Advertisment

പാവപ്പെട്ട പ്രവാസികൾക്ക് സൗജന്യകൊറന്റൈൻ തുടർന്നും നൽകുക : നവയുഗം

New Update

ദമ്മാം: നാട്ടിലേയ്ക്ക് മടങ്ങുന്ന എല്ലാ പ്രവാസികളിൽ നിന്നും കൊറന്റൈന് ഫീസ് ഈടാക്കാനുള്ള കേരളസർക്കാരിന്റെ തീരുമാനം നിർഭാഗ്യകരമാണെന്നും, ജോലിയും വരുമാനവും നഷ്ടമായി നാട്ടിലേയ്ക്ക് മടങ്ങുന്ന സാമ്പത്തികശേഷി ഇല്ലാത്ത പാവപ്പെട്ട പ്രവാസികൾക്ക്, മുൻപ് നൽകിയ പോലെത്തന്നെ സൗജന്യകൊറന്റൈൻ തുടർന്നും നൽകണമെന്നും നവയുഗം സാംസ്ക്കാരികവേദി ആവശ്യപ്പെട്ടു.

Advertisment

publive-image

വന്ദേഭാരത് മിഷൻ തുടങ്ങിയപ്പോൾ തന്നെ നാട്ടിലേയ്ക്ക് മടങ്ങുന്ന ഓരോ പ്രവാസിയും കൊറന്റൈൻ ചിലവ് സ്വയം വഹിയ്ക്കാൻ തയ്യാറാണ് എന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രമേ മടങ്ങാൻ അനുവദിയ്ക്കൂ എന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.

കേന്ദ്രസർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കൊറന്റൈന് ഫീസ് ഈടാക്കിയപ്പോൾ, ഇന്ന് വരെ മലയാളി പ്രവാസികൾക്ക് കൊറന്റൈൻ സൗജന്യമായി നൽകുകയാണ് കേരളസർക്കാർ ചെയ്‌തത്‌.

കൊറോണ കാരണം നികുതി വരുമാനം അടക്കമുള്ളവ പത്തിലൊന്നായി കുറയുകയും, ജനങ്ങൾക്ക് സൗജന്യമായി കോവിഡ് ടെസ്റ്റും, ചികിത്സയും, റേഷനും, കിറ്റും, സഹായധനവും ഒക്കെ നൽകിയതിനാൽ ചിലവുകൾ പത്തുമടങ്ങു കൂടുകയും ചെയ്തതോടെ, കേരളസർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

ദുരിതാശ്വാസനിധിയ്ക്കെതിരെ കോൺഗ്രസ്സും, മുസ്‌ലിംലീഗും അടക്കമുള്ള പ്രതിപക്ഷകക്ഷികൾ വ്യാപകമായി നടത്തിയ നുണപ്രചാരണം കാരണം ആ വകയിലുള്ള വരുമാനവും കുറവാണ്. അതിനാലാണ് പ്രവാസികളിൽ നിന്നും ഏഴു ദിവസത്തെ ഇന്സ്ടിട്യൂഷണൽ കൊറന്റൈന് ചെറിയൊരു ഫീസ് ഈടാക്കാൻ സർക്കാർ തീരുമാനിച്ചത് എന്ന് മനസിലാക്കുന്നു.

പക്ഷെ മടങ്ങി വരുന്ന പ്രവാസികളിൽ ഭൂരിപക്ഷവും ജോലി നഷ്ടമായവരും, കഴിഞ്ഞ രണ്ടു മാസമായി ഒരു വരുമാനവും ഇല്ലാതെ വീട്ടിൽ ഇരുന്നവരുമാണ്. ഭക്ഷണത്തിനു തന്നെ ബുദ്ധിമുട്ടിയ പലരും നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെയും, പ്രവാസി സംഘടനകളുടെയും കാരുണ്യത്തിലാണ് ഇപ്പോൾ പിടിച്ചു നിൽക്കുന്നത്.

അത്തരക്കാർ മടങ്ങി വരുമ്പോൾ അവരിൽ നിന്നും കൊറന്റൈന് ഫീസ് ഈടാക്കുന്നത് ഒരുതരത്തിലും ന്യായീകരിയ്ക്കാൻ കഴിയില്ല. മനുഷ്യത്വപരമായ നിലപാട് ഇക്കാര്യത്തിൽ കേരളസർക്കാർ കൈക്കൊള്ളണമെന്ന് നവയുഗം ആവശ്യപ്പെട്ടു.

അതോടൊപ്പം ഇന്ത്യൻ എംബസ്സികളിൽ കമ്മ്യുണിറ്റി വെൽഫെയർ ഫണ്ട് എന്ന രീതിയിൽ പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത കോടിക്കണക്കിനു രൂപ ഉപയോഗിച്ച് എല്ലാ പ്രവാസികൾക്കും സൗജന്യമായി വിമാനടിക്കറ്റ് നൽകുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം.

സാമ്പത്തിക ബുദ്ധിമുട്ടിലായ പ്രവാസികളെ, നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ സഹായത്തോടെ കണ്ടെത്തി, അവർക്ക് സൗജന്യമായി കൊറന്റൈൻ നൽകുന്ന പ്രവർത്തനരീതി കേരളസർക്കാർ സ്വീകരിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രെട്ടറി എം.എ.വാഹിദും ആവശ്യപ്പെട്ടു.

Advertisment