തിരുവനന്തപുരം: കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം നേരിടേണ്ടി വന്നിട്ടും ഇനിയും പാഠം പഠിക്കാതെ കോണ്‍ഗ്രസ് നേതാക്കൾ . തെരഞ്ഞെടുപ്പ് തിരിച്ചടി പഠിച്ച കമ്മീഷനുകളും നേതാക്കളുമൊന്നും ഇനിയും യാഥാര്‍ത്ഥ്യം കണ്ടെത്താത്തതിനാലാകണം റിപ്പോര്‍ട്ടുകളും കാര്യമായി വെളിച്ചം കണ്ടിട്ടില്ല. പക്ഷേ കോണ്‍ഗ്രസ് തങ്ങളുടെ അബദ്ധം ആവര്‍ത്തിക്കുന്നു എന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം.
കോണ്‍ഗ്രസ് ഒരു പാര്‍ട്ടി എന്നതിനപ്പുറം ഒരു ആള്‍ക്കൂട്ടമാണെന്നും അവിടെ ആര്‍ക്കും എന്തും പറയാമെന്നും പറഞ്ഞ് ഇന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഹങ്കരിക്കുന്നുണ്ട്. അതിന് അവര്‍ പറയുന്നത് ജനാധിപത്യ പാര്‍ട്ടി എന്ന ന്യായം തന്നെ. അതുകൊണ്ടുതന്നെ തമ്മിലടിയും അഭിപ്രായ വ്യത്യാസവും നേതാക്കളുടെ അടിതടയും ഇല്ലാത്ത കോണ്‍ഗ്രസ് മറ്റെന്തോ ആണെന്ന നിലപാടിലാണ് പല നേതാക്കളും ഇപ്പോഴും.
വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന കോണ്‍ഗ്രസില്‍ എവിടെ നിന്നെങ്കിലും ഒരു വാളും കൊണ്ടുവന്നു തുള്ളുക എന്നതാണ് പല നേതാക്കളും ഇന്നും ചെയ്യുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ ഈ ചേരിപ്പോരും നേതൃത്വമില്ലായ്മയും മടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജനം കോണ്‍ഗ്രസിനെ തോല്‍പിച്ചതെന്ന യാഥാര്‍ത്ഥ്യം ഇനിയും നേതാക്കള്‍ അറിഞ്ഞമട്ടില്ല.
ഏതു വിഷയത്തിലും അത് ജനകീയ വിഷയമോ പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകളോ ആകട്ടെ ഏകാഭിപ്രായം കോണ്‍ഗ്രസിനില്ല. നേതാക്കള്‍ തോന്നും പടിയാണ് വിഷയങ്ങളില്‍ പരസ്യ പ്രതികരണം നടത്തുന്നത്. ഉന്നതരായ നേതാക്കള്‍പോലും പരസ്പര ധാരണയില്ലാതെ വിഷയങ്ങളില്‍ പ്രതികരിക്കുന്നതോടെ വിഷയത്തിന്റെ മെറിറ്റ് അല്ല, മറിച്ച് വിവാദത്തിലേക്ക് മാത്രമാണ് കാര്യങ്ങള്‍ എത്തുന്നത്. കെ-റെയില്‍ , ഡി-ലിറ്റ് വിവാദം തുടങ്ങിയ വിഷയങ്ങളിലും കണ്ടത് ഇതുതന്നെ.
കെ-റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസം വാര്‍ത്തയായപ്പോള്‍ ഇല്ലാതായത് യുഡിഎഫ് വിഷയത്തില്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളുടെ കാമ്പാണ്. അടിസ്ഥാന വിഷയം ചര്‍ച്ചയാകാതെ വിവാദം മാത്രം ചര്‍ച്ചയായി. ഡി-ലിറ്റ് വിഷയത്തില്‍ വിഡി സതീശന്‍- രമേശ് ചെന്നിത്തല പോര് സത്യത്തില്‍ രക്ഷിച്ചത് സര്‍ക്കാരിനെയും ഗവര്‍ണറെയുമാണ്.
ഒരു വിഷയത്തില്‍ ഏകാഭിപ്രായം ഉണ്ടാക്കാനാവാത്ത പാര്‍ട്ടിയെ എന്തു വിശ്വസിച്ച് ജനം ഭരണത്തിലേറ്റും എന്ന ചോദ്യം തന്നെയാണ് വോട്ടര്‍മാരിലുണ്ടായത്. കഴിഞ്ഞ കാല പരാജയത്തിന്റെ യഥാര്‍ത്ഥ കാരണവും ഇതാണ്. ഗ്രൂപ്പും വ്യക്തികളും തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ പെട്ടുഴലുന്ന പാര്‍ട്ടിക്ക് ഭരണം നല്‍കിയാല്‍ സംസ്ഥാനത്തിന്റെ നാശമെന്ന് നിഷ്പക്ഷ വോട്ടര്‍മാര്‍ ചിന്തിച്ചു.
ഇനിയും അവസാനിക്കാത്ത കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പാര്‍ട്ടിക്ക് ഭാവിയിലും ദോഷമേ ചെയ്യൂ എന്ന യാഥാര്‍ത്ഥ്യം നേതൃത്വം ഇനിയും തിരിച്ചറിയണം. ഇല്ലെങ്കില്‍ ഭാവിയില്‍ കേന്ദ്രത്തിലേതുപോലെ പ്രതിപക്ഷ നേതൃസ്ഥാനം പോലും കോണ്‍ഗ്രസിന് കിട്ടുമോയെന്ന് സംശയമാണ് .
ഇനിയും നേതാക്കളുടെ കണ്ണു തുറന്നില്ലെങ്കില്‍ കോണ്‍ഗ്രസ് നീങ്ങുന്നത് അപകടത്തിലേക്ക് തന്നെയാകും. ഒരു ഉപതെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്നതുപോലും ഈ നേതാക്കൾ മറന്നു പോകുന്നു. ചിലർ 'അതറിഞ്ഞുതന്നെ' എല്ലാം കുളമാക്കാൻ പരിശ്രമിക്കുന്നു.