക് ലഭിക്കുന്നതിന് കേരള സർക്കാരും, കേരളത്തിലെ ജനപ്രതിനിധികളും റെയിൽവേയിൽ സമ്മർദ്ദം ചെലുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

കോവിഡ് മൂലം മുടങ്ങിയ ദേശീയ സോണൽ ഡിവിഷണൽ സ്റ്റേഷൻതല റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി മീറ്റിംഗ് ഓൺലൈനായി നടത്തി യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണണമെന്നും അവർ അഭ്യർത്ഥിച്ചു.

kozhikode news
Advertisment