ഗ്ലൂക്കോസ് തന്മാത്രയിൽ ആറ് ഓക്സിജൻ ആറ്റങ്ങൾ ഉള്ളതുകൊണ്ട് തൊണ്ടയിലുള്ള വൈറസിനെ നശിപ്പിക്കാൻ സാധിക്കും, ഗ്ലൂക്കോസ് തുള്ളികൾ മൂക്കിൽ ഒഴിച്ചാൽ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ സാധിക്കും; പ്രചരിക്കുന്ന വാര്‍ത്തയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ഡോക്ടര്‍

New Update

 സർക്കാരും ആരോഗ്യപ്രവർത്തകരും സമൂഹവുമൊക്കെ കോവിഡ് നിയന്ത്രിച്ചു നിർത്താനുള്ള ശ്രമത്തിലാണ്. ഇതിനായി ഇവർ കഠിനപ്രയത്നം ചെയ്യുമ്പോഴാണ് യാതൊരു വാസ്തവവുമില്ലാത്തസ സത്യവിരുദ്ധമായ വാർത്തകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കപ്പെടുന്നത്. ഇത്തരത്തിൽ പ്രചരിക്കപ്പെട്ട പുതിയ ഒന്നാണ് ഗ്ലൂക്കോസ് തുള്ളികൾ മൂക്കിൽ ഒഴിച്ചാൽ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ സാധിക്കും എന്ന്.

Advertisment

publive-image

എന്നാൽ ഇത് തികച്ചും അശാസ്ത്രീയമാണെന്നും വസ്തുതകൾ ഉണ്ടെങ്കിൽ അത് പഠനത്തിലൂടെയും ഗവേഷണങ്ങളിലൂടെയും തെളിയിക്കുകയാണ് വേണ്ടതെന്നും ഡോ. പി. എസ് ജിനേഷ് പറയുന്നു. ഡോക്ടറുടെ കുറിപ്പ് വായിക്കാം.

‘ഗ്ലൂക്കോസ് തുള്ളികൾ മൂക്കിൽ ഒഴിച്ചാൽ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ സാധിക്കും എന്ന ഡോക്ടർ ഇ. സുകുമാരന്റെ പ്രസ്താവന സംബന്ധിച്ച വാർത്ത വീണ്ടും വൈറൽ ആയി കൊണ്ടിരിക്കുകയാണ്. തികച്ചും അശാസ്ത്രീയമായ അവകാശവാദം സംബന്ധിച്ച ആ വാർത്ത വാട്സ്ആപ്പിൽ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നത് കൊണ്ട് ഒരിക്കൽ കൂടി എഴുതുകയാണ്.

ഗ്ലൂക്കോസ് തന്മാത്രയിൽ ആറ് ഓക്സിജൻ ആറ്റങ്ങൾ ഉള്ളതുകൊണ്ട് തൊണ്ടയിലുള്ള വൈറസിനെ നശിപ്പിക്കാൻ സാധിക്കും എന്ന അവകാശവാദം തികച്ചും അശാസ്ത്രീയമാണ്.

കോവിഡ് വൈറസിന് പ്രോട്ടീൻ കൊണ്ടുള്ള പുറം കവചം ഉണ്ടെന്നും, അത് ഉണ്ടാക്കുന്നത് കണ്ടൻസേഷൻ വഴിയാണെന്നും, ഹൈഡ്രോളിസിസിലൂടെ ഇതിനെ നശിപ്പിക്കാം അതിന് ആറ് ഓക്സിജൻ ആറ്റങ്ങൾ ഉള്ള ഗ്ലൂക്കോസ് മതിയാകും എന്നുമൊക്കെയുള്ള വാദങ്ങൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.

ഇതിന് പ്രത്യേകിച്ച് തെളിവുകളൊന്നും അദ്ദേഹം നൽകുന്നില്ല. താൻ വയോധികൻ ആണെന്നും അനുഭവപരിചയം ഉണ്ട് എന്നുമൊക്കെയാണ് മുൻപേ വാദം. വ്യക്തി അനുഭവസാക്ഷ്യങ്ങൾക്ക് ശാസ്ത്രീയ പഠന രീതിയിൽ താരതമ്യേന അത്ര മൂല്യം ഒന്നുമില്ല.

കൊയിലാണ്ടിയിലെ സ്വകാര്യആശുപത്രിയിൽ കോവിഡ് ആണ് എന്ന് അറിയാതെ ചികിത്സിച്ച ഡോക്ടർമാർക്ക് തുള്ളിമരുന്ന് നൽകി വിജയകരമായി എന്നൊക്കെയുള്ള അവകാശവാദങ്ങളും വ്യക്തി അനുഭവസാക്ഷ്യങ്ങളും അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയല്ല സയൻസിന്റെ രീതി.

ഗ്ലൂക്കോസ് തന്മാത്രയിലെ ആറ് ഓക്സിജൻ ആറ്റങ്ങൾ ഹൈഡ്രോളിസിസിലൂടെ സ്വതന്ത്രമാകുന്നില്ല. അങ്ങനെയൊക്കെ ചിന്തിച്ചാൽ, അത് ലളിതയുക്തിലൂടെയുള്ള കപട സന്ദേശം എന്ന് മാത്രമേ പറയാനുള്ളൂ. ഇങ്ങനെയുള്ള ലളിത യുക്തികൾ പറയാൻ എളുപ്പമാണ്. നമ്മൾ ശ്വസിക്കുന്ന അന്തരീക്ഷവായുവിൽ 21% ഓക്സിജൻ ഇല്ലേ ? അത് കോവിഡിനെ തടയും എന്ന് ആരെങ്കിലും പറഞ്ഞാൽ അംഗീകരിക്കാനാകുമോ ?

ഇവിടെ ആധുനികവൈദ്യശാസ്ത്രം പരിശീലിക്കാൻ ലൈസൻസ് ലഭിച്ചിരിക്കുന്ന ഒരു ഡോക്ടറാണ് അശാസ്ത്രീയ സന്ദേശം പ്രചരിപ്പിക്കുന്നത്. ഇത്തരം അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തുന്നത് തെറ്റാണ് എന്ന് വ്യക്തമായ ബോധ്യം ഉണ്ടാവേണ്ട ആൾ. അതും ആരോഗ്യവകുപ്പിലെ മുൻ ഡപ്യൂട്ടി ഡയറക്ടർ.

അദ്ദേഹം പറഞ്ഞതിൽ വസ്തുതകൾ ഉണ്ടെങ്കിൽ അത് പഠനത്തിലൂടെയും ഗവേഷണങ്ങളിലൂടെയും തെളിയിക്കുകയാണ് വേണ്ടത്. അതാണ് ശാസ്ത്രത്തിന്റെ രീതി.

ഈ അവകാശവാദം ഉന്നയിച്ചിട്ട് മാസങ്ങളായെങ്കിലും ഇതുവരെ ഒരു തെളിവുപോലും ശാസ്ത്ര സമൂഹത്തിനു മുൻപിൽ വയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലും തെളിവുകൾ വന്നതായി ഒരു വാർത്തയും വന്നിട്ടുമില്ല.

ഇപ്പോഴും പഴയ വാർത്ത പ്രചരിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്തുവന്നു എന്നൊക്കെ വാർത്തയിൽ പറയുന്നത് കേട്ട് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാര്യങ്ങൾ വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടാവും. അവർ മനസ്സിലാക്കാൻ വേണ്ടി മാത്രം എഴുതുന്നതാണ്.

സയൻസിൽ പ്രായത്തിനോ പ്രശസ്തിക്കോ അല്ല പ്രാധാന്യം, പകരം തെളിവുകളും പഠനങ്ങളും ആണ് പ്രധാനം. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞു എന്നതുകൊണ്ട് ഒരു മണ്ടത്തരം ഒരിക്കലും ശാസ്ത്രീയം ആവില്ല. ഒരു പ്രശസ്തിയും ഇല്ലാത്ത ഒരു മനുഷ്യൻ ഒരു വിഷയം പരീക്ഷണങ്ങളിലൂടെ തെളിയിച്ചാൽ അത് ശാസ്ത്രീയമാണെന്ന് അംഗീകരിക്കുകയും ചെയ്യും.

ഒന്ന് ആലോചിച്ചു നോക്കൂ, കോവിഡ് മൂലം ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന ഒരു കാലമാണിത്. ഡോ. സുകുമാരൻ ഈ അഭിപ്രായം പറയുന്ന കാലത്തേക്കാൾ എത്രയോ ഗുരുതരമായ അവസ്ഥയിലാണ് നമ്മൾ ഇപ്പോൾ എന്ന് ചിന്തിക്കണം. ഇതുപോലുള്ള ഒരു അവസരത്തിൽ എങ്കിലും അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ഏവരും ശ്രമിക്കേണ്ടതുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ എന്ന ധാരണയിൽ നിങ്ങൾ ഫോർവേഡ് ചെയ്യുന്ന ഇത്തരം അബദ്ധ സന്ദേശങ്ങൾ കപട സുരക്ഷിതത്വബോധം നൽകുകയും ജനങ്ങളെ കോവിഡിലേക്ക് അടുപ്പിക്കുകയും ചെയ്യും.

കോവിഡ് വ്യാപനം മൂലം നമ്മുടെ ആശുപത്രി സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളും വളരെയധികം വെല്ലുവിളി നേരിടുന്ന ഒരു കാലമാണിത്. അങ്ങനെയൊരു അവസരത്തിൽ ഇത്തരം അശാസ്ത്രീയമായ കാര്യങ്ങൾ ദയവുചെയ്ത് ഷെയർ ചെയ്യരുത്. പ്ലീസ്...

കോവിഡിനെ പ്രതിരോധിക്കാൻ നമ്മുടെ മുന്നിൽ തെളിയിക്കപ്പെട്ട മാർഗങ്ങളുണ്ട്. മാസ്ക് അതും സാധിക്കുമെങ്കിൽ ഇരട്ട മാസ്ക്, രണ്ടുമീറ്റർ ശാരീരിക അകലം, സാനിറ്റൈസർ, ആൾക്കൂട്ടം ഒഴിവാക്കുക തുടങ്ങിയവയാണ് രീതികൾ. അല്ലാതെ കുറുക്ക് വഴികൾ ഒന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഗ്ലൂക്കോസ് മൂക്കിൽ ഒഴിച്ചാൽ കോവിഡിനെ തടയാം എന്നൊക്കെയുള്ള തെളിയിക്കപ്പെടാത്ത അശാസ്ത്രീയ സന്ദേശങ്ങൾ ദോഷമേ ചെയ്യൂ.’

covid 19 india
Advertisment