Advertisment

അധികാരികൾ അടിയന്തര ആശ്വാസ നടപടികൾ നൽകിയില്ലെങ്കിൽ ചെറുകിട - ഇടത്തര - വ്യാപാരവ്യവസായം തകരും: വ്യാപാര - വ്യവസായ - കെട്ടിട ഉടമ സംഘടനകൾ

New Update

publive-image

Advertisment

കോഴിക്കോട്: ഡി & ഒ ലൈസൻസ് ഫീ സ്ലാബും, അമിത പലിശയും, ഇരട്ട പിഴയും സങ്കീർണ്ണതയും ഒഴിവാക്കി പുതുക്കാൻ അനുവദിക്കണം. കൊവിഡ് കാരണം ചെറുകിട-ഇടത്തര വ്യാപാര - വ്യവസായ സ്ഥാപനങ്ങളും, അവിടുത്തെ ജീവനക്കാരും, തൊഴിലാളികളും, ചെറുകിട കെട്ടിട ഉടമകളും ഒരുപോലെ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിലപാടുമാറ്റി ഈ മേഖലയെ സംരക്ഷിക്കണമെന്ന് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.

വ്യാപാരികളുടെയും, ഉപഭോക്താക്കളുടെയും വാടക വരുമാനം കൊണ്ട് മാത്രം ജീവിക്കുന്ന കെട്ടിട ഉടമകളുടെയും, ആ മേഖലയിലെ തൊഴിലാളികളുടെയും നിരന്തരമായ അഭ്യർത്ഥന പരിഗണിച്ച് മിഠായിത്തെരുവിലെ വാഹനഗതാഗതം പുനരാരംഭിക്കാനുള്ള തീരുമാനം എത്രയും വേഗം പ്രാവർത്തികമാക്കണം എന്ന് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

നിരോധനം മൂലം നിലവിലെ ഗോഡൗണുകളും പാർക്കിംഗ് സൗകര്യവും പ്രയോജനപ്പെടുന്നില്ല. തന്മൂലം സമീപ വാണിജ്യകേന്ദ്രങ്ങൾ ആയ വലിയങ്ങാടി - പാളയം - ജി എച്ച് റോഡ് - കോർട്ട് റോഡ് - മൊയ്തീൻ പള്ളി റോഡ് എന്നിവടങ്ങളിലെ സ്ഥാപനങ്ങളെയും ജീവനക്കാരെയും തൊഴിലാളികളെയും ഒരുപോലെ ദുരിതത്തിലാക്കി.

ലോക്ക് ഡൗണും, കോവിഡ് പ്രതിസന്ധിയും മൂലം 2020-2021,21-22 കാലയളവിലെ ലൈസൻസ് പുതുക്കാൻ ചില ചെറുകിട സ്ഥാപനങ്ങൾക്ക് സാധിച്ചിട്ടില്ല. അല്പം വൈകി പുതുക്കാൻ സമീപിക്കുന്നവരോട് വസ്തുനികുതി, തൊഴിൽ നികുതി കെട്ടിട നികുതി, ലൈസൻസ് ഫീസിനു പുറമേ 750 രൂപയുടെ 600%വും (ആറിരട്ടി), പിഴപ്പലിശ 4500 രൂപയും, വീണ്ടും 2000 രൂപ പിഴയും, 10 രൂപ ഫീസും സഹിതം 7620 രൂപയും.

പുതിയ സമ്പ്രദായത്തിൽ ഉയർന്ന സ്ലാബുകാര്‍ക്ക് ആനുപാതികമായി വർദ്ധിച്ച ഫീസും, പിഴകളും, പലിശയും അടയ്ക്കാൻ നിർബന്ധിതരാകുന്നു. നാളിതുവരെ സർക്കാരിൽനിന്ന് യാതൊരു ആനുകൂല്യവും ലഭിക്കാത്ത വ്യാപാര വ്യവസായ മേഖലയ്ക്ക് കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ പിഴയും പലിശയും ഒഴിവാക്കി ഡി & ഒ ലൈസൻസ് പുതുക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സമീപിക്കുമ്പോൾ അതാണ് നിയമം എന്നുപറഞ്ഞ് അവർ നിസ്സഹായത വെളിപ്പെടുത്തുന്നു.

ലൈസൻസ് പുതുക്കാൻ കേവലം ദിവസങ്ങളും മാസങ്ങളും വൈകിയതിന് അമിതമായ പിഴയും പലിശയും ഒരു കുറ്റത്തിന് രണ്ടു പിഴയും ചുമത്തുന്നത് നീതിക്ക് നിരക്കാത്തതാണ്.

ഈ സാഹചര്യത്തിൽ പിഴകൂടാതെ ലൈസൻസ് പുതുക്കുന്നതിന് അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് സംസ്ഥാന സർക്കാരിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സമീപിക്കാൻ വിവിധ സംഘടനകളുടെ ഭാരവാഹികളെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റിക്ക് യോഗം രൂപം നൽകി.

ഇന്ധന വിലയും മറ്റു വർധിച്ച ചിലവുകളും താങ്ങാനാവാത്ത സാഹചര്യത്തിൽ ഭൂരിഭാഗം വിതരണ വ്യാപാരികൾ വാഹനം വഴിയുള്ള വിതരണം ( ഡോർ ഡെലിവറി ) നിർത്തിവെച്ചതായി ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ഷെവലിയാർ സി ഇ ചാക്കുണ്ണി യോഗത്തിൽ അറിയിച്ചു.

ലോക്ക് ഡൗൺ കാലത്തെയും, തുടർന്ന് ചില മാസത്തെയും വാടക കെട്ടിട ഉടമകൾ ഒഴിവാക്കി കൊടുത്തു എങ്കിലും ആനുപാധികമായ യാതൊരു ഇളവുകളും കെട്ടിട നികുതിയിൽ സർക്കാർ അനുവദിച്ചില്ല എന്ന് സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ യോഗത്തെ അറിയിച്ചു.

ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ.ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. താല്പര്യമുള്ളവർക്ക് ഡി & ഒ ലൈസൻസ് അഞ്ചുവർഷത്തേക്ക് ഒരുമിച്ച് പുതുക്കാൻ അവസരമൊരുക്കിയ കോർപ്പറേഷൻ നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ നിയമോപദേഷ്ടാവും റിട്ടേഡ് വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണറുമായ അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ, ജി എസ് ടി യിലെ അടുത്തയിടെ ഉണ്ടായ ഭേദഗതികളെ കുറിച്ച് ക്ലാസ്സെടുത്തു.

യോഗത്തിൽ ജിയോ ജോബ്.പി, കുന്നോത്ത് അബൂബക്കർ, സി. വി ജോസി (ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ), പി.ആഷിം, കെ. സലിം, കെ. ഹമീദ്, (സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ) ജോഷി പോൾ.പി, എം.സി ജോൺസൺ (ഡിസ്ട്രിക്ട് മർച്ചന്റ് അസോസിയേഷൻ), വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.കെ കുഞ്ഞൻ, എൻ. റിയാസ്, കെ എ. മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു.

ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.സി മനോജ് സ്വാഗതവും, സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് വൈസ് പ്രസിഡണ്ട് ജോസ് മാത്യു നന്ദിയും രേഖപ്പെടുത്തി.

kozhikode news
Advertisment