ന്യൂഡല്‍ഹി:പതഞ്ജലിയുടെ കോവിഡിനുള്ള മരുന്ന് "കൊറോണില്‍' മരുന്ന് ഫലപ്രദമെന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് ബാബാ രാം ദേവ്. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പങ്കെടുത്ത ചടങ്ങിലാണ് തെളിവ് പുറത്തുവിട്ടത്. കൊറോണില്‍ കഴിച്ച് രോഗം ഭേദമായെന്നും രാംദേവ് അവകാശപ്പെട്ടു.
കോവിഡിന് മരുന്നു കണ്ടുപിടിച്ചെന്ന പേരില്‍ പ്രചരണം നടത്തി ലാഭം കൊയ്തതിന് പതഞ്ജലിക്ക് പത്ത് ലക്ഷം രൂപ പിഴ മദ്രാസ് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. കൊറോണിലിനെതിരെ ആരോഗ്യ രംഗത്തുള്ളവരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നു അന്ന് മരുന്ന് കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണത്തിന്റെ വിശദാംശങ്ങള്‍, മരുന്നിന്റെ പരീക്ഷണം നടത്തിയതിന്റെ രേഖകള്‍ എന്നിവയെല്ലാം സമര്‍പ്പിക്കാന്‍ കമ്ബനിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്നാണ് കമ്ബനി അവകാശപ്പെട്ടത്. 'കൊറോണില്‍', 'സ്വാസരി' എന്നിങ്ങനെ രണ്ട് മരുന്നുകളുടെ പാക്കേജ് ആയി 'ദിവ്യ കൊറോണ' എന്ന പേരിലുള്ള കിറ്റ് വിപണിയില്‍ എത്തിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ മരുന്നിന്റെ ലൈസന്‍സിനായി ഉത്തരാഖണ്ഡ് സര്‍ക്കാരിന് നല്കിയ അപേക്ഷയില്‍ പനി, ചുമ എന്നീ രോഗങ്ങള്‍ക്കും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുമാണ് മരുന്ന് എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.