കോവിഡ് മുക്തര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് രോഗം വരാനുള്ള സാധ്യത കുറവ്; പഠനം

ഹെല്‍ത്ത് ഡസ്ക്
Saturday, November 28, 2020

ലണ്ടന്‍: കോവിഡ് ബാധിച്ച് രോഗമുക്തരായവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് വീണ്ടും രോഗം പിടിപെടാന്‍ സാധ്യത വളരെ കുറവാണെന്ന് പഠനം. ഓക്‌സ്ഫഡ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

യുകെയിലെ കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം ഭേദമായ ചിലര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ച ഒറ്റപ്പെട്ട കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡിനെതിരേയുള്ള പ്രതിരോധ ശേഷി കുറച്ചുകാലത്തേക്ക് മാത്രമാണെന്നും രോഗമുക്തരായവര്‍ക്ക് ഉടന്‍തന്നെ വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടെന്നുമുള്ള ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ ഈ ആശങ്കകള്‍ അകറ്റി കോവിഡ് വീണ്ടും വരാനുള്ള സാധ്യത വളരെ അപൂര്‍വമാണെന്ന് പഠനം അവകാശപ്പെടുന്നു.

‘ഇതൊരു സന്തോഷ വാര്‍ത്തയാണ്. കോവിഡ് ബാധിച്ചവരില്‍ ഏറെ പേര്‍ക്കും ഹ്രസ്വ കാലത്തേക്കെങ്കിലും രോഗം വീണ്ടും വരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കോവിഡ് പോസിറ്റീവായ ഒരാള്‍ക്ക് കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും വീണ്ടും രോഗം പിടിപെടാതിരിക്കാനുള്ള പരിരക്ഷയുണ്ട്. നിലവില്‍ ആന്റിബോഡിയുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ യാതൊരു രോഗ ലക്ഷണവും കണ്ടെത്താന്‍ സാധിച്ചില്ല’- ഓക്‌സ്ഫഡ് സര്‍വകലാശാല പ്രൊഫസര്‍ ഡേവിഡ് ഐര്‍ പറഞ്ഞു.

ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള 30 ആഴ്ച കാലയളവിലാണ് ആരോഗ്യ പ്രവര്‍ത്തകരില്‍ പഠനം നടത്തിയത്. ആന്റിബോഡി ഇല്ലാത്ത 11,052 പേരില്‍ നടത്തിയ പഠനത്തില്‍ 89 പേരില്‍ രോഗ ലക്ഷണങ്ങളോടെ പുതിയ രോഗബാധ കണ്ടെത്തി. എന്നാല്‍ ആന്റിബോഡിയുള്ള 1,246 പേരില്‍ ആര്‍ക്കും രോഗ ലക്ഷണങ്ങളോടെ രോഗബാധ കണ്ടെത്തിയിട്ടില്ല.

ആന്റിബോഡിയുള്ളവര്‍ക്ക് ലക്ഷണമില്ലാതെ കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത കുറവാണെന്നും ഗവേഷകര്‍ പറയുന്നു. പഠനത്തില്‍ ആന്റിബോഡി ഇല്ലാത്ത 76 പേര്‍ പോസിറ്റീവായപ്പോള്‍ ആന്റിബോഡിയുള്ള മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഈ മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡ് ലക്ഷണമില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ലോകമെമ്പാടും ഇതിനോടകം കോവിഡ് ബാധിച്ച 5.1 കോടിയോളം രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കണ്ടെത്തലാണിത്. തുടര്‍ പഠനത്തിനായി ഈ ആരോഗ്യപ്രവര്‍ത്തകരെ തുടര്‍ന്നും നിരീക്ഷിക്കുമെന്നും ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വ്യക്തമാക്കി.

×