Advertisment

ആരാണു കോണ്‍ഗ്രസിന്‍റെ നേതാവ് ? സമകാലിക സംഭവ വികാസങ്ങളില്‍ കോണ്‍ഗ്രസിന് എന്താണു പറയാനുള്ളത് ? പറയാന്‍ ആരാണു നേതാവായിട്ടുള്ളത് ? മുത്തശി പാര്‍ട്ടിയുടെ മുതു മുത്തശി നേതാവ് സോണിയാ ഗാന്ധിയെ ആരാണു ഗൗനിക്കുന്നത് ? അടുത്ത തെരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെട്ടാല്‍ പിന്നെ ഈ പാര്‍ട്ടിയുടെ സ്ഥാനമെവിടെയാകും ? കോണ്‍ഗ്രസിനു നയിക്കാന്‍ ശേഷിയുണ്ടോ ? മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്

New Update

ഡല്‍ഹി: ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ യോജിച്ച ഒരു മുന്നേറ്റമുണ്ടാകുമെങ്കില്‍ അതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനമെന്താകും? കോണ്‍ഗ്രസിനു തീര്‍ച്ചയായും ആവശ്യം ദേശീയ നേതൃത്വം തന്നെയാണ്. പ്രധാനമന്ത്രി സ്ഥാനമെന്നു ചുരുക്കം. പക്ഷെ അങ്ങനെയൊരു നേതൃത്വം അവകാശപ്പെടാനുള്ള ശേഷി ഇന്നു കോണ്‍ഗ്രസിനില്ലെന്നാണ് സി.പി.എമ്മിന്‍റെ നിരീക്ഷണം. ഇക്കാര്യത്തില്‍ പാര്‍ട്ടി കേരള ഘടകത്തിന്‍റെ തീരുമാനത്തോട് ദേശീയ തലത്തില്‍ സമവായമുണ്ടാവുകയാണ്.

Advertisment

publive-image

സി.പി.എം കേരള ഘടകത്തിന് ഈ നിലപാടെടുക്കാന്‍ ന്യായീകരണമേറെ. പ്രധാന കാര്യം കേരളത്തില്‍ സി.പി.എമ്മിന്‍റെ പ്രധാന ശത്രു കോണ്‍ഗ്രസ് ആണെന്നതു തന്നെ. ഐക്യ കേരളം ഉണ്ടായ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലായിരുന്നു മത്സരം. 1960 -ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പി.എസ്.പി, മുസ്ലിം ലീഗ് എന്നീ കക്ഷികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് തോല്‍പ്പിച്ചു.

പിന്നീടങ്ങോട്ട് രണ്ടു മുന്നണികള്‍ തമ്മിലായി മത്സരം. ഒരു വശത്ത് സി.പി.എമ്മിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി. മറുവശത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി. ഇവിടെ ബി.ജെ.പി ഒരു നിര്‍ണായക ഘടകമല്ല താനും.

ദേശീയ തലത്തില്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസായിരുന്നു മുഖ്യ ശത്രു. 'കോണ്‍ഗ്രസ് മുക്ത് ഭരതം' എന്നതായിരുന്നു ബി.ജെ.പിയുടെ മുദ്രാവാക്യം പോലും. എങ്കിലും കോണ്‍ഗ്രസ് അത്രകണ്ടു ക്ഷയിച്ചിട്ടില്ലെന്നു പറയാം. ഗോവ, കര്‍ണാടക, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിങ്ങനെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം കണ്ടു. ഗോവയിലും കര്‍ണാടകയിലും മറ്റും ബി.ജെ.പി അതിമിടുക്കു കാട്ടി ഭരണം പിടിച്ചെടുക്കുകയായിരുന്നുവെന്നോര്‍ക്കണം.

യു.പി, പഞ്ചാബ് എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പിയുടെ നില പരുങ്ങലിലാണ്. യു.പിയില്‍ പ്രത്യേകിച്ച്. കര്‍ഷക സമരം ബി.ജെ.പിക്കു യു.പിയില്‍ കനത്ത ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും കൂട്ടരും ഉത്തര്‍ പ്രദേശിലെ ലക്കിംപൂര്‍ ഖേരിയില്‍ സമരം നടത്തിവന്ന കര്‍ഷകര്‍ക്കു നേരേ ജീപ്പോടിച്ചു കയറ്റി നാലു പേരെ കൊന്ന സംഭവം ഇപ്പോഴും നീറിപ്പുകയുകയാണ്.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉയര്‍ത്തിപ്പിടിക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമമൊന്നും ഫലിക്കുന്നില്ലെന്നു റിപ്പോര്‍ട്ടുകളുണ്ട്. അവിടെയെല്ലാം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രയങ്കാ ഗാന്ധിയും ഓടിയെത്തുന്നുണ്ട്. ജനക്കൂട്ടത്തെ അവര്‍ ആകര്‍ഷിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരും ചുറ്റും കൂടുന്നുണ്ട്. പക്ഷെ പാര്‍ട്ടി വളരുന്നില്ല.

കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലാതെ തെരഞ്ഞെടുപ്പു സഖ്യമാകാമെന്നായിരുന്നു ഹൈദ്രാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. പക്ഷെ ഇക്കഴിഞ്ഞ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ തന്നെയായിരുന്നു സി.പി.എം തീരുമാനമെടുത്തത്. കേരള ഘടകം എതിര്‍ത്തെങ്കിലും ദേശീയ തലത്തില്‍ ചെവിക്കൊണ്ടില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ സി.പി.എം നിയമസഭയില്‍ വട്ടപ്പൂജ്യം.

അതുകൊണ്ടാണ് കോണ്‍ഗ്രസുമായി അങ്ങനെ സഖ്യം കൂടുന്നതില്‍ അര്‍ത്ഥമില്ലെന്ന് സി.പി.എം കേരള ഘടകം പിന്നെയും പിന്നെയും വാദിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്‍റെ ദയനീയ സ്ഥിതി കണ്ടാല്‍ ആര്‍ക്കും അതു തോന്നുകയും ചെയ്യും.

അമ്മയും രണ്ടു മക്കളും നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ബി.ജെ.പിക്കെതിരെ ഒരു വിശാല ചേരിക്കു നേതൃ‍ത്വം കൊടുക്കാന്‍ ശേഷിയില്ലെന്ന കാര്യമാണ് സി.പി.എം കേരള ഘടകം കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോ യോഗത്തിലും ചൂണ്ടിക്കാട്ടിയത്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രമേയത്തില്‍ ഇതു സ്ഥാനം പിടിക്കും.

മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അതതു സംസ്ഥാനാടിസ്ഥാനത്തില്‍ പ്രാദേശിക പാര്‍ട്ടികളെയും ഇടതു പക്ഷ കക്ഷികളെയും കൂട്ടുപിടിച്ച് ഒരു ബി.ജെ.പി വിരുദ്ധ മുന്നണി ഉണ്ടാക്കണമെന്നതാണ് സി.പി.എം കേരള ഘടകത്തിന്‍റെ കാഴ്ചപ്പാട്.

കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇനിയും കാര്യങ്ങളുടെ ഗൗരവം കാണുന്നില്ലെന്നതാണു സങ്കടകരം. ഇപ്പോഴും ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ ചേരിയുടെ നേതൃസ്ഥാനത്തിരിക്കാന്‍ ശേഷിയും സ്വാധീനവുമുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. പക്ഷെ അതിന് ആദ്യം ചെയ്യേണ്ടത് പാര്‍ട്ടിക്കകത്ത് ഐക്യം ഊട്ടി ഉറപ്പിക്കുക എന്നതുതന്നെയാണ്. പക്ഷെ കപില്‍ സിബല്‍, ഗുലാം നബി ആസാദ്, ജയറാം രമേശ്, ശശി തരൂര്‍ എന്നിങ്ങനെ കാമ്പും കഴമ്പുമുള്ള നേതാക്കള്‍ ഗ്രൂപ്പ് 23 ആയി ഇപ്പോഴും പുറം തിരിഞ്ഞു നില്‍ക്കുന്നു.

പ്രഗത്ഭരായ ഈ നേതാക്കളില്ലാതെ കോണ്‍ഗ്രസ് എവിടെവരെ പോകും ? സോണിയാ ഗാന്ധി വാര്‍ദ്ധക്യത്തിന്‍റെയും അനാരോഗ്യത്തിന്‍റെയും അങ്ങേയറ്റത്തെത്തിക്കഴിഞ്ഞിരിക്കുന്നു. മികവുള്ള ഒരു നേതാവെന്ന നിലയിലേയ്ക്ക് രാഹുല്‍ ഗാന്ധി ഇനിയും ഉയര്‍ന്നിട്ടില്ല. പ്രിയങ്ക വാധ്രയ്ക്ക് ഉത്തര്‍ പ്രദേശില്‍പോലും ഒരു ചലനമുണ്ടാക്കാനായിട്ടില്ല.

ആരാണു കോണ്‍ഗ്രസിന്‍റെ നേതാവ് ? സമകാലിക സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസസിന് എന്താണു പറയാനുള്ളത് ? പറയാന്‍ ആരാണു നേതാവായിട്ടുള്ളത് ? മുത്തശി പാര്‍ട്ടിയുടെ മുതുമുത്തശി നേതാവ് സോണിയാ ഗാന്ധിയെ ആരാണു ഗൗനിക്കുന്നത് ? അടുത്ത തെരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെട്ടാല്‍ പിന്നെ ഈ പാര്‍ട്ടിയുടെ സ്ഥാനമെവിടെയാകും ?

"നയിക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടി"യെന്നു സി.പി.എം കേരള ഘടകം കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചത് എന്തു ശരി.

Advertisment