തിരുവനന്തപുരം: നവസങ്കല്‍പ് ചിന്തന്‍ ശിബിരിലെ നിര്‍ദേശങ്ങള്‍ പ്രായോഗിക തലത്തിലേക്ക് എത്തിയാല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ തലമുറമാറ്റം യാഥാര്‍ത്ഥ്യമാകും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലും സംഘടനാ രംഗത്തുമൊക്കെ യുവ പ്രാതിനിധ്യം ഉറപ്പുവരുത്തിയാല്‍ അത് രണ്ടാം നിര നേതാക്കളെയും യുവാക്കളെയും പാര്‍ട്ടിയിലേക്ക് അടുപ്പിക്കും എന്നു ഉറപ്പാണ്.
നിലവില്‍ കെ എസ് യുവിലും യൂത്ത് കോണ്‍ഗ്രസിലുമൊക്കെ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയിലും സംഘടനാ രംഗത്തുമൊക്കെ അവസരങ്ങള്‍ നന്നേ കുറവാണ്. അതുകൊണ്ടുതന്നെ യുവാക്കള്‍ കോണ്‍ഗ്രസില്‍ നിന്നും അകലുന്നതും സ്ഥിരം കാഴ്ചയാണ്.
ആ സാഹചര്യത്തിനു മാറ്റമുണ്ടാക്കാനുതകുന്നതാണ് പുതിയ നീക്കങ്ങള്‍. പുരോഗമനപരമായ മാറ്റം കോണ്‍ഗ്രസ് സ്വീകരിച്ചാല്‍ അതു പാര്‍ട്ടിക്ക് ഗുണം ചെയ്യും. കൂടുതല്‍ ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനായാല്‍ അതു കേരളത്തില്‍ സംഘടനയ്ക്ക് കരുത്തു പകരും എന്നു ഉറപ്പാണ്.
അമ്പതു വയസില്‍ താഴെയുള്ളവര്‍ക്ക് 50 ശതമാനം പാര്‍ട്ടി ഭാരവാഹിത്വവും തെരഞ്ഞെടുപ്പില്‍ സീറ്റും എന്നതു അത്രയേറെ ആകര്‍ഷകമായ തീരുമാനം തന്നെയാണ്. സ്ഥിരം മുഖങ്ങളെ മാറ്റിയാല്‍ തന്നെ കോണ്‍ഗ്രസിന് വിജയിക്കാനാകുന്ന ചില മണ്ഡലങ്ങളിലെങ്കിലും അത് ഗുണം ചെയ്യും.
ഇക്കാര്യം തിരിച്ചറിഞ്ഞ് ഇനിയെങ്കിലും മുമ്പോട്ട് പോകാനായാല്‍ അത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് സഹായിക്കുമെന്ന് ഏറെ കുറെ ഉറപ്പാണ്. ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെയും അടിത്തറ അതിന്റെ ഉള്ളിലെ പ്രവര്‍ത്തകരുടെ ചെറുപ്പമാണ്. നിലവില്‍ 55+ എന്നതാണ് കോണ്‍ഗ്രസിന്റെ ചെറുപ്പം.
അതു മാറി 25+ ആയാല്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് വിദൂരമല്ല. പക്ഷേ ഇപ്പോഴുണ്ടാകുന്ന തീരുമാനങ്ങളില്‍ ഇളവുനല്‍കാനുള്ള തീരുമാനം കൂടി ഉണ്ടായാല്‍ അതു ഗുണകരമാകുമോയെന്നും കണ്ടറിയണം.