മറ്റ് സംസ്ഥാനങ്ങളില്‍ കോൺഗ്രസ് നോൺ കേഡർ ആയി പ്രവർത്തിക്കുമ്പോൾ കേരളത്തിൽ മാത്രം എങ്ങനെയാണ് ഈ ദേശീയ പാർട്ടിക്ക് സെമി കേഡർ ആകാൻ സാധിക്കും എന്ന ചോദ്യത്തിന് കെ.സുധാകരനും വി.ഡി.സതീശനും ഉത്തരം പറയേണ്ടിവരും. ഒരു ദേശീയ പാർട്ടിക്ക് എങ്ങനെയാണ് ഓരോ സംസ്ഥാനത്തും ഓരോ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നത് ? ഇത് പാർട്ടി ഭരണഘടനയുടെ ലംഘനമല്ലേ ? വർത്തമാനകാല സംഭവങ്ങൾ പരിശോധിച്ചാൽ കേരളത്തിലെ കോൺഗ്രസ്പ്രവർത്തകർ ഗാന്ധിജിയെ മറന്ന മട്ടാണ്; ഇതാണോ കെ. സുധാകരൻ താങ്കൾ പറഞ്ഞ സെമി കേഡർ പാർട്ടി-തിരുമേനി എഴുതുന്നു

New Update

publive-image

Advertisment

1885 ൽ ദാദാബായ് നവറോജി, അലൻ ഒക്ടേവിയൻ ഹ്യൂം തുടങ്ങിയ മഹാരഥൻമാർ സ്ഥാപിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് . ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഗാന്ധിജി 1920 ൽ നേതൃത്വം ഏറ്റെടുത്തതോടെ സ്വാതന്ത്രൃസമര പ്രസ്ഥാനത്തിന്റെ നടുനായകത്വം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വന്നു ചേർന്നു. തുടർന്ന് ഗാന്ധിജിയുടെ നേതൃത്ത്വത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ നടത്തിയ ഐതിഹാസികമായ സമരമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.

ജവഹർലാൽ നെഹ്റു, മൗലാനാ ആസാദ്, ബാല ഗംഗാധര തിലകൻ , സർദാർ പട്ടേൽ തുടങ്ങിയ മഹാരഥൻമാരാണ് ഗാന്ധിജിയുടെ പിന്നിൽ അണിനിരന്ന് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. ഗാന്ധിജിയുടെ എല്ലാ സമരങ്ങളും അഹിംസയിൽ അടിയുറച്ചതായിരുന്നു. നിസ്സഹകരണ സമരം, ഉപ്പ് സത്യാഗ്രഹം , സ്വദേശി പ്രസ്ഥാനം തുടങ്ങി എല്ലാ സമര മുറകളും ഹിംസക്ക് എതിരായിരുന്നു.

സത്യാഗ്രഹം , ഉപവാസം തുടങ്ങിയ ഗാന്ധിയൻ സമര മുറകൾക്ക് മുമ്പിലാണ് അവസാനം ബ്രിട്ടീഷുകാർക്ക് അടിയറവ് പറയേണ്ടി വന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭരണഘടന അഹിംസാ സിദ്ധാന്തത്തിൽ അടിയുറച്ചതാണ്. ഹിംസയും അക്രമവും ഒരിക്കലും കോൺഗ്രസിന്റെ നിഘണ്ടുവിലുള്ള വാക്കുകളല്ല.

സ്വാതന്ത്രൃം ലഭിച്ചയുടൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിരിച്ച് വിടണമെന്ന ഗാന്ധിജിയുടെ നിർദ്ദേശം എത്രമാത്രം ദീർഘ ദൃഷ്ടി ഉള്ളതായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് എഴുപത്തിനാല് വയസ്സായി. ഇതിൽ ഭൂരിഭാഗവും ഇന്ത്യയുടെ ഭരണം കോൺഗ്രസിന്റെ കൈയ്യിലായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ ഇന്ത്യ ഭരിച്ചപ്പോൾ കോൺഗ്രസും തടിച്ച് കൊഴുത്തു കോൺഗ്രസ് നേതാക്കളും തടിച്ചു കൊഴുത്തു.

ദേശീയ തലത്തിലും മിക്ക സംസ്ഥാനങ്ങളിലും അധികാരം കൈവിട്ട കോൺഗ്രസ് ഇന്ന് വലിയ അസഹിഷ്ണുതയിലാണ്. ഇതിന്റെ ബഹിർസ്ഫുരണങ്ങളാണ് കേരളത്തിൽ ഉൾപ്പടെ പല സംസ്ഥാനങ്ങളിലും കാണുന്നത്. കെ.സുധാകരൻ കെ.പി.സി.സി. പ്രസിഡന്റായി നിയമിതനാവുകയും വി.ഡി.സതീശൻ പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു കോൺ ഗ്രസ് പ്രവർത്തകർ. അച്ചടക്കരാഹിത്യം പാർട്ടിയിൽ വച്ചു പൊറുപ്പിക്കില്ല എന്ന സന്ദേശം നൽകുന്നതിനായി കെ.സുധാകരൻ ചില നടപടികൾ കൈക്കൊള്ളുകയും ചെയ്തു.

publive-image

കോൺഗ്രസിനെ ഒരു സെമി കേഡർ പാർട്ടിയായി വളർത്തിയെടുക്കുമെന്ന് കെ.സുധാകരനും വി.ഡി.സതീശനും പറഞ്ഞു വച്ചു. പാർട്ടി ഭരണഘടന അനുസരിച്ച് കോൺഗ്രസിനെ ഒരിക്കലും ഒരു സെമി കേഡർ പാർട്ടിയാക്കി മാറ്റാൻ സാധിക്കില്ല.

ഇത് പാർട്ടി നയങ്ങൾക്കും ഭരണഘടനയ്ക്കും എതിരാണ്. തമിഴ് നാട്ടിലും കർണാടകത്തിലും മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് നോൺ കേഡർ ആയി പ്രവർത്തിക്കുമ്പോൾ കേരളത്തിൽ മാത്രം എങ്ങിനെയാണ് ഈ ദേശീയ പാർട്ടിക്ക് സെമി കേഡർ ആകാൻ സാധിക്കും എന്ന ചോദ്യത്തിന് കെ.സുധാകരനും വി.ഡി.സതീശനും ഉത്തരം പറയേണ്ടിവരും. ഒരു ദേശീയ പാർട്ടിക്ക് എങ്ങിനെയാണ് ഓരോ സംസ്ഥാനത്തും ഓരോ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നത് ? ഇത് പാർട്ടി ഭരണഘടനയുടെ ലംഘനമല്ലേ ?

വർത്തമാനകാല സംഭവങ്ങൾ പരിശോധിച്ചാൽ കേരളത്തിലെ കോൺഗ്രസ്പ്രവർത്തകർ ഗാന്ധിജിയെ മറന്ന മട്ടാണ്. പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർദ്ധനയിൽ പ്രതിഷേധിച്ച് എറണാകുളം വൈറ്റിലയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധ സമരം അക്രമത്തിൽ കലാശിച്ചു.

publive-image

വഴി തടയൽ സമരത്തെ ചോദ്യം ചെയ്ത ജോജു ജോർജ് എന്ന സിനിമാ നടന്റെ കാർ കോൺഗ്രസ് പ്രവർത്തകർ തല്ലിത്തകർത്തു. ജോജുവിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. തുടർച്ചയായി സിനിമാഷൂട്ടിങ്ങ് സെറ്റിൽ അതിക്രമിച്ച് കയറുകയും ഷൂട്ടിങ് തടസ്സപ്പെടുത്തുകയും ചെയ്തു.

പിന്നീട് കണ്ടത് കോഴിക്കോട് നടന്ന നെഹ്റു അനുസ്മരണ സമ്മേളനത്തിൽ വച്ച് മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യുന്ന കോൺഗ്രസുകാരെയാണ്. ഇത് എ ഗ്രൂപ്പ് നടത്തിയ രഹസ്യ യോഗമാണെന്നും സൂചനയുണ്ട്. ഇതാണോ മിസ്റ്റർ കെ.സുധാകരൻ താങ്കൾ പറഞ്ഞ സെമി കേഡർ പാർട്ടി ?

ഈ രീതിയിലാണെങ്കിൽ കേരളത്തിൽ കോൺഗ്രസിന്റെ ചരമഗീതം എഴുതാൻ വലിയ താമസമില്ല.
എന്തായാലും കേരളത്തിലെ കോൺഗ്രസുകാർ ദയവായി ഗാന്ധിജിയുടേയും നെഹ്റുവിന്റേയും പേര് പറഞ്ഞ് ആ മഹാത്മക്കളെ അപമാനിക്കരുത്. അതിനുള്ള അർഹത ഇവിടുത്തെ കോൺഗ്രസുകാർക്കില്ല

Advertisment