പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ആദിവാസികളില്‍ ഉയര്‍ന്ന രോഗപ്രതിരോധ ശേഷി!  അവര്‍ കൊവിഡിനെ നിര്‍ത്തിയിരിക്കുന്നത് പടിക്ക് പുറത്ത്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, August 5, 2020

മൈസുരു: രാജ്യത്ത് മാരകമായ വൈറസ് വനങ്ങളിലും പരിസരങ്ങളിലും വസിക്കുന്ന ആദിവാസികളെ കാര്യമായി ബാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമാകുന്നത്. കര്‍ണാടക സംസ്ഥാനത്ത് രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ മൈസുരു, ചാമരാജനഗര്‍, കൊടഗു എന്നിവിടങ്ങളിലെ ആദിവാസി മേഖലകളില്‍ ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രകൃതിയോടിണങ്ങി ജീവിക്കുന്ന, പ്രകൃതിയെ ഏറ്റവും കൂടുതല്‍  ആശ്രയിക്കുന്ന ആദിവാസികളുടെ ഉയര്‍ന്ന പ്രതിരോധശേഷിയാകാം ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കിഴക്കന്‍, പശ്ചിമ ഘട്ടത്തിലെ മുന്നൂറിലധികം ഇടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗോത്ര വര്‍ഗക്കാര്‍ പരമ്പരാഗത ഭക്ഷണങ്ങള്‍ കഴിക്കുന്നതടക്കമുള്ള രീതികള്‍ പിന്തുടരുന്നത് വൈറസിനെ അകറ്റി നിര്‍ത്തുന്നതില്‍ നിര്‍ണായകമാകുന്നു. ഒപ്പം സ്വന്തമായി തന്നെ തീരുമാനിക്കുന്ന ഹോം ക്വാറന്റൈന്‍, സാമൂഹിക അകലം പാലിക്കല്‍, മുന്‍കരുതല്‍ നടപടികള്‍, പുറത്തു നിന്നുള്ളവരുടെ പ്രവേശനം നിരോധിക്കല്‍, കുടിയേറ്റം തടയല്‍, അച്ചടക്കം എന്നിവയും കുഗ്രാമങ്ങളില്‍ സുരക്ഷിതമായി നിലനില്‍ക്കാന്‍ അവരെ സഹായിക്കുന്നു. ഇത്തരത്തിലുള്ള സ്വയം രക്ഷാ നടപടികളില്‍ അവര്‍ മറ്റുള്ളവര്‍ക്ക് മാതൃക തീര്‍ക്കുകയാണിപ്പോള്‍.

ഇത്തരം ആദിവാസി ഊരുകളിലെ യുവാക്കളില്‍ പലരും ബംഗളൂരു, മംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ ജോലിക്കും മറ്റുമായി പോകുന്നവരാണ്. അവരെല്ലാം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരികെ എത്തിയിട്ടുമുണ്ട്. മടങ്ങിയെത്തിയവര്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയരുമായി. എന്നാല്‍ ഒരാള്‍ക്ക് പോലും വൈറസ് ബാധയില്ല.

പ്രകൃതിയില്‍ നിന്ന് നേരിട്ട് എടുക്കുന്ന ഭക്ഷണ രീതികളാണ് അവരെ ഇത്തരത്തില്‍ പ്രതിരോധ ശേഷിയുള്ളവരായി നിലനിര്‍ത്തുന്നതെന്ന് ഗോത്രവര്‍ഗക്കാരുടെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള എഴുത്തുകാരന്‍ ഷിരാസാഗര്‍ പറയുന്നു.

ഗോത്രവര്‍ഗക്കാര്‍ വേരുകളെയും കിഴങ്ങുകളെയും പച്ചിലകളെയും അവരുടെ ഭക്ഷണത്തില്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഒപ്പം ഞാവല്‍, ആപ്പിള്‍ പോലുള്ള പ്രകൃതിദത്ത പഴങ്ങളും അവര്‍ ആവോളം കഴിക്കുന്നു. ഔഷധ ഗുണമുള്ള 80 ഇനം പച്ചിലകള്‍ കഴിക്കുന്നതും അവരുടെ രോഗ പ്രതിരോധ ശേഷി കാര്യമായി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഹുന്‍സുര്‍ താലൂക്കില്‍ 38 ഗോത്ര വര്‍ഗ വിഭാഗങ്ങളുണ്ട്. ഇവിടെ ഇതുവരെയായി ഒരാള്‍ക്ക് പോലും വൈറസ് ബാധയുണ്ടായിട്ടില്ലെന്ന് ഇവിടെ താമസിക്കുന്ന പികെ രാമു പറയുന്നു. മുളയില്‍ നിന്നുള്ള ഭക്ഷണം, മത്സ്യം, ഞണ്ട് തുടങ്ങിയവ കഴിക്കുന്നത് തങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉപകരിക്കുന്നതായും രാമു വ്യക്തമാക്കി.

ശുദ്ധമായ തേന്‍ ധാരാളം കഴിക്കുന്നത് തങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സാഹയിക്കുന്നതായി ബിര്‍ ഹില്‍സിലുള്ള ബൊമ്മയ്യ പറയുന്നു. മൊബൈല്‍ ഫോണ്‍ വഴി ഈ വൈറസിനെ കുറിച്ച് ഊരുകളിലെ ആളുകള്‍ മനസിലാക്കിയിട്ടുണ്ട്. അടുത്ത ജില്ലകളിലും സംസ്ഥാനങ്ങളിലും ജോലിക്കായി കുറച്ച് കാലത്തേക്ക് പോകേണ്ടതില്ലെന്ന് തങ്ങള്‍ സ്വയം തീരുമാനമെടുക്കുകയായിരുന്നു.

ഒപ്പം സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ മാസ്‌ക് ധരിക്കുന്നുണ്ട്. മാസ്‌ക്കില്ലാത്തവര്‍ തുണികൊണ്ട് വായയും മൂക്കും മൂടാന്‍ തയ്യാറാകുന്നുണ്ടെന്നും ബൊമ്മയ്യ പറയുന്നു.

ആദിവാസികളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഏതാനും സംഘടനകള്‍ ഇവരുടെ ഊരുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ബോധവത്കരണ പ്രവര്‍ത്തനങ്ങളും കാര്യമായി നടത്തുന്നുണ്ടെന്ന് ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സീഡ് എന്ന സംഘടനയുടെ പ്രവര്‍ത്തകനായ ശ്രീകാന്ത് പറഞ്ഞു.

ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഇതുവരെ രോഗം ബാധിച്ചവരില്ലെന്ന് ജില്ലാ ആരോഗ്യ ഓഫീസറായ വെങ്കിടേഷും സാക്ഷ്യപ്പെടുത്തുന്നു. ഇവര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി താലൂക്ക് ആരോഗ്യ ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ടെന്ന്  അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച മുതല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

×