ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകീകരണം ആവശ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേഷ്യൻ രാജ്യങ്ങൾ പങ്കെടുത്ത കോവിഡ് മാനേജ്മെന്റ് വർക്ക്ഷോപ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രാദേശിക എയർ ആംബുലൻസ് ഉമ്പടി രൂപവത്കരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങൾ ചേർന്ന് അത്യാഹിതങ്ങൾക്കായി പ്രാദേശിക എയർ ആംബുലൻസ് കരാർ രൂപവത്കരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ നടത്തിയ ക്രിയാത്മകമായ ഇടപെടലുകളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. കോവിഡ് പ്രതിരോധ വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചുളള വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രദേശിക പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, പാകിസ്താൻ, മാലദ്വീപ്, മൗറീഷ്യസ്, സീഷെൽസ് തുടങ്ങിയ രാജ്യങ്ങൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു.