കോവിഡ് വാക്‌സിനായുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ മുന്നേറുന്നു; മൂന്ന് ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനുകള്‍ കൂടി മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുന്നു

ഹെല്‍ത്ത് ഡസ്ക്
Sunday, September 27, 2020

ഡല്‍ഹി: മൂന്ന് ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനുകള്‍ കൂടി മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുന്നു. ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോളജിക്കല്‍ ഇ, ഭാരത് ബയോടെക്ക് എന്നീ വാക്‌സിന്‍ നിര്‍മ്മാതാക്കളാണ് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക് കടക്കുന്നത്. നിലവില്‍ ക്ലിനിക്കല്‍ ഘട്ട പരീക്ഷണത്തിലുള്ള രണ്ട് വാക്‌സിനുകളില്‍ ഒന്നും ഭാരത് ബയോടെക്കിന്റേതാണ്. മറ്റൊന്ന് സൈഡസ് കാഡില്ല എന്ന കമ്പനിയുടേതും.

നിരവധി വാക്‌സിന്‍ പരീക്ഷണം വിവധ ഘട്ടങ്ങളിലേക്ക് കടന്നിട്ടുണ്ട്. അതില്‍ മൂന്നെണ്ണം ക്ലിനിക്കല്‍ പരീക്ഷണത്തിന് മുമ്പുള്ള കടമ്പകള്‍ പൂര്‍ത്തിയാക്കി. ഇവ ഉടന്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്ന് രാജ്യത്തെ വാക്‌സിന്‍ നിര്‍മ്മാണം ഏകോപിപ്പിക്കുന്ന ബയോടെക്‌നോളജി വിഭാഗം സെക്രട്ടറി ഡോ. രേണു സ്വരൂപ് പറഞ്ഞു. റഷ്യന്‍ വാക്‌സിനുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ കനികളുടെ പരീക്ഷണങ്ങള്‍ക്ക് പുറമേ ഓക്‌സ്‌ഫോര്‍ഡ്- ആസ്ട്രാസെനെക കോവിഡ് മരുന്നിന്റെ പരീക്ഷണവും ഇന്ത്യയില്‍ നടക്കുന്നുണ്ട്. ലോകത്താകമാനമായി 38 വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 150ഓളം വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായുണ്ട്.

×