എല്ലാവര്‍ക്കും താങ്ങാവുന്ന നിലയില്‍ കുറഞ്ഞ വിലയില്‍ കൊവിഡ്‌ വാക്‌സിന്‍! ഒരു ഡോസിന് ആയിരം രൂപയില്‍ താഴെ വില; അടുത്തവര്‍ഷത്തിന്റെ തുടക്കത്തില്‍ 100 കോടി വാക്‌സിന്‍ നിര്‍മ്മിക്കുമെന്ന് സെറം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: കൊവിഡ്‌ വാക്‌സിന്റെ വലിയ തോതിലുളള ഉത്പാദനം അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആരംഭിക്കുമെന്ന് പ്രമുഖ മരുന്ന് കമ്പനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ. അടുത്ത മാസം മനുഷ്യരിലുളള വാക്‌സിന്റെ പരീക്ഷണം ആരംഭിക്കുമെന്ന് സെറം സിഇഒ അഡാര്‍ പൂനവാല അറിയിച്ചു.

Advertisment

publive-image

പരീക്ഷണം നടത്താത്ത മരുന്നിനായി 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1500 കോടി രൂപ) ചെലവഴിക്കാനുള്ള തീരുമാനം വെറും 30 മിനിറ്റിനുള്ളിലാണ് സ്വീകരിച്ചതെന്നും അദര്‍ പൂനവാല പറഞ്ഞു. രണ്ടും മൂന്നും ഘട്ട ട്രയലുകള്‍ പരാജയപ്പെട്ടാല്‍ നിര്‍മിച്ച മുഴുവന്‍ മരുന്നും നശിപ്പിച്ചു കളയേണ്ടിവരുമെന്ന വെല്ലുവിളിയാണു മുന്നിലുളളത്. ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന ഉത്തമബോധ്യമാണ് ഉണ്ടായിരുന്നത്. വെറും 30 മിനിട്ടിനുള്ളില്‍ തന്നെ മുന്നോട്ടുപോകാനുള്ള തീരുമാനം ഏകകണ്ഠമായി എടുക്കുകയായിരുന്നുവെന്നും അദര്‍ പൂനവാല പറഞ്ഞു.

എല്ലാവര്‍ക്കും താങ്ങാവുന്ന നിലയില്‍ കുറഞ്ഞ വിലയില്‍ വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനാണ് ആലോചന. ഒരു ഡോസിന് ആയിരം രൂപയില്‍ താഴെ മാത്രമായിരിക്കും വില എന്നും അഡാര്‍ പൂനവാല പറഞ്ഞു.  ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്റെ മൂന്നാം ക്ലിനിക്കല്‍ പരീക്ഷണം നടന്നു വരികയാണ്.

നിലവില്‍ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുടെ പങ്കാളിയായ അസ്ട്രാസെനെക്കയുമായി സെറം സഹകരിച്ചു വരികയാണ്.  ഇതിന് പുറമേയാണ് ഇന്ത്യയില്‍ വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിനുളള നടപടികള്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്നതെന്നും അഡാര്‍ പൂനവാല ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

കോവിഡ് വാക്‌സിന്‍  നിര്‍മ്മാണത്തിനാവശ്യമായ എല്ലാവിധ സാങ്കേതിക സംവിധാനങ്ങളും ലഭ്യമാണ്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ വലിയ തോതില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണം വിജയിച്ചാല്‍, ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നും അഡാര്‍ പൂനവാല പ്രതീക്ഷ പ്രകടിപ്പിച്ചു.

അസട്രാസെനേക്കയുമായുളള ധാരണ അനുസരിച്ച് ഇന്ത്യക്ക് വേണ്ടി നൂറ് കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.കൂടാതെ വരുമാനം കുറവുളള ചെറുകിട, ഇടത്തരം രാജ്യങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈറസ്ജന്യ രോഗത്തെ തടയുന്നതിന് വേണ്ടിയുളള വാക്‌സിനാണ് ഓക്‌സ്‌ഫോഡ് വികസിപ്പിച്ചത്. രോഗാണുവിനെ പ്രതിരോധിക്കാന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് വാക്‌സിന്റെ ലക്ഷ്യമെന്നും  അഡാര്‍ പൂനവാല വ്യക്തമാക്കി.

ക്ലിനിക്കല്‍ ട്രയലിന്റെ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ശുഭകരമായ ഫലമാണു നല്‍കുന്നതെന്നു ലാന്‍സെറ്റ് മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ശരീരത്തില്‍ ആന്റിബോഡിക്കൊപ്പം വൈറസിനെ നശിപ്പിക്കുന്ന ടി-സെല്ലുകള്‍ കൂടി ഉത്പാദിപ്പിക്കപ്പെടുന്നത് ഇരട്ടസംരക്ഷണം നല്‍കും. വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ല എന്നതും ശുഭകരമാണ്.

ഇന്ത്യയില്‍ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കാന്‍ രണ്ടു വര്‍ഷം വേണ്ടിവരുമെന്ന് ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഓഗസ്റ്റില്‍ ഇന്ത്യയില്‍ മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണം ഏറെ പ്രതീക്ഷയോടെയാണു നടത്തുന്നതെന്ന് അദര്‍ പൂനവാല പറഞ്ഞു. രണ്ടര മാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാകും. ട്രയല്‍ പോസിറ്റീവായി ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയാല്‍ നവംബറില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിമാസം 60 മില്യണ്‍ വാക്‌സിന്‍ വയലുകളാവും നിര്‍മിക്കുക. ഇതില്‍ പകുതി കയറ്റുമതി ചെയ്യും. ബാക്കി 30 മില്യണ്‍ ഇന്ത്യയില്‍ തന്നെ ലഭ്യമാക്കും. ഇന്ത്യക്കൊപ്പം ലോകത്താകെയും വാക്‌സിന്‍ ലഭ്യമായില്ലെങ്കില്‍ അതുകൊണ്ടു ഗുണമുണ്ടാകില്ലെന്നും ഇക്കാര്യം അധികൃതര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദര്‍ പുനവാല പറഞ്ഞു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാവും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക.

covid vaccine covid vaccine india
Advertisment